Image

രാജകൊട്ടാരത്തില്‍ നിന്നും രാമന്‍ വനത്തിലേക്ക് (ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 28 July, 2022
 രാജകൊട്ടാരത്തില്‍ നിന്നും രാമന്‍ വനത്തിലേക്ക് (ദുര്‍ഗ മനോജ് )


അയോധ്യാകാണ്ഡം ഇരുപത്തിയേഴു മുതല്‍ നാല്‍പ്പത്തിമൂന്നു  സര്‍ഗം വരെ.

ദശരഥന്റെ കൊട്ടാരത്തിലേക്കു പോയ ഭര്‍ത്താവിനെ കാത്തുനില്‍ക്കുകയായിരുന്ന സീതയുടെ അരികിലേക്കു രാമനെത്തി. ആ മുഖത്തെ ഭാവമാറ്റം കണ്ട സീത ചോദിച്ചു, 'എന്തു പറ്റി അങ്ങേക്ക്? മുഖം വാടിയിരിക്കുന്നു, അഭിഷേകം നടക്കുന്നതിന്റെ യാതൊരു സന്തോഷവും ഇപ്പോഴാ കണ്ണുകളില്‍ കാണാനാകുന്നില്ലല്ലോ എന്തോ അനര്‍ത്ഥം സംഭവിച്ചിരിക്കുന്നു പറയൂ, എന്താണ് അച്ഛന്‍ പറഞ്ഞത്?'

രാമന്‍ കാര്യങ്ങള്‍ വിശദീകരിച്ചു. കൈകേയിയുടെ ആവശ്യവും, അച്ഛന്‍ പണ്ടു നല്‍കിയ വരവും ഒക്കെ വിശദമായി പറഞ്ഞു. അച്ഛന്റെ വാക്ക് വെറുംവാക്കാകുവാന്‍ പാടില്ല. അതിന്‍പ്രകാരം പ്രിയേ താനിന്നു തന്നെ ദണ്ഡകാരണ്യത്തിലേക്കു യാത്രയാവുകയാണ്. പതിനാലു വര്‍ഷം വനവാസമാണ് എനിക്കു വിധിച്ചിരിക്കുന്നത്. നീ തളര്‍ന്നു പോകരുത്.
ഭരതന്‍ യുവരാജാവാകും. എന്റെ അഭാവത്തില്‍ ഭരതനു മുന്നില്‍ വെച്ച് എന്റെ ഹിതം പറയരുത്. അച്ഛനോടും അമ്മ കൗസല്യയോടും സ്‌നേഹത്തോടെ പെരുമാറണം. ഭരതശത്രുഘ്‌നനന്മാരെ സോദരന്മാരെപ്പോലെയും പുത്രന്മാരെപ്പോലെയും കാണണം. ഭരതന് അപ്രിയം പ്രവര്‍ത്തിക്കരുത്.
ഇതൊക്കെ കേട്ടു സീത പറഞ്ഞു, സ്ത്രീകള്‍ക്കു ഭര്‍ത്താവാണ് എല്ലാം. അങ്ങു വനത്തിലേക്കു പോവുകയാണെങ്കില്‍ ഞാനും വരികയാണ് ഒപ്പം. ഭര്‍ത്താവിനൊപ്പമെങ്കില്‍ നരകവും സ്വര്‍ഗമാണ്. ഇനി ഭര്‍ത്താവ് കൂടെ ഇല്ലെങ്കില്‍ സ്വര്‍ഗവും നരകസമാനമാകും. അതിനാല്‍ അങ്ങയോടൊപ്പം പോരാന്‍ എന്നേയും അനുവദിക്കുക.

ഇതു കേട്ടു രാമന്‍, വനവാസമെന്നാല്‍ ഒട്ടും എളുപ്പമുള്ള സംഗതിയല്ല എന്നു പറഞ്ഞു സീതയെ പിന്തിരിപ്പിക്കുവാന്‍ ശ്രമിച്ചു. സ്വയം ശേഖരിക്കുന്ന പൂക്കള്‍ കൊണ്ടു വേണം പൂജകള്‍ ചെയ്യുവാന്‍. ആഹാരം കിട്ടുവാന്‍ പ്രയാസം. പാമ്പുകളും, ക്ഷുദ്രജീവികളും, വന്യമൃഗങ്ങളും നിറഞ്ഞ കാട്ടില്‍ കഷ്ടത നേരിടേണ്ടി വരും. അതിനാല്‍ നീ ഇവിടെ തുടരുക. എന്നാല്‍ രാമന്റെ ആ വാക്കുകള്‍ക്കു സീതയെ സമാധാനിപ്പിക്കുവാനായില്ല. സീത, കരഞ്ഞുകൊണ്ട് പറഞ്ഞു, അങ്ങു വേര്‍പിരിഞ്ഞാല്‍ സീത പ്രാണന്‍ വെടിയും. അല്ലെങ്കില്‍ അങ്ങയോടൊപ്പം ഞാനും വരും. അതിനനുവദിക്കുക. ഒടുവില്‍ ഒന്നിനു മുന്നിലും സീത അഭിപ്രായം മാറ്റില്ലെന്നു കണ്ടു രാമന്‍ സീതയെ ഒപ്പം പോരാന്‍ അനുവദിച്ചു.

ഇതു കണ്ട ലക്ഷ്മണന്‍, പൊടുന്നനെ രാമപാദത്തില്‍ വീണു താനും ഒപ്പം വരികയാണെന്നും തടയരുതെന്നും കേണു. രാമന്‍ ലക്ഷ്മണനോടു തന്റെ അഭാവത്തില്‍ കൗസല്യാമ്മയും സുമിത്രാമ്മയും തനിച്ചാകുമെന്നു അവര്‍ക്കു മറ്റാരുണ്ടെന്നും ചോദിച്ചു. അതിനാല്‍ ലക്ഷ്മണന്‍ അവര്‍ക്കു താങ്ങായി നാട്ടില്‍ തുടരേണ്ടതുണ്ടെന്നറിയിച്ചു.
എന്നാല്‍ ലക്ഷ്മണന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ ലക്ഷ്മണനും കാട്ടില്‍ തന്നോടൊപ്പം പോരുവാന്‍ രാമന്‍ അനുവാദം നല്‍കി. പിന്നെ യാത്രക്കു മുന്‍പായി ദാനധര്‍മ്മങ്ങള്‍ നടത്തുവാന്‍ സീതയോടും ലക്ഷ്മണനോടും പറഞ്ഞു. സീത തന്റെ ആഭരണങ്ങളപ്പാടെയും  സുയജ്ഞന്‍ എന്ന വിപ്രനു നല്‍കി. രാമനും ലക്ഷ്മണനും സ്വര്‍ണ്ണവും ഗോക്കളും ദാനമായി നല്‍കി.

സീതാസമേതം ദാനം ചെയ്ത ശേഷം, രാമലക്ഷ്മണന്മാര്‍ അച്ഛനെ കാണുവാന്‍ പുറപ്പെട്ടു. രാമന്റെ വനയാത്രാ വാര്‍ത്തയറിഞ്ഞ ജനങ്ങള്‍ ദുഃഖാര്‍ത്തരായി മാളികമുകളിലും പാതയോരങ്ങളിലും തിങ്ങിനിറഞ്ഞു. ചിലര്‍ പറഞ്ഞു, 'രാമനില്ലാത്ത അയോധ്യയാണു ആരണ്യകം. നമുക്കു രാമനെ പിന്തുടരാം.'
ജനങ്ങളുടെ ഇത്തരം വാക്കുകള്‍ കേട്ടിട്ടും, കേള്‍ക്കാത്ത മട്ടില്‍ രാമന്‍ നടന്നു.

താന്‍ വന്നിരിക്കുന്നതായി പിതാവിനെ അറിയിക്കുവാന്‍ ആവശ്യപ്പെട്ടു . അവിടെ രാഹു ഗ്രസിച്ച സൂര്യനെപ്പോലെ, ചാരം മൂടിയ കനല്‍ പോലെ, നീര്‍വറ്റിയ പൊയ്കപോലെ ദശരഥന്‍ കിടക്കുന്നു. അദ്ദേഹത്തോട് രാമന്‍, അനുവാദത്തിനായി കാത്തു നില്‍ക്കുന്നുവെന്നറിയിച്ചു.
രാജാവ് പറഞ്ഞു, സുമന്ത്രാ, എന്റെ  മുന്നൂറ്റി അമ്പതു ഭാര്യമാരേയും ഇവിടേക്കു വിളിക്കുക. എല്ലാഭാര്യമാരുമൊരുമിച്ചു രാമനെക്കാണുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ധന്യവ്രതകളായ എല്ലാഭാര്യമാരും കരഞ്ഞു കലങ്ങിയ കണ്ണുമായി എത്തിച്ചേര്‍ന്നു. എല്ലാവരും എത്തിയതോടെ രാമന് അകത്തേക്കു ചെയ്യുവാന്‍ അനുമതി നല്‍കി.
രാമന്‍, സീതയോടും ലക്ഷ്മണനോടുമൊപ്പം കാട്ടിലേക്കു പോവുകയാണന്നു ദശരഥനെ അറിയിച്ചു. അതുകേട്ട്, ആര്‍ത്തുകരഞ്ഞ  ദശരഥന്‍, രാമനോട് തന്നെ കൊന്നിട്ടോ തുറുങ്കിലടച്ചിട്ടോ രാജ്യഭാരം ഏല്‍ക്കുവാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ രാമന്‍ തെല്ലും കുലുങ്ങിയില്ല. അച്ഛന്റെ വാക്കുപാലിക്കാതിരിക്കില്ല എന്നു നിശ്ചയിച്ച രാമനെ പിന്തിരിപ്പിക്കാന്‍ ഒന്നിനുമായില്ല.


ഇത്രയുമായപ്പോള്‍ തേരാളി സുമന്ത്രര്‍, ഇതിനൊക്കെ കാരണക്കാരിയായ കൈകേയിയോടു പൊട്ടിത്തെറിച്ചു. നീ തള്ളക്കൊത്ത പിള്ള തന്നെയെന്നാണ് സുമന്ത്രര്‍ പറഞ്ഞത്. കാരണം, കൈകേയിയുടെ അമ്മയും ദുര്‍വാശിക്കാരി ആയിരുന്നുവത്രേ. ആ കഥ സുമന്ത്രര്‍ ഏവരും കേള്‍ക്കേ വിശദീകരിച്ചു. പണ്ട് കേകയ രാജാവിന് ഒരു വരദനായ ഒരാള്‍ സര്‍വ്വപ്രാണികളുടേയും ഭാഷ പറഞ്ഞു കൊടുത്തു. ഒരിക്കല്‍ രണ്ടു കിളികള്‍ തമ്മില്‍ സംസാരിക്കുന്നതു കേട്ട് അദ്ദേഹം പൊട്ടിച്ചിരിച്ചു. കൈകേയിയുടെ അമ്മ, ആ ചിരിയുടെ കാരണമറിയാന്‍ വാശി പിടിച്ചു.അപ്പോള്‍ രാജാവു പറഞ്ഞു, ആ രഹസ്യം പറഞ്ഞാല്‍ ഞാന്‍ മരിക്കും ഈ നിമിഷം. അതു കൊണ്ടു നീ വാശി പിടിക്കരുത്. എന്നാല്‍  പത്‌നി അതു കേട്ടു തെല്ലും കുലുങ്ങാതെ കാരണം പറയണമെന്ന് വീണ്ടും വാശി പിടിച്ചു.. എന്നാല്‍ അദ്ദേഹം അവളുടെ വാക്കുകള്‍ പരിഗണിച്ചതേ ഇല്ല. അതിനാല്‍ അദ്ദേഹം നീണ്ട നാള്‍ ഭരണത്തില്‍ തുടരുന്നു. ആ അമ്മയുടെ മകളാണ് കൈകേയി. അതിനാല്‍ വീണ്ടുവിചാരമില്ലാെത്ത വാശിക്കാരിയായ കൈകേയിയുടെ വാക്കുകള്‍ തള്ളിക്കളഞ്ഞ്, രാമന്‍ യുവരാജാവാകണം.
എന്നാലതൊന്നും കൈകേയിയെ ഒട്ടുമേ ബാധിച്ചില്ല. അവള്‍  പണ്ടു സഗരന്‍, കുഞ്ഞുങ്ങളെ പുഴയില്‍ എറിഞ്ഞു തള്ളിയതിന് നാടുകടത്തിയ മൂത്ത പുത്രന്‍ അസമഞ്ജനെപ്പോലെ രാമനേയും നാടുകടത്തുക എന്നാണ് പറഞ്ഞത്. അതുകേട്ടു സിദ്ധാര്‍ത്ഥനെന്ന വിപ്രന്‍ പറഞ്ഞു, നീ എന്ത് അബദ്ധമാണു പറയുന്നത്? രാമന്‍ എന്തു തെറ്റു ചെയ്തു? അസമഞ്ജന്‍ പാപിയായിരുന്നു. രാമനോ?
അതു കേട്ടു ദശരഥനും കൈകേയിയോട് ഈ ആവശ്യത്തില്‍ നിന്നു പിന്തിരിയാന്‍ അപേക്ഷിച്ചു. അവള്‍ തെല്ലും കുലുങ്ങിയില്ല.

ഇതൊക്കെ കേട്ടു രാമന്‍ പറഞ്ഞു, കാട്ടിലേക്കു പോകുമ്പോള്‍ പട്ടുവസ്ത്രങ്ങള്‍ ആവശ്യമില്ല. ഞങ്ങള്‍ക്കു വത്ക്കലം തരൂ എന്ന്. അതു കേട്ടതും കൈകേയി മൂവര്‍ക്കുമുള്ള വത്ക്കലവുമായി എത്തി.
രാമന്‍ വത്ക്കലം ധരിച്ചു. സീത അത് എങ്ങനെ ധരിക്കണമെന്നറിയാതെ ഉഴറിയപ്പോള്‍ രാമന്‍ വസ്ത്രത്തിനു മേല്‍ വത്ക്കലം ചുറ്റി നല്‍കി.എന്നാല്‍ വസിഷ്ഠന്‍ ഇടപെട്ട്, സീത അത് ധരിക്കേണ്ടതില്ലെന്ന് അറിയിച്ചു.

വനത്തിലേക്കു പോകാന്‍ തയ്യാറായ സീതയോടു കൗസല്യ അരികെ വിളിച്ച് സദുപദേശം നല്‍കി. സീത അതൊക്കെ പാലിച്ച്, ഭര്‍ത്താവിനൊപ്പം കഴിഞ്ഞു കൊള്ളാമെന്ന് വാക്കു നല്‍കി. അങ്ങനെ മൂവരും കൊട്ടാരമുപേക്ഷിച്ചു. തേരില്‍ നഗരാതിര്‍ത്തി കടത്തിത്തരുവാന്‍ സുമന്ത്രരോട് ആവശ്യപ്പെട്ടു. രാമനു പിന്നാലെ ജനങ്ങളും കാട്ടിലേക്ക് ഇറങ്ങിത്തിരിച്ചു. രഥത്തിനു വേഗം കൂട്ടുവാന്‍ രാമന്‍ ആവശ്യപ്പെട്ടു.
രാമനില്ലാത്ത അയോധ്യയില്‍ വീടുകളില്‍ ആരും ഭക്ഷണം പാകം ചെയ്തില്ല, മൃഗങ്ങള്‍പോലും ഭക്ഷണം സ്വീകരിച്ചില്ല. നക്ഷത്രങ്ങളുടെ തിളക്കം പോയി. ദിക്കുകളൊക്കെ അഴലിലാണ്ടു. അയോധ്യ ശോകമൂകമായി.
രാമന്‍ പോയതോടെ കുടിലബുദ്ധിയായ
കൈകേയിയുടെ മുഖമിനിയും കാണാനാകില്ലെന്നു പറഞ്ഞ ദശരഥനെ പരിചാരകര്‍ കൗസല്യാദേവിയുടെ അന്തഃപുരത്തിലെത്തിച്ചു.

സാരാംശം

ഇത്രയും വായിച്ചവസാനിപ്പിക്കുമ്പോള്‍ ഒരു നോവും ചിത്രമായി മാറുന്നു ദശരഥന്‍. കാമത്തിന്റെ ഇരയാണ് അദ്ദേഹം. ഭാര്യമാരില്‍ കൗസല്യയെ കൈകേയിയുടെ പ്രീതിക്കുവേണ്ടി അവഗണിച്ചതും, അതുമൂലം കൗസല്യ അനുഭവിച്ച വിഷമങ്ങളെക്കുറിച്ചും ദശരഥന്‍ ബോധവാനാകുന്നത് ഈ ഘട്ടത്തിലാണ്. ഒരാളോടു പ്രത്യേക സ്‌നേഹം തോന്നുക സ്വാഭാവികം. എന്നാല്‍ അതിന്റെ പേരില്‍ തുല്യമായി പരിഗണിക്കേണ്ടവരോട് അന്യായം പ്രവര്‍ത്തിച്ചാല്‍ രണ്ടു കൂട്ടര്‍ക്കും ദുഃഖം തന്നയാവും ഫലം. കൈകേയിയോടുള്ള അമിത
സ്‌നേഹത്താല്‍ കൗസല്യയെ അവഗണിച്ചിരുന്നു ദശരഥന്‍ അതും സ്വയം തിരിച്ചറിയുകയാണ് ഈ ഘട്ടത്തില്‍. അച്ഛന്റെ വാക്കുപാലിക്കുവാന്‍ ഇറങ്ങിത്തിരിക്കുന്ന രാമനൊപ്പം രണ്ടു പേര്‍, സീതയും ലക്ഷ്മണനും, രാമനോടുള്ള സ്‌നേഹമൊന്നുമാത്രം മുന്‍നിര്‍ത്തി വനയാത്രക്കൊരുങ്ങുന്നു. ഭര്‍ത്താവെന്നും, ജേഷ്ഠനെന്നുമുള്ള അവരുടെ ചിന്ത എത്ര മഹത്വമായെതെന്നു നിസ്സംശയം പറയാം.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക