സുരേഷ് ഗോപി; ലക്ഷ്മിയുടെ അച്ഛൻ : ജയശങ്കർ

Published on 30 July, 2022
സുരേഷ് ഗോപി; ലക്ഷ്മിയുടെ അച്ഛൻ : ജയശങ്കർ

ചങ്ങനാശ്ശേരി എസ് ബി കോളേജിൽ പ്രീഡിഗ്രി പഠിക്കുന്ന കാലം. സിനിമ സംവിധായകൻ ശ്രീ കെ മധുവിന്റെ ഒരു സിനിമയുടെ ഷൂട്ടിംഗ് വാഴപ്പള്ളിയിൽ എവിടെയോ രണ്ടുമൂന്നു ദിവസം ഒരു പഴയ തറവാട്ടിൽ ഉണ്ടായിരുന്നു.  സുരേഷ് ഗോപിയും എം എസ് തൃപ്പൂണിത്തുറയും അഭിനയിച്ച ചില രംഗങ്ങൾ അവിടെ ചിത്രീകരിക്കുക ഉണ്ടായി.

ഞാൻ ഷൂട്ടിംഗ് കണ്ടില്ല. പക്ഷേ ഒരു വൈകുന്നേരം സുരേഷ് ഗോപി താമസിച്ചിരുന്ന വാണി ഹോട്ടലിൽ അദ്ദേഹത്തെ കാണാൻ ഞങ്ങൾ സംഘമായി പോയിരുന്നു. ഞങ്ങൾക്കുവേണ്ടി അദ്ദേഹം താഴെയിറങ്ങി വന്നു.

മെലിഞ്ഞ നല്ല നീളമുള്ള സുമുഖനായ സുരേഷ് ഗോപി.  ഒരു ഷർട്ടും കൈലിയും ആയിരുന്നു വേഷം. വാണി ഹോട്ടലിന് താഴെയുള്ള ഒരു TITAN ഷോറൂമിൽ നിന്ന് സുരേഷ് ഗോപി ഒരു ലേഡീസ് വാച്ച് വാങ്ങിച്ചു.

ആ കട എന്റെ കൂട്ടുകാരന്റെ ചേട്ടന്റെതായിരുന്നു. ഞാനും കടയ്ക്കുള്ളിൽ പ്രവേശിച്ചു. അങ്ങനെ സുരേഷ് ഗോപിയെ തൊട്ടടുത്ത് കണ്ടു. സംസാരിച്ചു. ആകാര സൗന്ദര്യം കൊണ്ട് ആരും നോക്കി നിന്നു പോകുന്ന ഒരു വ്യക്തിത്വമാണ് സുരേഷ് ഗോപി. സുരേഷ് ഗോപി വിവാഹിതനാകാൻ പോകുന്ന  നാളുകളായിരുന്നു അത്.

പഠനം ഒക്കെ കഴിഞ്ഞ നാളുകളിൽ ഞാൻ ഒരിക്കൽ തിരുവനന്തപുരത്ത് ടെക്നോപാർക്കിൽ ഒരു ഇന്റർവ്യൂവിന് പോയിരുന്നു. ഇന്ന് കഴക്കൂട്ടത്തുള്ള ടെക്നോപാർക്ക് തുടങ്ങിയിരുന്നില്ല അന്ന്. ഓഫീസുകൾ പല പല സ്ഥലങ്ങളിൽ ആയിരുന്നു. ശാസ്തമംഗലത്ത് ആയിരുന്നു എനിക്ക് ഇന്റർവ്യൂ. ഇന്റർവ്യൂ കഴിഞ്ഞ് തിരിച്ചു വരുമ്പോൾ അവിടെ അടുത്ത് സുരേഷ് ഗോപിയുടെ വീടിന്റെ പണി  നടക്കുന്നത് കണ്ടു. അപ്പോൾ സുരേഷ് ഗോപിയും അവിടെ ഉണ്ടായിരുന്നു. അവിടെ വെറുതെ നോക്കിനിന്ന ഞങ്ങളുടെ അടുത്തേക്ക് സുരേഷ് ഗോപി വന്നു കുറെ നേരം സംസാരിച്ചു നിന്നു.

94 ൽ ഞാൻ മുംബൈയ്ക്ക് ആദ്യമായി പോകുന്നതിനു മുമ്പ് കണ്ടതാണ് കമ്മീഷണർ എന്ന സിനിമ. അപ്പോഴേക്കും സുരേഷ് ഗോപി മറ്റൊരു സൂപ്പർസ്റ്റാർ ആയി മാറിക്കഴിഞ്ഞിരുന്നു.

95 ൽ മുംബൈയിൽ മാട്ടുങ്കയിൽ നടന്ന ഒരു സാംസ്കാരിക ചടങ്ങിൽ അതിഥികളായിരുന്നു സുരേഷ് ഗോപിയും, എംടിയും, സംവിധായകൻ ഹരിഹരനും. സുരേഷ് ഗോപിയെ ആദ്യം കണ്ടതിൽ നിന്നും വർഷങ്ങൾ കുറേക്കൂടി കഴിഞ്ഞിരുന്നു. അദ്ദേഹത്തിന് തടി കൂടിയിരുന്നു. സുരേഷ് ഗോപിക്ക് ആദ്യം ജനിച്ച കുഞ്ഞുമകൾ ലക്ഷ്മി ഒരു കാർ അപകടത്തിൽ മരിച്ചു പോയിരുന്നു. ആ വാർത്ത ഒരു വേദനയായിരുന്നു എന്ന് ഞാൻ അപ്പോൾ ഓർത്തുപോയി.

ഒരു അവധിക്കാലത്ത് ഞാൻ ചങ്ങനാശ്ശേരിയിൽ ഉണ്ടായിരുന്നപ്പോൾ പെരുന്നയിൽ മന്നം ജയന്തി ആഘോഷവേളയിൽ അതുവഴി കടന്നു പോവുകയായിരുന്ന സുരേഷ് ഗോപി വേദിയിൽ കയറി വന്നു.

നാദിർഷയുടെ മിമിക്രി കം ഗാനമേള ജനങ്ങൾ സഹിച്ചു കൊണ്ടിരുന്നപ്പോൾ പിന്നിൽ നിന്നും അദ്ദേഹം സ്റ്റേജിലേക്ക് കയറിവന്നത് എല്ലാവരിലും കൗതുകമുണർത്തി. ലേലം എന്ന സിനിമയിൽ ആനക്കാട്ടിൽ ഈപ്പച്ചന്റെ മോൻ ചാക്കോച്ചി ആയിട്ട് സുരേഷ് ഗോപി അഭിനയിക്കുകയായിരുന്നു അപ്പോൾ.

ആരെയോ ആദരിക്കാൻ ഒരു പ്രാവശ്യം ഉപയോഗിച്ചതെങ്കിലും അന്നത്തെ ജനറൽ സെക്രട്ടറി ശ്രീ നാരായണപ്പണിക്കർ സുരേഷ് ഗോപിയെ ആ മാലയിട്ട് ആദരിച്ചു. ആജാനബാഹുവായ സുരേഷ് ഗോപി നടുവളച്ച് കുനിഞ്ഞ് ആ മാലയുടെ വട്ടത്തിലൂടെ തലയിട്ട് സ്വീകരണം ഏറ്റുവാങ്ങി.

അന്ന് ലൈവ് ആയിട്ട്  ഗാനമേളക്കാരുടെ BGM ത്തിനൊപ്പം അദ്ദേഹത്തിന്റെ പ്രസിദ്ധമായ ആ ഓക്കാനം വരുന്ന ഡയലോഗ് അവതരിപ്പിച്ചു. " മോഹൻ തോമസിന്റെ ഉച്ഛിഷ്ടവും അമേദ്യവും കൂട്ടിക്കുഴച്ച് നാല് നേരം മറൂഷ്ടാന്നം വെട്ടി വിഴുങ്ങി ഏമ്പക്കവും വിട്ട് ആസനത്തിൽ വാലും ചുരുട്ടി വെച്ച് അവന്റെ കാൽച്ചുവട്ടിൽ കിടക്കുന്ന പരമനാറികൾക്കെ ആ പേര് ചേരു .. എനിക്ക് ചേരില്ല.. ഐ ആം ഭരത്ചന്ദ്രൻ.. ജസ്റ്റ് റിമംബർ ദാറ്റ്‌ " #@&% (മ്യൂസിക്).

പിൽക്കാലത്ത് ഞാൻ സുരേഷ് ഗോപിയെ കണ്ടിട്ടില്ല. സിനിമയിലും ടിവിയിലും അല്ലാതെ. തിരഞ്ഞെടുപ്പുകളിൽ ജയിക്കാതെ തൃശ്ശൂർ എടുക്കാതെയും എടുത്തും സുരേഷ് ഗോപി രാജ്യസഭയിൽ എംപി ആയി. ഇപ്പോൾ കാലാവധി കഴിഞ്ഞു പുറത്തിറങ്ങി. ഇടയ്ക്ക് കോടീശ്വരൻ പരിപാടി അവതരിപ്പിച്ചും ഒളിമങ്ങാതെ സുരേഷ് ഗോപി ഇവിടെയുണ്ടായിരുന്നു.

ഞാനെന്തിനാണ് ഇതൊക്കെ പറയുന്നത്. നോബൽ സമ്മാന ജേതാവായ ലാറ്റിൻ അമേരിക്കൻ എഴുത്തുകാരൻ ഗബ്രിയേൽ ഗാർസിയ മർക്കോസ് പറയുന്നത്, നിങ്ങൾ അനുഭവിച്ചത് എന്തെങ്കിലും എഴുതുന്നതാണ് നല്ലത്. അനുഭവിച്ചതും അനുഭവിക്കാത്തതും വായനക്കാർ പെട്ടെന്ന് തിരിച്ചറിയും. സുരേഷ് ഗോപിയെ കുറിച്ച് ഞാൻ പറഞ്ഞത് എന്റെ അനുഭവങ്ങൾ ആയിരുന്നു.

ഒരു കഥ എങ്ങനെ എഴുതണമെന്ന് എനിക്ക് ഇന്നും അറിയില്ല. കഥ ജനിക്കുന്നത് എഴുത്തുകാരന്റെ മനസ്സിലാണോ അതോ വായനക്കാരന്റെ ഹൃദയത്തിലാണോ. അറിയില്ല. എന്റെ മനസ്സിൽ ഒരു വിങ്ങൽ മാത്രമേ ഉണ്ടാകാറുള്ളൂ. ആ വിങ്ങലിൽ മെനഞ്ഞ വാക്കുകൾ ഒരു കഥയായി പരിണമിച്ചേക്കാം.

ഈ കഥ എഴുതുവാൻ കാരണം സുരേഷ് ഗോപിയാണ്.  ആ മനസ്സിലെ വിങ്ങലുകളാണ് ഈ എഴുത്തിന് ആധാരം. ആ വിങ്ങലിലെ സത്യസന്ധത എന്റെ കണ്ണുകൾ നനച്ചു.

32 വർഷങ്ങൾക്ക് മുമ്പ് ഇഹലോകം വെടിഞ്ഞ കുഞ്ഞു മകളെ ഓർത്ത് സുരേഷ് ഗോപി ഇന്നും വിങ്ങിപ്പൊട്ടുന്നു. കണ്ണുനീരണിഞ്ഞ ആ കണ്ണുകൾ സുരേഷ് ഗോപിയുടെ ഹൃദയാകാശത്തിന്റെ നന്മയും തെളിമയും നിഷ്കളങ്കതയും തുറന്നു കാട്ടുന്നു.

32 വയസ്സുള്ള ഒരു പെൺകുട്ടിയെ കണ്ടാൽ അവളെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്ത് ആ മണം തനിക്ക് ശ്വസിക്കണം എന്ന് അദ്ദേഹം  പറയുമ്പോൾ അതിൽ ശ്ളീലമല്ലാത്തതൊന്നും ഇല്ല.

എന്റെ പട്ടടയിൽ എരിഞ്ഞ ശരീരത്തിന്റെ ചാരവും മകൾക്ക് വേണ്ടി കരയും എന്ന് അദ്ദേഹം ഒരു അച്ഛന്റെ അഭിമാനത്തോടെ പറയുന്നു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക