ഒരിക്കൽ വഴിയിൽ വച്ച് കണ്ടതാണ്. അപ്പോൾ തോന്നിയ ഇഷ്ടമാണ്. അല്ലാതെ അയാൾ അവളെ പ്രേമിക്കാനൊന്നും പോയില്ല.
മാന്യമായിട്ട് വിട്ടുക്കാരുമായിട്ട് ആലോചിച്ചു. ഉറപ്പിച്ചു.
നല്ല രീതിയിൽ തന്നെ കല്യാണവും കഴിച്ചു.
സ്ത്രീധനമായിട്ട് ഒന്നും കിട്ടിയില്ലെന്ന വീട്ടുക്കാരുടെ മുറുമുറുപ്പുകൾക്കും പരാതികൾക്കും
ആദ്യനാളിൽ തന്നെ നിരോധനം ഏർപ്പെടുത്തി.
കഷ്ടപ്പെട്ടാണ് ഇത്രയും നാൾ കുടുംബം നോക്കിയതെന്നും
വീടു വച്ചതെന്നും
സഹോദരിമാരെ കെട്ടിച്ചയച്ചതെന്നും
ആ കഷ്ടപ്പാടിന്റെ വേദന അറിയാവുന്നതു കൊണ്ടാണ് സ്ത്രീധനത്തെ പറ്റി ചിന്തിക്കാതിരുന്നതെന്നും വ്യക്തമാക്കി.
ഇങ്ങനെ കുടുംബം നോക്കിനോക്കി വഴിയാധാരാകുമെന്ന്
തോന്നിയതു കൊണ്ടാണ് തന്നിഷ്ടപ്രകാരം ഈ കല്യാണം കഴിച്ചതെന്നും വകയിലുള്ളൊരു അമ്മാവനോട് വെളിപ്പെടുത്തി.
തനിക്ക് ഒരു ജീവിതം വേണമെന്ന് അച്ഛനോ അമ്മയോ സഹോദരിമാരോ ഒരിക്കൽ പോലും ചിന്തിച്ചിട്ടുണ്ടോ എന്ന ഉത്കണ്ഠയും പ്രകടിപ്പിച്ചു.
തേരാ പാരാ നടക്കുന്ന അളിയൻമാരെ കൊണ്ട് ഒരു ഗുണവുമില്ലെന്ന് അവരുടെ മുഖത്ത് നോക്കി തന്നെ പറഞ്ഞു വച്ചു.
ആദ്യരാത്രിയിൽ പാലും കൊണ്ട് നവവധു വന്നപ്പോൾ അത് സഹോദരിയുടെ മക്കൾക്ക് കൊണ്ടു പോയ് കൊടുക്കാൻ പറഞ്ഞു. പിന്നെ അടുക്കളയിൽ പോയ് ഒരു ഗ്ലാസ് ചൂടു വെള്ളം കുടിച്ചു.
തിരിച്ച് മുറിയിൽ വന്നപ്പോൾ വ്യസനിച്ചിരിക്കുന്ന നവവധുവിനെ ആശ്വസിപ്പിച്ചു.
ഇന്ന് മുതൽ നമ്മുടെ മോഹങ്ങൾ പൂവണിയുകയാണെന്നും
പുതിയൊരു ജീവിതം തുടങ്ങുകയാണെന്നും പറഞ്ഞ്
അവളെ വാരിയെടുത്ത് ബഡ്ഡിലേക്കിട്ടു. മെല്ലെ കവിളിലൊരുമ്മ കൊടുത്തു.
പാതിരാത്രി വരെ നീണ്ട വർത്തമാനത്തിനിടയിൽ കുടുംബക്കാര്യങ്ങളൊന്നും അവളോട് അയാൾ പങ്ക് വച്ചില്ല. അവളോടൊന്നും ചോദിച്ചില്ല.
സുഖമില്ലാത്ത മുത്തശ്ശിയെ കുറിച്ചു മാത്രം തിരക്കി. പിന്നെ
എഴുന്നേറ്റ് പോയ് അലമാര തുറന്നു.
ഒരു ചെപ്പിൽ നിന്നും രണ്ട് പവന്റെ മാല പുറത്തെടുത്തു.
ഇതാണ് ഞാൻ നിനക്കായ് കരുതിയ
എന്റെ സമ്പാദ്യം എന്നു പറഞ്ഞ്
ഒരു നേർത്ത പുഞ്ചിരിയോടെ അവളുടെ കഴുത്തിലണിയിച്ചു.
രണ്ടു നാൾ കഴിഞ്ഞ് വീട്ടിലേക്ക് ചെല്ലുമ്പോൾ മറ്റേ മാല അമ്മയുടേതല്ലേ അത് ഊരി അമ്മയ്ക്ക് തന്നെ കൊടുക്കണമെന്ന് അവളെ ഓർമ്മപ്പെടുത്തി.
അത് കേട്ട് വിങ്ങിപ്പൊട്ടിയ അവളെ മാറോട് ചേർത്തണച്ച് അയാൾ പറഞ്ഞു
നിനക്ക് ഞാനില്ലേ ..!!