സച്ചിന്‍ (നോവല്‍- ലക്കം:2: വേണു ജി. നായര്‍)

Published on 04 August, 2022
സച്ചിന്‍ (നോവല്‍- ലക്കം:2: വേണു ജി. നായര്‍)

(കഥ ഇതുവരെ : അനാഥനായ സച്ചിൻ എന്ന ചെറുപ്പക്കാരൻ  ഒരു ചെറിയ ആക്സിഡെന്റിലൂടെ ലൂമിനസ് ഓട്ടോസ് എന്ന പ്രസിദ്ധ കമ്പനിയുടെ എം ഡി യുടെ ക്ഷണപ്രകാരം അദ്ദേഹത്തിന്റെ ബംഗ്ളാവിൽ എത്തുന്നു. അവിടെ വെച്ച്  സച്ചിന്റെ നിർബന്ധത്താൽ  തന്റെ  ദാരുണമായ ഇന്നത്തെ അവസ്ഥ പറയാൻ തയ്യാറാവുന്നു. ശേഷം വായിക്കുക)
 

 
അയാൾ കഥ പറയാൻ തുടങ്ങി. ഇതുവരെ ആരോടും പറയാനാവാതെ മനസ്സിൽ കിടന്നു വിങ്ങിയ ആ കഥ:

 "എന്റെ അച്ഛൻ മാധവ് ശർമ്മ മുപ്പതു വർഷം കൊണ്ട് നേടിയ സ്വപ്ന സാക്ഷാൽക്കാരമാണ് എന്റെ പിടിപ്പു കേടു കൊണ്ട് പ്രതിസന്ധിയിലായത്.

ഒറ്റ മകനായത്‌ കൊണ്ട് ഞാൻ കൂടുതൽ ലാളനയോടെ വളർന്നു. ഒരിക്കലും അച്ഛൻ എന്നെ വഴക്ക് പറഞ്ഞിട്ടില്ല. എന്റെ ഡിഗ്രി പഠനം കഴിഞ്ഞപ്പോൾ ഞാനും അച്ഛനോടൊപ്പം വരണം എന്ന് അച്ഛന് വളരെയധികം ആശ ഉണ്ടായിരുന്നു.

പക്ഷെ എന്റെ ടെയിസ്റ്റ് വേറെ പലതും ആയിരുന്നു. ബോട്ട് റേസിംഗ്, ഹോർസ് റേസിംഗ്, കാർ റാലി. പണത്തിന്റെ ബുദ്ധിമുട്ട് ഒരിക്കലും അറിയാത്തത് കൊണ്ട് ഞാൻ അങ്ങനെ ഉല്ലസിച്ചു നടന്നു.

ഓഫീസ് സംബന്ധമായ ഒന്നും എനിക്കറിയില്ലായിരുന്നു. അച്ഛൻ ഉള്ളടത്തോളം അതിന്റെ ആവശ്യകത ഞാൻ അറിഞ്ഞില്ല. പോരാത്തതിന് അമ്മയുടെ സപ്പോർട്ട് എപ്പോഴും ഉണ്ടായിരുന്നു. ഒരു കല്യാണം കഴിപ്പിച്ചാൽ ഞാൻ കുറച്ചു ഉത്തരവാദിത്വ മുള്ളവനാകും എന്ന് കരുതിയാണ് എന്നെ കല്യാണം കഴിപ്പിച്ചത്.

പക്ഷെ എന്റേതായ സ്വഭാവങ്ങൾ ഒന്നും മാറ്റാൻ എനിക്കായില്ല. രണ്ടു മക്കളും കൂടി ആയപ്പോൾ അവരുടെ ഉത്തരവാദിത്വം കൂടി അമ്മയ്ക്കും അച്ഛനും ആയി. പക്ഷെ മൂന്നു വർഷം മുൻപ് അമ്മ മരിച്ചു പോയതോടെ അച്ഛൻ വല്ലാതെ ഒറ്റപ്പെട്ട പോലെയായി.

എന്നെ സംബന്ധിച്ചിടത്തോളം അതൊരു വലിയ ആഘാതമായിരുന്നു. ഞാൻ അച്ഛനോടൊപ്പം ഓഫീസിൽ പോകാൻ തയ്യാറായി. പക്ഷെ അപ്പോഴേക്കും അച്ഛൻ വല്ലാതെ അവശനായിരുന്നു.

അന്ന് അച്ഛൻതന്നെ ചെറിയ ക്ളാർക്ക് പോസ്റ്റിൽ നിന്നും ഉയർത്തിക്കൊണ്ട് വന്ന പഞ്ചാബിയായ ചേതൻ ബജാജ്, അക്കൌണ്ട്സ് മാനേജർ ആയിരുന്നു അച്ഛന്റെ വലംകൈ.

ഞാൻ ചേതൻ ബജാജിനെ അങ്കിൾ എന്നാണ് വിളിക്കുന്നത്‌. എന്നേക്കാൾ പത്തു പതിനഞ്ചു വയസ്സ് മൂപ്പുണ്ട്. രണ്ടു വർഷം മുൻപ് അച്ഛൻ മരിക്കുമ്പോൾ പല നടത്തിപ്പ് അധികാരങ്ങളും അച്ഛന് വിശ്വാസമുള്ളതുകൊണ്ട് അദ്ദേഹത്തെ എല്പ്പിച്ചിരുന്നു. അതാണ്‌ വിനയായത്”.

"ഇത് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി അല്ലേ ? ആരൊക്കെയാ ഇതിന്റെ ഡയറക്റ്റേഴ്സ് ?? " മിണ്ടാതെ കഥ കേട്ടുകൊണ്ടിരുന്ന സച്ചിൻ ഇടയ്ക്ക് ചോദിച്ചു.

"അച്ഛൻ മരിക്കും മുന്നേ തന്നെ എന്നെ മാനേജിംഗ് ഡയറക്ടർ ആക്കിയിരുന്നു.  ഇവൾ, ലക്ഷ്മി ശർമ്മ മറ്റൊരു ഡയറക്ടർ, പിന്നെ രണ്ടു പേർ അച്ഛന്റെ കൂട്ടുകാരാണ്. അവരൊക്കെ സൈലന്റ് ഡയറക്ടേഴ്സ്  ആണ്.  പ്രശ്നം എന്താണെന്ന് വെച്ചാൽ കമ്പനിയുടെ പേരില് ചില ലോണുകൾ ഉണ്ടായിരുന്നു. അതൊക്കെ അനായാസേന അടച്ചു തീർക്കാൻ പറ്റുന്നതായിരുന്നു.

അച്ഛൻ മരിച്ചതോടെ ഞാൻ രണ്ടു മാസത്തോളം ഒന്നും ചെയ്യുന്നില്ലായിരുന്നു. എനിക്കൊന്നും അറിയില്ലായിരുന്നു എന്നതായിരുന്നു വസ്തുത !!. വെറുതെ ഓഫീസിൽ പോയി ഇരിക്കും. അങ്കിൾ പറയുന്ന പോലെ ചെയ്തിട്ട് വരും. അങ്കിൾ പറയുന്നിടത്തൊക്കെ ഒപ്പിടും. പണത്തിന്റെ ട്രാൻസാക്ഷൻ മുഴുവൻ അങ്കിളിന്റെ കയ്യിലായി. കമ്പനിയുടെ അക്കൌണ്ടിൽ നിന്നും പണം എടുക്കണമെങ്കിൽ ഞങ്ങൾ രണ്ടു ഡയറക്റ്റർമാരിൽ ഒരാളുടെ ഒപ്പ് വേണം, കൂടെ അങ്കിളിന്റെയും.

അത് അദ്ദേഹം ശരിക്കും മുതലാക്കി. ഇടക്കൊക്കെ ചെക്കുകൾ സൈൻ ചെയ്യിക്കും. എന്തിനാണ് ഏതിനാണ് എന്നൊന്നും പറയില്ല. അക്കൌണ്ട്സ് എന്നെ കാണിക്കാൻ ഞാൻ പലപ്പോഴും പറയും. അതൊക്കെ ഞാൻ ഭംഗിയായിട്ട് ചെയ്യുന്നുണ്ട് എന്നാവും അപ്പോൾ മറുപടി.

പക്ഷെ ഈയിടെ ചില ബാങ്കുകളിൽ നിന്നൊക്കെ ലോണിന്റെ നോട്ടീസുകൾ വരാൻ തുടങ്ങി. എല്ലാം എം ഡി യുടെ പേരിലാണ് വരുന്നത്. അങ്കിളിനോട് പറഞ്ഞാൽ കൈ മലർത്തും. നോക്കാം ഇപ്പോൾ കമ്പനി ആകെ ഡൌണ്‍ ആണ് എന്ന് പറയും. പത്തു നൂറു ജോലിക്കാരുള്ള കമ്പനിയിലെ മുഴുവൻ ആളുകളും അദ്ദേഹത്തിന്റെ പിടിയിലാണ്.

ഞാൻ ഇപ്പോൾ പേരിനൊരു എം ഡി. അദ്ദേഹത്തിന്റെ അടുത്തെത്തിയാൽ പറയാൻ വിചാരിച്ചത് പോലും ഞാൻ മറന്നു പോകും. അത്രയും വലിയ ആജ്ഞാ രീതിയിലാണ് ഇപ്പോൾ സംസാരം. എന്തെങ്കിലും ചോദിച്ചാൽ എന്നാൽ നീ തന്നെ നടത്തിക്കോ ഞാൻ ഇട്ടിട്ടങ്ങ് പോവും എന്ന് പറയും. എന്ത് ചെയ്യണം, എങ്ങനെ ഇതെല്ലാം നേരെയാക്കിക്കൊണ്ട് വരണം എന്നൊന്നും എനിക്കറിയില്ല.

"ശർമ്മാജി വല്ലാത്തൊരു കുരുക്കിലാണ് ഇപ്പോൾ അല്ലെ ? " സച്ചിൻ ചോദിച്ചു.

കഥകൾ കേട്ട് കണ്ണീർ വാർക്കുന്ന ലക്ഷി ശർമ്മയും മക്കളും അപ്പുറത്ത്. സച്ചിന് വല്ലാത്ത കഷ്ടം തോന്നി. ജീവൻ പണയം വെച്ചും അവരെ ഈ പരിത:സ്ഥിതിയിൽ സഹായിക്കണം എന്ന് അവനു തോന്നി.  ഒരു കച്ചിത്തുരുമ്പിനെന്ന പോലെ ലക്ഷ്മി ശർമ്മ അവനെ നോക്കി.

"സച്ചിൻ എന്റെ ഒരു അനിയനെന്നപ്പോലെ കരുതി പറയാ. എന്തെങ്കിലും ഒരു പോം വഴി ഉണ്ടോ ? ശർമ്മാജിയുടെ ഈ പ്രയാസങ്ങൾ കാണാൻ വയ്യ. " അവരുടെ കണ്ണുകൾ തൂവിക്കൊണ്ടേ ഇരുന്നു.

"ദീദീ (ചേച്ചീ ) ...ഞാൻ അങ്ങനെ വിളിച്ചോട്ടെ. എന്നെ അനിയൻ എന്ന് പറഞ്ഞില്ലേ. അനിയൻ എന്ന നിലയ്ക്ക് തന്നെ പറയാ. ഞാനുണ്ട് നിങ്ങളുടെ കൂടെ. " 

അവർ കണ്ണുകൾ ഉയർത്തി അവനെ നോക്കി. പക്ഷെ ദേവൻ ശർമ്മയുടെ തളർത്തുന്ന മറുപടി ആയിരുന്നു:

"ആർക്കും ഞങ്ങളെ രക്ഷപ്പെടുത്താനാവില്ല സച്ചിൻ.   കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ വീട്ടു ചിലവിനുപോലും പൈസ ഉണ്ടാവില്ല."

സങ്കടം തിക്ക് മുട്ടി അയാളുടെ ശ്വാസം തടസ്സപ്പെട്ടു. കണ്ണീരിലും അയാൾ വികൃതമായി പുഞ്ചിരിച്ചു.

"ഒരു ദിവസം ഒരു കൂട്ട അത്മഹത്യ പത്രത്തിൽ വായിക്കാം. "

" ശർമ്മാജീ...!!!"  ഒരു ഞെട്ടലോടെ സച്ചിൻ എണീറ്റു...

"അങ്ങനെയൊന്നും ചിന്തിച്ചു പോവരുത്. ഈ അനിയൻ കൂടെ ഉണ്ട്. എന്തെങ്കിലുമൊക്കെ പോം വഴികൾ ഉണ്ടാവും."

"എന്ത് പോം വഴി...?" ദേവൻ ശർമ്മ നിസ്സാര മട്ടിൽ ചോദിച്ചു.

"ഭയ്യാ (ചേട്ടാ ) നിങ്ങളോടുള്ള അടുപ്പം കൊണ്ട് വിളിച്ചു പോയതാ..ദേവൻ ഭയ്യാ ...എനിക്കൊരു ആശയം തോന്നുന്നു. നാളെ മുതൽ ഞാനും നിങ്ങളുടെ കൂടെ ഓഫീസിൽ വരാം. ഒരു കാര്യം മാത്രം ചെയ്‌താൽ മതി. കമ്പനിയുടെ ലെറ്റർ പാഡ്‌ ഇവിടെ ഉണ്ടോ..? ഉണ്ടെങ്കിൽ ഒരാഴ്ച മുന്നത്തെ തിയ്യതിയിൽ താങ്കൾ എന്നെ സെക്രട്ടറി ആയി നിയമിച്ചുകൊണ്ടുള്ള ഒരു ഓർഡർ ഉണ്ടാക്കണം."

"എന്നിട്ട് ...?" ആകാംഷയോടെ ലക്ഷ്മി ശർമ്മ ചോദിച്ചു..

"അതിൽ എം ഡി സൈൻ ചെയ്യണം. എന്നിട്ട് ഒരു കോപ്പി എനിക്ക് വേണം. ബാക്കി എനിക്ക് വിട്ടേക്കൂ...ഞാനൊന്നു നോക്കട്ടെ. എനിക്കതിനു കഴിയും എന്ന് എന്റെ മനസ്സ് പറയുന്നു. ഞാനും കുറേക്കാലം പല കമ്പനികളിലും ജോലി ചെയ്തതതാ.

ഭയ്യാ ആറെ... ആറു മാസത്തിനുള്ളിൽ.... ഞാൻ നിങ്ങൾക്ക്  വാക്ക് തരുന്നു. ഈ കുടുംബത്തോട് സ്നേഹമുള്ള ഒരു അനിയന്റെ വാക്കായി എടുക്കണം. ഞാൻ ഇതിനു ശരിയായ ഒരു പരിഹാരം ഉണ്ടാക്കിയിരിക്കും. "

ലക്ഷ്മി ശർമ്മക്കും എന്തോ അവന്റെ വാക്കുകളിൽ വല്ലാത്തൊരു ആത്മ ധൈര്യം തോന്നി. ചെറിയ ഒരു വെളിച്ചം അവരുടെ കണ്ണിലും മുഖത്തും പ്രകടമായി.

"എനിക്ക് വിശ്വാസമാണ് സച്ചിൻ. ശർമ്മാജി, ഒന്ന് ശ്രമിച്ചു നോക്കൂ. ഏതായാലും മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലല്ലേ. ഒരു കച്ചിത്തുരുമ്പ് ...അല്ലെ.? "

"അതെ ദീദീ ...നമ്മൾ ശ്രമിച്ചു കൊണ്ടേ ഇരിക്കണം. തോറ്റു കൊടുക്കുകയല്ല വേണ്ടത്. ഭയ്യ എന്ത് പറയുന്നു ? "

ദേവൻ ശർമ്മ അപ്പോഴും വലിയ ആലോചനയിലായിരുന്നു.

"ഇതൊക്കെ നടക്കുമോ മോനെ...? അയാളെപ്പറ്റി നിനക്കറിയാഞ്ഞിട്ടാ...വലിയൊരു താപ്പാനയാ അയാൾ !! "

"പക്ഷെ നമ്മളും ചില്ലറയല്ലെന്നു നമുക്ക് തെളിയിക്കണം ഭയ്യാ. അതിനു ആദ്യം വേണ്ടത് ഈ നിരാശാബോധം കളയുകയാണ്. എനിക്കതിനു കഴിയും, എനിക്കത് നേടി എടുക്കണം എന്നാവണം എപ്പോഴും ചിന്ത. മനസ്സിനെ നമ്മൾ തന്നെ ധൈര്യപ്പെടുത്തണം. ഭയ്യതന്നെ തളർന്നു പോയാൽ പിന്നെ ഇവർക്ക് ആരുണ്ട്‌. ...? " സച്ചിൻ ദേവൻ ശർമ്മയുടെ മുഖത്തേക്ക് നോക്കി.

"ഈ  പറഞ്ഞതൊക്കെ  നടക്കുമോ മോനെ ?    നിനക്ക്   അവരെയൊക്കെ അതിജീവിക്കാനാകുമോ ?? ഞങ്ങളെ ഈ കരകാണാക്കടലിൽ നിന്ന് കര കയറ്റാനാകുമോ നിനക്ക് ??? " 

"തീർച്ചയായും !   എനിക്കുറപ്പുണ്ട്. നാളെയോ മറ്റെന്നാളോ ചിലപ്പോൾ പറ്റിയില്ലാ എന്ന് വരും. നമ്മൾ കൂട്ടായി ശ്രമിച്ചുകൊണ്ടേ ഇരിക്കണം. ഞാനുണ്ട് മുന്നിൽ എല്ലാത്തിനും. എനിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല. പറയൂ ഭയ്യാ തയ്യാറാണോ ? "

അവൻ എണീറ്റ്‌ ചെന്ന് ദേവൻ ശർമ്മയുടെ തോളിൽ കയ്യിട്ടു.

"സ്വന്തം അനിയനാണ് പറയുന്നത് എന്ന് കരുതൂ...ഇത്തരത്തിൽ നിങ്ങളെ ഉപേക്ഷിച്ചു പോവാൻ എനിക്കാവില്ല. നമുക്ക് പൊരുതാം ...അവസാന ശ്വാസം വരെ. എനിക്കുറപ്പുണ്ട്. എന്നോടൊപ്പം നിങ്ങളെല്ലാം ഉണ്ടെങ്കിൽ പറഞ്ഞ സമയത്തിനുള്ളിൽ ഞാൻ ശരിയാക്കാം എല്ലാം. ഈ സച്ചിൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ, അത് നടന്നിരിക്കും. "

അവൻ ഉറപ്പായി പറഞ്ഞപ്പോൾ ദേവൻ ശർമ്മ ഭാര്യയെ നോക്കി. ലക്ഷ്മി ശർമ്മ പറഞ്ഞു:

"സത്യത്തിൽ ഇങ്ങനെ ഒന്ന് പറയാൻ പോലും ഞങ്ങൾക്കാരും ഇല്ലായിരുന്നു.  ബന്ധുക്കൾ പോലും. ആരും അന്വേഷിക്കാതായി. ഞാനും അത് തന്നെയാ പറയുന്നത് തോറ്റു കൊടുക്കരുത്. സച്ചിന്റെ വാക്കുകളിൽ എനിക്ക് വിശ്വാസം ഉണ്ട്. "

അവസാനം ദേവൻ ശർമ്മ തയ്യാറായി. അലമാരയിൽ സൂക്ഷിച്ചു വെച്ച ലെറ്റർ പാഡ്‌, ലാപ്‌ ടോപ്‌, പ്രിൻറർ എല്ലാം കൊണ്ട് വന്നു. എങ്ങനെ വേണം ആ രീതിയിൽ ഒരു അപ്പോയിന്റ് മെന്റ് ലെറ്റർ ഉണ്ടാക്കിക്കൊള്ളാൻ സച്ചിനോട് പറഞ്ഞു.

സച്ചിൻ പത്തു മിനിട്ട് കൊണ്ട് രണ്ടു പേജ് അടങ്ങുന്ന ഒരു അപ്പോയിന്റ്മെന്റ് ഓർഡർ പഴയ തീയ്യതിയിൽ ഉണ്ടാക്കി. രണ്ടു മൂന്നു പ്രിന്റ്‌ എടുത്തു കൊടുത്തു. എല്ലാം വായിച്ചു നോക്കി. സംതൃപ്തിയോടെ ദേവൻ ശർമ്മ ഒപ്പ് വെച്ചു.

"ഒരു കോപ്പി എനിക്ക്. അത് ഞാൻ എന്റെ ബ്രീഫ് കേസിൽ സൂക്ഷിക്കാം. ഒന്ന് നാളെ ചെന്ന് ഓഫീസിൽ ഫയൽ ചെയ്യണം. "

"അതൊക്കെ എങ്ങനെ നടക്കും ? "

"അതൊക്കെ എനിക്ക് വിട്ടേക്ക്...ഫയൽ ചെയ്യുന്ന ആളെ എനിക്ക് കാട്ടിത്തന്നാൽ മതി. ബാക്കി ഞാൻ ചെയ്തോളാം. പിന്നെ ഒന്ന് ഇവിടെ അലമാരയിൽ തന്നെ ഇരിക്കട്ടെ. ചിലപ്പോൾ പിന്നീട് ആവശ്യം വന്നാലോ."

"നീ എന്തൊക്കെയോ പറയുന്നു ചെയ്യുന്നു എന്നല്ലാതെ ഞാനിപ്പോഴും ഒരു സ്വപ്ന ലോകത്താണ്. എല്ലാം ശരിയാകുമായിരിക്കും അല്ലെ സച്ചിൻ ??"

" തീർച്ചയായും. ഞാനല്ലേ പറയുന്നത്. ഇന്ന് ദേവൻ ഭയ്യ ടെൻഷൻ ഒക്കെ മറന്ന് സുഖമായി ഉറങ്ങണം. ഒരു കാവൽ ഭടനെപ്പോലെ ഞാൻ ഇല്ലേ കൂടെ..??"

മനസ്സിൽ ധൈര്യത്തിന്റെ ഒരു കണിക വന്നത് പോലെ ദേവൻ ശർമ്മക്ക് തോന്നി.

" അതേ,  തനിക്ക് ജയിക്കണം....!!"

മനസ്സിലിരുന്നു ആരോ പറയുന്നു. ആ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.

"ദീദി,  കണ്ടോ ഭയ്യ പുഞ്ചിരിച്ചു. ഇനി ഭക്ഷണം എന്താണ് ഉള്ളതെന്ന് വെച്ചാൽ എടുത്തേ. എനിക്ക് ഭയങ്കര വിശപ്പ്‌. നിങ്ങൾക്കും വിശക്കുന്നുണ്ടാകും "

എത്രയോ കാലത്തെ പരിചയം പോലെ സച്ചിൻ പറഞ്ഞപ്പോൾ  ലഷ്മി ശർമ്മ പുഞ്ചിരിച്ചു.

"മോനെ നിനക്ക് ഞങ്ങളുടെ ഭക്ഷണം ഒക്കെ ഇഷ്ടപ്പെടുമോ. ...?" ശങ്കിച്ച് അവർ ചോദിച്ചു..

"അതെന്താ ദീദീ ...അങ്ങനെ ചോദിച്ചേ. ഞാനെന്താ ഇത്ര വല്യേ വി ഐ പി ആണോ ? എന്തായാലും ഇന്ന് എല്ലാവരും കൂടി ഇരുന്ന് സന്തോഷമായി വേണം ഭക്ഷണം കഴിക്കാൻ. "

വലിയ വീട് ആണെങ്കിലും വിഭവങ്ങൾ കാര്യമായി ഒന്നും ഉണ്ടായിരുന്നില്ല, ചപ്പാത്തിയും സാഗും (കടുകിന്റെ ഇല കൊണ്ടുണ്ടാക്കിയ കറി) പിന്നെ അച്ചാർ, സലാഡ് ഇത്ര മാത്രം. അതാണ്‌ ലക്ഷ്മി ശർമ്മക്ക് പോരായ്മ തോന്നിയത്.

പക്ഷെ സച്ചിൻ അവരോടൊപ്പം അടുക്കളയിൽ ചെന്ന് ഓരോന്നും എടുത്തു കൊണ്ട് വരാനും എല്ലാവർക്കും വിളമ്പാനും എല്ലാം മുന്നിൽത്തന്നെ നിന്നു.

എത്രയോ കാലം തങ്ങളോടൊപ്പം കഴിഞ്ഞ ഒരാള് എന്ന പോലെയാണ് സച്ചിന്റെ പെരുമാറ്റം. ആ വീട്ടിൽ സന്തോഷത്തിന്റെ ഒരു ചെറു തിരി നാളം തെളിഞ്ഞു.

ഇടയ്ക്ക് സച്ചിൻ പല തമാശകളും പൊട്ടിക്കുന്നുണ്ടായിരുന്നു. അവരെ ചിരിപ്പിക്കാൻ. ഭക്ഷണം കഴിച്ചു കഴിഞ്ഞത് അവർ അറിഞ്ഞില്ല.

എത്രയോ ദിവസം കൊണ്ട് ഇന്നാണ് മനസമാധാനത്തോടെ ഭക്ഷണം കഴിക്കുന്നതെന്ന്  ദേവൻ ശർമ്മ ഓർത്തു.  മനസ്സിൽ നിന്നും എന്തൊക്കെയോ ഭാരം ഒഴിഞ്ഞ പോലെ അയാളൊന്നു നിശ്വസിച്ചു.

അന്ന് എല്ലാവരും സമാധാനത്തോടെ ഉറങ്ങി, സച്ചിൻ ഒഴികെ. അവന്റെ മനസ്സിൽ പല പദ്ധതികളും ഉരുണ്ടു കൂടുകയായിരുന്നു. പലതും പല പ്രാവശ്യം ചിന്തിച്ചു. മറിച്ചും തിരിച്ചും ആലോചിച്ചു. തിരിച്ചടി ഉണ്ടാകും.  മറു മരുന്ന് കണ്ടു വയ്ക്കണം. അവരോടു സമാധാനത്തിനായി എല്ലാം ഏറ്റു. തനിക്കതിനു കഴിയുമോ...? കഴിയണം ...കഴിഞ്ഞേ പറ്റൂ...

പറഞ്ഞു കേട്ടിടത്തോളം ഈ ചേതൻ ബജാജ് ഒരു ഭയങ്കരൻ ആണ്. എങ്ങനെ അയാളെ നിലയ്ക്ക് നിർത്തും ? പിന്നെ അവൻ സമാധാനിച്ചു. എല്ലാം ദൈവത്തിന്റെ കയ്യിലല്ലേ ? ഒരു വഴി കാണിച്ചു തരാതിരിക്കില്ല. രാത്രിയുടെ അന്ത്യയാമങ്ങളിൽ എപ്പോഴോ ഒന്ന് മയങ്ങി. രാവിലെ നാല് മണിക്ക് തന്നെ സച്ചിൻ ഉണർന്നു.

കിടക്കയിൽ ഇരുന്നു കൊണ്ട് തന്നെ സാധാരണ ദൈവത്തോട് നടത്താറുള്ള ഒരു പ്രാർത്ഥന. കണ്ണടച്ച്: 

"ഇന്നത്തെ ദിവസം എല്ലാം നല്ലതായിരിക്കണേ " 

പിന്നെ എണീറ്റ് നോക്കുമ്പോൾ ലക്ഷ്മി ശർമ്മ അതിനു മുന്നേ എണീറ്റ്‌ വന്നിരിക്കുന്നു. കുളിച്ചു വന്ന് അവർ പ്രാർത്ഥനാ മുറി വൃത്തിയാക്കുകയായിരുന്നു.

സച്ചിനും വേഗം കുളിച്ചെത്തി. അപ്പോഴേക്കും മക്കൾ കൈലാഷിനെയും റീനു മോളെയും വിളിച്ചു കൊണ്ട് വന്നിരുന്നു ലക്ഷ്മി ശർമ്മ. അന്ന് സച്ചിനെക്കൊണ്ടാണ് വിളക്ക് കത്തിപ്പിച്ചത്. കത്തിച്ചു വെച്ച ചന്ദനത്തിരിയുടെ ഗന്ധം അവിടെയാകെ പടർന്നു. അപ്പോഴേക്കും ദേവൻ ശർമ്മയും കുളിച്ചെത്തി.

അന്ന് അവർ കൂട്ടായി ഒന്നിച്ചു പ്രാർഥനകൾ ഉരുവിട്ടു. താലത്തിൽ കർപ്പൂരം ഇട്ടു കത്തിച്ചു ആരതി കഴിഞ്ഞു, ലക്ഷ്മി ശർമ്മ നേരത്തെ അതിൽ കരുതി വെച്ചിരുന്ന ചുവന്ന ചരട് എടുത്തു ഒന്ന് ദേവൻ ശർമ്മക്കും ഒന്ന് സച്ചിന്റെ വലതു കയ്യിലും കെട്ടിക്കൊടുത്തു. രക്ഷാ ചരടാണ്‌ അത്. അവരുടെ വിശ്വാസം.   പിന്നെ സച്ചിനാണ്  റീനു മോൾക്കും കൈലാഷിനും രക്ഷാ ചരട് കെട്ടിക്കൊടുത്തത്.

അന്ന് ഓഫീസിലേക്ക് ഇറങ്ങാൻ നേരം ദേവൻ ശർമ്മക്ക് നല്ല ഉത്സാഹം തോന്നി. കൂടെ ഒരാളുണ്ടല്ലോ എന്ന ധൈര്യം. സച്ചിൻ ഇറങ്ങും മുന്നേ ലക്ഷി ശർമ്മയുടെയും ദേവൻ ശർമ്മയുടെയും പാദങ്ങളിൽ തൊട്ടു.

"രണ്ടു പേരും അനുഗ്രഹിക്കണം.  ഈ അനിയൻ തുടങ്ങാൻ പോണ മിഷൻ സക്സെസ്സ് ആവാൻ. " 

അവർ രണ്ടു പേരും അവന്റെ തലയിൽ കൈ വെച്ച് അനുഗ്രഹിച്ചു. അവർ പോകാൻ ഇറങ്ങിയപ്പോൾ റീനു മോൾ പിന്നിൽ നിന്ന് വിളിച്ചു പറഞ്ഞു:

 "അങ്കിൾ, പപ്പാ ....ബെസ്റ്റ് ഓഫ് ലക്ക്" കൂടെ കൈലാഷും. 

അന്ന് സച്ചിനാണ് വണ്ടി എടുത്തത്‌. ഒപ്പം ദേവൻ ശർമ്മയും ഇരുന്നു.

വണ്ടി മുന്നോട്ടു നീങ്ങുമ്പോൾ കുട്ടികൾ കൈ വീശിക്കാണിച്ചു. കുറെ ദൂരെ എത്തിയിട്ടും വിദൂരതയിലേക്കെന്ന പോലെ നോക്കി നില്പ്പുണ്ടായിരുന്നു ലക്ഷ്മി ശർമ്മ. അവർ മനസ്സുരുകി പ്രാർത്ഥിച്ചു. എല്ലാം നേരെയാകണേ എന്ന്.

വസീർപുർ ഇന്ഡസ്ട്ടറിയൽ ഏരിയ സച്ചിന് പുതിയതല്ല. എത്രയോ തവണ വന്ന സ്ഥലം. അവർ ലുമിനസ് ഒട്ടോസ് എന്ന വലിയ ബോർഡ് ഉള്ള കമ്പനിക്ക് മുന്നിൽ എത്തിയപ്പോൾ ഒൻപത് മണി ആയിട്ടില്ല.

അവരുടെ വണ്ടി എത്തിയിട്ടും ഗേറ്റിൽ നിൽക്കുന്ന വാച്ചർക്ക് ഒരു കുലുക്കവുമില്ല. സച്ചിൻ നീട്ടി ഹോണടിച്ചു നോക്കി. അയാൾ അവിടെ നിന്ന് എന്തോ പിറുപിറുക്കുന്നതല്ലാതെ അനങ്ങിയില്ല.

സച്ചിൻ ഗ്ലാസ്‌ താഴ്ത്തി തല വെളിയിലേക്കിട്ടു ഉറക്കെ പറഞ്ഞു: 

" ഗേറ്റ് ...തുറക്കെടോ ...എം ഡി സാറാണ് ഉള്ളിൽ.."

അത് കേട്ടിട്ടും അയാൾക്ക്‌ ഒരു കൂസലുമില്ല. അതുകണ്ട് ദേവൻ ശർമ്മ പറഞ്ഞു :

"വിട്ടുകള സച്ചിൻ.  നമുക്ക് വണ്ടി ഇവിടെ ഇടാം. അയാൾ,  ചേതൻ ബജാജ് (അങ്കിൾ) വന്നു വണ്ടി ഇട്ടിട്ടേ മറ്റു വണ്ടികൾ അവർ അകത്തേക്ക് വിടൂ.."

"ആഹാ അങ്ങിനെ പറ്റില്ലല്ലോ.."

"വിട്ടു കള ...സച്ചിൻ...ഇന്നാദ്യത്തെ ദിവസമല്ലേ ഉടക്കാൻ പോണ്ട. "

"സാരമില്ല സാർ... അങ്ങനെ വിട്ടു കൊടുക്കാൻ പോയാൽ അതിനേ സമയം കാണൂ...” സച്ചിൻ ഡോർ തുറന്നു പുറത്തിറങ്ങി. ദേവൻ ശർമ്മക്ക് ആകെ അങ്കലാപ്പായി. ദൈവമേ ഇനി എന്താണാവോ ഉണ്ടാവാ..

"ശർമ്മാ സാർ പേടിക്കേണ്ട...ഞാനിപ്പോ വരാം" എന്ന് പറഞ്ഞു നെഞ്ചു വിരിച്ചുകൊണ്ട് സച്ചിൻ ഗേറ്റിനടുത്തെക്ക് നടന്നു. ഒരല്പം പതറിയ സെക്ക്യൂരിറ്റിയും അവനെ തുറിച്ചു നോക്കി നില്ക്കുകയാണ്. എന്തും സംഭവിക്കാം !!

സച്ചിൻ ഗേറ്റിന്റെ അടുത്തെത്തിയതും ദേവൻ ശർമ്മ കണ്ണടച്ച് കളഞ്ഞു. ദൈവമേ എന്നൊരു വിളി ഉള്ളിന്റെ ഉള്ളിൽ മുഴങ്ങി.
 

തുടരും...

 

Mercy.jose 2022-08-04 06:22:57
സൂപ്പർ.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Nalina 2022-08-04 07:58:49
ഗുഡ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക