പ്രപഞ്ചരഹസ്യങ്ങള്‍ മനസിലാക്കാന്‍ നാസ വിക്ഷേപിച്ച ജെയിംസ് വെബ് കാട്ടിത്തരുന്ന വിദൂര ഗ്രഹങ്ങളും ഗാലാക്സികളും കണ്ട് അത്ഭുതപ്പെട്ടിരിക്കയാണ് ലോകം. നാം ഇപ്പോള്‍ കാണുന്ന ഗ്രഹങ്ങളും സൗരയൂധങ്ങളും കോടാനുകോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിലനിന്നിരുന്നതാണന്നും ഇപ്പോളതെല്ലാം മരിച്ചുപോയെന്നുമാണ് ശാസ്ത്രജ്ഞന്മാര് പറയുന്നത്. തന്നെയുമല്ല അതെല്ലാം അനേകം പ്രകാശവര്‍ഷങ്ങള്‍ക്ക് അകലെയാണ്. ഒരു പ്രകാശവര്‍ഷം എന്നുപറയുന്നത് ആറു മില്ല്യണ്‍ മൈലുകള്‍., മനുഷ്യന് ഒരിക്കലും എത്തിപ്പെടാന്‍ സാധിക്കാത്രത്ത ദൂരം.
നമ്മുടെ സൂര്യനെപ്പോലെയുള്ള ആയിരക്കണക്കിന് സൂര്യന്മാര് പ്രപഞ്ചത്തില്‍ ഉണ്ട്. അവക്കുചുറ്റും പ്രദക്ഷണം ചെയ്യുന്ന ഗ്രഹങ്ങളും. അവിടെ ഏതെങ്കിലുമൊന്നില്‍ മനുഷ്യനെപ്പോലെയോ അല്ലാതെയോഉള്ള ജീവജാലങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. പ്രോക്സിമ സെന്റോറി B (Proxima Centauri-B) എന്നഗ്രഹം ഭൂമിയെപ്പോലുള്ളതാണെന്നും അവിടെ വെള്ളവും ഓക്സിജനും ഉണ്ടെന്നും അതുകൊണ്ട് ജീവജാലങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞന്മാര് പറയുന്നു.
അവര്‍ വിശദീകരിക്കുന്നതെല്ലാം സാധാരണക്കാരായ നമുക്ക് മനസിലാകണമെന്നില്ല. എന്നാല്‍ ശ്രദ്ധിച്ച് കേട്ടുകൊണ്ടിരുന്നാല്‍ പ്രപഞ്ചത്തെപറ്റി കുറെയൊക്കെ അറിയാന്‍ നമുക്കും സാധിക്കും. ഇതെല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍, വിശ്വാസങ്ങള്‍ തകര്‍ക്കപ്പെടുമ്പോള്‍, നിങ്ങള്‍ക്കും എനിക്കും എന്താണ് തോന്നുക?
(കൂടുതല്‍ ചിന്തിച്ചാല്‍ മനുഷ്യന് ഭ്രന്തുപിടിക്കില്ലേ? അങ്ങനെ ചിന്തിച്ച് ഭ്രാന്താകാതിരിക്കാനാണ് മതങ്ങള്‍ ദൈവങ്ങളെ അവതിപ്പിച്ചത്. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും ഭൂമിയും അതിലെ ജീവജാലങ്ങളുമെല്ലാം ദൈവസൃഷ്ടിയാണ്. ഭൂമി പരന്നതാണെന്നാണ് മതങ്ങള്‍ പഠിപ്പിച്ചത്. സൂര്യന് ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്നു. ഭൂമി ഉരുണ്ടതാണെന്നും അത് സൂര്യനെയാണ് വലംവച്ചുകൊണ്ടിരിക്കുന്നതെന്നും ഗലീലിയോ എന്ന ആദ്യകാല ശാസ്ത്രജ്ഞനാണ് കണ്ടുപിടിച്ചത്. അതുപറഞ്ഞതിന്റെപേരില് പാവത്തിനെ ജയിലില്‍ അടക്കാനാണ് മതനേതാക്കള്‍ കല്പിച്ചത്. ദൈവനിന്ദയുടെ പേരില്‍.
മുഹമ്മദ് നബിയും അങ്ങനെ പറഞ്ഞിട്ടുണ്ട് എന്ന് നൂപുർ ശര്‍മ്മ പറഞ്ഞതിന്റെ പേരിലാണല്ലൊ ഇസ്ളാമിക തീവ്രവാദികള്‍ അവരെ വേട്ടയാടുന്നത്. നബിയേയും ക്രിസ്ത്യന്‍ പുരോഹിതന്മാരെയും കുറ്റംപറയേണ്ടതില്ല . കാരണം ശാസ്ത്രം പുരോഗമിച്ചിട്ടില്ലാത്ത അജ്ഞതയുയുടെ ഇരുണ്ടലോകത്തിലായിരുന്നു അവരെല്ലാം ജീവിച്ചിരുന്നത്. പക്ഷേ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും, ആറാംനൂറ്റാണ്ടിലെ വിശ്വാസങ്ങള്‍ വച്ചുപുലര്‍ത്തുന്നവരോട് സഹതപിക്കാനെ കഴിയു.)
മനുഷ്യന് പുരോഗതിയുടെയും വിജ്ഞാനത്തിന്റെയും ശ്രീകോവിലിലേക്ക് കാലെടുത്തു വച്ചിട്ട് ഒരുനൂറ്റാണ്ടേ ആയിട്ടുള്ളു. ഈയൊരു നൂറുവര്‍ഷങ്ങള്‍കൊണ്ട് അവന് പ്രപഞ്ചത്തെപറ്റി ഇത്രയൊക്കെ പഠിച്ചു. ചന്ദ്രനില്‍ കാലകുത്തി. ചൊവ്വയിലേക്ക് പേടകങ്ങളയച്ചു. നമ്മുടെ സൗരയുധത്തിലെ ഗ്രഹങ്ങളെപറ്റി വളരെയധികം കാര്യങ്ങള്‍ മനസിലാക്കി. സൗരയുധത്തിന് വെളിയിലുള്ള ഗാലക്സികളെപറ്റി പഠിച്ചുകൊണ്ടിരിക്കുന്നു. ഇനിയൊരു നൂറുവര്ഷങ്ങള്കൂടി കഴിഞ്ഞാല്‍ അവന് പ്രകാശവേഗത്തില്‍ സഞ്ചരിക്കില്ലെന്ന് ആരുകണ്ടു.
സോവ്യറ്റ് യൂണിയനായിരുന്നു ആദ്യമായി ഒരു റോക്കറ്റ് ശൂന്യാകാശത്തിലേക്ക് വിട്ടത്. ഒരു സ്പുട്നിക്ക്. പിന്നെയവര്‍ ഒരു നായയെ അയച്ചു. ലെയ്ക എന്ന നായയെ വീണ്ടെടുക്കാന്‍ അവര്‍ക്കായില്ല. അതിന്റെപേരില്‍ മൃഗസ്നേഹികള്‍ റഷ്യയെ ആക്ഷേപിച്ചെങ്കിലും അവരത് കാര്യമാക്കിയില്ല. മനുഷ്യനെ കൊന്നുകൊണ്ടിരിക്കുമ്പോളാണോ ഒരു പട്ടി ചത്തതിന്റെപേരില് കരയുന്നത്?
സോവ്യറ്റ് റഷ്യയുമായി മത്സരരംഗത്തുണ്ടായിരുന്ന അമേരിക്കയും വളരെതാമസിയാതെ ശൂന്യാകാശത്തെപറ്റി പഠനങ്ങള്‍ ആരംഭിക്കുകയും ചന്ദ്രനില്‍ ആളുകളെ എത്തിക്കുകയും ചെയ്തു. അങ്ങനെ റഷ്യയെ കടത്തിവെട്ടാന്‍ അമേരിക്കക്ക് സാധ്യമായി. അവര്‍ സ്പേസില്‍ സ്റ്റേഷനുകള്‍ സ്ഥാപിച്ചു, അവസാനം ജെയിംസ്വെബ്ബെന്ന ടെലിസ്കോപ്പും സ്ഥാപിച്ച് പ്രപഞ്ചത്തിന്റെ അത്ഭുതങ്ങള്‍ ലോകത്തെ കാണിച്ചുകൊണ്ടിരിക്കുന്നു.
ഇതെല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ ചിന്തിക്കുന്ന സാധാരണക്കാര്‍ സ്തംഭിച്ചിരിക്കയാണ്. ഇതിന്റെപിന്നില്‍ ഒരുശക്തിയുണ്ടോ. ചിലരതിനെ ദൈവമെന്ന് വിളിക്കുന്നു. ശാസ്ത്രജ്ഞന്മാര് പറയുന്നത് പല തിയറികളാണ്. ചിലര്‍ പറയുന്നത് പൊടിപടലങ്ങളില്‍നിന്ന് നക്ഷത്രങ്ങളും ഗ്രഹങ്ങളും ഉണ്ടായെന്നാണ്. എന്നാല്‍ പൊടിപടലങ്ങള്‍ എങ്ങനെയുണ്ടായി? അതിന്റെ ഒറിജിന്‍ എവിടെനിന്നാണ്? ഇതിന് യുക്തിവാദികള്‍ക്ക് മറുപടിയില്ല. മറ്റൊരു തിയറി ഒരു സൂപ്പര്‍നോവ പൊട്ടിച്ചിതറി ഇന്നത്തെ പ്രപഞ്ചം ഉണ്ടൊയെന്നാണ്. സൂപ്പര്‍നോവയും തനിയെ ഉണ്ടായതല്ലല്ലൊ. അപ്പോള്‍ ഇതിനൊരു സൃഷടികര്ത്താവ് കാണുമല്ലൊ. ചിലരതിനെ ദൈവമെന്ന് വിളക്കുന്നു. അതാരാണെന്ന് നമുക്കറിയില്ല. ബ്രഹ്മാവാണോ, യഹോവയാണോ, അള്ളാഹു ആണോ? ആയിരിക്കാം, അല്ലായിരിക്കാം. പക്ഷേ, ഇതിന്റെയെല്ലാം പിന്നില്‍ ഒരുശക്തിയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ശൂന്യതയില്‍നിന്ന് ഒന്നും ഉണ്ടാകില്ല.
പത്താംക്ളാസ്സിലെ പരീക്ഷയില്‍ ഫിസിക്സിന് ജയിക്കാനുള്ള മാര്‍ക്ക് കഷ്ടിച്ചുനേടിയ എനിക്ക് ഇതില്‍കൂടുതലൊന്നും പറയാനില്ല.