Image

എങ്കിലും എന്റെ പ്രിയമഴേ ! (മാമ്മൻ സി മാത്യു)

Published on 05 August, 2022
എങ്കിലും എന്റെ പ്രിയമഴേ ! (മാമ്മൻ സി മാത്യു)

അവൾ പ്രണയാർദ്രയായിരുന്നു...
പകൽവെളിച്ചത്തിൽ
പളുങ്ക്‌ പെയ്തു പുളയുന്ന
പുളകമായിരുന്നു...
കാമുകക്കൂട്ടങ്ങൾക്ക്‌‌
‌ചാറൽ ചേർത്ത കാമിനിയായിരുന്നു...
കുഞ്ഞിക്കിളികളുടെ‌ ചിറകിനുമേൽ പുരണ്ടു നിന്ന മെഴുകായിരുന്നു...
തുള്ളികൾ വീണലിഞ്ഞ്‌  
മണ്ണിൽ പടർന്ന
പുതുമണമായിരുന്നു...
നാലാളുകൂടും‌ നാൽക്കവലകളുടെ
നനുനനുത്ത
നാനാരവമായിരുന്നു...
ഓത്തുപാട്ടുകൾ അലിഞ്ഞു ചേർന്ന‌ അകലമ്പലങ്ങളുടെ
സന്ധ്യാരവമായിരുന്നു...
ഓട്‌ പാത്തികളിൽ
ചന്നം പിന്നം പെരുകി നിന്ന
രാത്രിയുടെ സുഖതാളമായിരുന്നു...
വേവുന്നവനും‌ വേഴാമ്പലിനും‌‌
വേനൽകുടീരമായിരുന്നു ...
കരളൂറും കൺതടങ്ങളിൽ
കുളിരൂറും സുറുമയായിരുന്നു...
ദേവന്റെ സ്വന്തം നാട്ടിൽ
ചിലങ്കകെട്ടിയ ദേവനർത്തകിയായിരുന്നു...
അവളുടെ മുലക്കണ്ണിൽ
കടിച്ചുതൂങ്ങിയ അമ്പാടി കുടിച്ചുവറ്റിച്ച ജീവവറ്റായവൾ..
എങ്കിലും എന്റെ പ്രിയമഴേ,
നിൻമാറ്റം ആരാരും നിനച്ചീല !
ലാസ്യം വെടിഞ്ഞ്‌ ‌താണ്ഡവമാടിവരും
നടരാജറാണിയായവൾ... 
ചടുലതാളത്തിൽ‌ കടപുഴകി
ഒഴുകുന്ന ചുടലച്ചുഴിയായവൾ...
ആർത്തലച്ച്‌ പെയ്തലറിയ പൂതനയായവൾ...
നീലത്തലക്കുഴൽ അഴിച്ചുപകുത്തിട്ട്‌‌‌‌
പ്രളയശിക്ഷ ഭിക്ഷ നൽകും
ചണ്ഡാലിയായവൾ...‌
ഭൂമാറടർത്തി ഉടൽപിളർത്തി
വാരിയെറിയും
വാശിക്കാരിയായവൾ...
നാമാവശേഷമാക്കാനായി
"നാശം പിടിക്കാൻ വന്നവൾ"  
എന്ന നാമശേഷമായവൾ...
എങ്കിലും എന്റെ പ്രിയമഴേ,
നിൻ തനിയുണ്മയിലുയിർക്കൊള്ളൽ
ആരാരും നിനച്ചിടും !
ഏതേതു മന്ത്രങ്ങൾ ഉരുവിട്ട്‌ 
തീർക്കണം 
നിൻ പൂർവാശ്രമത്തിലേക്ക്‌‌ അവാഹ്യമാക്കുവാൻ !
ഏതേതു ജപമണികൾ തടവി ഞാൻ കേഴണം 
ആകാശക്കിളിവാതിൽ തെല്ലങ്ങ്‌‌ അടച്ചിടാൻ !
ഏതു മുനികുമാരൻ യാഗബലി നൽകണം നിൻ പേമാരി
ഒന്നങ്ങ്‌ ഒതുങ്ങി ശമിപ്പിപ്പാൻ !‌
ഏതേതു തീക്കുണ്ഡങ്ങൾ തൂകിക്കെടുത്തണം
വിൺതാപം ഒട്ടൊന്നടങ്ങി തണുപ്പിപ്പാൻ !
ഏതേത്‌ മലകളെ കാത്ത്‌ ഒരുക്കേണം
നിൻചിലങ്കണം
പൂർവതാളത്തിലാക്കുവാൻ !
രാമഴേ വരു, നിൻ വന്യഭാവം
വിട്ട്‌
നീലനീരാളമായി എൻ മനസ്സിനെ പുതപ്പിപ്പാൻ !

Join WhatsApp News
Rau Thomas, New York 2022-08-06 19:50:13
നന്നായിട്ടുണ്ട്, വളരെവളരെ ഇത്ര ഈടുട്ടോരു കവിത വായിച്ചിട്ട് നാളേറെയായി. പദ്യം/ഗദ്യംവിട്ടു പറഞാൽ: സുന്ദരം, അതേസമയം ഗംഭീരവും. ഇപ്പോൾ മഴയുടെ ഭാവം രൗദ്രമാണെന്ന്. അതിനാൽ കവി മഴയോട് ഒരർച്ചന നടത്തുകയാണ്‌. ഇവിടെ കാമ്പുണ്ട്--കാലസത്യം, ആത്മസത്യവും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക