'യുക്മ കേരള പൂരം വള്ളംകളി 2022' കാത്തിരിപ്പിന് ഒരു മാസം കൂടി

Published on 27 July, 2022
'യുക്മ കേരള പൂരം വള്ളംകളി 2022' കാത്തിരിപ്പിന് ഒരു മാസം കൂടിലണ്ടന്‍: യുക്മ 'കേരളപൂരം വള്ളംകളി 2022' ഒരു മാസം അവശേഷിച്ചിരിക്കേ യുക്മ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറയുടെ നേതൃത്വത്തിലുള്ള സംഘാടക സമിതി വള്ളംകളി സംഘടിപ്പിച്ചിരിക്കുന്ന മാന്‍വേഴ്‌സ് തടാകം സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി. യുക്മ കേരളപൂരം വള്ളംകളി 2022 ഇവന്റ് കോര്‍ഡിനേറ്റര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍, ജോയിന്റ് സെക്രട്ടറി പീറ്റര്‍ താണോലില്‍, ജോയിന്റ് ട്രഷറര്‍ എബ്രഹാം പൊന്നുംപുരയിടം, വള്ളംകളിയുടെ രജിസ്‌ട്രേഷന്റെ ചുമതല വഹിക്കുന്ന ജയകുമാര്‍ നായര്‍, യോര്‍ക്ഷെയര്‍ & ഹംന്പര്‍ റീജിയന്‍ പ്രസിഡന്റ് വര്‍ഗീസ് ഡാനിയേല്‍, മുന്‍ നാഷണല്‍ ജോയിന്റ് സെക്രട്ടറി സാജന്‍ സത്യന്‍ തുടങ്ങിയവരാണ് മാന്‍വേഴ്‌സ് തടാകം ചെയര്‍മാന്‍ മാര്‍ക്ക് ബെന്‍ഡന്‍, ചീഫ് എക്‌സിക്യുട്ടീവ് ട്രവര്‍ എന്നിവരുമായി വള്ളംകളിയെക്കുറിച്ചും അനുബന്ധ കാര്യങ്ങളെ സംബന്ധിച്ചും ചര്‍ച്ചകള്‍ നടത്തിയത്.


2019ല്‍ വള്ളംകളി നടത്തിയശേഷം കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ കോവിഡ് മൂലം പരിപാടി സംഘടിപ്പിക്കുവാന്‍ സാധിച്ചിരുന്നില്ല. ഇക്കാരണം കൊണ്ട് മാന്‍വേഴ്‌സ് തടാകത്തിലെ ഇപ്പോഴത്തെ സൗകര്യങ്ങള്‍ നേരില്‍ വിലയിരുത്തുന്നതിന് വേണ്ടി കൂടിയാണ് കഴിഞ്ഞ ദിവസം യുക്മ വള്ളംകളിയുടെ ഉന്നതാധികാര സമിതി മാന്‍വേഴ്‌സ് തടാകം സന്ദര്‍ശിച്ചത്. അധികൃതരുമായുള്ള ചര്‍ച്ചകളില്‍ യുക്മ നേതൃത്വം പൂര്‍ണ തൃപ്തി രേഖപ്പെടുത്തി. മാന്‍വേഴ്‌സ് തടാകത്തിന്റെ പരിസരത്ത് യുക്മ വള്ളംകളി അറിയിച്ചു കൊണ്ടുള്ള ഫ്‌ലക്‌സും, ബോര്‍ഡും അന്നേ ദിവസം സ്ഥാപിച്ചു.

ഡോ. ബിജു പെരിങ്ങത്തറയുടെ നേതൃത്വത്തില്‍ ചുമതലയേറ്റ യുക്മ ദേശീയ സമിതിയുടെ ആദ്യത്തെ പരിപാടി എന്ന നിലയില്‍ വള്ളംകളി മത്സരം വിജയപിക്കുവാന്‍ വലിയ ഒരുക്കങ്ങളാണ് നടന്നു വരുന്നത്. വള്ളംകളിക്ക് നേതൃത്വം കൊടുക്കുന്ന വിവിധ കമ്മിറ്റികള്‍ നിരന്തരം കൂടിയാലോചിച്ചാണ് മുന്നോട്ട് പോകുന്നത്. ഈ വര്‍ഷം വള്ളംകളിക്ക് രാഷ്ട്രീയ സിനിമാ മേഖലകളിലെ പ്രമുഖര്‍ വിശിഷ്ടാതിഥികളായി എത്തിച്ചേരും. കൂടാതെ പ്രമുഖ കലാകാരന്‍മാരും പരിപാടികള്‍ അവതരിപ്പിക്കും.

മനോജ് കുമാര്‍ പിള്ള നേതൃത്വം കൊടുത്ത കഴിഞ്ഞ ദേശീയ സമിതി വള്ളംകളിയുടെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഓഗസ്റ്റ് 27ന് ഷെഫീല്‍ഡിനടുത്ത് റോഥര്‍ഹാമിലെ മാന്‍വേഴ്‌സ് തടാകത്തിലാണ് ഇത്തവണയും വള്ളംകളി നടക്കുന്നത്. കോവിഡിന് മുന്‍പ് 2019 - ല്‍ നടന്ന അവസാന വള്ളംകളി മത്സരവും പ്രകൃതി മനോഹരവും കൂടുതല്‍ സൗകര്യപ്രദവുമായ മാന്‍വേഴ്‌സ് തടാകത്തില്‍ തന്നെയായിരുന്നു.


കാണികളായി ഈ വര്‍ഷം കൂടുതല്‍ പേര്‍ വള്ളംകളി മത്സരത്തിന് എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി യുക്മ കേരളപൂരം വള്ളംകളി - 2022 ന്റെ ജനറല്‍ കണ്‍വീനര്‍ അഡ്വ.എബി സെബാസ്റ്റ്യന്‍ അറിയിച്ചു. യുക്മ ദേശീയ സമിതിയില്‍ നിന്നും വള്ളംകളി മത്സരത്തിന്റെ ചുമതല നാഷണല്‍ വൈസ് പ്രസിഡന്റ് ഷീജോ വര്‍ഗീസിനായിരിക്കും. അവസാന വര്‍ഷം വള്ളംകളി മത്സരത്തിന് എകദേശം 7000 ആളുകള്‍ കാണികളായി എത്തിച്ചേര്‍ന്നിരുന്നു. ഇപ്രാവശ്യം പതിനായിരത്തോളം പേരെങ്കിലും വള്ളംകളി കാണുന്നതിന് എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു. വള്ളംകളി മത്സരത്തിലും അതിനോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്ന കാര്‍ണിവലിലും പങ്കെടുത്ത് ഒരു ദിവസം മുഴുവനും ആഹ്‌ളാദിച്ചുല്ലസിക്കുവാന്‍ വേണ്ടി നിരവധി അസോസിയേഷനുകളും മറ്റ് സംഘടനകളും ഏകദിന വിനോദയാത്രകള്‍ മാന്‍വേഴ്‌സ് തടാകത്തിലേക്ക് സംഘടിപ്പിക്കുകയാണ്.

മാന്‍വേഴ്‌സ് തടാകവും അനുബന്ധ പാര്‍ക്കുമെല്ലാമായി പതിനായിരത്തോളം കാണികളെ ഉള്‍ക്കൊള്ളുന്നതിനുള്ള സൗകര്യമുണ്ട്. വള്ളംകളി മത്സരം നടത്തപ്പെടുന്ന തടാകത്തിന്റെ ഏത് ഭാഗത്ത് നിന്നാലും തടസമില്ലാതെ മത്സരം വീക്ഷിക്കുന്നതിനുള്ള സൗകര്യമുണ്ട്. പ്രധാന സ്റ്റേജ് ഭക്ഷണശാലകള്‍ എന്നിവ ചുറ്റുമുള്ള പുല്‍ത്തകിടിയിലായിരിക്കും ഒരുക്കുന്നത്. ഒരേ സ്ഥലത്ത് നിന്നു തന്നെ വള്ളംകളി മത്സരങ്ങളും സ്റ്റേജ് പ്രോഗ്രാമുകളും കാണുന്നതിനുള്ള അവസരവുണ്ടായിരിക്കും. കൂടാതെ മൂവായിരത്തിലധികം കാറുകള്‍ക്കും, കോച്ചുകള്‍ക്ക് പ്രത്യേകവും പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. സ്‌കൂള്‍ അവധിക്കാലത്ത് ഒരു ദിവസം മുഴുവനായി ആഹ്‌ളാദിക്കുന്നതിനും ആസ്വദിക്കുന്നതിനുമുള്ള അവസരമാണ് യുക്മ കേരളപൂരം വള്ളംകളി മത്സര ദിവസം ഒരുക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഡോ.ബിജു പെരിങ്ങത്തറ - 07904785565
കുര്യന്‍ ജോര്‍ജ് - 07877348602
എബി സെബാസ്റ്റ്യന്‍ - 07702862186

വള്ളംകളി നടക്കുന്ന സ്ഥലത്തിന്റെ വിലാസം:-

Manvers Waterfront Boat Club
Station Road, Wath-upon-Dearne, Rotherham,
South Yorkshire,
S63 7DG

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക