Image

കുമാരനാശാന്‍റെ നളിനിയും, സ്ത്രീയുടെ പ്രണയവും (സുരേഷ് കോടൂര്‍)

Published on 31 July, 2022
കുമാരനാശാന്‍റെ നളിനിയും, സ്ത്രീയുടെ പ്രണയവും (സുരേഷ് കോടൂര്‍)

കാവ്യഭംഗിയില്‍ കുമാരനാശാന്‍റെ കവിതകളിൽ ഏറ്റവും മനോഹരം എന്ന് അടയാളപ്പെടുത്തപ്പെട്ട കാവ്യമാണ് നളിനി എന്ന അദ്ധേഹത്തിന്‍റെ പ്രണയ കാവ്യ൦. റൊമാന്‍റിക് പോയട്രിയുടെ ജനുസ്സിൽ പെടുന്ന ആശാന്‍റെ നവോത്ഥാന കവിത. നളിനി, ലീല, കരുണ, എന്നീപ്രണയ കാവ്യത്രയത്തിൽ കാവ്യഭംഗി കൊണ്ടും, ബിംബ കല്പനകളെക്കൊണ്ടു൦, തരളിതമായ കാല്‍പനിക പ്രണയത്തിനുതകുന്ന അനുഭൂതിജന്യമായ അന്തരീക്ഷ സൃഷ്ടി കൊണ്ടും ഒക്കെ ഉജ്ജലമായ ഒരു കാവ്യാനുഭവമാണ് നളിനി.  അതേ സമയം നവോത്ഥാന സാഹിത്യത്തിന്‍റെ കാഹളം മലയാളത്തിലേക്ക് ആനയിച്ച പ്രധാന കാവ്യങ്ങളിൽ മുന്‍പന്തിയിൽ നില്‍ക്കുന്ന കവിതയുമാണ്‌ നളിനി.
നളിനി ഉത്ഘോഷിക്കുന്ന ഏറ്റവും പ്രധാനമായ നവോത്ഥാനമൂല്യമെന്നത് സ്ത്രീയുടെ സ്വാതത്ര്യ പ്രഖ്യാപനമാണ്. നളിനിയെന്ന ആശാന്‍ കവിതയിലെ  സ്ത്രീ ശാക്തീകരണ സത്തയെന്ത് എന്ന അന്വേഷണത്തിന് ഒരു വാചകത്തിൽ ഉത്തരം കണ്ടെത്തുകയാണെങ്കില്‍ അത് ‘നളിനി സ്ത്രീയെ പ്രണയം പറയാന്‍ പ്രപ്തയാക്കി’ എന്നതായിരിക്കും. നവോത്ഥാന സാഹിത്യ സാമൂഹ്യ ഘട്ടത്തിലെന്നപോലെത്തന്നെ വര്‍ത്തമാനത്തിലും സ്ത്രീ തന്‍റെ പ്രണയം പറയുക എന്നത് വിപ്ലവകരമായ ഒരു സ്ത്രീ-സ്വാതന്ത്ര്യ  പ്രഖ്യാപനമാണ്. നിലനിന്നിരുന്ന, നിലനില്‍ക്കുന്ന ചിരപ്രതിഷ്ഠനേടിയ മാതൃകയുടെ പുരോഗമനപരമായ നിഷേധവുമാണത്. പ്രണയിക്കാനുള്ള അവകാശവും, അത് തുറന്നു പ്രഖ്യാപിക്കാനുള്ള അവകാശവും സ്ത്രീയുടേതുകൂടിയാണ് എന്നാണ് ആശാൻ നളിനിയിലൂടെ പറഞ്ഞുവെക്കുന്നത്. 
ഭാരതീയ സാമൂഹ്യ മനസ്സിൽ അരക്കിട്ടുറപ്പിക്കപ്പെട്ട സീത-സാവിത്രി-ശീലാവതി ത്രയമാതൃക ഇന്ത്യൻ സ്ത്രീയെ സൃഷ്ടിക്കുന്നതിൽ നിര്‍ണായകമായ പങ്കു വഹിച്ചിട്ടുണ്ട്‌. ഇന്ത്യന്‍ സ്ത്രീ അവസ്ഥയുടെ ഒരു നേർ പരിഛേദമാണ് ഈ ബിംബത്രയി എന്നും പറയാം. ‘സ്ത്രീയെ സൃഷ്ടിക്കുന്നതിൽ’ എന്ന പ്രയോഗം ബോധപൂര്‍വമുള്ളതാണ്. സ്ത്രീ ജനിക്കുകയല്ല, അവള്‍ സ്ത്രീ ആയിതീരുകയാണ് എന്ന സിമോൺ ഡി ബോവറിന്‍റെ വാക്യം പ്രസിദ്ധമാണല്ലോ (‘One is not borne, but becomes a woman’).  ഇങ്ങനെ സ്ത്രീ ‘ആക്കിതീര്‍ക്കുന്നതിനുള്ള’ ഉപാധികളാണ് ഈ സാഹിത്യ സ്ത്രീ മാതൃകകൾ. ഈ മാതൃകകളാണ് ഇന്ത്യയില്‍ സ്ത്രീയെ നിര്‍വചിച്ചത്‌. 
ആണ്‍കോയ്മയുടെ ഇത്തരം സ്ത്രീ മാത്രുകകളെ തിരുത്തിയെഴുതാനാണ്  നവോത്ഥാന സാഹിത്യം ശ്രമിച്ചത്‌. അതിന്‍റെ കാഹളമാണ് ആശാൻ മലയാളത്തിൽ മുഴക്കിയത്. ആശാന്‍റെ പ്രണയകാവ്യങ്ങളിലെ നായികമാർ സാമ്പ്രദായിക അര്‍ത്ഥത്തിലുള്ള ‘കുലീനകളല്ല’. സമൂഹത്തിലെ പരിത്യക്തകളോ, പുറംവരികളിലുള്ളവരോ, വേശ്യകളോ ഒക്കെ ആണ്. പക്ഷെ തങ്ങളുടെ പ്രണയിക്കാനുള്ള സ്വാതന്ത്ര്യത്തെ ഉയര്‍ത്തിപ്പിടിക്കുന്നവർ. ആ പ്രണയങ്ങൾ സാമ്പ്രദായിക ആൺ ലോകത്തിന്‍റെ ദുരഭിമാനങ്ങളെ ഞെട്ടിച്ചുകൊണ്ട് അവർ സ്വയം പ്രഖ്യാപിക്കുന്നു.  
“ആര്യ, മുൻപരിചയങ്ങൾ നല്‍കിടും 
ധൈര്യമാര്‍ന്നു പറയുന്നു മദ്ഗതം,
കാര്യമിന്നതയി! കേള്‍ക്കുമോ കനി-
ഞ്ഞാര്യമാകിലുമനാര്യമാകിലും” 

ഈ തുറന്നു പറയല്‍ ‘ആര്യ’ മാകുമോ എന്ന് നളിനി സന്ദേഹപ്പെടുന്നു. കാരണം, സ്ത്രീക്ക് പ്രണയിക്കാൻതന്നെ അധികാരമില്ലെന്ന് ശഠിക്കുന്ന, സ്ത്രീയുടെ പ്രണയാഭ്യര്‍ത്ഥന എന്നത് അചിന്ത്യമായിരുന്ന, ഒരു പക്ഷെ സ്ത്രീക്ക് പ്രണയമെന്ന വികാരം തന്നെ ഉണ്ടോ എന്ന് സന്ദേഹിച്ചിരുന്ന ഒരു സാമൂഹ്യ സാംസ്കാരിക അന്തരീക്ഷം രൂപപ്പെടുത്തിയ, ‘നിര്‍മിക്കപ്പെട്ട സ്ത്രീ’ ആണ് നളിനി എന്നതാണ്. നിന്‍റെ മുത്തശ്ശന്‍റെ  മുഖം ഞാൻ ശരിക്കൊന്നു കണ്ടത് കല്യാണം കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞിട്ടാണ് എന്ന നമ്മുടെ മുത്തശ്ശിമാർ അഭിമാനത്തോടെ പറയുന്നതുകേട്ട് വളര്‍ന്ന തലമുറകൾ ഇനിയും അന്യംനിന്നിട്ടില്ലല്ലൊ. ഭര്‍ത്താവിന്‍റെ പേരുച്ചരിക്കുന്നത് പോലും അചിന്ത്യമായിരുന്ന ഒരു കാലത്തെ പ്രതിനിധാനം ചെയ്യുന്ന ഈ ഭാഷണങ്ങളിൾ  സ്ത്രീയെ തടവിലാക്കിയിരിക്കുന്ന അദൃശ്യമായ ചട്ടക്കൂടിന്‍റെ  തീവ്രമായ പ്രതിലോമത നമുക്കനുഭവപ്പെടാതിരിക്കില്ല.    
നിലവിലുള്ള സാമൂഹ്യ ബോധത്തിലെ സ്ത്രീ-പുരുഷ ബന്ധ നിര്‍വചനങ്ങളിലെ സ്ത്രീയുടെ സ്ഥാനം പരമ്പരാഗത പ്രണയ ബിംബങ്ങളാൽതന്നെ കവിതയിൽ അടയാളപ്പെടുത്തപ്പെടുന്നുണ്ട്.  നളിനവും ദിവാകരനുമാണ് ഇവിടെയും കമിതാക്കൾ. പ്രണയത്തെ തിരസ്കരിക്കുന്ന  ആണഭിമാനത്തിന്‍റെ  പ്രതിബിംബമായ സര്‍വശക്തനായ സൂര്യനും, ദുര്‍ബലയും, വിവശയും, തരളിതയുമായ താമരയും. 
“സ്വാമിയാം രവിയെ നോക്കി നില്‍ക്കുമെൻ
താമരേ തരളവായുവേറ്റു നീ 
ആമയം തടവിടായ്ക, തല്‍ക്കര 
സ്തോമമുണ്ടു തിരിയുന്ന ദിക്കിലും” 

പക്ഷെ നളിനിയെക്കൊണ്ട് സങ്കോചമേതുമില്ലാതെ തന്‍റെ ബാല്യ-കൌമാര കാലത്തെ  ദിവാകരനുമൊത്തുണ്ടായ  സ്നേഹ-സൌഹൃദ-അനുഭൂതി നിമിഷങ്ങളെ അനുവാചകനുമായി പങ്കുവെപ്പിച്ച് അവളുടെ പ്രണയത്തിന്‍റെ സാധുതയും, അതിനുള്ള നളിനിയെന്ന സ്ത്രീയുടെ അവകാശവും ആശാൻ ഉറക്കെ പ്രഖ്യാപിക്കുകയാണ്. ഒരു പക്ഷെ അന്ന് നിലനിന്നിരുന്ന സാമൂഹ്യ നിയമങ്ങളുടെ, സാമാന്യ ബോധത്തിന്‍റെ ഒക്കെ ലംഘനമാവും അത് എന്നാ പൂര്‍ണ ബോധ്യത്തോടെ തന്നെ. 
“ഭൂരിപൂക്കൾ വിടരുന്ന പൊയ്കയും 
തീരവും വഴികളും തരുക്കളും 
ചാരുപുൽത്തറയുമോർത്തിടുന്നതിൻ
ചാരെ നാമെഴുമെഴുത്തുപള്ളിയും 
 
ഓർത്തിടുന്നുപവനത്തിലെങ്ങുമ-
ങ്ങാർത്തു ചിത്രശലഭം പറന്നതും 
പാർത്തുനിന്നതുമണഞ്ഞു നാം കരം-
കോര്‍ത്തു കാവിനരികേ നടന്നതും” 

‘കുലീന’ തന്‍റെ പ്രണയം തുറന്നു പറയാൻ പാടില്ലാത്തവളാണ് എന്ന അലിഖിത ആൺ-ലോക നിയമം ഇന്ത്യയിൽ മാത്രമല്ല, ലോകമൊട്ടാകെ നിലനിന്നിരുന്ന സാര്‍വലൌകിക സാമൂഹ്യനിയമമാണ്. ഇന്നും നിലനില്‍ക്കുന്ന സാമൂഹ്യബോധവുമാണ്. ഈ ആണ്‍-ലോക ബോധത്തില്‍ സ്ത്രീ പുരുഷനാൽ വെട്ടിപ്പിടിക്കപ്പെടേണ്ടവളാണ്. യുദ്ധത്തില്‍ സമ്മാനമായി ലഭിക്കേണ്ട മോഹന വസ്തുവാണ്. അവള്‍ കവർന്നെടുക്കപ്പെടേണ്ടവളാണ്. ശത്രുവിനെ യുദ്ധത്തില്‍ തോല്‍പ്പിച്ച് കടത്തി കൊണ്ടുപോരേണ്ട അഭിമാന ചിന്ഹമാണ് സ്ത്രീ. രാജ്യങ്ങളുമായി സഖ്യം സ്ഥാപിക്കാനും, യുദ്ധം ഒഴിവാക്കാനുമൊക്കെയുള്ള കൊടുക്കൽ-വാങ്ങലുകളുടെയും, സന്ധി ഉടമ്പടികളുടേയും, വിവാഹ ഡീലുകളുടെയും ഇടക്കുള്ള വെറും വ്യവഹാര വസ്തുക്കൾ മാത്രമാണവൾ. രാജ്യാധികാരത്തിന്‍റെയും, ബിസിനസ്‌ സാമ്രാജ്യത്തിന്‍റെയുമൊക്കെ വിപുലീകരണത്തിനും, സംരക്ഷണത്തിനു൦ വേണ്ടി ഉപയോഗിക്കപ്പെടേണ്ട കരുക്കൾ. അല്ലാതെ സ്വന്തം മനസ്സും അതിനുള്ളില്‍ പ്രണയമുൾപ്പെടെയുള്ള വികാരങ്ങളുമുള്ള ഒരു പൂര്‍ണ വ്യക്ത്വിത്വമായി സ്ത്രീ ഒരിക്കലും അ൦ഗീകരിക്കപ്പെട്ടിരുന്നില്ല, ഇന്നും അ൦ഗീകരിക്കപ്പെടുന്നുമില്ല.  
ഇന്ത്യന്‍ സാമൂഹ്യ സാംസ്കാരിക ഉപബോധത്തിൽ ആരാണ്  സ്വന്തം പ്രണയം തുറന്നു പറയുന്നവള്‍? അവള്‍ വെറും ശൂര്‍പ്പണഖയാണ്. അല്ലെങ്കില്‍ ഹിഡുംബിയാണവള്‍. രാക്ഷസിയാണവൾ.  അംഗഛേദം വരുത്തി വികൃതയാക്കപ്പെടേണ്ടവൾ. സ്ത്രീത്വത്തെ പറിച്ചെടുക്കേണ്ടുന്ന കുറ്റം ചെയ്തവള്‍. യുദ്ധത്തിനുവേണ്ട യോദ്ധാക്കളെ, ഘടോത്കചൻമാരെ, പ്രസവിക്കേണ്ട ചുമതല മാത്രമുള്ളവർ. പത്തൊന്‍പതാം നൂറ്റാണ്ടിലെ പ്രസിദ്ധ ജര്‍മൻ ദാര്‍ശനികൻ നീത്ഷെയുടെ ‘യുദ്ധത്തിനുവേണ്ട പടയാളികളെ പ്രസവിക്കുക എന്നത് മാത്രമാണ് സ്ത്രീകളുടെ ജോലി’ എന്ന പ്രസ്താവം മതി സ്ത്രീയോടുള്ള ഈ ആണ്‍-കോയ്മാ മനോഭാവത്തിന്‍റെ ‘സാര്‍വലൌകികത’ തിരിച്ചറിയാന്‍.  സ്ത്രീയുടെ ഈ ‘വസ്തുവൽകരണം’ പതിനേഴ്-പതിനെട്ടാം നൂറ്റാണ്ടുകളിലെ യൂറോപ്യൻ കവിതകളിലും  നമുക്ക് കാണാന്‍ കഴിയും. അലങ്കരിച്ചു വെച്ചിരിക്കുന്ന ഒരു വസ്തുവാണ് ഈ സാഹിത്യങ്ങളില്‍ സ്ത്രീ സങ്കല്‍പം. സ്വര്‍ണമോ നിധിയോ ഒക്കെപോലെ വെട്ടിപ്പിടിച്ചോ, യുദ്ധം ചെയ്തോ, തന്ത്രത്തിലോ ഒക്കെ കൈവശപ്പെടുത്തേണ്ട, സ്വന്തമാക്കി സൂക്ഷിച്ചുവെക്കേണ്ട ഒരു നിധി. ‘ഹണ്ട്’ (വേട്ടയാടല്‍) ഒരു  സംജ്ഞയായിത്തന്നെ (metaphor) ഈ കവിതകളിൽ പ്രത്യക്ഷപ്പെടുന്നു. സ്ത്രീ ‘വേട്ടയാടി’ കീഴ്പ്പെടുത്തപ്പെടേണ്ട ഒരു അലങ്കാര വസ്തുവായി, അമൂല്യ സ്വത്തായി സാമൂഹ്യ ബോധത്തിലും, കലാസാഹിത്യത്തിലുമൊക്കെ വരയടയാളമാവുന്നു.
ഈ ഒരു സാമൂഹ്യ സാംസ്കാരിക സന്ദർഭത്തിൽനിന്നുകൊണ്ടാണ് കുമാരനാശാന്‍ സ്ത്രീയുടെ പ്രണയത്തിന് നളിനിയിലൂടെയും, ലീലയിലൂടെയും ഒക്കെ ശബ്ദം നല്‍കുന്നത്.  നളിനി  തന്‍റെ തീവ്രമായ പ്രണയത്തെ നിസ്സങ്കോചം വിളംബരം ചെയ്യുന്നത് ഈ പ്രഖ്യാപിത സ്ത്രീ വിരുദ്ധ മാതൃകകളെ ലംഘിച്ചുകൊണ്ടാണ്. കവിതയുടെ അവസാനം നളിനി ദിവകരനോടോപ്പമോ അയാള്‍ക്കും ഒരു പടി മുകളിലോ എത്തുന്നതായി ആശാൻ ദിവകരനെ ബോധ്യപ്പെടുത്തുകയാണ്. കുമാരനാശാന്‍ ഇവിടെ സ്ത്രീ-പ്രണയത്തിന്‍റെ അവാച്യ അനുഭൂതി അനുവാചകന് അനുഭവവേദ്യമാക്കുന്നതിനുവേണ്ടി  മാത്രമല്ല, ഒരു പൂര്‍ണ സ്വതന്ത്ര വ്യക്തി എന്ന നിലക്കുള്ള സ്ത്രീയുടെ  പ്രണയത്തിനുള്ള അവകാശത്തെ  ബോധപൂര്‍വം തന്നെ ഉയർത്തിപ്പിടിക്കാൻ കൂടിയാണ് നളിനിയിൽ ശ്രമിച്ചത്‌ എന്നതിന് ഒരു പക്ഷെ പിന്നീട് എഴുതിയ ‘ലീല’ എന്ന തന്‍റെ പ്രണയ കാവ്യത്തിനു നല്‍കിയ മുഖവര തന്നെയാവും ഏറ്റവും വലിയ തെളിവ്.  ലീല യുടെ മുഖവരയില്‍ ആശാൻ ഇങ്ങനെ എഴുതുന്നു: 
“നളിനി എഴുതി അവസാനിക്കുന്നതിനു മുന്‍പ് തന്നെ ആ മാതിരി ഒരു ചെറിയ കാവ്യം കൂടി എഴുതേണ്ട ആവശ്യകത തോന്നിയിരുന്നു. കാരണം, നളിനിയിലെ നായിക നായകന്മാര്‍ രാജസം മിക്കവാറും വിട്ട് സാത്വികാവസ്ഥയിൽ എത്തിനില്‍ക്കുന്ന പുണ്യാത്മാക്കളാണ്. അതിനുമുൻപുള്ള അവസ്ഥകളിലാണല്ലോ ജീവിതത്തിന്‍റെ കഷ്ടതകളും, മാനസ രഹസ്യങ്ങളും അധികം അടങ്ങിയിരിക്കുന്നത്. അതുകൊണ്ട് നളിനിയിലെ പാത്രങ്ങളുടെ അടുത്ത താണപടിയില്‍ എത്തിയിട്ടുള്ള ജീവിതങ്ങളെപ്പറ്റിയാണ്  പിന്നെ എഴുതേണ്ടതായി തോന്നിയത്”. ഒരു പക്ഷെ സാധാരണക്കാരിൽ സാധാരണക്കാരായ, സാമൂഹ്യമായി താഴെത്തട്ടിലുള്ള, ഒരു ജനതയുടെ സ്വാതന്ത്ര്യത്തെ, പ്രത്യേകിച്ച് സ്ത്രീയുടെ സ്വതന്ത്ര വ്യക്ത്വിത്വത്തെ  സ്ഥാപിച്ചെടുക്കേണ്ടതുണ്ടെന്ന  ആശാന്‍റെ സാമൂഹ്യമായ തിരിച്ചറിവും, നളിനിക്ക് ആ ബാധ്യത മുഴുവനായും സാധിച്ചെടുക്കനാകാതെ പോയിട്ടുണ്ടോ എന്ന കവിയുടെ സന്ദേഹവുമാവാം ലീലയുടെ സൃഷ്ടിക്കു പിന്നിലെന്ന് ഈ വാക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. അതായത്, നളിനിയും, ലീലയും, കേവലം രണ്ടു പ്രണയകാവ്യങ്ങള്‍ എന്നതിലുപരി സ്ത്രീയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം കൂടിയാണ്. അവളുടെ പ്രണയിക്കാനുള്ള അവകാശത്തിന്‍റെ ‘മാഗ്നകാർട്ട’ കൂടിയാണ് ആശാന്‍റെ ഈ അതുല്യ പ്രണയ ഗോപുരങ്ങൾ. 
തന്‍റെ പ്രണയം തുറന്നു പറഞ്ഞതിനാണ് ഒരു പെണ്‍കുട്ടിയുടെ സ്നേഹം തുളുമ്പുന്ന വലിയൊരു ഹൃദയത്തിൽ, ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റെ ഇങ്ങേ തലക്കലെ വര്‍ത്തമാനത്തിൽ  ജാതിയുടെ മൂര്‍ച്ചയേറിയ കഠാര സ്വന്തം അച്ഛന്‍റെ കൈകളാൽതന്നെ ആഴ്ന്നിറങ്ങിയത്. മലയാള മനസ്സില്‍ നിന്ന് ജാതി മാഞ്ഞു പോയെന്നു കരുതിയവരുടെ ബോധത്തിനേറ്റ ആഴത്തിലുള്ള കുത്തുകൂടിയായിരുന്നു അത്. മനുഷ്യരെ മനുഷ്യരായികാണാന്‍ ഇനിയും മനസ്സിന് പാകമാകാത്തവരുടെ ബോധത്തെ ചവിട്ടി മെതിക്കാൻ ഇനിയും എത്രയോ നളിനിമാരുടെയും, ലീലമാരുടെയും സ്വാതന്ത്ര്യ പ്രഖ്യാപനങ്ങള്‍ അവശ്യം ആവശ്യമായേക്കാം. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക