Image

ചിത്രകൂടത്തില്‍ നിന്നും പഞ്ചവടിയിലേക്ക് (ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 02 August, 2022
ചിത്രകൂടത്തില്‍ നിന്നും പഞ്ചവടിയിലേക്ക് (ദുര്‍ഗ മനോജ് )


അയോധ്യാകാണ്ഡം നൂറ്റിപ്പതിനാറു മുതല്‍ നൂറ്റിപ്പത്തൊമ്പതു വരെയും
അരണ്യകാണ്ഡം ഒന്നു മുതല്‍ പതിമൂന്നു വരെയും.

ചിത്രകൂടത്തിലുള്ള വാസം അവസാനിപ്പിച്ചു രാമനും സീതയും ലക്ഷ്മണനും ദണ്ഡകാരണ്യത്തിലെ പഞ്ചവടിയിലേക്കു യാത്രയാകുന്നതുവരെയാണ് പ്രതിപാദ്യം

അയോധ്യയില്‍ മടങ്ങിയെത്തിയ ഭരതന്‍,  ജേഷ്ഠപാദുകങ്ങളെ മുന്‍നിര്‍ത്തി നന്ദിഗ്രാമത്തില്‍ താമസിച്ചു കൊണ്ട്  രാജ്യഭരണം നിര്‍വഹിച്ചു തുടങ്ങി. മരവുരി ഉടുത്തു, മുടി ജടപിടിപ്പിച്ചു, മുനി വേഷം പൂണ്ട് സേനയോടൊത്തു ഭരതന്‍ നന്ദിഗ്രാമത്തില്‍ പാര്‍ത്തു.

ഭരതനും ശത്രുഘ്‌നനും അമ്മമാരും വന്നു മടങ്ങിയ ശേഷം ചിത്രകൂടത്തില്‍ ഏറെക്കാലം തുടരുവാന്‍ രാമന്‍ ആഗ്രഹിച്ചില്ല. രാക്ഷസന്മാരുടെ പലവിധ ആക്രമണങ്ങളില്‍ മനംനൊന്ത്, ഖരന്‍ എന്ന രാഷസന്റെ ആക്രമണം ഏതു നിമിഷവും ഉണ്ടാകാം എന്നു ഭയപ്പെട്ടു മറ്റു താപസര്‍ അപ്പോഴേക്കും ചിത്രകൂടം വെടിഞ്ഞിരുന്നു. കുറച്ചു വൈകിയാണെങ്കിലും രാമനും ചിത്രകൂടം ഉപേക്ഷിക്കുവാന്‍ നിശ്ചയിച്ചു.അങ്ങനെ സീതയും ലക്ഷ്മണനുമൊത്ത് അത്രി മഹര്‍ഷിയുടെ ആശ്രമത്തിലേക്കു  മൂവരും യാത്ര തുടങ്ങി. അവിടെ എത്തി, മഹര്‍ഷിയുടെ ഉപചാരം സ്വീകരിച്ചു. പിന്നീട് മഹര്‍ഷിയുടെ പുണ്യവതിയായ ഭാര്യ അനസൂയയോടു, ആ മഹതിയുടെ ആവശ്യപ്രകാരം സീത തന്റെ സ്വയംവര കഥ വിവരിച്ചു കൊടുത്തു. സീതാകല്യാണ വൃത്താന്തം കേട്ടു അതീവ സന്തുഷ്ടയായ അനസൂയ സീതയ്ക്ക് അതിവിശിഷ്ടമായ ആടയാഭരണങ്ങള്‍ സമ്മാനിച്ചു. അതൊക്കെ ധരിച്ച് സാക്ഷാല്‍ ലക്ഷ്മിയെപ്പോലെ വിളങ്ങുന്ന സീതയെ കണ്ട് ആശ്രമവാസികള്‍ ഏവരും സന്തോഷിച്ചു.
ആ രാത്രി അത്രിമഹര്‍ഷിയുടെ ആതിഥ്യം സ്വീകരിച്ചു പിറ്റേന്നു സീതാരാമലക്ഷ്മണന്മാര്‍ അശ്രമത്തിലെല്ലാവരോടും യാത്ര പറഞ്ഞു വനത്തില്‍ പ്രവേശിച്ചു.

അയോധ്യാകാണ്ഡം സമാപ്തം.


***************************************************************************************************

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക