തെങ്ങു കേറ്റക്കാരനും പ്രൊഫസറും (കവിത: പി എ ചാക്കൊ)

Published on 02 August, 2022
തെങ്ങു കേറ്റക്കാരനും പ്രൊഫസറും (കവിത: പി എ ചാക്കൊ)

1️⃣) തെങ്ങുകേറ്റക്കാരന്‍:

തെങ്ങു കേറ്റത്തൊഴിലാളിയുടെ ജോലി
ആകാശത്തില്‍ സൂര്യസവിധത്തിൽ
ഉയര്‍ന്നു നില്ക്കുന്ന തെങ്ങിൽ
ബലം പിടിച്ച്
മസിലു പിടിച്ച്
വപ്പി കടിച്ച്
വലിഞ്ഞു കയറുകയും
തേങ്ങായിടുകയും
കുല കെട്ടി
കോഞ്ഞാട്ട വെട്ടി,
കൊതുമ്പു വെട്ടി
പടപടാാ ... ന്ന്
മടലു വെട്ടി,
അരിയാട വെട്ടി
മച്ചിങ്ങ പെറുക്കി
താളമടിച്ച്
തെങ്ങു തെളിച്ച്
മണ്ഡരിക്ക് മരുന്നിട്ട്
കല്പവൃക്ഷത്തെ ഗുരുവായി നമിച്ച്
ഇറങ്ങുകയുമാണ്.
നല്ല കഴിവും പരിജ്ഞാനവും
മനോബലവും
കായിക ബലവും
ഗുരുത്വവും
അഭ്യാസവും
ആവശ്യമുള്ള തൊഴില്‍.
പക്ഷേ,
ശമ്പളത്തിന്‍റെകാര്യം വരുമ്പേോൾ
ഓച്ഛാനിച്ചു നിൽക്കാതെ
ഒരു യൂണിറ്റിന്
70 രൂപ
മണിമണിയായി
ചോദിച്ചാൽ
കോളജു പ്രഫസര്‍ പറയും:
"ഹോ,
ഭയങ്കരം തന്നെ! "

2️⃣) കോളജ് പ്രൊഫസര്‍:

പ്രൊഫസറുടെ ജോലി
തന്റെ മുൻപിൽ
ബഞ്ചു ബഞ്ചായി
സൂര്യ സവിധേ മരമെന്നപോലിരിക്കുന്ന
പുള്ളാരെ
ഇഞ്ചിഞ്ചായി പഠിപ്പിക്കലാണ്.
അതിന്
അവരുടെ
തലയില്‍പ്പിടിച്ച്
ചങ്കില്‍ച്ചവുട്ടി
കൊന്നത്തെങ്ങേലെന്നപോലെ
മേലോട്ട്
തലയിലേക്ക്,
തലച്ചോറിലേക്ക്
ബലം പിടിച്ച്
മസിലു പിടിച്ച്
വപ്പി കടിച്ച്
വലിഞ്ഞു കയറുകയും
തേങ്ങായിടുമ്പോലെ
കുലകുലയായുള്ള
പാഠങ്ങൾ
തുരുതുരാന്ന്
അടര്‍ത്തിയിടുകയും
തെങ്ങുകേറ്റക്കാരൻ
തെങ്ങു തെളിക്കുമ്പോലെ
ക്ലാസ്സ്ബോര്‍ഡ്തെളിച്ച്
അക്ഷരമെഴുതി
ബ്രഫ്മത്തിന്‍റെ  ചിത്രംവരച്ച്
തെറ്റിന്‍റെ ചെവിയില്‍ നുള്ളി
ശരിയുടെ തോളില്‍ത്തട്ടി,
മേശയില്‍ത്തട്ടി താളമടിച്ച്
വിദ്യാഗുരുവേ നമിച്ച്
ഇറങ്ങുകയും വേണം.
നല്ല അറിവും പരിജ്ഞാനവും
മനോവികാസവും
അഭ്യാസവും
ആശ്യമുള്ള തൊഴില്‍.
ശമ്പളത്തിന്‍റെകാര്യം വരുമ്പോൾ
യൂണിറ്റിന് 7000-ന്‍റെ പെരുക്കങ്ങളും
പിന്നെ,
വെട്ടുകത്തിയുടെ ചുണ്ടിൽ
തെങ്ങു കേറ്റക്കാരൻ
തൻ്റെ ജന്മാവകാശമായി
ഓരോ തേങ്ങാ കൊത്തിയെടുക്കുമ്പോലെ,
ഓരോരോ കണക്കുകള്‍ എഴുതിക്കുത്തിയുള്ള അവകാശങ്ങളും
കോളജു പ്രൊഫസർ
മണിമണിയായി
വാങ്ങുന്നതുകണ്ട്
തെങ്ങുകേറ്റക്കാരന്‍ പറയും:
"ഹോ,
ഭയങ്കരം തന്നെ‼️"

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക