Image

കറുത്തകാലങ്ങളിൽ രക്തമിറ്റുമ്പോൾ: കവിത, ഹരിലാൽ പുത്തൻപറമ്പിൽ

Published on 27 July, 2022
കറുത്തകാലങ്ങളിൽ രക്തമിറ്റുമ്പോൾ: കവിത, ഹരിലാൽ പുത്തൻപറമ്പിൽ
 
 
ലായനംചെയ്യപ്പെട്ടുപോയ
അവശിഷ്ടങ്ങളുടെ ഓർമ്മപേറുന്ന
ജീർണ്ണിച്ചജഡമാകുന്നു ഞാൻ!
 
വാക്കുകളുടെ കുരുതിക്കളങ്ങളിൽ
തലയറുക്കപ്പെട്ട നൊമ്പരങ്ങൾ?
 
വാഗ്ദാനങ്ങളുടെ പെരുമഴക്കാലങ്ങളിൽ,
കാതങ്ങളോളം പിന്നിലുപേക്ഷിക്കപ്പെട്ട
ചത്തുമലച്ച മുരിക്കിൻപൂവ് !
 
പിടിവാദങ്ങളുടെ വെള്ളിടികൾക്കുതാഴെ,
കത്തിക്കരിഞ്ഞുപോയൊരൊറ്റ നക്ഷത്രം!
 
അമാവാസികളുടെ ഇരുണ്ടഭൂഖണ്ഡങ്ങളിൽ കരളുകൊത്തിപ്പറിക്കാൻമാത്രം തളച്ചിടപ്പെട്ട
വിഷാദങ്ങളുടെ വസന്തകാലം!
 
വാക്കുകളുടെ ഉത്സവങ്ങളിൽ
ഒറ്റതിരിഞ്ഞുപോയ നേരങ്ങളൊക്കയും
വിസ്മൃതികളുടെ കാട്ടുപൊന്തകളിൽ
ഇണപിരിയപ്പെട്ട നീലശലഭം!
 
അതേ ഞാൻ ഒരേസമയം
സ്വർഗത്തിൻ്റെ കാവലാളും
നരകസിംഹാസനത്തിൻ്റെ
പ്രജാപതിയുമാകുന്നു.
 
പാതിരാപ്പൂക്കൾ വിടരാൻ വെമ്പുന്ന
അവസാനയാമങ്ങളിൽ,
വെളിച്ചമറ്റുകത്തിയണഞ്ഞ
താരാപഥങ്ങളുടെ ഇരുണ്ടവീഥികളിലേക്കു
ചെവിയോർത്താൽ;
ഒറ്റക്കൊമ്പുള്ളയെൻ്റെ 
കറുത്തപെൺകുതിരയുടെ ചിനപ്പും
 രഥചക്രത്തിൻ്റെ മണികിലുക്കങ്ങളും
അവ്യക്തമായമന്ത്രസ്ഥായിയിലെൻ്റെ
കരളെരിയിച്ച പ്രണയഗീതങ്ങളും കേൾക്കാം!
 
നിശാചരമീ കറുത്തപക്ഷത്തിൻ്റെ 
പകൽക്കിനാവുകളിൽ,
നിൻ്റെ ജഡമൗനങ്ങളിൽ,
ഇരുണ്ടുപോയൊരു ഭാവികാലത്തിൻ്റെ
ചിതറിക്കപ്പെട്ട പ്രണയകാലമാണ് ഞാൻ.
 
ഓർമ്മകളുടെ മുറിവ് വീണ്ടും
നീറിത്തുടങ്ങുന്നു.
എഴുതാൻ തുടിച്ചയെൻ്റെ
വിരലറുത്തവളേ!
വീണ്ടുമെൻ്റെ ഹൃദയമറുക്കുമ്പോൾ നീ
ചിരിച്ചതെന്തിനാണ്?
Join WhatsApp News
വിദ്യാദ്യാധരൻ 2022-07-27 18:30:08
കറുത്ത കാലങ്ങളിൽ നോക്കിയിരുന്നു കരയുന്നവർ കഷ്ടം ! ഓർമ്മകളുടെ കുഴിമാടങ്ങളിൽ നിന്ന് അവശിഷ്ടങ്ങൾ മാന്തിയെടുത്തു മനസ്സിനെ നീറ്റിക്കുന്നവർ കഷ്ടം . സ്വാതന്ത്രമാകു മനുഷ്യ ഓർമ്മകളുടെ ചങ്ങലകളെ അറുത്ത് സ്വാതന്ത്ര്യമാകു അനന്തമായ ഈ ദ്യോവിൽ ചിറകു വിടർത്തി പാറക്കൂ അല്ലെങ്കിൽ നീയും ഒരു അയ്യപ്പ പണിക്കർ .
വിദ്യാധരൻ 2022-07-27 21:39:32
അല്ലെങ്കിൽ നീയുമൊരു അയ്യപ്പൻ പണിക്കരെ വിട്ടേര് വിദ്യാധരൻ
Mahakapi Wayanadan 2022-07-28 18:01:02
കവിത വായിച്ചു മഹാകപി വയനാടൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക