Image

കാൻകുന്  അടുത്ത് ചിച്ചൻ ഇറ്റ്സ എന്ന മഹാത്ഭുതം

Published on 04 August, 2022
കാൻകുന്  അടുത്ത് ചിച്ചൻ ഇറ്റ്സ എന്ന മഹാത്ഭുതം

ഫോമാ കൺ വൻഷനു കാൻ കുനിൽ  പോകുന്നവർ ഓർക്കുക. രണ്ടര മണിക്കൂർ  അകലെ  ചിച്ചൻ ഇറ്റ്സ എന്ന മഹാത്ഭുതം ഉണ്ട്. കൺവൻഷൻ കഴിഞ്ഞു  കാൻകുനിൽ താമസിക്കുന്നവർ അവിടെ തീർച്ചയായും പോകണം. എസ് .കെ. പൊറ്റക്കാട് കാണാൻ മോഹിച്ച സ്ഥലമാണ്. പക്ഷെ ആ കാലത്ത്  അവിടെ എത്തുക എളുപ്പമല്ലായിരുന്നു.

കൺവൻഷൻ തുടങ്ങുന്നതിനു മുൻപും കൺവൻഷൻ കഴിഞ്ഞും ഫോമായുടെ ടൂർ പ്രോഗ്രാമുണ്ട്.  ചിച്ചൻ ഇറ്റ്സയും അതിൽ ഉണ്ടാവുമെന്ന് കരുതുന്നു.

മായൻ സംസ്കാരകാലത്ത് നിർമ്മിക്കപ്പെട്ട ചരിത്രനഗരമാണ് മെക്സിക്കോയിൽ സ്ഥിതിചെയ്യുന്ന ചിച്ചൻ ഇറ്റ്സ. കാൻകൂണിൽ നിന്ന് ബസിൽ ഇവിടേക്ക് എത്തിച്ചേരാൻ രണ്ടര മണിക്കൂർ മതി.

യുനെസ്കോ ലോകപൈതൃക പട്ടികയിലേക്ക് ചിച്ചൻ ഇറ്റ്സയ്ക്ക് സ്ഥാനം നൽകിയതോടെയാണ് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള സഞ്ചാരികൾ ഇവിടേക്ക് ഒഴുകിയെത്താൻ തുടങ്ങിയത്. 2007 മുതൽ പ്രഖ്യാപിക്കപ്പെട്ട പുതിയ ഏഴ് ലോകാത്ഭുതങ്ങളിൽ ഒന്നാണിത്. 2017 ൽ 2.6  മില്യൺ സഞ്ചാരികളാണ് ചിച്ചൻ ഇറ്റ്സ സന്ദർശിച്ചത്.

ഒരുകാലത്ത് ലോകത്തെ അതിശയിപ്പിച്ച ജനതയായിരുന്നു മായന്മാർ. കൃഷിയായിരുന്നു ഇവരുടെ പ്രധാന ഉപജീവനമാർഗ്ഗം. പുരോഗതി ആർജ്ജിച്ചിരുന്നെങ്കിൽ തന്നെ കടുത്ത അന്ധവിശ്വാസങ്ങളും മായന്മാർക്കുണ്ടായിരുന്നു.

സ്വന്തമായി ഭാഷയും കലണ്ടറും ഉണ്ടായിരുന്ന ഇക്കൂട്ടർ ജ്യോതിശാസ്ത്രത്തിലും  ചിത്രരചനയിലും അഗാധമായ അറിവുള്ളവരായിരുന്നു. കെട്ടിടനിർമ്മാണത്തിലും അഗ്രഗണ്യർ! മായൻ വംശജർ കൈവയ്ക്കാത്ത മേഖലകൾ ഉണ്ടായിരുന്നില്ല. വടക്കൻ മെക്സിക്കോ മുതൽ തെക്ക്-മദ്ധ്യ അമേരിക്ക വരെ പടർന്നുകിടന്നിരുന്ന പ്രദേശങ്ങളിലെല്ലാം മായൻ സാന്നിധ്യം ഉണ്ടായിരുന്നു. തലയെടുപ്പോടെ നിന്നിരുന്ന മായന്മാരുടെ പതനം  പത്താം നൂറ്റാണ്ടോടെയാണെന്നു  ചരിത്രം പറയുന്നു. അതിന്റെ കാരണം ഇന്നും നിഗൂഢമായി തുടരുന്നു.

മായൻ ജനത കെട്ടിപ്പടുത്ത നിർമ്മിതികളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് എ ഡി 900 ൽ നിർമ്മിക്കപ്പെട്ട ചിച്ചൻ ഇറ്റ്സ. ആചാരാനുഷ്ഠാനങ്ങളിൽ മറ്റ് നഗരങ്ങളിൽ നിന്ന് ഇവിടത്തെ രീതികൾ വ്യത്യസ്തമായിരുന്നു. വനനിബിഢമായ പ്രദേശമായിട്ടുപോലും  മുപ്പതോളം കെട്ടിടങ്ങളും ക്ഷേത്രങ്ങളുമാണ് ഇവിടെ പണികഴിപ്പിച്ചിട്ടുള്ളത്. അതിൽ തന്നെ മഹാത്ഭുതമായി വിശേഷിപ്പിക്കാവുന്നതാണ് ചിത്രത്തിൽ കാണുന്ന  പിരമിഡ്. മധ്യഭാഗത്തായി മെക്‌സോ-അമേരിക്കൻ ശൈലിയിൽ രൂപകൽപന ചെയ്ത പിരമിഡ് ' ടെമ്പിൾ ഓഫ് കൊക്കുൾ ഖാൻ' എന്നാണ് അറിയപ്പെടുന്നത്.

ഇതിന്റെ മുകളിലായാണ് കുക്കുൾകാൻ ദേവന്റെ ആരാധനാലയം. കുക്കുൾകാൻ ദേവൻ സൂര്യദേവനാണെന്നും ആകാശദേവനാണെന്നും രണ്ടുപക്ഷമുണ്ട്. തൂവലുകളുള്ള സർപ്പരൂപമാണ് ദേവന്റേത്. ദേവനെ പ്രീതിപ്പെടുത്തിയാൽ, അനുഗ്രഹാശിസ്സുകൾ നൽകാൻ അദ്ദേഹം പ്രത്യക്ഷനാകുമെന്നായിരുന്നു മായന്മാരുടെ വിശാസം.

 55.3 മീറ്റർ വീതിയുള്ള പിരമിഡിന്റെ ഉയരം 24 മീറ്ററും അതിന് മുകളിലെ ദേവാലയത്തിന്റെ ഉയരം ആറു മീറ്ററുമാണ്. പിരമിഡിന്റെ താഴേക്ക് പതിയുന്ന വശങ്ങളിൽ സർപ്പരൂപങ്ങൾ കൊത്തിവച്ചതായും കാണാം.

മുകളിലേക്ക് കയറാൻ എല്ലാ വശങ്ങളിൽ നിന്നും 91 പടികളുണ്ട്. ആകെ 365 പടികളുണ്ട്. മായൻ കലണ്ടർ പ്രകാരം ഒരു വർഷം 365 ദിവസങ്ങളാണുള്ളത് എന്നത് പ്രതീകാത്മകമായി ചെയ്തതാണ് പടികളുടെ എണ്ണമെന്നാണ് ഗവേഷകർ പറയുന്നത്. ആയിരക്കണക്കിന് ചുണ്ണാമ്പ് കല്ലുകൾ ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. അക്കാലഘട്ടത്തിലെ ഏറ്റവും മോഡേൺ നിർമ്മിതിയെന്ന് നിസ്സംശയം പറയാം.

ഈ പിരമിഡിന്റെ ഉൾവശത്ത് മറ്റൊരു പിരമിഡും സ്ഥിതി ചെയ്യുന്നുണ്ട്. ഉള്ളിൽ രണ്ട് അറകളാണുള്ളത്. പ്രധാന അറയുടെ ഉള്ളിൽ കടുവയെപ്പോലെ ഒരു രൂപം കാണാം. രണ്ടാമത്തെ അറയിൽ ചാക്മോ എന്ന് പേരുള്ള ശില്പമാണുള്ളത്. വടക്കുഭാഗത്ത് ശുക്രഗ്രഹത്തിനായി പ്രത്യേക സ്ഥാനം നൽകിയിട്ടുമുണ്ട്.

ശബ്ദവ്യത്യാസങ്ങൾ കൊണ്ടും ഈ പിരമിഡ് അതിശയിപ്പിക്കും. ഇതിന് മുകളിൽ നിന്ന് കൈകൊട്ടിയാൽ 9 തവണ അതിന്റെ എക്കോ കേൾക്കാം. മുൻപിൽ നിന്ന് കൈകൊട്ടിയാൽ, സർപ്പം ചീറ്റുന്നതിന് സമാനമായ ശബ്ദവും കേൾക്കാൻ കഴിയും.

കെട്ടിടങ്ങൾ പൊളിച്ചുകളയുന്ന പതിവ് മായന്മാർക്കുണ്ടായിരുന്നില്ല. കേടുപാടുകൾ സംഭവിച്ചാൽ അതിനുമുകളിൽ തന്നെ പണിയുന്നതായിരുന്നു അവരുടെ രീതി. ഈ പ്രദേശം ആദ്യമായി കണ്ടെത്തിയത് എഡി 514 ൽ ലാക്കിൻ ചാൻ ആയിരുന്നു.

മദ്ധ്യ അമേരിക്കയിൽ  നിന്ന് ലഭിച്ച രണ്ട് തലയോട്ടികൾ, മായന്മാരെക്കുറിച്ചുള്ള മറ്റു ചില വസ്തുതകൾ ഗവേഷകർക്ക് മുൻപിൽ അനാവരണം ചെയ്തു. മനുഷ്യമാംസം വലിച്ചുപറിച്ച് കളഞ്ഞ്, അതിൽ ചായം പൂശുന്ന പ്രവണത അവർക്കുണ്ടായിരുന്നെന്നാണ് പഠനങ്ങളിലൂടെ കണ്ടെത്താൻ കഴിഞ്ഞത്. യുദ്ധത്തിൽ ജയിക്കുമ്പോൾ എതിരാളിയുടെ തല അറുക്കുന്ന ക്രൂരമായ ആചാരം അവർക്കിടയിൽ നിലനിന്നിരുന്നു.

 മായൻ നഗരങ്ങളിൽ നിന്ന് കണ്ടെത്തിയ പാറകളിലും പാത്രങ്ങളിലുമെല്ലാം തലയോട്ടിയണിഞ്ഞ യുദ്ധവീരന്മാരുടെ ചിത്രങ്ങൾ കാണാം. മായന്മാരുടെ നാശത്തിന് കാരണമായതും അവർക്കിടയിൽ ഉടലെടുത്ത അധികാരമോഹവും ഭിന്നിപ്പുമാകാം.

(ചിത്രം  ഐ.ഓ.സി. നേതാവ് ജോർജ്  എബ്രഹാമും ഭാര്യ ലോന എബ്രഹാമും 2017-ൽ ചിച്ചൻ  ഇറ്റ്സ സന്ദർശിച്ചപ്പോൾ) 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക