Image

പിതൃസ്‌മരണകളിൽ  കര്‍ക്കിടകമാസത്തിലെ  കറുത്തവാവ് (ശ്രീകുമാർ ഉണ്ണിത്താൻ)

Published on 27 July, 2022
പിതൃസ്‌മരണകളിൽ  കര്‍ക്കിടകമാസത്തിലെ  കറുത്തവാവ് (ശ്രീകുമാർ ഉണ്ണിത്താൻ)

മരണം നമ്മളെ  വളരെ വേദനിപ്പിക്കുന്ന ഒന്നാണ്. അത് നമ്മുടെ ഉറ്റവരാണെകിൽ  ആ വേദന ഒരിക്കലും വിട്ടുമാറില്ല. അവരുടെ ഓർമ്മകൾ  നമ്മോടൊപ്പം  എന്നും  ജീവിക്കും. മരണവുമായി ബന്ധപ്പെട്ട ചടങ്ങുകളും വിശ്വാസങ്ങളും എല്ലാം തന്നെ മനുഷ്യ സംസ്കാരത്തിന്റെ ഭാഗമാണ്‌‍, ഒപ്പം മതപരമായിട്ടുള്ള വിശ്വാസവും കൂടിയാണ്.

പുരാണങ്ങള്‍ പ്രകാരം വിട്ടുപിരിഞ്ഞ  ആത്മാക്കൾ കര്‍ക്കിടകമാസത്തിലെ  അമാവാസി (കറുത്ത വാവ്) നാളില്‍ പിന്‍തലമുറയില്‍പ്പെട്ടവരെ കാണാനായി വീടുകളില്‍ എത്തുന്നു എന്നാണ് വിശ്വാസം. അന്നേ ദിവസം ആത്മാക്കളുടെ മോക്ഷത്തിന് വേണ്ടി ബലിയര്‍പ്പിച്ചും, വീട്ടിലെത്തുന്ന പിതൃക്കളെ സന്തോഷിപ്പിക്കാനായി ഇഷ്ടഭക്ഷണം തയ്യാറാക്കി നൽകിയും ആത്മാക്കളെ തൃപ്‌തരാക്കുന്നു.

കർക്കടക മാസത്തിലെ കറുത്ത പക്ഷം പിതൃക്കൾക്കു വേണ്ടി മാത്രമുള്ളതാണ്. ആചാരങ്ങളുമെല്ലാം തന്നെ മണ്മറഞ്ഞു പോയവരുടെ പിതൃസ്‌മരണകളിൽ മുഴുകുവാൻ വേണ്ടിയുള്ളതാണ്. ശ്രാദ്ധമൂട്ടിയും ക്ഷേത്രദർശനം നടത്തിയും പതിനായിരങ്ങൾ ഈ അമാവാസി നാളിൽ സായൂജ്യമടയുന്നു. വാര്‍ഷികമായി അനുസ്മരിക്കുന്ന ചടങ്ങാണ് ശ്രാദ്ധം. ശ്രദ്ധയോടെ ചെയ്യേണ്ടത് എന്ന് തന്നെയാണ് ഇതിന്റെ വാച്യാര്‍ത്ഥം. മരിച്ച പിതൃക്കള്‍ക്ക് വ്യക്തിപരമായി ചെയ്യുന്നതാണ് ശ്രാദ്ധബലി.

പുരാണ പ്രകാരം ഒരു മനുഷ്യ ജന്മത്തിൽ 40 തലമുറയുടെ ഗുണ- ദോഷങ്ങൾ ഒളിഞ്ഞും തെളിഞ്ഞും നിൽക്കുമെന്ന് പറയപ്പെടുന്നു. അതു കൊണ്ടു തന്നെ കർക്കിടകത്തിലെ അമാവാസി നാളിൽ പിതൃക്കൾക്ക് ശ്രാദ്ധമൂട്ടിയാൽ സന്തതി പരമ്പരകൾക്കു വരെ അതിന്‍റെ പുണ്യം ലഭിക്കുമെന്നാണ് സങ്കൽപം.

സ്വര്‍ഗം, നരകം, മരണാനന്തര ജീവിതം തുടങ്ങിയ വിശ്വാസങ്ങള്‍ മിക്കവാറും എല്ലാവരും  വെച്ച് പുലർത്തുന്നുണ്ട് . സ്വര്‍ഗ്ഗത്തിലെത്തിയാല്‍ ആത്മാവ് പരമാത്മാവില്‍ ലയിച്ച് മുക്തി നേടും എന്നാണ് വിശ്വാസം . സ്വര്‍ഗ്ഗലോകം കാത്തിരിക്കുന്ന പിതൃലോകത്തിലെ ആത്മാക്കളുടെ മുക്തിക്കു വേണ്ടിയാണ് പിതൃതര്‍പ്പണം നടത്തുന്നത് എന്നാണ് വിശ്വാസം. പുത്രന്‍ വേണം ബലിതർപ്പണം നടത്തേണ്ടത് എന്നാണ് വിശ്വാസം . പക്ഷേ ഇപ്പോൾ സ്ത്രി പുരുഷ വ്യതാസം ഇല്ലാതെ എല്ലാവരും ബലിതര്‍പ്പണത്തിൽ പങ്കെടുക്കാറുണ്ട്.  

രാവിലെയാണ് ബലിതർപ്പണം നടത്തുന്നത്. വൃതം എടുക്കുന്ന ആള്‍ പുലര്‍ച്ച കുളിച്ച് ഈറന്‍ ഉടുത്ത് കറുക മോതിരം ധരിച്ച് ബലിതർപ്പണം നടത്തും. മണ്മമറഞ്ഞ പിതൃക്കളുടെ രുപം മനസ്സില്‍ സങ്കല്പിച്ച്, പിണ്ഡമുരുട്ടി, എള്ള്, പൂവ്, ചന്ദനം, ഒരു നൂല്‍ കഷ്ണം (വസ്ത്രസങ്കല്പം) വച്ച് "ഈ അന്നം സ്വീകരിച്ച്, തൃപ്തിയായി, വിഷ്ണുപദം പൂകുക'' എന്ന പ്രാര്ത്ഥനയോടെ വേണം  ബലിതർപ്പണം ചെയ്യാന്‍. ആചാര്യനില്ലാതെ ഒരിക്കലും ബലിയിടരുത്. ബലിതർപ്പണം ചെയ്തു കഴിഞ്ഞാല്‍ കാക്കക്കോ  ഒഴുകുന്ന വെള്ളത്തിലോ  സമര്‍പ്പിച്ചു വീണ്ടും കുളിച്ച് ചെന്ന് ആചാര്യന് ദക്ഷിണ നല്ക്ണം .തീര്‍ത്ഥക്കരകളിലും, ക്ഷേത്രങ്ങളിലും മാത്രമല്ല വീടുകളിലും ബലിചടങ്ങുകള്‍ നടത്താം.
 
ബലികാക്ക ബലി എടുത്താല്‍ പിതൃക്കള്‍ സന്തുഷ്ടരായി എന്നാണ് വിശ്വാസം. പിതൃക്കളാണ് ബലികാക്കയുടെ രൂപത്തില്‍ ബലി സ്വീകരിക്കാന്‍ എത്തുന്നത് എന്നും വിശ്വസിക്കപ്പെടുന്നു. സാധാരണയായി കാണപ്പെടുന്ന രണ്ടുതരം കാക്കകളില്‍ വലിയകാക്കയാണ് ബലികാക്ക. വീടുകളില്‍ ബലിയിടുബോൾ വലിയ കാക്ക തൊട്ടതിന്  ശേഷം ചെറിയകാക്ക ബലി എടുക്കുന്നതാണ്  പതിവ്.

ഇതുമായി ബന്ധപ്പെടുത്തി രസകരമായ ഒരു നാട്ടു വര്‍ത്തമാനം പോലുമുണ്ട്. 'പറന്നു പോകുന്ന കാക്കയെയും ആണ്ടിലൊരിക്കല്‍ വേണം'. ഈ ഭുമിയില്‍ ഓരോ ജീവിക്കും പ്രാധാന്യമുണ്ടെന്നും ജീവികള്‍ക്ക് പരസ്പരം സഹായമില്ലാതെ ജീവിക്കാനാവില്ലെന്നുമുളള പ്രകൃതി പാഠമാണ് ഇതിലൂടെ പറഞ്ഞു വെക്കുന്നത്.

വൈകിട്ട്   പിതൃക്കളെ സന്തോഷിപ്പിക്കാനായി ഇഷ്ടഭക്ഷണം തയ്യാറാക്കി പൂജിക്കാറുണ്ട്. വിളക്കുകത്തിച്ച് വെച്ച് ആദ്യം  ആത്മാക്കള്‍ക്ക് ആണ്  വിളമ്പുന്നത് . മിക്ക ഇടങ്ങളിലും വട പ്രധന  ഇനമാണ്. അതുപോലെ  വാവിനോടനുബന്ധിച്ചാണ് അട  തയ്യാറാക്കുക, അരിയും, തേങ്ങയും, ശര്‍ക്കരയും ചേര്‍ത്ത് വാഴയിലയില്‍ ഉണ്ടാക്കുന്ന വാവടയുടെ മണം പിതൃക്കളെ സംതൃപ്തിപ്പെടുത്തും എന്നാണ് വിശ്വാസം. പിന്മുറക്കാര്‍ സമൃദ്ധിയിലാണ് ജീവിക്കുന്നതെന്ന സന്തോഷം പിതൃക്കള്‍ക്ക് ഉണ്ടാവാന്‍ വേണ്ടിയാണത്രെ വാവിന്  അട ഉണ്ടാക്കുന്നത്.

നാം കൃത്യമായി പിതൃകർമ്മങ്ങൾ അനുഷ്ഠിക്കുമ്പോൾ നമ്മിലെ മനസ്സ്  സംതൃപ്തമാകുകയും നമുക്ക്  ഒരു പോസറ്റീവ് എനർജി ഉണ്ടാവുകയും ചെയുന്നു .അതിനോടൊപ്പം  ആത്മാക്കളുടെ  അനുഗ്രഹങ്ങൾ നമുക്ക് ഉണ്ടാകും എന്നാണു വിശ്വാസം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക