Image

യുഎഇയിലെ മഴക്കെടുതിയില്‍ കരുതലായി ഫുജൈറ കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍

Published on 02 August, 2022
യുഎഇയിലെ മഴക്കെടുതിയില്‍ കരുതലായി ഫുജൈറ കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍

ഫുജൈറ: യുഎഇയുടെ ഈസ്റ്റ് കോസ്റ്റ് മേഖലകളിലുണ്ടായ അതിതീവ്ര മഴയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഫുജൈറ കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ സ്വാന്തനമായി. 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായ ഹെല്‍പ്പ് ഡെസ്‌ക്കും ഏത് അടിയന്തിര സാഹചര്യത്തിലും പ്രവര്‍ത്തിക്കുവാന്‍ കഴിയുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ സേവനവും ഏകോപിപ്പിച്ചാണ് കൈരളി മഴക്കെടുതിയില്‍ അകപ്പെട്ടവര്‍ക്ക് കൈത്താങ്ങായത്.

അതിശക്തമായ മഴയെ പോലും അതിജീവിച്ചാണ് ഫുജൈറ, കല്‍ബ മേഖലകളില്‍ കൈരളി പ്രവര്‍ത്തകര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. താമസസ്ഥലങ്ങളില്‍ വെള്ളം കയറി അവിടെ നിന്ന് ഒഴിയേണ്ടിവന്നവരെയും ശക്തമായ വെള്ളക്കെട്ടില്‍ വഴിയില്‍ പെട്ടു പോയവരെയും രക്ഷപ്പെടുത്തി കൈരളി പ്രവര്‍ത്തകരുടെ ഭവനങ്ങളിലും പ്രത്യേകം സജ്ജീകരിച്ച വീടുകളിലുമായി സുരക്ഷിതമായ മാറ്റി താമസിപ്പിച്ചു. പ്രതികൂല സാഹചര്യത്തില്‍ വീടുകളില്‍ ഒറ്റപ്പെട്ടു പോയവര്‍ക്കും മഴക്കെടുതി മൂലം ദുരിത മനുഭവിക്കുന്നവര്‍ക്കും ഭക്ഷണവും മരുന്നും പ്രവര്‍ത്തകര്‍ എത്തിച്ചു നല്‍കി. ഫുജൈറ ഗവണ്‍മെന്റിന്റെ ക്ലീനപ്പ് കാന്പയനില്‍ കൈരളി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ സജീവമായി പങ്കെടുക്കുകയും ശുചികരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുകയും ചെയ്തു.

ആദരണീയരായ ഭരണാധികാരികളുടെ ജാഗ്രതയും ഇടപെടീലും ഭരണ സംവിധാനങ്ങളുടെ കാര്യക്ഷമമായ പ്രവര്‍ത്തനവുമാണ് മഴക്കെടുതിയെ ഫലപ്രദമായി അതിജീവിക്കുവാന്‍ സഹായിച്ചത്. കനത്ത മഴ ജനജീവിതത്തെ ആകെ ദുസഹമാക്കുന്നതായിരുന്നു. ഇത്രയും ശക്തമായ മഴയും പ്രളയവും പ്രവാസ ജീവിതത്തില്‍ ആദ്യമായിട്ടാണന്ന് പഴയ കാല പ്രവാസികള്‍ പറഞ്ഞു.

കൈരളി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് ലെനിന്‍ ജി. കുഴിവേലി, സെക്രട്ടറി അബ്ദുള്‍ കാദര്‍ എടയൂര്‍, സെന്‍ട്രല്‍ കമ്മറ്റി മുന്‍ പ്രസിഡന്റ് സുജിത്ത് വി.പി.കൈരളി ഫുജൈറ യൂണിറ്റ് സെക്രട്ടറി മിജിന്‍ ചുഴലി, കല്‍ബ യൂണിറ്റ് സെക്രട്ടറി പ്രിന്‍സ് തെക്കൂട്ടയില്‍ പ്രസിഡന്റ് നബീല്‍ കാര്‍ത്തല എന്നിവര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കൈരളിക്കൊപ്പം പങ്കാളികളായവര്‍ക്കും വേണ്ട സഹായ സഹകരണങ്ങള്‍ നല്‍കിയവര്‍ക്കും ഭാരവാഹികള്‍ നന്ദി പറഞ്ഞു.

ദുരിതമനുഭവിക്കുന്നവര്‍ക്കൊപ്പം അവര്‍ക്ക് സ്വാന്തനമായി കൈരളി എല്ലാക്കാലത്തും നിലയുറപ്പിച്ചിട്ടുണ്ടന്നും കോവിഡ് കാലത്തെ കൈരളിയുടെ പ്രവര്‍ത്തനങ്ങള്‍ പരക്കെ പ്രസംസ നേടിയിരുന്നതായും കൈരളി ഭാരവാഹികള്‍ ഓര്‍മ്മപ്പെടുത്തി.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക