മഴയാത്രകള്‍ (കവിത: ജയശ്രീ രാജേഷ്)

ജയശ്രീ രാജേഷ് Published on 03 August, 2022
 മഴയാത്രകള്‍ (കവിത: ജയശ്രീ രാജേഷ്)

കാലം വകഞ്ഞുമാറ്റുന്ന
തിരശീലകള്‍ക്ക്
പിന്നില്‍ നവരസങ്ങളില്‍
 പകര്‍ന്നാടുന്നുണ്ടൊരു
പെരുമഴക്കാലം

ചിതറിത്തെറിക്കുന്ന
മഴക്കുമിളകളില്‍
കാണുന്നുണ്ടീറന്‍
മാറാത്ത
ശൃംഗാര രസം

സ്വാര്‍ത്ഥതയുടെ 
പൊരിവെയില്‍ പാടത്ത്
കരുണയുടെ സാന്ത്വനം
തീര്‍ക്കുന്നുണ്ട്
കാലം തെറ്റി പെയ്‌തൊരു
വേനല്‍ മഴ

കാലത്തിന്റെ
കണക്കു പുസ്തകത്തില്‍
കൂട്ടലും കുറയ്ക്കലുമായി
പതിവു തെറ്റാതെ
കരിമേഘ പുറമേറി
വീരനായൊരു
എഴുന്നള്ളത്തുണ്ട്

ഇരുണ്ടു കൂടിയ
മഴമേഘപ്പാളിയില്‍
ഒളിച്ചിരിക്കുന്നോരര്‍ക്കനെ വകഞ്ഞെടുക്കുന്ന 
ഹാസ്യഭാവം 

പിടികിട്ടാത്ത ചില
മനസ്സുകള്‍ പോലെ
അനിശ്ചിതത്വത്തിന്റെ
ഭയാനകരൂപം പൂണ്ട്
ഒരു പിറവിയുണ്ടിടക്ക്
ആകാശത്തിന്റ
പൊക്കിള്‍കൊടി ഭേദിച്ച് .....

പുരോഗമനത്തിന്റെ
അതിവേഗ പാതകളില്‍ 
തടയാനാകാത്ത
നാശങ്ങളുടെ
ഓര്‍മ്മപെടുത്തലിനായ്
അണപൊട്ടിയൊരു
പെയ്തിറങ്ങലുണ്ട്
രൗദ്രഭാവത്തോടെ

കുത്തിയൊഴുകി
കലങ്ങിമറിഞ്ഞു
അടിത്തട്ടില്‍
നിദ്രപൂകിയ മറവികളെ
ചിലപ്പോള്‍
ചികഞ്ഞു നോക്കുന്നുണ്ട്
ഓര്‍മ്മപെയ്ത്തു പോലെ

അടിയൊഴുക്കറിയി-
ക്കാത്ത  ചില ശാന്തമായ
പുഞ്ചിരികളെ പോല്‍
തിരകളെ തഴുകി
തുടക്കത്തിലേക്ക്
ഒരു മടക്കയാത്രയുണ്ട് ..

പ്രകൃതിയുടെ
കിളിര്‍ നാമ്പുകളെ
ഉണര്‍ത്തി,
മണ്ണിലും മനസ്സിലും
കുളിര്‍ച്ചാര്‍ത്തി
പിന്‍വിളി കേള്‍ക്കാത്ത
ഒരു യാത്ര
കടലിലേക്ക് ........

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക