Image

ഏജന്റിന്റെ ചതിയില്‍ പെട്ട് യുഎഇയില്‍ എത്തിയ കോഴിക്കോട് സ്വദേശിനി നാട്ടിലെത്തി

Published on 29 July, 2022
 ഏജന്റിന്റെ ചതിയില്‍ പെട്ട് യുഎഇയില്‍ എത്തിയ കോഴിക്കോട് സ്വദേശിനി നാട്ടിലെത്തി

 

ഷാര്‍ജ: ഏജന്റിന്റെ ചതിയില്‍ പെട്ട് ഒമാന്‍ വഴി യുഎഇയില്‍ എത്തിയ കോഴിക്കോട് അത്തോളി സ്വദേശിനി ഷെക്കീന (48) നാടണഞ്ഞു. ഒരു കൂട്ടം സാമൂഹ്യ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് ഇവര്‍ക്ക് നാട്ടിലേക്ക് എത്താന്‍ സാധിച്ചത്.


പാസ്‌പോര്‍ട്ടോ വിസയോ മറ്റു രേഖകളോ ഒന്നുമില്ലാതെ അനധികൃതമായി യുഎഇയില്‍ എത്തുകയും തുടര്‍ന്ന് നിയമപ്രതിസന്ധികള്‍ നേരിട്ട ഇവര്‍ക്ക് യാബ് ലീഗല്‍ സര്‍വീസ് സിഇഒയും സാമൂഹ്യ പ്രവര്‍ത്തകനുമായ സലാം പാപ്പിനിശ്ശേരി നല്‍കിയ സൗജന്യ നിയമസഹായത്തിലൂടെയാണ് നിയമ പ്രശ്‌നങ്ങള്‍ പരിഹരിച്ചു കൊണ്ട് നാട്ടിലേക്ക് മടങ്ങാന്‍ സാധിച്ചത്.

നാലു വര്‍ഷങ്ങള്‍ക്ക് മുന്നേ അതായത് 2018 ലാണ് അത്തോളി സ്വദേശിനിയായ ഷെക്കീന നാട്ടിലുള്ള ഏജന്റ് മുഖാന്തിരം ഒമാനില്‍ എത്തുന്നത്. ഫ്രീ വിസ എന്ന് പറഞ്ഞു ഇവരുടെ കയ്യില്‍ നിന്നും 3 ലക്ഷം രൂപ വാങ്ങിയാണ് ഏജന്റ് ഇവരെ ഒമാനില്‍ എത്തിക്കുന്നത്.

അന്ന് ഒമാനിലും യുഎഇയിലും ജോലി ചെയ്യാം എന്നു പറഞ്ഞു കബളിപ്പിച്ചാണ് ഏജന്റ് ഷെക്കീനയെ ഒമാനില്‍ കൊണ്ടുവന്നത്. അവിടെ എത്തിയ ഇവര്‍ക്ക് ജോലി ലഭ്യമാകാത്തതിനെ തുടര്‍ന്ന് ഇവര്‍ ഏജന്റിനെ ബന്ധപ്പെട്ടപ്പോള്‍ അയാളുടെ ഒരു സഹായി പാസ്‌പോര്‍ട്ടോ മറ്റു രേഖകളോ ഒന്നും തന്നെ നല്‍കാതെ യുഎഇയില്‍ എത്തിച്ചു കൊണ്ട് അതിവിദഗ്ദ്ധമായി മുങ്ങുകയാണ് ചെയ്തത്.

തുടര്‍ന്ന് ഭാഷയോ ഇവിടത്തെ നിയമമോ ഒന്നും തന്നെ അറിയാത്ത ഷെക്കീന ഫ്രീ വിസ എന്ന കപട വിശ്വാസത്തില്‍ അനധികൃതമായി യുഎഇയില്‍ തുടരുകയും വീട്ടുജോലി ചെയ്യുകയും ചെയ്തു. പിന്നീടാണ് തനിക്ക് പറ്റിയ അബദ്ധം ഇവര്‍ മനസിലാക്കുന്നത്. പാസ്‌പോര്‍ട്ടോ മറ്റു അനുബന്ധ രേഖകളോ ഇല്ലാതെ യുഎഇയില്‍ തുടര്‍ന്നത് മൂലം നിയമ പ്രതിസന്ധികളില്‍ അകപെട്ടതിനെ തുടര്‍ന്ന് മാനസികമായി തളര്‍ന്ന ഷെക്കീന സലാം പാപ്പിനിശ്ശേരിയെ സമീപിക്കുകയായിരുന്നു.


ശേഷം ഇവരുടെ നിസ്സഹായാവസ്ഥ മനസിലാക്കിയ ഇദ്ദേഹം ഈ കേസ് ഏറ്റെടുക്കുകയും സൗജന്യ നിയമസഹായം നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഇദ്ദേഹം ബിഎല്‍എസ് സെന്ററുമായി ബന്ധപ്പെട്ടുകൊണ്ട് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് വാങ്ങുകയും പിന്നീട് ദുബായ് എമിഗ്രേഷന്റെ സഹായത്തോടെ ഔട്ട് പാസ് തരപ്പെടുത്തുകയും ചെയ്തു.

നിയമവശങ്ങളുമായി ബന്ധപ്പെട്ടുള്ള യാബ് ലീഗല്‍ സര്‍വീസിന്റെ ലൈവ് വീഡിയോയില്‍ ഈ പ്രശ്‌നം ചര്‍ച്ച ചെയ്യുകയും ഇത് കാണാനിടയായ ഷീജ ഷെഫീക്ക്, അവരുടെ ഭര്‍ത്താവായ അന്‍വര്‍ ഷെഫീഖ് എന്നി സാമൂഹ്യ പ്രവര്‍ത്തകര്‍ ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിന് വേണ്ട ടിക്കറ്റ് ഉള്‍പ്പടെയുള്ള സഹായം വാഗ്ദാനം ചെയ്തു കൊണ്ട് രംഗത്തേക്ക് വരികയുണ്ടായി. തുടര്‍ന്ന് ദില്‍ന, ഫാസി, ജിഷ, മഞ്ചു, സജന, ഷിനി തുടങ്ങി ഷീജയുള്‍പ്പെടുന്ന വനിത കൂട്ടാഴ്മ ടിക്കറ്റ് ഉള്‍പ്പടെയുള്ള സാമ്പത്തിക സഹായം നല്‍കിയാണ് ഷെക്കീനയെ നാട്ടിലേക്ക് കയറ്റിവിട്ടത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക