Image

എന്റെ പ്രണയം (കവിത: ജയശ്രീ രാജേഷ്)

Published on 28 July, 2022
എന്റെ പ്രണയം (കവിത: ജയശ്രീ രാജേഷ്)

എനിക്കെന്നും പ്രണയമുണ്ടായിരുന്നു .....

ബാല്യത്തിൽ  
മുറ്റത്ത് നിഷ്കളങ്കമായ് 
കാറ്റിന്റെ മടിയിൽ
പുഞ്ചിരിച്ചു കിടന്ന
പല വർണ്ണ പനിനീർ
 പൂക്കളോടുള്ള ഇഷ്ടം
എന്റെ പ്രണയമായിരുന്നു

കൗമാരത്തിൽ
സന്ധ്യയുടെ മാറിൽ
വിരിയുന്ന
മുല്ലമൊട്ടിന്റെ
സുഗന്ധമായ് വന്നു
എന്നെ തഴുകിയ
ചെറു ചെല്ലകാറ്റിനോട്
തോന്നിയ സ്നേഹം
എന്റെ പ്രണയമായിരുന്നു

യൗവനത്തിൽ 
മിഴികൾകൂമ്പി നിന്ന് 
 പ്രണയത്തിന്റെ
ആദ്യപാഠം
മനസ്സിൽ പകർന്ന
ചെമ്പകപ്പൂവിനോടുള്ള
അനുരാഗം
കൂടൊഴിഞ്ഞിട്ടില്ലിതുവരെ 

കൊഴിയാനായ് മാത്രം
വിടരുന്ന വിഷാദ
ബിംബമായ്
ജീവിത സന്ധ്യയുടെ
ആളൊഴിഞ്ഞ
വഴിയോരത്ത്
മിഴി നീട്ടി നിൽപ്പുണ്ട്
എന്നെയും കാത്ത്
ഇത്തിരി
 വാകപൂക്കൾ ......

കാലത്തിന്റെ കണക്കിൽ
ഇനിയും താണ്ടാൻ 
വഴികൾ നീണ്ട് 
കിടക്കുന്നു .
ശൂന്യയാത്രകളുടെ 
മരുഭൂമി കാറ്റിൽ
വഴി തെറ്റി വന്ന
പ്രണയങ്ങളും
വഴിമാറി നടന്ന
പ്രണയങ്ങളും
ഓർമ്മ പച്ചകൾ
തീർക്കുന്നു ....

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക