Image

ഗ്ലോബല്‍ മലയാളി ഫെഡറേഷന്‍ മാധ്യമ പുരസ്‌കാരം ജോസ് കുന്പിളുവേലിയ്ക്ക്

Published on 28 July, 2022
 ഗ്ലോബല്‍ മലയാളി ഫെഡറേഷന്‍ മാധ്യമ പുരസ്‌കാരം ജോസ് കുന്പിളുവേലിയ്ക്ക്

 

ബര്‍ലിന്‍: ജര്‍മനി ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ (ജിഎംഎഫ്) 2022 ലെ പ്രവാസി മാധ്യമ പുരസ്‌കാരത്തിന് യൂറോപ്പിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനും പ്രവാസി ഓണ്‍ലൈന്‍ പത്രാധിപരുമായ ജോസ് കുന്പിളുവേലില്‍(ജര്‍മനി) അര്‍ഹനായി. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി യൂറോപ്യന്‍ മലയാളി മാധ്യമരംഗത്ത് ഏറെ വ്യക്തിമുദ്രപതിപ്പിച്ച മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ യൂറോപ്പിനു പുറത്തുള്ള മലയാളികള്‍ക്കിടയിലും ജോസ് കുന്പിളുവേലില്‍ ഏറെ ചിരപരിചിതനാണ്.


ജര്‍മനിയിലെ കൊളോണ്‍ നഗരത്തിനടുത്തുള്ള ഒയ്‌സ്‌കിര്‍ഷന്‍ ഡാലം ബേസന്‍ ഹൗസില്‍ ജൂലൈ 27 മുതല്‍ 31 വരെ നടക്കുന്ന മുപ്പത്തിമൂന്നാമത് പ്രവാസി സംഗമത്തിന്റെ സമാപന സമ്മേളനത്തില്‍ ജലൈ 30 ശനിയാഴ്ച അവാര്‍ഡ് സമ്മാനിക്കുമെന്ന് ജിഎംഎഫ് ഗ്ലോബല്‍ ചെയര്‍മാനും ലോക കേരളസഭാംഗവുമായ പോള്‍ ഗോപുരത്തിങ്കല്‍ അറിയിച്ചു. ജര്‍മനിയിലെ ബോണിലുള്ള യുണൈറ്റഡ് നേഷന്‍സ് കണ്‍വന്‍ഷന്‍ കോംബാറ്റ് ഡീസര്‍ട്ടിഫിക്കേഷന്‍ (UNCCD)ആസ്ഥാനത്ത് ജി 20 ഗ്ലോബല്‍ ഇനിഷ്യേറ്റീവിന്റെ കോര്‍ഡിനേഷന്‍ ഓഫീസ് ഡയറക്ടര്‍ ഡോ. മുരളി തുമ്മാരുകുടി മുഖ്യാതിഥിയായിരിയ്ക്കും. ജര്‍മനിയിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനാ നേതാക്കള്‍ ചടങ്ങില്‍ സംബന്ധിയ്ക്കും.

കഴിഞ്ഞ 30 വര്‍ഷമായി ജര്‍മനിയിലെ കൊളോണില്‍ താമസിക്കുന്ന ജോസ് കുന്പിളുവേലില്‍ പത്തനംതിട്ട ജില്ലയിലെ ചുങ്കപ്പാറ സ്വദേശിയാണ്. യൂറോപ്പില്‍ നിന്നുള്ള മലയാളത്തിലെ ആദ്യത്തെ ന്യൂസ് പോര്‍ട്ടലായwww.pravasionline.com / പ്രവാസിഓണ്‍ ന്യൂസ് ചാനല്‍ എന്നീ മാധ്യമങ്ങളുടെ സ്ഥാപകന്‍, ചീഫ് എഡിറ്റര്‍ എന്നതിലുപരി കഴിഞ്ഞ 22 വര്‍ഷമായി കേരളത്തിലെ പ്രമുഖ മുഖ്യധാരാ പത്രങ്ങളായ ദീപിക തുടങ്ങിയ പ്രിന്റ് മീഡിയകളില്‍ വാര്‍ത്തകള്‍, ലേഖനങ്ങള്‍ നല്‍കുന്നതിനൊപ്പം, ഈ മാധ്യമങ്ങളുടെ ഓണ്‍ലൈനില്‍ ഏറ്റവും കൂടുതല്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന വ്യക്തിയുമാണ്. കൂടാതെ കേരളത്തിലെ ഒട്ടുമിക്ക ചാനലുകളിലും വാര്‍ത്തകളുമായി എത്തുന്നുണ്ട്. നിരവധി അന്താരാഷ്ട്ര സമ്മേളനങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ഫിഫ വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ മല്‍സരത്തിനു പുറമെ യുവേഫ അന്താരാഷ്ട്ര ഫുട്‌ബോള്‍ മല്‍സരങ്ങള്‍ നിരവധി വര്‍ഷങ്ങളില്‍ ലൈവായും പ്രിന്റ് മീഡിയക്കുവേണ്ടിയും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. കൂടാതെ വത്തിക്കാനില്‍ നടന്ന ഇന്‍ഡ്യയുമായി ബന്ധപ്പെട്ട എല്ലാ വിശുദ്ധ പ്രഖ്യാപന ചടങ്ങിന്റെ ലൈവ് റിപ്പോര്‍ട്ടിംഗും, അച്ചടി മാദ്ധ്യമങ്ങളിലും നല്‍കിയിട്ടുണ്ട്.

 

മോഡറേറ്റര്‍, കോളമിസ്‌ററ്, ഗാനരചയിതാവ്, സ്‌റേറജ് ഷോ സംഘാടകന്‍, കഴിഞ്ഞ 34 വര്‍ഷത്തിനിടയില്‍ കുന്പിള്‍ ക്രിയേഷന്‍സ് ബാനറിലൂടെ (1988 മുതല്‍), മ്യൂസിക് ആല്‍ബം പ്രൊഡ്യൂസര്‍ എന്ന നിലയില്‍ നിരവധി ആല്‍ബങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ഒരു ഗാനരചയിതാവ് എന്ന നിലയില്‍ നിരവധി ശ്രദ്ധേയമായ ഗാനങ്ങളും (ഇന്നു പിറന്നാള്‍ പൊന്നു പിറന്നാള്‍ ഉണ്ണിയേശുവിന്‍ പിറവിത്തിരുനാള്‍ 2019 ക്രിസ്മസ് ഗാനം) കുന്പിള്‍ ക്രിയേഷന്‍സ് യുട്യൂബ് ചാനലിലൂടെ വൈറലായിട്ടുണ്ട്. കവിത രചനക്കു പുറമെ ഭക്തിഗാനങ്ങള്‍, പ്രണയഗാനങ്ങള്‍, ഉല്‍സവഗാനങ്ങള്‍ (തുയിലുണരും തിരുവോണം 2021), ലളിതഗാനം(പ്രകൃതി മനോഹരി നീ.. 2022) തുടങ്ങിയവയും യുട്യൂബില്‍ ഏറെ പ്രശസ്തമാണ്.

ജര്‍മനിയിലെ മികച്ച സംഘാടകനും, കലാ സാംസ്‌കാരിക സംഘടനാ തലത്തില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം കഴിഞ്ഞ 22 വര്‍ഷമായി കേരള സമാജം കൊളോണ്‍ കള്‍ച്ചറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു. കേരള പീപ്പിള്‍സ് ആര്‍ട്‌സ് ക്ലബ് ജര്‍മ്മനിയുടെ (കെപിഎസി ജര്‍മനി) സ്ഥാപകനും നിലവിലെ പ്രസിഡന്റുമാണ്. വേള്‍ഡ് മലയാളി കൗണ്‍സില്‍, ജര്‍മ്മന്‍ പ്രൊവിന്‍സ് പ്രസിഡന്റ്, ഗ്ലോബല്‍ മലയാളി പ്രസ് ക്‌ളബ് ആക്ടിംഗ് സെക്രട്ടറി തുടങ്ങിയ പദവിയും ജോസ് കുന്പിളുവേലിയില്‍ നിക്ഷിപ്തമാണ്. യൂറോപ്പിലെ മികച്ച പത്രപ്രവര്‍ത്തനത്തിന് ഹൈഡല്‍ബര്‍ഗ് ആസ്ഥാനമായുള്ള കേരള ജര്‍മന്‍ കള്‍ച്ചറല്‍ ഫോറത്തിന്റെ 2008 ലെ മാധ്യമ അവാര്‍ഡ് നേടിയിട്ടുണ്ട് ഇദ്ദേഹം.

നിലവില്‍ ജര്‍മനിയിലെ ഉന്നതവിദ്യാഭ്യാസം, പഠനം, തൊഴില്‍ സാദ്ധ്യത, നഴ്‌സിംഗ് ജോലി തുടങ്ങിയ മേഖലകളില്‍ക്കൂടിയുള്ള കുടിയേറ്റ സാദ്ധ്യതകളെപ്പറ്റി നിരന്തരം വെബിനാറുകളില്‍ ക്ലാസുകള്‍ എടുത്ത് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നുണ്ട്. എല്ലാറ്റിനുപരി ജര്‍മനിയിലെ നഴ്‌സിംഗ് തൊഴില്‍ സാദ്ധ്യതകളെപ്പറ്റി 2018 ല്‍ ജൂലൈ 31 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്പാകെ മെമ്മോറാണ്ടം നല്‍കിയതിന്റെ വെളിച്ചത്തില്‍ നോര്‍ക്ക നടത്തിയ ഫോളോഅപ്പിന്റെ അടിസ്ഥാനത്തില്‍ ജര്‍മനിയിലെ എംപ്‌ളോയ്‌മെന്റ് ഏജന്‍സിയുമായി സഹകരിച്ച് 2021 ഡിസംബര്‍ 2 ന് കരാറില്‍ എത്തിയത് ജോസ് കുന്പിളുവേലിയുടെ ശ്രമഫലമായാണ്.

ഭാര്യ ഷീന നഴ്‌സാണ്. മക്കളായ ജെന്‍സ് (മെക്കാനിക്കല്‍ എന്‍ജിനീയര്‍ അവസാന വര്‍ഷം) ജോയല്‍ (ടീച്ചിംഗ് പ്രഫഷന്‍ രണ്ടാം സെമസ്റ്റര്‍) എന്നിവര്‍ വെസ്റ്റ് ഫാളിയ സംസ്ഥാനത്തിലെ ആഹന്‍ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥികളാണ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക