ശിഥിലമായ രാത്രി
നീല നക്ഷത്രങ്ങളെ
മൂടിപ്പുതക്കുന്ന മേഘം.
ഒരു മഴയായി പെയ്തുതോരാൻ
വാക്കുകളില്ലാതെ
നെഞ്ചിനുള്ളിൽ കനലെരിയുന്നു.
ഹൃദയമുരുകുന്നു.
മഴമേഘങ്ങളെന്നെ മൗനിയാക്കുന്നു.
കൊഴിഞ്ഞുവീഴുന്നിലകൾക്ക്
പകരമാവാൻ
പുതിയ ഇലകൾക്കാവുമെങ്കിൽ
എന്റെ വീടും മാനവുമെന്നും
വസന്തമായേനെ.
പച്ചയും പൂക്കൾ നിറച്ച നിറങ്ങളും
പാറിക്കളിക്കുന്ന പൂമ്പാറ്റയോടൊപ്പം
ഞാനും ആസ്വദിച്ചേനെ.
കാലങ്ങളുടെ പെയ്തൊഴിയലിൽ
തേൻ വറ്റിയ പൂക്കൾ വാടും
നിറംകെട്ട ഇലകൾ കരിയും
വസന്തരാവുകൾ മറയും.
എങ്ങും ചൂടും വരൾച്ചയും ഏറും.
ഇലകൾ കൊഴിയും.
ഹൃദയങ്ങൾ നീറും.
ഇതു കണക്കേ രാത്രികൾ നീളേ
ഒരുപാടിലകൾ കഥ പറഞ്ഞിരിക്കും.
നിലതെറ്റി വീണ രണ്ടിലകൾ നമ്മളും
ഓർമ്മയുടെ മണ്ണിൽ
അലിഞ്ഞുചേർന്നിടും.
പിന്നെയും വസന്തം പൂക്കും..