തണുപ്പു കാലത്തെ അവൾ (കവിത: ആദിത്ത് കൃഷ്ണ ചെമ്പത്ത്)

Published on 01 August, 2022
തണുപ്പു കാലത്തെ അവൾ (കവിത: ആദിത്ത് കൃഷ്ണ ചെമ്പത്ത്)

കണ്ടിരുന്നോ
എന്നെ?
തണുപ്പുകാലങ്ങൾ
അപ്പോഴേക്കും
കഴിഞ്ഞു പോയിരുന്നു.
ഇപ്പോൾ
വെയിലാണ്,
കുടമുല്ല പൂക്കളുടെ
അതിരിൽ,
ദഹിച്ച,
നോട്ടമെറിയണ,
രക്തപുഷ്പം പോലെ 
വെയിൽ,

കണ്ടില്ലല്ലേ
മരവിച്ച രാത്രികൾ
കഴിഞ്ഞ് ഞാനെത്തുമെന്ന്,
അറിഞ്ഞിരുന്നില്ലല്ലേ...

തണുപ്പുകാലത്ത്,
വെയിൽ കായാനായി
വിരിച്ച എൻ്റെ,
നനഞ്ഞ സാരികൾ,
ഇപ്പോളെവിടെയാണ്,
അതിലെ,
തേനൊറ്റുന്ന
അടിവാര പൂക്കളെ,
ഏതു പോക്കിരി ,
വെയിലാണ്
കരിയിച്ചു കളഞ്ഞത്?

കുന്നിൻ മുകളിലെ
നൃത്തം പഠിപ്പിക്കുന്ന,
ഈറ്റ കുടിലിൽ,
ഞാനഴിച്ചിട്ട
എൻ്റെ
ചിലങ്കകൾ
ഇപ്പോഴും മിണ്ടാറുണ്ടൊ?
വെയിലിലെ
കള്ളി ചിലങ്കകൾ
കിലുക്കു മണികളെ
ഒരോന്നായി 
പൊട്ടിച്ചു കളഞ്ഞുവോ?

എൻ്റെ
വിരൽ കോറിയിട്ട
വീടിൻ്റെ,
ജനൽ പിടികളിലെ,
നഖ പാടുകളിൽ
ഞാനൊരു 
കവിത സൂക്ഷിച്ചിട്ടുണ്ട്.

എൻ്റെ മയിൽ പീലി കെട്ടുകളെ വിറപ്പിക്കുന്ന
ഈറൻ കാറ്റടിച്ച്,
മുറിയിൽ,
ഒരു വേള കണ്ണടക്കാതെയിരിക്കുമ്പോൾ..
ഒറ്റയാൾ നദിക്കരയിലെ
പെൺ ചീവീടുകൾ,
പറഞ്ഞു തന്നത്.
ജീവൻ ബാക്കിയായ
മുടിയിഴകളിലെ
പെൺപേനുകൾ
തലയിലിരുന്ന്
മന്ത്രിച്ചത്.

മധുരമായാണ്,
സൂത്രപഴുതിലൂടെ
ഒഴുകിയെത്തുന്ന
കൊതുകുകൾ മൂളുന്നത്.
പിന്നെ,
അരികത്തെ
കുളക്കടവിലെ
പാമ്പിൻ പൊന്തകളിൽ
അമ്മതവളകൾ കരയുന്നത്

തണുപ്പടിച്ച്
കട്ടിച്ചോരയാൽ
നാട്ടാര്
ചത്തുവീഴുമ്പേൾ
ഇല മറവിൽ
കുഞ്ഞുങ്ങൾക്കു മേൽ
വിഷപല്ല് തിളങ്ങണ,
ഇരുട്ട് ഗുഹകൾ വിരിയുമ്പോൾ,
കൊതുകുകൾ മൂളുന്നത്
സംഗീതമാകും
അമ്മ തവളകൾ
കരയുന്നത്
നാദ ധ്വനിയാകും.

ഇനിയെങ്കിലും
എന്നെ കണ്ടിരുന്നെന്ന്,
പറയൂ..
എൻ്റെ ശബ്ദം കേട്ടെന്ന് പറയൂ..

തണുപ്പു കാലം കഴിഞ്ഞാൽ
അടച്ചിട്ട എൻ്റെ മുറി,
തള്ളി തുറന്ന്,
ജനാലകളിലൂടെ,
വീണു കിടക്കുന്ന,
എൻ്റെ ആയിരമായിരം,
മുടിയിഴകളെ തുറന്നു വിടൂ..

അവ പോക്കുവെയിലിൽ,
പാറികളിക്കട്ടെ,
തണുപ്പിൽ വിരിഞ്ഞ
കണ്ണുനീർ 
മലഞ്ചെരുവുകളെ,
എൻ്റെ മുടിയിഴകൾ
എന്നന്നേക്കുമായി
മറക്കട്ടെ.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക