Image

വെളളിത്തിരയില്‍ തീ പടര്‍ത്തി 'പാപ്പന്‍'  

Published on 02 August, 2022
വെളളിത്തിരയില്‍ തീ പടര്‍ത്തി 'പാപ്പന്‍'  

തിയേറ്ററുകളില്‍ എന്നും കൈയ്യടി നേടുന്ന കഥാപാത്രങ്ങളാണ് സുരേഷ് ഗോപിയുടേത്. രണ്ടാം വരവില്‍ വീണ്ടുമൊരു പോലീസ് വേഷം അണിയുമ്പോള്‍ തിയേറ്ററുകളില്‍ ഉയരുന്നത് തൊണ്ണൂറുകളിലെ അതേ ഇരമ്പം. 'പൊറിഞ്ചു മറിയം ജോസ്' എന്ന ചിത്രത്തിനു ശേഷം സംവിധായകന്‍ ജോഷിയുടെ സംവിദാനമികവില്‍ എത്തിയ അതിഗംഭീരം എന്നു വിഷേഷിപ്പിക്കാന്‍ കഴിയുന്ന സിനിമ. 

തന്റെ നായകന്‍ ആരുമായിക്കൊള്ളട്ടെ, സാമാന്യ യുക്തിക്ക് നിരക്കാത്ത അതിമാനുഷിക സിദ്ധിയൊന്നും സംവിധായകന്‍ ജോഷി തന്റെ നായക കഥാപാത്രത്തിനു നല്‍കിയിട്ടില്ല. 'പാപ്പനി'ലും ആ പതിവ് തെറ്റിച്ചിട്ടില്ല.  ജോഷിയും സുരേഷ് ഗോപിയും ഒരുമിച്ച തൊണ്ണൂറുകളിലെ സിനിമ പോലെ തന്നെ ഈചിത്രത്തിലും തീ പാറുന്നുണ്ട്. അതിതീവ്രമായ അഭിനയ മുഹൂര്‍ത്തങ്ങളും വികാര വിക്ഷോഭ രംഗങ്ങളും കോര്‍ത്തിണക്കിയ ചിത്രത്തില്‍ സുരേഷ് ഗോപിയെ പോലെ ഒരു താരത്തെ വെല്ലാന്‍ പാകത്തിലുള്ള നിരവധി സന്ദര്‍ഭങ്ങളുണ്ട്. 

എബ്രഹാം മാത്യു മാത്തന്‍ എന്ന പഴയ സി.ഐ ആയാണ് സുരേഷ് ഗോപി എത്തുന്നത്. അയാള്‍ക്ക് ഒരു കൈക്ക് സ്വാധീനമില്ല. അയാളുടെ സന്തതസഹചാരിയായും വലംകൈയ്യായും നില്‍ക്കുന്ന ആളാണ് ഗോകുല്‍ സുരേഷ് അവതരിപ്പിക്കുന്ന മൈക്കിള്‍. തന്റെ ജീവിതം മാറ്റി മറിച്ച ഒരു കേസുമായി ബന്ധപ്പെട്ടാണ് പോലീസ് വിശ്രമജീവിതം നയിക്കുന്ന പാപ്പന്റെ സഹായം തേടുന്നത്. കേസന്വേഷണ ചുമതല പാപ്പന്റെ മകള്‍ വിന്‍സി എബ്രഹാമിനാണ്. ഇരുവരും തമ്മില്‍ മാനസികമായി അത്ര നല്ല അടുപ്പത്തിലല്ല. ആ ചേര്‍ച്ചയില്ലായ്മയിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്. 

ഇടവേള വരെ പതിഞ്ഞ താളത്തില്‍ പറഞ്ഞു പോകുന്ന കഥയില്‍ ഒരിടത്തും പ്രേക്ഷകന് മുഷിപ്പ് അനുഭവപ്പെടുന്നില്ല. അസ്സല്‍ പഞ്ച് നല്‍കിയാണ് ആദ്യ പകുതി അവസാനിക്കുന്നത്. രണ്ടാം പകുതി ശരിക്കും മാസ്സ് അനുഭവമാണ്. പകയും വാശിയും പ്രതികാരം ചെയ്യലുമൊക്കെയായി നാം നിരവധി തവണ കണ്ടു കഴിഞ്ഞ കഥയാണ് പാപ്പന്റേത്. എങ്കിലും ഒരിക്കല്‍ പോലും കഥാസന്ദര്‍ഭങ്ങള്‍ ഒന്നും പ്രേക്ഷകരെ ബോറടിപ്പിക്കുന്നില്ല. എന്നുമാത്രമല്ല, ചിന്തിക്കാന്‍ അവസരം നല്‍കാതെ അടുത്ത രംഗങ്ങളിലേക്ക് പ്രേക്ഷകരെ നയിക്കുകയും ചെയ്യുന്നു. മാത്രവുമല്ല, പൊട്ടിത്തെറിക്കലും വികാര വിക്ഷോഭങ്ങളും നിറഞ്ഞ രംഗങ്ങള്‍ നിരവധിയുണ്ടെങ്കിലും സംഭാഷണങ്ങളില്‍ മികച്ച കൈയ്യടക്കവും ഊര്‍ജ്ജവും നിറച്ചിട്ടുണ്ട് തിരക്കഥാകൃത്തായ ആര്‍.ജെ ഷാന്‍. തന്റെ ജീവിതത്തിലെ തെറ്റും ശരികളും ഇഴകീറി നോക്കുകയും തിരിച്ചറിയുകയും ചെയ്യുന്നുണ്ട് പാപ്പന്‍.  
 
അഭിനേതാവെന്ന നിലയില്‍ രണ്ടാം വരവ് ഗംഭീരമാക്കുകയാണ് സുരേഷ് ഗോപി ഈ ചിത്രത്തിലൂടെ. മിതത്വവും അസാമാന്യ കൈയ്യടക്കവും ഒരുമിപ്പിച്ച അവതരണമാണ് സുരേഷ് ഗോപിയുടേത്. പൊട്ടിത്തെറിക്കലല്ല, പുകഞ്ഞ് നീറി പൊട്ടിത്തെറിക്കാന്‍ പാകത്തില്‍ ഉരുക്കം കൊള്ളുന്ന അഗ്നി പര്‍വതം പോലെയാണ് സുരേഷ് ഗോപിയുടെ പ്രകടനം. ഈ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. പാപ്പന്റെ മകള്‍ വിന്‍സിയിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്. വിന്‍സി എബ്രഹാം എന്ന ഐ.പി.എസ് ഉദ്യോഗസ്ഥയായി എത്തുന്നത് കുങ്ഫൂമാസ്റ്റര്‍ എന്ന ചിത്രത്തിലൂടെ നായികയായി എത്തിയ നീതു പിള്ളയാണ്. നീതുവിന്റെ ഇരുത്തം വന്ന പ്രകടനവും സിനിമയ്ക്ക് മാറ്റു കൂട്ടുന്നുണ്ട്. 

ജോഷി എന്ന എക്കാലത്തെയും മികച്ച സംവിധായകന്റെ ശിരസ്സില്‍ മറ്റൊരു പൊന്‍തൂവലാണ് പാപ്പന്‍ എന്ന ചിത്രം നല്‍കുന്ന വിജയം. തിയേറ്ററുകളില്‍ റെക്കോര്‍ഡ് കളക്ഷനുമായി മുന്നേറുന്ന ചിത്രം സുരേഷ് ഗോപിക്കും ഗോകുല്‍ സുരേഷിനും ജോഷിക്കുമെല്ലാം മിന്നും വിജയമാണ് സമ്മാനിക്കുന്നത്. അജയ് ഡേവിഡ്  കാച്ചപ്പിള്ളിയുടെ ഛായാഗ്രാഹണവും മികച്ചതായി. കഥയ്ക്കിണങ്ങുന്ന ഫ്രെയിമുകള്‍ ഒരുക്കുന്നതില്‍ അദ്ദേഹം വിജയിച്ചിട്ടുണ്ട്. ഒരു കാര്യം ഉറപ്പിച്ചു പറയാം. രണ്ടു മണിക്കൂര്‍ അമ്പത് മിനിട്ട് പ്രേക്ഷകന് ആസ്വദിച്ചു കാണാന്‍ കഴിയുന്ന അതിഗംഭീര സിനിമാ അനുഭവമാണ് 'പാപ്പന്‍' എന്നു നിസ്സംശയം പറയാം. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക