Image

നവതിയുടെ    നിറവിൽ ജനകീയ ഗായിക.. (ലേഖനം: നൈന മണ്ണഞ്ചേരി)

Published on 30 July, 2022
നവതിയുടെ    നിറവിൽ ജനകീയ ഗായിക.. (ലേഖനം: നൈന മണ്ണഞ്ചേരി)

കേരളത്തിന്റെ പ്രിയപ്പെട്ട ജനകീയ വിപ്ളവ ഗായിക,പുന്നപ്രവയലാർ സാതന്ത്ര്യ സമര സേനാനി,  നാടക സിനിമാ നടി തുടങ്ങിയ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച  പി.കെ.മേദിനിയെന്ന എല്ലാവരുടെയും മേദിനിച്ചേച്ചി നവതിയിലേക്ക് കടക്കുന്നു.ആലപ്പുഴ  ചീരഞ്ചിറയിൽ പുത്തൻപുരയ്ക്കൽ വീട്ടിൽ കങ്കാളിയുടെയും പാപ്പിയുടെയും പന്ത്രണ്ടു മക്കളിൽ ഏറ്റവും ഇളയവളായി 1933 ആഗസ്റ്റിൽ ജനിച്ചു.ബാല്യകാല ജീവിതം ഓർമ്മിക്കാൻ അത്ര സുഖമുള്ളതായിരുന്നില്ല.ദാരിദ്ര്യം വരിഞ്ഞു മുറുക്കിയ ജീവിത ചുറ്റുപാടുകൾ.പതിനഞ്ചു രൂപ ഫീസ് നൽകാനില്ലാതിരുന്നതിന്റെ പേരിൽ ക്ളാസ്സിൽ നിന്ന് പുറത്താക്കിയതിനാൽ ആറാം ക്ളാസ്സിൽ വെച്ച് പഠനം നിർത്തേണ്ടി വന്നു.ബാല്യകൗമാരങ്ങൾ പോലീസ് ഭീകരതയുടെയും ഇല്ലായ്മയുടെയും വേദനിപ്പിക്കുന്ന ഓർമ്മകളാണ്.   

വീടിന് തൊട്ടടുത്ത് പി.കൃഷ്ണപിള്ള ഒളിവിൽ താമസിക്കാനെത്തിയപ്പോൾ പരിചയപ്പെടാനിടയായത് മേദിനിയിലെ കമ്യൂണിസ്റ്റ് ബന്ധത്തിന് തുടക്കം കുറിച്ചു.ഭക്ഷ്യക്ഷാമം രൂക്ഷമായിരുന്ന അക്കാലത്ത് ബജ്‍റയും ഗോതമ്പുമൊക്കെയായിരുന്നു പ്രധാന ആഹാരം.അന്ന് വൈകുന്നേരങ്ങളിൽ സഖാവിന് ചക്കരക്കാപ്പിയും പയറും കൊണ്ടു കൊടുത്തിരുന്ന കാര്യം ചേച്ചി അനുസ്മരിക്കാറുണ്ട്.

അക്കാലത്ത് ‘’വഞ്ചിഭൂപതേ’’ എന്നു തുടങ്ങുന്ന രാജസ്തുതി എല്ലാ വിദ്യാലയങളിലും നിർബന്ധമായിരുന്നു. അത് പാടിയാണ് കലാരംഗത്തേക്ക് കടക്കുന്നത്.കയർവർക്കേഴ്സ് യൂണിയന്റെ സമ്മേളനങ്ങളിലെ സ്ഥിരം ഗായികയായിരുന്നു. പുന്നപ്ര വയലാർ സമരത്തെ തുടർന്ന് റ്റി.വി.തോമസ്,ഗൗരിയമ്മ.ആർ.സുഗതൻ തുടങ്ങിയ പല നേതാക്കളും ജയിലിലായി.ജയിലിൽ നിന്നിറങ്ങിയ നേതാക്കൾക്ക് നൽകുന്ന സ്വീകരണ പരിപാടികളിലെ സ്ഥിരം ഗായികയായിരുന്നു മേദിനി.അക്കാലത്ത് മിക്കവാറും പൊതുസമ്മേളനങ്ങളിൽ മേദിനിയുടെ പാട്ടും ഉച്ചഭാഷിണിയും ഉണ്ടായിരിക്കുന്നതാണ് എന്ന അറിയിപ്പ് ഉണ്ടാകുമായിരുന്നു.കാരണം അക്കാലത്ത് ഉച്ചഭാഷിണികൾ അപൂർവ്വമായേ ഉണ്ടാകുമായിരുന്നുള്ളു.അങ്ങനെ കേരളത്തിന്റെ എല്ലാ ഗ്രാമങ്ങളിലും ആ വിപ്ളവ ഗാനങ്ങൾ മുഴങ്ങി.

.’’റെഡ് സല്യൂട്ട്,റെഡ് സല്യൂട്ട്.,

രക്തസാക്ഷി ഗ്രാമങ്ങളേ..

പുന്നപ്ര വയലാർ ഗ്രാമങ്ങളേ..’’

തുടങ്ങിയ വിപ്ളവ ഗാനങ്ങളോടൊപ്പം  ‘’മനസ്സു നന്നാകട്ടെ,മതമേതെങ്കിലുമാകട്ടെ..’’ തുടങ്ങിയ സൗഹാർദ്ദ ഗാനങ്ങളും മുഴങ്ങി.’’ഒരു കുറി പിന്നെയും വരിക നീ മലയാള കവിത തൻ കരികുകിൽമുത്തേ..’’ എന്ന് തുടങ്ങുന്ന അനശ്വരകവി വയലാറിനെപ്പറ്റിയുള്ള ഗാനം എത്ര വേദികളിൽ കേട്ടിരിക്കുന്നു.         പതിനേഴാം വയസ്സിൽ കോട്ടയത്ത് ഒരു സമ്മേളനത്തിൽ വെച്ച് ’’സാ‍മ്റാജിത്വം,വൻ‍കിട  ബൂർഷ്വാ വർഗ്ഗം,ജൻമിത്വം..’’ എന്നു തുടങ്ങുന്ന നിരോധിക്കപ്പെട്ട പാട്ടു പാടിയതിന്റെ പേരിൽ പോലീസ് അറസ്റ്റു ചെയ്ത് ജയിലാക്കിയ അനുഭവവും ഉണ്ട്.

പ്രശസ്ത കാഥികൻ കെടാമംഗലം സദാനന്ദന്റെ കൂടെ ഇരുന്നൂറോളം വേദികളിൽ അവതരിപ്പിച്ച ‘’സന്ദേശം’’ എന്ന നാടകത്തിലെ കർഷകസ്ത്രീയുടെ വേഷത്തിൽ താനൊരു നല്ല നടിയാണെന്നും ചേച്ചി തെളിയിച്ചു.പി.ജെ.ആന്റണിയുറെ ‘’ഇങ്കിലാബിന്റെ മക്കൾ’’ എന്ന നാടകത്തിലെ റോസിയുടെ വേഷവും ശ്രദ്ധേയമായി. ഏതാനും വർഷം മുമ്പിറങ്ങിയ അനിൽ.വി.നാഗേന്ദ്രന്റെ  ‘’വസന്തത്തിന്റെ കനൽ വഴികളിൽ’’ എന്ന  സിനിമയിലും അഭിനയിച്ചു.മേദിനിച്ചേച്ചിയുടെ ഹൃദയഹാരിയായ ഗാനത്തോടെയാണ് ഈ ചിത്രം അവസാനിക്കുന്നത്.
കേരള സംഗീത നാടക അക്കാദമി അവാർഡ്,ടി.എൻ.കുമാരൻ സ്മാരക പുരസ്ക്കാരം,ജനകീയഗായിക അവാർഡ്,കാമ്പിശ്ശേരി പുരസ്ക്കാരം തുടങ്ങിയ നിരവധി പുരസ്ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്.’’മാറ്റത്തിന്റെ പാട്ടുകാരി’’യെന്ന പേരിൽ സജിത മഠത്തിൽ ചേച്ചിയെക്കുറിച്ച് ഡോക്യുമെന്ററി പുറത്തിറക്കിയിട്ടുണ്ട്.

അടുത്ത ബന്ധുവുമായിട്ടായിരുന്നു വിവാഹം. ഭർത്താവ് കോൺഗ്രസ്സുകാരനായിരുന്നതിനാൽ ആ ബന്ധം സുഖകരമായി മുന്നോട്ടു പോകുമോ എന്ന് പലരും സംശയിച്ചു.എന്നാൽ എല്ലാ സംശയങ്ങൾക്കും വിരാമമിട്ട് ആ ബന്ധം മുന്നോട്ടു പോയി. സ്മൃതി,ഹൻസ എന്നീ രണ്ടു പെൺകുട്ടികൾ അവരുടെ ഓമനകളായി പിറന്നു.എന്നാൽ വിവാഹശേഷം പത്താം വർഷം അദ്ദേഹം ജീവിതത്തോട് വിട പറഞ്ഞു.

ദുരിത ജീവിത സാഹചര്യങ്ങളോടുള്ള പോരാട്ടമായിരുന്നു എക്കാലത്തും മേദിനിച്ചേച്ചിയുടെ ജീവിതം.  മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്,ആര്യാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ചേച്ചി ഇന്നും  രാഷ്ടീയ സാമൂഹ്യ  സാംസ്ക്കാരിക മേഖലകളിൽ സജീവമാണ്.

.ചേച്ചി മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റായിരുന്ന സമയത്ത്  അടുത്തു തന്നെയുള്ള വൈ.എം.എ..ഗ്രന്ഥശാല പ്രസിഡന്റായിരുന്നായതിനാൽ നിരവധി പരിപാടികളിൽ ഒന്നിച്ച് പങ്കെടുക്കാൻ എനിക്ക്  കഴിഞ്ഞിട്ടുണ്ട് .ചേച്ചിയുടെ  ആ മാസ്മരിക ശബ്ദഭംഗിയിൽ ലയിച്ചിരിക്കുമ്പോൾ ഈ തൊണ്ണൂറാം വയസ്സിലും ഒൻപതുകാരിയുടെ ശബ്ദ സൗകുമാര്യത്തോടെ ആലപിക്കാൻ കഴിയുന്ന സൗഭാഗ്യം  എപ്പോഴും നിലനിലനിൽക്കട്ടെയെന്ന് ആഗ്രഹിക്കാറുണ്ട്.ആ ധന്യ ജീവിതം നവതിയുടെ നിറവിലെത്തുമ്പോൾ  ഇനിയും ഏറെക്കാലം ആ  മധുരശബ്ദം കേരളമാകെ നിറഞ്ഞു നിൽക്കട്ടെ എന്ന് ആശംസിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക