Image

മംഗൾവാർ (കഥ: സന്തോഷ് മലക്കുളം)

Published on 04 August, 2022
മംഗൾവാർ (കഥ: സന്തോഷ് മലക്കുളം)

ഉറക്കമില്ലാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു അവൾ. ഇടയ്ക്കൊക്കെ കണ്ണുതുറന്ന് തൊട്ടടുത്ത് കിടക്കുന്ന ചേച്ചിയെയും അനിയനെയും ഇരുട്ടിൽ വെറുതെയൊന്ന് തൊട്ടുതലോടി. ടിൻ ഷീറ്റിട്ട ഒറ്റ മുറിയുടെ ഒരറ്റത്ത് മറകെട്ടിയ സാരിയിലെ മഞ്ഞ നിറത്തിലുള്ള പൂക്കൾ ചെറു വെളിച്ചമേകി. സാരിക്കപ്പുറത്തെ അറ്റത്ത് കിടക്കുന്ന അച്ഛനും അമ്മയും.
ചില്ലില്ലാത്ത ജനൽ ദ്വാരത്തിലൂടെ വന്ന പൂർണ്ണചന്ദ്രന്റെ  നിലാവെളിച്ചം അവളുടെ കണ്ണുകളിൽ വന്നടിച്ചു .
ഒറ്റവരി ച്ചെങ്കല്ലിൽ കെട്ടിയുയർത്തിയ ഒറ്റമുറി വീടിനകത്ത് അച്ഛനും അമ്മയും മൂന്നു പെൺമക്കളും കൊച്ചു അനുജനുമുള്ള ജീവിതങ്ങൾ കഴിഞ്ഞുകൂടി.

സുഖിപ്പൂരിൽ തുലാമാസത്തിലെ ചില ദിവസങ്ങളിൽ മാത്രമേ മഴയുടെ ചാറ്റൽ കിട്ടാറുള്ളൂ. വരണ്ട തരിശ് നിലങ്ങളിൽ വീഴുന്ന മഴത്തുള്ളികൾ വറ്റി വരണ്ട നിലങ്ങളെ ദാഹമകറ്റാതെ അതിവേഗം തന്നെ ചുഴറ്റി പോവാറുണ്ട്. മുൾച്ചെടികളുടെ നാമ്പുകളെ നനയ്ക്കാതെ പെട്ടെന്ന് തന്നെ ഓടിപ്പോകാറുണ്ട് സുഖിപ്പൂരിൽ എത്തുന്ന മഴ ചാറ്റലുകൾ. കറങ്ങിത്തിരിഞ്ഞ് വരുന്ന ചുഴലിക്കാറ്റിൽ പൂഴിക്കൂട്ടങ്ങൾക്ക് ഒപ്പം പൊടിമണ്ണുകൾ അന്തരീക്ഷത്തിലോട്ട് എറിഞ്ഞ് പൂഴി നിറമണിഞ്ഞ കാറ്റിന് വേഗം കൂടും
സുക്കിപൂരിൽ എത്തിയാൽ. മേൽക്കൂരകളിൽ ചറപറ ശബ്ദം ഉണ്ടാക്കി പെയ്യുന്ന മഴ ചാറ്റൽ ഭയാനകം എങ്കിലും ഗ്രാമവാസികൾ മഴ കുറച്ചു കൂടി ചറപറ പെയ്യണമെന്ന് കൂപ്പുകൈയോടെ തൊഴുതാറുണ്ട് മഴ ദൈവങ്ങൾക്ക് മുന്നിൽ, ഉഗ്രശക്തിയുള്ള ചെമ്പട്ടണിഞ്ഞ മൂർത്തി ദേവികളുടെ മുന്നിൽ നിന്ന് കൊണ്ട്, ആടുകളെയും കോഴികളെയും ബലി നൽകിക്കൊണ്ട്...
മുറിക്ക് പുറത്തുള്ള ചെറിയ മൺത്തിട്ടയിൽ  അടച്ചുവച്ചുള്ള പാത്രത്തിൽ നിന്നും രാത്രി കഴിച്ച മീൻ കറിയുടെ മണം കാറ്റിൽ അവളുടെ മൂക്കിനേ തേടിയെത്തി.
നിലത്തുവീണ മീൻ മുള്ളുകളെ തിരഞ്ഞ് പെറുക്കി തിന്നുന്ന നീലി പൂച്ചയുടെ വിളികൾ പതിയെ മുഴങ്ങിയത് അവളെ ഭയപ്പെടുത്തി.

ചെരിഞ്ഞു കിടന്നു കൊണ്ട് ചേച്ചിയെ കെട്ടിപ്പിടിച്ച് വീണ്ടും ഉറങ്ങാൻ ശ്രമിച്ചു അവൾ. പുത്തൻ പ്രതീക്ഷയും ആദ്യമായി പട്ടണത്തിലേക്കുള്ള നാളത്തെ യാത്രയുടെ ആകാംക്ഷയിൽ സ്വപ്നം കണ്ടവൾ ഉറങ്ങി ഉറങ്ങാൻ കോപ്പുകുട്ടി. എത്രയും പെട്ടെന്ന് നിലമ്പൂരാ പുലരുവാൻ പുലരുവാൻ അവൾ ഊക്കം കൊണ്ടു.
നാളെയാണ് അവൾ ഗ്രാമത്തിനു വെളിയിലുള്ള ദൂരെയുള്ള പട്ടണത്തിലെ മന്ദിറിൽ പോകുന്നത്. അച്ഛൻ വാങ്ങിത്തന്ന പുതിയ ചുവപ്പ് പാവടയും മഞ്ഞ ഗിൽറ്റുകൾ അരികുകളിൽ പതിപ്പിച്ച പൈജാമയും ധരിച്ചുകൊണ്ടു പോണം. വർഷത്തിലെ പൂർണ്ണചന്ദ്രൻ്റെ നിലാവുള്ള  ദിവസത്തിലെ ഉത്സവത്തിന് ആണ് എന്നും അവൾക്ക് പുത്തനുടുപ്പ് കിട്ടാറുള്ളത്. റിക്ഷ ചവിട്ടി കിട്ടുന്ന വരുമാനത്തിൽ ഒരു പങ്ക് എടുത്തുവച്ചതിന്റെ കൂട്ടിരിപ്പാണ് മക്കൾക്കുള്ള പുത്തനുടുപ്പ് വാങ്ങാനുള്ള സമ്പാദ്യം.
മുറിയുടെ അറ്റത്തെ ചെറുതായി ഒരു കുഴിയെടുത്ത് മെഴുകി അതിലെ ദ്വാരമുള്ള ചെറിയ പെട്ടിയിൽ എന്നും മിച്ചം വരുന്ന നോട്ടും ചില്ലറയും അച്ഛൻ ചുരുട്ടി ഇടുന്നത് നോക്കി കാണാറുണ്ട്. ഒരിക്കൽ അവൾ അച്ഛനോട് ചോദിച്ചു "ബാബ എന്തിനാണ് ഈ പൈസ ഇട്ട് വെക്കുന്നത്?".  നിഷ്കളങ്ക കണ്ണുകളെ ഉമ്മ വച്ചുകൊണ്ട് അയാൾ പറഞ്ഞു - "നമുക്ക് ഈ പൈസ കൊണ്ട് പുതിയ റിക്ഷ വാങ്ങാ"മെന്ന്.

വിയർപ്പ് തുടച്ചുകൊണ്ട് ക്ഷീണിതനായ അച്ഛൻ്റെ മടിയിൽ ഇരുന്നുകൊണ്ട് വീണ്ടും അവൾ ചോദിച്ചു  "അപ്പോൾ ഗാവിലെ* ഉത്സവത്തിന് പോകുമ്പോൾ വാങ്ങാറുള്ള ഉടുപ്പിനുള്ള പൈസയും ഇതിൽ നിന്നല്ലേ ബാബ എടുക്കുന്നത്?"... തോളിലെ മുഷിഞ്ഞ ഷോൾ എടുത്ത് നെറ്റിയിലെ വിയർപ്പ് തുടച്ചു കൊണ്ടായാൾ പറഞ്ഞു - "മകളെ എല്ലാം തികയും". 
കൈവിരലുകൾ മടക്കി ആയാൾ മാസങ്ങൾ എണ്ണിക്കൊണ്ട് ഇരിന്നു.

ഗാവിലെ ഉത്സവം എത്താതെ, സ്കൂൾ തുറക്കാതെ ബാബ എനിക്ക് മാത്രം പുതിയ ചുവപ്പ് സൽവർ എന്തിനു വാങ്ങിത്തന്നു എന്ന് പാതിയുറക്കത്തിൽ അവൾ അവളോട് തന്നെ ചോദിച്ചു. അർദ്ധരാത്രിയുടെ തണുത്ത കാറ്റിൽ നാളെത്തേ പുത്തനുടുപ്പിട്ട അമ്പലയാത്രയുടെ കാഴ്ചകളെ സ്വപ്നം കണ്ട് അവൾ ഉറങ്ങി.

ഒന്നിലധികം വിളികളിലും ഉണരാത്ത അവളന്ന് അടുക്കളയിലെ പാത്രങ്ങളുടെ ആദ്യ താളത്തിൽ തന്നെ ഉണർന്നു. ഉറങ്ങുന്ന ചേച്ചിയും അനിയനെയും ഉമ്മ വച്ചുകൊണ്ട് ചേച്ചിയുടെ ചെവിയിൽ ഓതി - "മന്ദിറിലേക്ക് പോകാൻ കുളിക്കണം എണിക്ക് വേഗം".

എന്നും വൈകി ഉണരുന്ന അച്ഛൻ ഇന്ന് നേരത്തെ ഉണർന്നിരിക്കുന്നു. വാതിലിനപ്പുറത്തെ മൺതിട്ടയിൽ നിർവികാരമായി ഇരിക്കുന്ന അമ്മയുടെ മുഖത്ത് കൈവിരലുകളോടിച്ച് അവൾ ചോദിച്ചു "ബാബ എവിടെയാണെന്ന്?". കൊടി കെട്ടാനുള്ള നീണ്ട ദണ്ഡയുമായി അച്ഛൻ വന്ന ആവേശം അവളിൽ കണ്ടു. ആവേശത്താൽ അടുക്കളയിലെ കോരയിൽ തൂക്കിയിട്ട പൽപ്പൊടി സഞ്ചിയിൽ കയ്യിട്ടവൾ വലിച്ചു തേച്ചു. ചെറിയ തോർത്തും സോപ്പും എടുത്തവൾ കുളക്കരിയിലേക്കോടി. ഓട്ടത്തിനിടയിലവള് വിരലുളിൽ ചിഹ്നം കാണിച്ചു. കുറ്റിച്ചെടികൾക്കിടയിലെ വരണ്ട മൺകൂനകൾക്ക് പിറകിലായി കാര്യം സാധിച്ചപ്പോഴേക്കും അടപ്പില്ലാത്ത പഴയ പ്ലാസ്റ്റിക് ബോട്ടിലിന്റെ പകുതിയോളം വെള്ളവുമായി ചേച്ചി വന്നിരുന്നു.

അരക്ക് പാകത്തിൽ മാത്രം വെള്ളം ഉണ്ടായിരുന്ന കുളം. കന്നുകാലികളുടെ ദാഹവും വിരലിലെണ്ണാവുന്ന ഗ്രാമവാസികളുടെ കുളിയും എല്ലാം ഈ അരനിറഞ്ഞ കുളത്തിൽ ആയിരുന്നു. "ദേവിയുടെ വരദാനമാണത്രേ ഈ വറ്റാത്ത ഉറവയുള്ള കുളം" എന്നാണ് ഗ്രാമം മുഖ്യൻ പറഞ്ഞത്.

നീണ്ട ചുവന്നകൊടി കിട്ടുന്നതിനടയിൽ കുളി കഴിഞ്ഞു വരുന്ന മക്കളെ നോക്കിയാൾ.  നെഞ്ചിന് കുറുകി തടിച്ച മഞ്ഞനൂലുകൾ ചുരുട്ടി കുറുകെ കെട്ടിയ പൂജാരിയുടെ വാക്കുകൾ കേട്ട് ആദ്യം അമ്പരന്നെങ്കിലും ദൈവകോപത്തിന്റെ ഇരയാകും എന്ന പൂജാരിയുടെ വാക്കുകൾക്ക് വഴങ്ങേണ്ടിവന്നു. ആ "നേർച്ച"യുടെ ദിവസമാണിന്ന്.  പണ്ടൊരിക്കൽ പൂജാരിയുടെ വാക്കുകൾക്ക് തലകുലുക്കാതിരുന്നതിന്റെ ഫലമത്രേ സുഖിപ്പൂരിലെ വരൾച്ച.  പുൽച്ചെടികളിൽ മുളപൊട്ടി വന്ന നേരിയ പച്ചപ്പ് വീണ്ടുമൊരു ശാപമേറ്റ് കൊടും വരൾച്ചയിലേക്ക് പോകാതിരിക്കാൻ വേണ്ടിയാണ് ഇന്നത്തെ മകളുടെ യാത്ര. "നേർച്ച"...

ഉൾക്കിടിലത്തോടെ മനസ്സിൽ ഒരുപാട് വിങ്ങലോടെ അയാൾ നടന്നു നീങ്ങി. ചുവന്ന ത്രികോണാകൃതിയിൽ, തിളങ്ങുന്ന ത്രിശൂലം കുത്തിയ ഓം അക്ഷരത്തിന്റെ നടുവിലൂടെ കെട്ടിയ കൊടിയും പിടിച്ചവർ നടന്നു. 
പുത്തനുടുപ്പിലെ മഞ്ഞ ഗിൽട്ടുകൾ വെയിലിൽ തിളങ്ങുന്നത് കണ്ട് അവൾ ഗമിച്ചു. ഇടയ്ക്കിടയ്ക്ക് നല്ല ഈണത്തോടെ പോകുന്ന കാറുകളിലെ കറുത്ത ക്ലാസുകളിൽ നിന്നുള്ള തൻ്റെ തന്നെ പ്രതിബിംബത്തിൽ മഞ്ഞ ഗിൽറ്റുകളുടെ പളപളാ മിന്നലുകൾ  തിളങ്ങുന്നത് അവൾ കണ്ടു.
കുളമ്പടിച്ച് കുതിച്ച് വന്ന കുതിരയുടെ മുകളിൽ താക്കൂർ സാഹിബിന്റെ കൈയിലെ നിറമുള്ള മൊബൈലിൽ നിന്നും വന്ന ജിൽ ജില് പാട്ട് കൗതുകത്തോടെ കേട്ടു അവൾ.
അപ്രതീക്ഷിതമായി നിരനിരയായി പോകുന്ന സൈനിക ട്രക്കുകൾ അൽഭുതത്തോടെ കണ്ടു അവർ. സൈനികരെ നോക്കി അവളും ചേച്ചിയും കൈപൊക്കി സല്യൂട്ടുകൾ നൽകി.  ചിരിച്ച മുഖവുമായി കൈവീശിയ സൈനികരുടെ വാഹനങ്ങൾ അവരെ ഏവരെയും അത്ഭുതപ്പെടുത്തുകയും സന്തോഷപ്പെടുത്തുകയും തന്നെ ചെയ്തു.

മന്ദിർന് അടുത്തെത്തുംതോറും ആൾതിരക്കും കൊടികളും ഏറി വന്നു.  നീലനിറത്തിലുള്ള വലിയ ബലൂണുകളും റോസ് നിറത്തിലുള്ള നീണ്ട പീപ്പികളും തൂക്കിനിറച്ച കച്ചവടക്കാർ ഭക്തരെ നോക്കി മാടിവിളിച്ചു.
തിരക്കുകൾക്കിടയിൽ നിന്ന് കുങ്കുമം നിറമണിഞ്ഞ, നീണ്ട കുറിവരച്ച, കയ്യിലും നെഞ്ചിലുമായി കുറുകെ ചരട് കെട്ടിയ പൂജാരിയും അനുയായിയും ആൾക്കൂട്ടങ്ങളിൽ വകഞ്ഞ് ഇവരെ കൈപിടിച്ചു കൊണ്ടുപോയി.  എന്നുമെന്നും തിരക്കുകൾക്കിടയിൽ ദൂരെ നിന്നു മാത്രം കണ്ട ഉഗ്രമൂർത്തികളുടെ അടുത്തേക്ക് ഞങ്ങളെ മാത്രം കൊണ്ടുപോയത് അവളിൽ ആകുലതയുണ്ടാക്കി.  അവളുടെ തിളങ്ങുന്ന കണ്ണുകൾ അച്ഛനെ തിരഞ്ഞുകൊണ്ടിരുന്നു.


മന്ദിർലെ  അകത്തളങ്ങളിലെ വീതിയാർന്ന മിനുസമുള്ള കറുത്ത കരിങ്കല്ലിൽ ആദ്യമായിട്ടായിരുന്നു അവൾ ചവിട്ടിയത്.  കരിങ്കല്ലിൽ തണുപ്പ് അവളുടെ ഉച്ചിവരെ കയറിയിറങ്ങി.  വലിയ കരിങ്കൽ തൂണിൽ കൊത്തിവച്ച ഉഗ്രമൂർത്തികളുടെ രൂപങ്ങൾ ആദ്യമായാണ് ഇത്രയും അടുത്ത് അവള് കാണുന്നത്. വാ പൊളിച്ച് നിൽക്കുന്ന സിംഹത്തിന്റെ മുഖം കൊത്തിവെച്ച നടുവാതിൽ തുറന്നപ്പോൾ ഇരുണ്ട മുറിയിലെ ദീപത്തിൽ വെളിച്ചത്തിൽ അവൾ അവളുടെ ഇഷ്ട ദേവിയെ കണ്ടു. നാക്കുകൾ നീട്ടിയും, നീലയും ചുവപ്പും കലർന്ന കണ്ണുകൾ തുറിപ്പിച്ചും ഉള്ള ദേവിയെ.
ഭക്തിയോടെ കൈ കൂപ്പുന്നതിനിടയിൽ ആ വലിയ ചരടുകൾ കെട്ടിയ കൈകൾ അവളുടെ കൈകളെ തട്ടിമാറ്റി. പ്രാർത്ഥന അരുതെന്ന് കണ്ണുകൾ തുറപ്പിച്ചുള്ള ആംഗ്യവും കൊടുത്തു.


പരുപരുത്ത അച്ഛൻ്റെ കൈവിരലുകൾക്ക് പകരം വേറെ ഏതോ എണ്ണമയമുള്ള കൈകൾ അവളെ വലിച്ചുകൊണ്ടുപോയി. ഉൾഭയത്തിൽ അവൾ ചുറ്റും നോക്കി എങ്ങും ഇരുട്ടുമാത്രം നൽകുന്ന കാഴ്ചകൾ.
എണ്ണയുടെയും ദീപത്തിന്റെയും കർപ്പൂരമണം അവളുടെ മൂക്കിനെ തലോടി. സാമ്പ്രാണിപ്പുകകൾ അവളുടെ മുടിയിഴകളിൽ ഇഴഞ്ഞുചേർന്നു. ആ ഇരുൾ മറവിൽ തിളങ്ങുന്ന മഞ്ഞ ഗിൽറ്റുകളെ അവൾ മുഖത്തോട് ചേർത്തുവച്ചു. കരിങ്കൽ മുറികളിൽ ഭസ്മത്തിന്റെയും ചന്ദനത്തിൻ്റെയും മണമവളെ നിശബ്ദതയാക്കി. ഭയത്തിന്റെ വിറയലുകൾ ബന്ധിപ്പിച്ചിരിക്കുന്നു.

കരിങ്കൽ പ്രതലത്തിൽ അവരുടെ ഇളം മേനി തണുത്തു. ഇരുളടഞ്ഞ മുറിയുടെ ഭിത്തികളിൽ മഞ്ഞ ഗിൽട്ടുള്ള പൈജാമ തൂങ്ങിയാടുന്നത് മാത്രം കണ്ടു അവള്.
ആ തടിച്ച കൈകൾ അവളെ തിരയുന്നുണ്ടായിരുന്നു. ചരടുകൾ കിട്ടിയ അയാളുടെ തടിച്ച കൈത്തണ്ടകൾ അവളുടെ ഉടലിനെ ആകെ തഴുകിയത് അവളറിഞ്ഞു.
ഇരുട്ടിന്റെയും ഭയത്തിന്റെയും നിറവിൽ അവളുടെ ശബ്ദം  കരിങ്കൽ ഭിത്തിയിൽ തട്ടി വീണ്ടുമകളുടെ ചെവിയിൽ തന്നെ പതിച്ചു. വെള്ളിത്തിളക്കത്തിൽ ഉയർന്നുപൊങ്ങിയ ഇരുമ്പുദണ്ടിന്റെ മൂർച്ചയിൽ  മഞ്ഞ ഗിൽട്ടുകളെ ചുവപ്പണിയിച്ചു.


ചുവന്ന കിഴികളിൽ കിട്ടിയ പ്രസാദത്തിന്റെ നനവിൽ ചുവന്ന കൊടിയുമായി അവർ തിരിച്ചു നടന്നു. കയ്യിലെ മൊബൈൽ വെളിച്ചത്തിന്റെ. വെട്ടത്തിൽ....

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക