ആറ്റുവാളക്കറി ( കവിത : ശിവദാസ് സി.കെ )

Published on 02 August, 2022
ആറ്റുവാളക്കറി ( കവിത : ശിവദാസ് സി.കെ )

അപ്പൻ ചൂണ്ടയിട്ട
ആറ്റുവാളക്കറിയുടെ
നടുക്കഷണങ്ങൾ
അപ്പനും ചേട്ടന്മാരും പങ്കിട്ടെടുക്കും
വാൽക്കഷണം മുത്തശ്ശനും

നടുക്കഷ്ണം ചോയ്ച്ചാ
അമ്മ, തുടയിലൊന്നു നുള്ളും
മീന്തലയും, ചാറും
'കൊതിച്ചിപ്പാറൂ' ന്ന്‌ പേരും

( അമ്മക്ക് എന്നും മീഞ്ചാറാണ് )

പപ്പടക്കാരന്റെ ചെക്കൻ ബിജുവിനും
വായിൽ വിരലിട്ടു ചപ്പുന്ന സുരക്കും
ഉച്ചക്ക് നടുക്കഷ്ണം
വറുത്തതുണ്ടാകും

എന്റെ ചളുങ്ങിയ ചോറ്റുപാത്രത്തില്
കുഴിച്ചു നോക്കുമ്പോ
ആറ്റുവാളത്തല
സാറ്റ് കളിച്ചിരിപ്പുണ്ടാകും

( കടിച്ചീമ്പുമ്പോൾ തൊണ്ടയിൽ
മുള്ളു പോകരുത് കേട്ടോ )

മംഗലം കഴിഞ്ഞ്
മൂന്നിന്റന്ന്‌
ഏട്ടനൊപ്പം വിരുന്നു വന്നപ്പോഴും
നടുക്കഷ്ണം
ഏട്ടന് കൊടുത്തിട്ടമ്മ പറഞ്ഞു
അവൾക്കു വാളത്തിലയാണിഷ്ടമെന്ന്‌

ഒരു മുല
ഞണ്ട് തിന്നപ്പോഴും
അടുത്ത മുലയിൽ
ഞണ്ടുകൾ പാർപ്പ് തുടങ്ങിയപ്പോഴും
ആറ്റുവാള മുട്ടയിടും പോലെ
മൂന്ന് പെറ്റ്
പശൂന്റേം ആടിന്റേം
നാല് പേറ് വീതം
എടുത്തിരുന്നു അവൾ
.

തുലാപ്പെയ്ത്തിൽ
പോക്കാളിപ്പാടം നിറഞ്ഞ്
പെയ്ത്തുവെള്ളത്തിൽ
ഊത്തമീൻ  വിരുന്നുവന്ന
രാത്രിയിലാണ്
ആറ്റുവാളയുടെ നടുക്കഷ്ണം
വച്ചൊരുരുളച്ചോറ്
തരുമോ ഏട്ടാന്ന്‌ ചോയിച്ചു
ഞണ്ടുകൾക്കൊപ്പം
അവളിറങ്ങിപ്പോയത്

പതിനാറിന്
പുല വീടുമ്പോ
തൂശനില തുമ്പിൽ
പോത്തുകറിയോടൊപ്പം
അവളെക്കാത്ത്
ആറ്റുവാളയുടെ നടുക്കഷ്ണം
സാറ്റ് കളിക്കാതെ
ചിരിച്ചിരിപ്പുണ്ടായിരുന്നു

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക