Image

കാകദുഃഖം(കവിത: ജയശ്രീ രാജേഷ്)

ജയശ്രീ രാജേഷ് Published on 28 July, 2022
കാകദുഃഖം(കവിത: ജയശ്രീ രാജേഷ്)

കറുത്ത പക്ഷത്തില്‍
വെറുപ്പറിയാതെ 
കടന്നു വരുന്ന 
ഒരു കൂട്ടം
കാക്കകളുണ്ട്

അതില്‍ കാണാം ...

ബാല്യത്തിന്റെ
ചിറകിന്‍ കൂട്ടില്‍
ഓര്‍മ്മയുടെ
ഭാണ്ഡക്കെട്ടുകള്‍ -
ക്കിടയില്‍
ചുളിവു വീണ
മുഖത്ത് 
ചിരി മായാത്തൊരു
അമ്മ കാക്ക ....

തൂങ്ങി നടന്ന വിരല്‍
തുമ്പില്‍ 
കരുതലിന്റെ
കൊക്കുരുമ്മി
തളരാത്ത ചിറകുമായി
കാവലിരുന്ന
ഈറന്‍ പുതച്ചൊരു
അച്ഛന്‍ കാക്ക .....

തളര്‍ന്ന സന്ധ്യയുടെ
ഒറ്റ മരച്ചില്ലയില്‍
പ്രതീക്ഷകളുടെ
ബലി പിണ്ഡം നോക്കി
വെറുതെയെങ്കിലും
തെക്കെ മുറ്റത്തേക്ക്
കണ്ണുകള്‍ പായിച്ച്
ഒരു കാവതി കാക്ക ......

രക്ത ബന്ധങ്ങളുടെ
കെട്ടറുത്ത
സ്വാര്‍ത്ഥ ജീവിതത്തിന്റെ
പേരറിയാ സന്തതികളെ
വഴിക്കണ്ണുമായി
കാത്തിരിക്കുന്ന
ചിറക് കൊഴിഞ്ഞ
ചില കാക്കകള്‍

അനാഥ മന്ദിരത്തിന്റെ
ഇരുണ്ട കോണില്‍
ഈറന്‍ ചിറകൊതുക്കി
ചില തള്ള കാക്കകള്‍
നഷ്ട സ്വപ്നങളില്‍
ഉരുകുമ്പോള്‍
ഒരു ചോറ്റുരുളയില്‍
കര്‍മ്മ പാപങ്ങള്‍ 
മറക്കാന്‍ ശ്രമിക്കുന്ന
മനസ്സ് കറുത്ത 
കാക സ്‌നേഹികള്‍ ...

Join WhatsApp News
Mahakapi Wayanadan 2022-07-28 17:56:39
വായിച്ചു മഹാകപി വയനാടൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക