Image

കെഎം‍ബിയുടെ ഓർമ്മകളുമായി ആഗസ്റ്റ് 3 (ഓർമ്മ:നൈന മണ്ണഞ്ചേരി)

Published on 03 August, 2022
കെഎം‍ബിയുടെ ഓർമ്മകളുമായി ആഗസ്റ്റ് 3 (ഓർമ്മ:നൈന മണ്ണഞ്ചേരി)

പ്രശസ്ത പത്രപ്രവർത്തകനായിരുന്ന കെ.എം.ബി.എന്ന കെ.എം.ബഷീർ അകാലത്തിൽ  കടന്നു പോയിട്ട്   ആഗസ്റ്റ് മൂന്നിന് മൂന്നു വർഷമാകുന്നു..എത്ര വേഗമാണ് കാലത്തിന്റെ ചിറകിലേറി ദിവസങ്ങൾ കടന്നു പോകുന്നത്.ഇന്നലെയെന്നോണം ഓർമ്മയുണ്ട്.ആഗസ്റ്റ് നാലിന് ആലപ്പുഴ മേഖല എസ്.എസ്.എഫ് സാഹിത്യോൽസവം ഉൽഘാടനത്തിന് സംഘാടകർ ക്ഷണിച്ചിരുന്നതിനാൽ ചെറിയ തയ്യാറെടുപ്പൊക്കെ നടത്തി.പിന്നെ ഫോണിൽ വാർത്തകളൊക്കെ നോക്കുന്നതിനിടയിലാണ് രാത്രി  വൈകി ആ വാർത്ത എന്റെ മുന്നിലേക്ക്  ഒരു ഞെട്ടലായി കടന്നു വന്നത്,പ്രശസ്ത പത്ര പ്രവർത്തകൻ കെ.എം.ബഷീർ തിരുവനന്തപുരത്ത് വെച്ച് വാഹനാപകടത്തിൽ മരിച്ചു.നേരിട്ട് പരിചയമുണ്ടായിരുന്നില്ല,പക്ഷെ,എത്രയോ വർഷങ്ങളായി സിറാജ് പത്രത്തിലൂടെ ആ പേര് മനസ്സിൽ പതിച്ചിരുന്നു,പ്രത്യേകിച്ച് സവിശേഷമാ നിയമസഭാ റിപ്പൊർട്ടിംഗിലൂടെ.ഇത് എന്റെ മാത്രം അനുഭവമല്ലായിരുന്നു,അതു കൊണ്ടാണല്ലോ ആ യുവ പത്ര പ്രവർത്തകന്റെ വിയോഗത്തിൽ പലരും കണ്ണീർ വാർത്തത്.അപ്പോൾ നേരിട്ടറിയാവുന്നവരുടെ,കുടുംബത്തിന്റെ ദു:ഖം പറയേണ്ടതില്ല.

ബഷീർ വാണിയന്നൂർ എന്ന തിരൂർ പ്രാദേശിക ലേഖകനിൽ നിന്നും കേരളം അറിയപ്പെടുന്ന  കെ.എം.ബി.ആയിട്ടുള്ള  വളർച്ച, അത് അർഹിക്കുന്നതു തന്നെയായിരുന്നു.2003ൽ സിറാജുമായി തുടങ്ങിയ ബന്ധം 2019 ആഗസ്റ്റ് 3 ന് മരിക്കുന്നതു വരെ തുടർന്നു.മരണപ്പെടുന്നതും സിറാജിന്റെ കൊല്ലം പ്രമോഷൻ കൗൺസിൽ യോഗത്തിൽ പങ്കെടുത്ത് തിരിച്ചു വരുമ്പോഴാണല്ലോ?

മർക്കസ് ബോർഡിംഗ് സ്കൂളിലെ വിദ്യാർഥി ആയിരുന്നപ്പോഴേ ആ സവിശേഷമായ പത്രപ്രവർത്തന വൈദഗ്ധ്യം ബഷീറിൽ ഉണ്ടായിരുന്നു,സംഘടനയുമായും പ്രസിദ്ധീകരണങ്ങളുമായുള്ള ബന്ധവും.അല്ലെങ്കിലും സൂഫിവര്യനായ വടകര മുഹമ്മദ്ഹാജി തങ്ങളുടെ മകന് അങ്ങനെ ആകാതിരിക്കാൻ ആവില്ലല്ലോ? 13 വർഷങ്ങൾക്കപ്പുറം തിരുവനന്തപുരത്തേക്ക് കടന്നു വന്ന ആ വെളുത്തു മെലിഞ്ഞ ചെറുപ്പക്കാരനെ അപ്പോൾ ആരും ശ്രദ്ധിച്ചില്ല,എന്നാൽ കഴിഞ്ഞ വർഷം മരിച്ചപ്പോഴും സ്വതേയുള്ള ആ ചെറു പുഞ്ചിരി ചുണ്ടിൽ സൂക്ഷിച്ച് ബഷീർ കിടന്നപ്പോൾ കാണാനെത്തി കണ്ണീരോടെ മടങ്ങിയത് തലസ്ഥാനത്തെ മുഖ്യമന്ത്രിയടക്കമുള്ള രാഷ്ട്രീയ നേതൃത്വമായിരുന്നു,പത്ര പ്രവർത്തന ലോകത്തെയും സാംസ്കാരിക സാഹിത്യലോകത്തെയും ഉൾപ്പെടെ പ്രമുഖരായിരുന്നു,നേരിട്ടറിയാവുന്നവരും അല്ലാത്തവരുമായ ഒട്ടേറെ സാധാരണ ജനങ്ങളായിരുന്നു.. കുറഞ്ഞ കാലം കൊണ്ട് തലസ്ഥാനത്തിനും കേരളത്തിനും അത്രമേൽ പ്രിയപ്പെട്ടവനും പരിചിതനായിക്കഴിഞ്ഞിരുന്നു ബഷീർ.

കെ.എം.ബിയെപ്പറ്റി ‘’ആ ചെറുചിരിയിൽ..’’ എന്ന അനുസ്മരണ ഗ്രന്ഥം പ്രസിദ്ധീകരിച്ച പത്രപ്രവർത്തകനും പ്രസാധകനുമായ ഷാനവാസ് പോങ്ങനാട് അടക്കം ആ സവിശേഷ വ്യക്തിത്വം ഓർത്തെടുക്കുന്നുണ്ട്,അദ്ദേഹം ഗുരുതരമായ ഒരു അസുഖത്തിന്റെ പിടിയിലായിരുന്നപ്പോൾ ഒരനുജനെപ്പോലെ കൂടെ നിന്ന് ശുശ്രൂഷിച്ച ബഷീർ.അത് പിന്നീട് എന്തെങ്കിലും നേട്ടമുണ്ടാകുമെന്ന് കരുതിയല്ല,അതായിരുന്നു ബഷീർ.

സ്നേഹച്ചരടിനാൽ തന്നെ മാത്രമല്ല കുടുംബത്തെയും ചേർത്തു നിർത്തിയ ബഷീറിന് തനിക്ക് ഈ അക്ഷര സ്മാരകം മാത്രമേ തിരിച്ചു നൽകാനുള്ളൂ എന്ന് ഷാനവാസ് പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്,അദ്ദേഹത്തിന് നൽകിയ ഏറ്റവും വലിയ സ്മാരകം തന്നെയായി ആ ഓർമ്മക്കുറിപ്പുകൾ ഇപ്പോഴും നിൽക്കുന്നു.ഇങ്ങനെ ബഷീർ ഓരോ സുഹൃത്തുക്കൾക്കും ഓരോ അനുഭവങ്ങളാണ്.നൽകിയത്,നാടിനാകട്ടെ തന്റെ സവിശേഷമായ ഒരു പത്രപ്രവർത്തന ശൈലിയും.

ബഷീറിന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിൽ ഒരാളായ ജൻമഭൂമിയിലെ  പ്രദീപ്  അനുസ്മരിച്ചത് പോലെ പരിചയപ്പെടുന്ന ആർക്കും തന്നോടാണ്  ഏറ്റവും അടുപ്പം എന്ന് തോന്നും വിധമായിരുന്നു ബഷീറിന്റെ സമീപനം.അതു കൊണ്ട് തന്നെ 15 വയസ്സിന്റെ വ്യത്യാസമുണ്ടായിട്ടും ബഷീർ പ്രിയ സുഹൃത്തായി മാറിയത്.അടുക്കുന്നവരെയെല്ലാം സ്നേഹത്തിന്റെ മാന്ത്രിക വലയത്തിലാക്കാൻ അവന് പ്രത്യേക കഴിവുണ്ടായിരുന്നു.തന്റെ രോഗാവസ്ഥയിൽ, മകൾക്ക് ഓപ്പറേഷൻ വേണ്ടി വന്നപ്പോൾ… എല്ലാം ഒരാശ്വാസമായി കൂടെയുണ്ടായിരുന്ന ബഷീറിനെ ഹൃദയസ്പർശിയായി പ്രദീപ് ഓർത്തെടുക്കുന്നു.വീട്ടിലെത്തിയപ്പോൾ അരിപ്പത്തിരിയും ബിരിയാണിയും തന്ന്  സൽക്കരിച്ച  കൂട്ടുകാരനെ കണ്ണീരോടെയാണ് അദ്ദേഹം അനുസ്മരികുന്നത്.
കലാകൗമുദിയുടെ സീനിയർ റിപ്പോർട്ടർ  അരവിന്ദ് ശശി  അനുസ്മരിച്ചതു പോലെ ’’ജീവിതത്തിൽ ഒരിക്കലും ഓർമ്മിക്കാൻ ആഗ്രഹിക്കാത്ത ഒരു ദിവസം,ആവർത്തിക്കരുതെന്ന് ആത്മാർഥമായി ആഗ്രഹിച്ചു പോകുന്ന ആ ദു:ഖദിനം.,ഇന്നലെ വരെ ആശ്വാസമായിരുന്ന ഒരു ചിരി ഇന്ന് വേട്ടയാടുകയാണ്,രാവേറെയായിട്ടും കണ്ണുകൾ അടയ്ക്കാൻ കഴിയുന്നില്ല.അടച്ചാൽ ആ നിറഞ്ഞ ചിരി..പ്രിയപെട്ട കെ.എം.ബി.യുടെ ചിരി..എന്നും രാത്രി ചർച്ചകൾ കഴിഞ്ഞ്  പ്രസ്ക്ളബ്ബിന്റെ പടിയിറങ്ങുമ്പോൾ ചിരിച്ചു കൊണ്ട് കൈ വീശി യാത്ര പറയുന്ന കെ.എം.ബി.അവസാനമായി ആ പടിയിറങ്ങുമ്പോൾ ഒന്നും പറഞ്ഞില്ല.എങ്കിലും മുഖത്ത് ആ ചിരി മങ്ങാതെ നിന്നു’
ഇത്തവണ ബഷീറിന്റെ ഓർമ്മ ദിനം കടന്നു വരുമ്പോൾ പ്രിയപ്പെട്ടവർ മാത്രമല്ല,രാജ്യമൊന്നാകെ ബഷീറിനെ ഓർത്തു.അത്രമേൽ വിവാദം സൃഷ്ടിച്ചതായിരുന്നല്ലോ കളക്ടർ നിയമനത്തെ തുടർന്നുണ്ടായ പ്രശ്നങ്ങൾ..പത്രക്കാരും സംഘടനാ പ്രവർത്തകരും വിവിധ പാർട്ടി പ്രവർത്തകരും ഒന്നു ചേർന്ന് ബഷീറിന് നീതി ലഭിക്കാനായി രംഗത്തിറങ്ങണമെങ്കിൽ അതു മാത്രം മതിയല്ലോ കെ.എം,ബി.കേരളത്തിന് എത്രയോ പ്രിയപ്പെട്ടവനായിരുന്നുവെന്ന് തെളിയിക്കാൻ.ഏതായാലും അധികം വിവാദങ്ങളിലേക്ക് പോകാതെ കളക്ടർ നിയമനം റദ്ദാക്കിയത് നല്ല കാര്യം തന്നെ.ബഷീറിന് നീതി കിട്ടുന്നതു വരെ ഈ കൂട്ടായ്മ നില നിൽക്കട്ടെ എന്ന് നമുക്ക് ആഗ്രഹിക്കാം മൂന്നു  വർഷമാകുമ്പോഴും  മനസ്സിൽ ആ ചിരി മായാതെ നിൽക്കുന്നു, അന്തിമ നീതിയും അകാലത്തിൽ വേർപെടുത്തപ്പെട്ട ആ നിഷ്ക്കളങ്കമായ ആത്മാവിന് സ്വന്തമാകുമ്പോഴേ നമുക്കും ചിരിക്കാൻ കഴിയൂ.. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക