പൂക്കളെക്കൊണ്ടെന്താവാൻ ? ( കവിത : നീത ജോസ് )

Published on 30 July, 2022
പൂക്കളെക്കൊണ്ടെന്താവാൻ ? ( കവിത : നീത ജോസ് )

മന്ത്രവാദിനിയും
ബാധ കേറിയവളും
പനിച്ചു മരിച്ചവളും
മഴ വരുമ്പോൾ 
ഒരേ മരത്തിന്റെ 
പൊത്തിലും
കൊമ്പിലും
വേരിലുമുറങ്ങി.

ഞാനാ മരത്തിലുണ്ടായ
പൂക്കളെല്ലാം വാറ്റി 
സുഗന്ധമാക്കി ,
രഹസ്യം ചെപ്പിലാക്കി
കടലിലെറിഞ്ഞു .

മഴയില്ലാത്തപ്പോൾ
മന്ത്രക്കാരി കാട്ടിലേക്കിറങ്ങി 
ബാധ കേറിയവൾ ഉറഞ്ഞോടി
മരിച്ചവളാകട്ടെ 
വേരുകളുമായി വ്യാപാരം തുടർന്നു.

മറവി പിടിച്ച എനിക്കിനി 
പൂക്കളെക്കൊണ്ടെന്താവാൻ ?
കടലു കൊണ്ടുപോയതുപ്പായി
ചുണ്ടിൽ പറ്റിയിരിക്കുന്നുമുണ്ട്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക