സി.പി.ഐ വകുപ്പുകള്‍ തെമ്മാടിക്കുഴികളോ ? നാട്ടിലെ ഇന്നത്തെ വഹ :(കെ.എ ഫ്രാന്‍സിസ്)

കെ.എ ഫ്രാന്‍സിസ്  Published on 04 August, 2022
സി.പി.ഐ വകുപ്പുകള്‍ തെമ്മാടിക്കുഴികളോ ? നാട്ടിലെ ഇന്നത്തെ വഹ :(കെ.എ ഫ്രാന്‍സിസ്)

ക്രിസ്ത്യാനികളില്‍ കത്തോലിക്കരുടെ പള്ളി സെമിത്തേരിയോട് അനുബന്ധിച്ച് തെമ്മാടിക്കുഴികളുണ്ട് . തെമ്മാടികളായി സഭ മുദ്ര കുത്തിയവരെ സെമിത്തേരിയിലല്ല ഈ തെമ്മാടിക്കുഴികളിലാണ് സംസ്‌കരിക്കുക അത് പോലെ സര്‍ക്കാര്‍  സര്‍വീസിലെ തെമ്മാടികളെ ചീഫ് സെക്രട്ടറി ജോസ് സാര്‍ നിയമിക്കുന്നത് സി.പി.ഐയുടെ വകുപ്പുകളിലോ ? അതും , ആ  വകുപ്പ് ഭരിക്കുന്ന മന്ത്രിയോട് ചോദിക്കുക പോലും ചെയ്യാതെ ഇത്രയും വലിയ 'അഹമ്മതി' സി.പി.ഐയോട് ചെയ്യാമോ, പിണറായി സാറേ ? 

ശ്രീറാം വെങ്കിട്ടറാമിനെ ആലപ്പുഴ കലക്ടര്‍ സ്ഥാനത്ത് ഇരുത്താന്‍ കാന്തപുരം മൗലവി ഒരു പടിക്ക് സമ്മതിക്കേണ്ടേ ? കോണ്‍ഗ്രസുകാരോ മാധ്യമപ്രവര്‍ത്തകരോ ശബ്ദമുയര്‍ത്തിയാല്‍ കേട്ടില്ലെന്ന് നടിക്കാം സുന്നി വിഭാഗത്തിന്റെ അനിഷേധ്യ നേതാവായ കാന്തപുരത്തെ അങ്ങനെ കാണാനാകുമോ ? സുന്നികളുടെ മുഖപത്രമായ സിറാജ് പത്രത്തിന്റെ തലസ്ഥാന മേധാവിയായിരുന്ന കെ.എം ബഷീര്‍ മരിക്കാനിടയായത് ശ്രീറാം മദ്യപിച്ചു ആരാന്റെ പെമ്പ്രന്നോത്തിയുടെ വണ്ടി ഓടിപ്പിച്ചായിരുന്നല്ലോ ആ കേസ് നിലനില്‍ക്കെ ജുഡീഷ്യല്‍ പദവി കൂടിയുള്ള ജില്ലാ കലക്ടറായി നിയമിച്ചതിനെതിരെയായിരുന്നു , കോണ്‍ഗ്രസിന്റെയും മാധ്യമപ്രവര്‍ത്തകരുടെയും സമരം അതാര് മൈന്‍ഡ് ചെയ്യുന്നു . അപ്പോഴാണ്  കാന്തപുരത്തിന്റെ അനുയായികള്‍ കളക്ട്രേറ്റുകള്‍ക്ക് മുന്നില്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി അണിനിരന്നത് അതോടെ പിണറായിയെ അറിയാവുന്നവരൊക്കെ ശ്രീറാമിന്റെ കാര്യം പോക്കാണെന്ന് പ്രവചിച്ചു . ജമാഅത്തെ ഇസ്ലാമിയുടെ മാധ്യമത്തിന്റെ പത്രാധിപര്‍ ചോദിക്കാന്‍ എത്തിയാപാടെ ജലീലിന്റെ കാര്യം പോക്കാണെന്ന് പ്രവചിച്ചതും ശരിയായി .സത്യത്തില്‍ മതത്തിന്റെ പേരില്‍ ആരിറങ്ങിയാലും പിണറായി എന്നല്ല ആരായാലൂം ഒന്ന് പേടിക്കും . പിണറായിക്ക് പകരം സതീശന്‍ (രമേശിന് ഹാര്‍ട്ടറ്റാക്ക്  വരണ്ട ഒരുദാഹരണം പറഞ്ഞതാണേ ...) വന്നാലും മതത്തിന്റെ പവറൊന്നും കേരളത്തില്‍ കുറയില്ല .. ജലീലിന്റെ കാര്യത്തില്‍ ബഹളം വെച്ചത് ജമാഅത്തെ ഇസ്ലാമി , ശ്രീറാമിന്റെ പ്രശ്‌നം കൊണ്ട് വന്നത് സുന്നി ജമാഅത്ത് കൂട്ടത്തില്‍ പറയാലോ ? ജലീല്‍ രണ്ടാം വിഭാഗത്തില്‍ പെടുന്നു . സുന്നിയുടെ  സിറാജ് പൂട്ടിക്കാന്‍ ആദ്യകക്ഷി ശ്രമിച്ചതാണ് പോലും ജലീലിന് ആദ്യകക്ഷിയുടെ എല്ലാമായ മാധ്യമത്തെ പൂട്ടിക്കാന്‍ പ്രേരണ നല്‍കിയ 'അല്‍ക്കുലത്ത്'  ആ വാശി ജലീലിന്റെ സിരകളില്‍ നിന്ന് പോയിട്ടില്ല . കുഞ്ഞാപ്പുവിന്റെ മുസ്ലിം ലീഗും കാന്തപുരത്തിന്റെ ജമാഅത്തും മാധ്യമത്തിന് എതിരാണെന്ന് ജലീല്‍ സാഹിബ് സമര്‍ത്ഥിച്ചത് നാം മറന്നിട്ടില്ലല്ലോ . അതൊക്കെ കൊണ്ടാണ് മുസ്ല്യാരെ , പിണറായിക്കെതിരെ 'കണ്ടോ' എന്ന ഹാഷ്ടാഗ് സൈബര്‍ വിദഗ്ദര്‍  ബഹളം വച്ചിട്ടും പിണറായി ഒരക്ഷരം 'മുണ്ടാ'ത്തത് തിരിഞ്ഞോ കൂട്ടരേ ...

പനമ്പള്ളി ഗോവിന്ദമേനോന്‍ കോണ്‍ഗ്രസായിരുന്നെങ്കിലും കെ.കരുണാകരന്റെ മാത്രമല്ല കേരളത്തില്‍ പിറക്കാനിരിക്കുന്ന എല്ലാ രാഷ്ട്രീയ നേതാക്കളുടെയും ഗുരുവാണെന്ന് പറയുന്നത് വെറുതെയല്ല . ഒരിക്കല്‍ മറ്റൊരു ആദരണീയനായ നേതാവ് പനമ്പള്ളിയോട് പിണങ്ങി നില്‍ക്കുന്ന വേറൊരു നേതാവിനെയും കൂട്ടി പനമ്പള്ളിയുടെ അരികിലെത്തി സംസാരം ഏതാണ്ട് തീരാറായിട്ടും കൂടെ വന്ന നേതാവിനെ പനമ്പള്ളി കണ്ടതായി പോലും ഭാവിച്ചില്ല അപ്പോള്‍ ആദരണീയനായ നേതാവ് പനമ്പള്ളിയോട് ചോദിച്ചു: 'ഇന്നാരെ കണ്ടില്ലേ ? ' മറുപടി എന്തായിരുന്നെന്നോ : 'നോക്കി പക്ഷെ കണ്ടില്ല ! ' തിരുവനന്തപുരത്തു വച്ച് ജലീലിനെ പിണറായി പല തവണ നോക്കിയെന്നതും ഒട്ടേറെ  സംസാരിച്ചുവെന്നതും നേര്, പക്ഷെ കണ്ടോ? ഇല്ലേ ഇല്ല 

വാല്‍ക്കഷ്ണം : എറണാകുളം ജില്ലാ കളക്ടര്‍ രേണുരാജ് രാവിലെ 8.25 ന് ഇന്ന് സ്‌കൂളിന് അവധി പ്രഖ്യാപിച്ചതിനെ ചൊല്ലി ആയിരുന്നു സോഷ്യല്‍ മീഡിയയിലെ പൊങ്കാല . എറണാകുളം ജില്ലയിലെ പല സ്‌കൂളുകളും 8 മണിക്ക് തുടങ്ങുന്നതാണ് മാത്രമല്ല , കുട്ടികളെ സ്‌കൂളിലാക്കി മാതാപിതാക്കള്‍ ജോലിക്കും പോകും പോരാത്തതിന് കനത്ത മഴയും . പ്രതിഷേധം വന്നപ്പോള്‍ കളക്ടര്‍ ഉത്തരവ് ഭേദഗതി ചെയ്തു . സ്‌കൂള്‍ പ്രവര്‍ത്തനം തുടങ്ങിയവര്‍ തുടര്‍ന്ന് പ്രവര്‍ത്തിപ്പിക്കാം ആകെ ആശയക്കുഴപ്പം . ദേശീയ തലത്തില്‍ രണ്ടാം റാങ്ക് നേടി വിജയിച്ച രേണുരാജ് പഠിപ്പിസ്റ്റുകളുടെ റോള്‍ മോഡല്‍ ! കെ.എസ്.ആര്‍.ടി.സി കണ്ടക്ടറായ പിതാവിന്റെ സാധാരണക്കാരിയായ മകള്‍ . ആദ്യഭര്‍ത്താവിന്റെ സഹായത്തോടെ ഡോക്ടറായ ശേഷം 27 മത്തെ വയസ്സില്‍ ഉന്നതറാങ്കോടെ പാസായി വന്നു പേരെടുത്ത മിടുക്കി ആ വിവാഹ ബന്ധം പിന്നെ എങ്ങനെയോ ഉഴപ്പി പിന്നെയാണല്ലോ ശ്രീറാം ഭര്‍ത്താവായതും ആലപ്പുഴ കളക്ടര്‍ കസേര ശ്രീറാമിന് ഒഴിഞ്ഞു കൊടുത്തതും ശിക്ഷാ നടപടി ആയാലും ശ്രീറാമിന് എറണാകുളത്തേക്ക് തന്നെ സ്ഥലം മാറ്റം നല്‍കിയതും പിണറായിയുടെ കരുണ  .

ഒടുവില്‍ കളക്ടര്‍ രാവിലെ ഉണരാന്‍ വൈകിയത്തിനും പഴി പിണറായിക്കോ ? ഈ ജനം ഇങ്ങനെയായാല്‍ നാമെന്തു ചെയ്യും

കെ.എ ഫ്രാന്‍സിസ് 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക