മൂന്നാം പക്കം  (കവിത: ശ്രീലേഖ എൽ കെ)

Published on 31 July, 2022
മൂന്നാം പക്കം  (കവിത: ശ്രീലേഖ എൽ കെ)

ഒടുക്കം ഞങ്ങൾ
പരസ്പരം ഉപേക്ഷിച്ചു
 കരയരുതെന്നും പതറരുതെന്നും പറഞ്ഞിരുന്നു
 എന്നിട്ടും ഞങ്ങളിൽ
 ഉള്ളുള്ളോരാൾക്ക് നെഞ്ചുപിടഞ്ഞു

തിരിഞ്ഞു നോക്കരുതെന്ന ഉറപ്പിൽ
യാത്ര തുടങ്ങുമ്പോൾ തൊണ്ട വരണ്ടു

ആരോ നീട്ടിയ കനിവിന്റെ ഉറവ്
വിണ്ടു കീറിയ തൊണ്ടയിലൂടെ പാഞ്ഞു
'എല്ലാം കഴിഞ്ഞുവെന്നും ഇനിയൊരാളും
വരാനില്ലെന്നും ' സ്വയം പറഞ്ഞു

കേൾക്കാൻ ആളില്ലെങ്കിൽ
കരച്ചിൽ പോലും വെറുതെയാവുന്നെങ്കിലും 
തിരയലയ്ക്കും പോലെ പെയ്തു

മൂന്നാം പക്കം തിരികെ കാണുമെന്ന
കടലിന്റെ പറച്ചിലോർത്ത്
നേരത്തോട് നേരം കാത്തു
കടല് കള്ളം പറയുമെന്ന് മനസ്സിലോർത്ത്
തിരികെപ്പോയി

തിരിച്ചില്ലെന്ന് പറഞ്ഞതും 
ഓർക്കരുതെന്നും നോക്കരുതെന്നും
പറഞ്ഞതും ഞങ്ങളിലൊരാൾ
മറന്നു പോയിരുന്നു

ഓർമകൾക്ക് മരണമില്ലെന്ന്
ആര് പറഞ്ഞു??

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക