Image

ഞാനെന്നെ വായിക്കുമ്പോള്‍ (കവിത: കെ.സി.അലവിക്കുട്ടി)

Published on 30 July, 2022
ഞാനെന്നെ വായിക്കുമ്പോള്‍ (കവിത: കെ.സി.അലവിക്കുട്ടി)

ചിലപ്പോള്‍
ചെറിയചെറിയ
ചിന്തകള്‍ വന്ന് നിറഞ്ഞ്
ഓര്‍മ്മയുടെയും
മറവിയുടെയും
ഇടയിലൂടെ
പഠിച്ചതും
ശ്രമകരമായി
മനസ്സ് കാണാപാഠമാക്കിവച്ചതും
ഓര്‍മ്മയിലുള്ളതും
എല്ലാം മറന്ന,
എന്നെ ഞാന്‍
പുതിയ വാക്കുകളാക്കി
ഇടയ്ക്കൊക്കെ
എന്നെ
അക്ഷരങ്ങളാക്കിയും
നടത്തിവരാറുണ്ട്.
ഈ നടത്തത്തില്‍
പലപ്പോഴും,
ഇത്
ബോധമാണെന്നോ
അവബോധമാണെന്നോ
ഞാന്‍,
അറിയാതിരിക്കുമ്പോഴും,
ഇവ
എന്‍റെ മനസ്സിന്‍റെ
കൈ പിടിച്ച്
എന്നെ സൂക്ഷ്മമായി
കൊണ്ടുപോയി എന്ന് വരാം
ചിലനേരങ്ങളില്‍.

അതിനാല്‍,
എനിക്കിപ്പോള്‍
എന്‍റെ എന്നോടു
പറയാനാവുന്നുണ്ട്;
ചിന്തയുടെ
അനന്തമായ
അന്വേഷണ
സഞ്ചാരം തന്നെയാണ്
കവിത.

ഇത്
നന്മയുടെ ഭാഗമാണെന്ന്
ഞാനെന്നെയും
വിശ്വസിപ്പിക്കുന്നു.

പണ്ടെന്നോ
തുടര്‍ന്നു പോന്ന
സ്വന്തം ഇച്ഛയുടെ
പ്രണയത്തില്‍
എന്‍റെ അനുവാദമില്ലാതെ
ഞാന്‍എന്ന ജീവനെ
ഒരു ദിവസം
വാത്സല്യത്തോടെ
തലോടി
നെറുകയില്‍ ഉമ്മ വെച്ച്
കണ്ണുകള്‍ അടപ്പിച്ചശേഷം
മരണം
അവളുടെ കൈകളിലേല്‍പ്പിച്ച്
അവളുടെ
മണ്‍കുടിലിലേക്ക്
യാത്രയാക്കും.

ഇതിനൊക്കെ മുമ്പേ,
ചലനമറ്റ
ഈ ജീവന്‍
അവള്‍ എന്ന
ഭൂമിയുടെ മേനിയിലൂടെ
നടന്നു കണ്ട
എന്നോ
ഇവിടെയുണ്ടായിരുന്ന
മരങ്ങള്‍
കായ്കനികള്‍
ചെടികള്‍
ആകാശം
മലകള്‍ കുന്നുകള്‍
പുഴകള്‍ കടലുകള്‍
ഇനിയും
ഇവിടെ ഉണ്ടായിവരുന്ന
മനുഷ്യവർഗ്ഗങ്ങൾ,
ജീവജാലങ്ങള്‍
അനുഭവങ്ങളുടെ താളുകള്‍,
മറിച്ചു മറിച്ച് വായിച്ചു പോകുന്ന
ജീവിതത്തിന്‍റെ ,
കുന്നും മലകളും
ഒരു കിനാവിലെന്നപോലെ
എപ്പോഴൊക്കെയൊ
എന്‍റെ മനസ്സിന്‍റെ
മരപ്പലകയില്‍
പരത്തി
വെയ്ക്കാറുണ്ട്‌
ഞാന്‍.

ഇങ്ങനെ ചെയ്യുന്നത്
ഇവിടം വിട്ടുപോയാലും
വെറുതെ,
എനിക്ക്
പ്രപഞ്ചത്തോട്
സംസാരിക്കാലോ
എന്ന മോഹംകൊണ്ടാണ്.

ഞാനിവിടെ
ഇല്ലാതാവുമ്പോഴും,
എനിക്ക് പിറകെ വരുന്നവര്‍,
ഞാനിവിടെ ഉണ്ടായപ്പോഴും
എന്നോടൊപ്പം ഉണ്ടായവര്‍
ഇവര്‍ക്കൊക്കെ എന്നെങ്കിലും
എന്നെ വീണ്ടും
വായിക്കണമെന്ന് തോന്നുമ്പോള്‍,
അവര്‍ക്ക് വായിക്കാനായി...
ഞാനെന്‍റെ
ചുറ്റുപാടുകള്‍ വായിക്കുന്നു,
ഏട്ടനെ വായിക്കുന്നു
ഞാനെന്‍റെ കൂട്ടാരെ
വായിക്കുന്നു,
എന്റെയും അവരുടെയും
അപ്പനമ്മമാരെയും
സഹോദരീ സഹോദരങ്ങളെയും
വായിക്കുന്നു,
അവരുടെയും എന്‍റെയും
അനുഭവങ്ങളും
വായിക്കുന്നു....
എന്നിട്ടവ വീണ്ടും,
പുതിയ
വാക്കുകളുടെ
അക്ഷരങ്ങളാക്കുന്നു,
എന്നെങ്കിലും
ഇവ
ഒരിക്കലും കെടാത്ത
ഒരു വെളിച്ചമാകുമ്പോള്‍
മനസ്സു കെട്ടവര്‍,
അവരുടെ മനസ്സിന്‍റെ,
വിളക്കുകള്‍ക്ക്
വെളിച്ചം പകര്‍ന്ന്,
ജീവിതമെന്ന 
രാത്രി ഇരുട്ടിനെ
ജീവിതമെന്ന,
വെളിച്ചമാക്കുമെന്നും
സ്വപ്നം കാണുന്നു,...

വീണ്ടും വീണ്ടും
ദൈവത്തെ തിരയുന്നു
ദൈവത്തെ വായിക്കുന്നു
അപ്പോഴൊക്കെ
മറവിക്കുപോലും
മറക്കാനാവാത്തവിധം
മനസ്സ് മനസ്സിൽ
കവിത പെറുക്കി
നിറക്കുന്നു.

ചിലപ്പോൾ,ഭൂമിയിൽ
ആഴത്തിൽ
മണ്ണിനടിയിൽ
ഉടലും എല്ലുകളും
വായിച്ചെടുക്കുന്ന
ഒരു പറ്റം,
മൺ പുഴുക്കൾക്കു
വേണ്ടിയുമാവാം

കവിത നിറയ്ക്കൽ.

Join WhatsApp News
Tom Abraham 2022-07-30 12:07:50
Reading again and again a great genius poem this morning. Alavi must be a pride of Kerala, and emalayalee !
ഉസ്മാൻ ഇരുമ്പുഴി 2022-07-31 01:58:43
മനോഹരമായ കവിത. ദാർശനികതയും ഗൃഹാതുരത്വവും മേളിക്കുന്ന ഹൃദയസ്പർശിയായ രചന
കെ സി അലവിക്കുട്ടി 2022-07-31 02:48:13
പ്രിയ പത്രാധിപർ ഏറെ ആഹ്ലാദമുണ്ട്, നല്ല ഭംഗിയോടെ ഈ കവിത ഇവിടെ പ്രസിദ്ധീകരിച്ചു കണ്ടതിൽ.... ഇതിനു ഈ പത്രത്തിനും,പത്രാധിപർക്കും,ഇതിന്റെ, വായനക്കാർക്കും നിറഞ്ഞ സ്നേഹം പറയുന്നു. എന്ന് കെ സി അലവിക്കുട്ടി.
കെ സി അലവിക്കുട്ടി 2022-07-31 10:57:30
സന്തോഷം.
George E. Mathew 2022-08-01 07:54:23
നല്ല കവിത
കെ സി അലവിക്കുട്ടി 2022-09-05 16:36:17
ഈ വായനക്ക് സ്നേഹം 💞🌿🌹🌿💞
Thulasi 2023-09-09 04:59:56
കവിതയിൽ പറഞ്ഞത് പോലെ എഴുതികൊണ്ടേയിരിക്കൂ ഭാവുകങ്ങൾ💐
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക