Image

ശൂന്യത (കഥ: ബീന ബിനിൽ തൃശ്ശൂർ)

Published on 05 August, 2022
ശൂന്യത (കഥ: ബീന ബിനിൽ തൃശ്ശൂർ)

ഇപ്പോൾ എന്റെ മുറിക്കപ്പുറം കനത്ത ഇരുട്ടാണ്. ചുറ്റുമുള്ള വീടുകളൊക്കെ എപ്പോഴോ പെട്ടുപോയിരിക്കുന്നു. അടുത്ത മുറികളിൽ നിന്ന് ഉയരുന്ന കൂർക്കം വലിക്കപ്പുറം പതിഞ്ഞ നിശബ്ദത. എനിക്ക് മുന്നിലെ വെള്ളക്കടലാസുകൾ ഇപ്പോഴും അക്ഷരങ്ങൾ ഇല്ലാതെ . പ്രിയപ്പെട്ട  വായനക്കാരാ,  ഒരു കഥ എഴുതിക്കളയാം എന്ന തയ്യാറെടുപ്പോടെ എല്ലാ ജോലിയും തീർത്ത് പേനയിൽ നേരത്തെ മഷി നിറച്ച് വെച്ച് കടലാസുകൾ നിവർത്തി വെച്ച് കുടിക്കാനായി തണുത്ത വെള്ളം പോലും  കരുതിവെച്ച് കഥയ്ക്കായി കാത്തിരിപ്പ് തുടങ്ങിയത് സന്ധ്യാനേരത്ത്. ഇന്നത്തെ സന്ധ്യയ്ക്ക് വല്ലാത്ത പ്രത്യേകതയുണ്ട്.

എന്തെന്നാൽ അയ്യപ്പഭക്തയായ ഞാൻ ബുധനാഴ്ച തോറും ശിവക്ഷേത്രദർശനം നടത്തുക പതിവാക്കിയ ഞാൻ, അങ്ങനെയുള്ള സന്ധ്യാദർശനം കഴിഞ്ഞു വരുമ്പോൾ  നിനക്കായി ഒന്ന് കൈവശം സമ്പാദിച്ചു, പ്രാർത്ഥനയുടെ സമയത്ത് നിന്റെ വരവില്ലായ്മയെ കുറിച്ച് ഓർത്തുപോയി. ശിവ ഭക്തനായ നിനക്കായി അത് ഞാൻ വാങ്ങി.        ആ സന്ധ്യയാണ് ഇന്ന്.    
               
 പക്ഷേ ഒന്നും എഴുതാനാവാതെ കണ്ണുമടച്ചു വെറുതെയിരിക്കുമ്പോൾ ഉയർന്ന ക്ലോക്കിലെ സംഗീതത്തിൽ ഞാൻ സമയത്തെ എണ്ണിയെടുത്തു. ഇപ്പോൾ സമയം രാത്രി 12 മണി, നീ ഒരുപക്ഷേ ഉറങ്ങുകയായിരിക്കും ,  അല്ലെങ്കിൽ ഒരു ചില്ലു ഗ്ലാസിൽ അവസാനത്തെ പെഗ്ഗ് ഒഴിച്ച് സിഗരറ്റ് പുകച്ച് കൊണ്ട് നോക്കിയിരിക്കുകയാവും, എനിക്കിപ്പോഴും ഒരു വാക്കുപോലും എഴുതുവാൻ ആവുന്നില്ല. ചിലപ്പോൾ നേരമില്ല നേരത്ത് ആയിരിക്കും എഴുതുവാനുള്ള വേദന അനുഭവിക്കുന്നത്. അപ്പോൾ ഉടനെ എഴുതിയേ  തീരൂ  പക്ഷേ ഇപ്പോഴെന്തോ മരവിച്ച അവസ്ഥ.

മോളേ നിനക്കിന്ന് ഉറക്കമൊന്നുമില്ലേ? സമയം ഒരുപാടായി വെറുതെ ഉറങ്ങാതിരുന്ന് സൂക്കേട് വരുത്തേണ്ട ഓരോ ഉറക്കം ഞെട്ടലിലും അമ്മ ഇതുതന്നെ ആവർത്തിച്ചു കൊണ്ടിരുന്നു. അമ്മയുടെ വാക്കുകളെ ചെവിക്ക് പുറത്ത് ഇട്ട് ഞാൻ മിണ്ടാതിരുന്നു.

 അകലെ ഇരുളിൽ ജന്മം കൊണ്ട ഒരു തീനാളം വീടിനു മുന്നിലെ മുറ്റത്തൂടെ ഇരുളിനെ മുറിച്ചുകൊണ്ട് സഞ്ചരിക്കുന്നതായി ഞാൻ കാണുന്നു അത് മിന്നാമിനുങ്ങായിരുന്നു  .നിലാവുള്ള രാത്രികളിൽ ഒത്തിരി വായിക്കാറുള്ള നിശബ്ദത ഒന്നുടഞ്ഞു പോയാൽ ദേഷ്യപ്പെടുന്ന ഞാൻ പ്രത്യേക സ്വഭാവത്തിന്റെ  ഉടമയായ ഞാൻ ആരെയും വിശ്വസിക്കാത്തവളായ എന്റെ  മനസ്സ് നിറയെ അസ്വസ്ഥതയുടെ കുമിളകൾ പൊങ്ങുന്നു  ഒന്നിനും മനസ്സ് ശരിയാവുന്നില്ല .

 "നിനക്ക് പോലും എന്നെ മനസ്സിലായില്ല"

 അപവാദത്തിന്റെ തീച്ചൂളയിൽപ്പെട്ട എനിക്ക് ആശ്വാസം നിന്റെ ഗാംഭീര്യമേറിയ വാക്കുകളായിരുന്നു പക്ഷേ നീ മാസങ്ങൾക്ക് മുമ്പ് ഏതോ ഒരു ദിവസം നീയുമായി ഒത്തിരി സംസാരിച്ചു. ആ ദിവസമായിരിക്കാം എല്ലാം പ്രശ്നാധിഷ്ഠിതമായത് ഒന്നും സംഭവിക്കല്ലേ എന്ന് പ്രാർത്ഥിച്ചു പക്ഷേ എല്ലാം നേരെ വിപരീതമായിരുന്നു അതാണ് ലോക നിയമം എനിക്കറിയില്ല ഏതോ ഒരു വാക്കിന്റെ വികാരത്തിലോ നോട്ടത്തിലോ പ്രവർത്തിയിലോ അതോ പതിവായി കാണുന്നതുകൊണ്ട് മറ്റുള്ളവർ അദ്ദേഹത്തെ  കുറ്റപ്പെടുത്തുന്നത് കേട്ട് എന്റെ മനസ്സ് ഒത്തിരി ദിവസമായി നിന്നെ കാണുമ്പോൾ അസ്വസ്ഥമായിരുന്നു  .    
പിന്നീട് ദിവസങ്ങൾക്കും ആഴ്ചകൾക്കും ശേഷം ജീവിതം സുന്ദരം ആണെങ്കിലും അപകടകാരിയും കൂടിയാണ്  ,ഞാൻ സ്വയം എന്റെ പക്വതയാക്കി എടുത്തു പക്ഷേ സ്വപ്നങ്ങൾക്ക് വിപരീതമായി അതിന് ഉപപരിണാമം സംഭവിക്കുന്നത് ഞാനറിഞ്ഞു  .  

 ഇന്ന് ഞാൻ ഇത് എഴുതുമ്പോൾ ഏതോ ദുരന്ത നാടകത്തിന്റെ അന്ത്യം പോലെ മൗനത്തിൻറെ പുറം തോടിനുള്ളിലെ വേദന അസഹ്യമായപ്പോൾ പേനയും കടലാസും ആയിരുന്നു ഏക ആശ്രയം അല്ലെങ്കിൽ ഒരു സ്വയം മരിക്കൽ ഇന്നെന്ന രീതിയിൽ ആത്മഹത്യ . ചിന്തകൾ കാടുകയറുകയായിരുന്നു. എല്ലാം എന്തിനുവേണ്ടിയായിരുന്നു ഒരു ഉയർന്ന അധ്യാപകനായ നിന്നോട് തന്നെ ഞാൻ ചോദിക്കട്ടെ  സുഹൃത്തേ, ജീവിതത്തിൽ ഉത്തരം കിട്ടാത്ത ഒരു ചോദ്യമുണ്ട് മുൻകാലങ്ങളിൽ എന്റെ ജീവിതത്തിലെ ഉന്നത വ്യക്തി അച്ഛനായിരുന്നു മലയാളം എം എ പഠനം കഴിഞ്ഞതിനുശഷം മകളെ ഡോക്ടറേറ്റ് ബിരുദവും കൂടി എടുപ്പിക്കുന്നതിനായിരുന്നു അച്ഛൻ , മകളും ഒട്ടും എതിരല്ലായിരുന്നു , അവളുടെ മനസ്സിൽ ഉത്തരം കിട്ടാത്ത ചോദ്യമുണ്ടായിരുന്നു .
 "എന്താണ് സ്നേഹം" എന്നതിന്റെ നിർവചനം ? ഗവേഷണം അതിൽ ചെയ്താലോ എന്നുപോലും പലപ്പോഴും അവൾ ചിന്തിച്ചു  ,കോളേജ് അധ്യാപകനായ നിന്നോട് ഈ സംശയം തീർക്കണം എന്ന് വിചാരിക്കാൻ തുടങ്ങിയിട്ട് നാളേറെയായി .

 ആദ്യപടിയായി എന്നവണ്ണം ഒരു വൈകുന്നേരം ചാരു കസേരയിൽ കിടന്ന അച്ഛനോട് ചോദിച്ചപ്പോൾ അച്ഛനാകെ മൗനിയായിപ്പോയി.

 "എന്തുപറ്റി , എന്റെ പാറൂന് "   
  
പിന്നീട് വർഷത്തിനുശേഷം സ്നേഹത്തിന്റെയും ക്രോധത്തിന്റെയുംരേഖകകൾക്കിടയിൽ  അച്ഛന്റെ ജീവിതത്തിന്റെ അർത്ഥമില്ലായ്മ മനസ്സിലാക്കാൻ ശ്രമിക്കുകയായിരുന്നു ഞാൻ , സംസാരിക്കുമ്പോൾ തികഞ്ഞ ഗൗരവപ്രകൃതം ആണെങ്കിലും അച്ഛൻ ചിരിക്കുമ്പോൾ എത്ര കരുണാർദ്രമാണ് എന്ന് ഓർത്തു പോകുന്നു .
 പഞ്ചഭൂതനിർമ്മിതമായ നശ്വര ജീവിതത്തെ വീണ്ടും പഞ്ചഭൂതങ്ങളിൽ ലയിപ്പിക്കുന്ന കർമ്മങ്ങളുടെ ഭാഗമായി അയാൾ (മൂത്ത മകൻ) നദിയിൽ സ്നാനം ചെയ്തു  . ഈറൻ തോർത്തുടുത്ത് വെള്ളം നിറച്ച കുടത്തിൽ തുളയിട്ട് ചിതയൊരുക്കിയ പറമ്പിൽ കിടത്തിയ മൃതദേഹത്തിന് പ്രദക്ഷിണം വെച്ച് കുടം പിറകിലോട്ട് ഇട്ട് ഉടച്ചു  ,എന്നിട്ട് ചിതയ്ക്ക്  തീ കൊളുത്തി. ചിതയിൽ നിന്നുയരുന്ന പല നിറമുള്ള അഗ്നി ജ്വാലകൾ നോക്കി ഞാൻ നിന്നു. തീ കത്തുമ്പോൾ 'ചട്പട് 'ശബ്ദം കേട്ടു  .ആദ്യം പൂമൊട്ടു പോലെ  പിന്നെ പൂവ്വു പോലെ തീ കത്താൻ തുടങ്ങി അഗ്നിയുടെ ഏറ്റവും കരുത്തുള്ള നാമ്പുകൾ ശവത്തിന്റെ തലയ്ക്കുനേരെ നീണ്ടു. ഇന്ന് അച്ഛന്റെ  സ്നേഹം ഓർമ്മകളിൽ മാത്രം .    

 മാസ്റ്റർ ഓഫ് ഫിലോസഫി പഠനം പൂർത്തിയാക്കിയ ഈ മകളുടെ ഉത്തരം കിട്ടാത്ത ചോദ്യം അച്ഛനോട് ആരായാനായിരുന്നു ആദ്യം വന്ന തീരുമാനം  .പിന്നെ ഒത്തിരി ചിന്തിച്ചപ്പോൾ അത് ശരിയാവില്ല എന്ന് വെച്ചു  . ഏതോ ഒരു  സുപ്രഭാതത്തിലാണ് കോളേജ് അധ്യാപകനായ നീ എന്റെ  മുന്നിൽ കടന്നുവന്നത് അപ്പോൾ ഞാൻ ആരാണ് എന്ന് എഴുതുന്നില്ല ഊഹിക്കുക കണ്ട മാത്രയിൽ ഗവേഷണ വിദഗ്ധനായ നിന്നോട് എന്റെ ഉത്തരമില്ല ചോദ്യം ചോദിക്കാം എന്ന് തോന്നി  .
 
"എന്താണ് സ്നേഹം" യാഥാർഥ്യം പറയുന്നതിന് മുമ്പ് തന്നെ എല്ലാം എന്തോ ആയിപോയി ഇപ്പോൾ ഇങ്ങനെയൊക്കെ തോന്നാൻ നീ ഒത്തിരി  വളർന്നുവല്ലോ സ്വയം ചിന്തിച്ചു തുടങ്ങിയെങ്കിലും അച്ഛൻ നിർവചിച്ചു തന്നില്ല   

പല്ലവിതഹ , കോരകിതഹാ, , അങ്കുരിതഹ  എന്ന രീതിയിൽ പൂവ് വിടരുന്നതുപോലെ സ്നേഹവും വിടർന്നു പോയി . എങ്കിലും ഞാൻ അദ്ദേഹത്തോട് ചോദിക്കുന്നു. 

 എന്താണ് യഥാർത്ഥ സ്നേഹം ? നിനക്ക് എന്നോട് തോന്നിയത് എന്താണ് ? അന്വേഷിച്ചു കണ്ടെത്തലാണ് എന്റെ ശരിയായ മാർഗം .ഇപ്പോൾ എല്ലാ അപവാദ കഥങ്ങളും സ്വയം മനസ്സിൽ പേറി ആശ്വസിക്കാൻ ശ്രമിക്കുകയാണ് ഞാൻ . അതിനുശേഷം ദിവസങ്ങൾ പലതു കഴിഞ്ഞാണ് ഇത് ഉണ്ടായത് .   
  
 ഇപ്പോൾ എന്റെ രാത്രികൾ ശാന്തമാണ് , ഈ  നിശബ്ദതയ്ക്ക് ഭീകരതയുടെ മുഖമുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു സുഹൃത്തേ ! ഇന്ന് ഇപ്പോൾ .........

 മുന്നിലെ കടലാസ്സുകൾ ഇപ്പോഴും ശൂന്യമാണ് പാതിരാ കിളികൾ എവിടെയോ ഒച്ചവച്ചു ക്ലോക്ക് വീണ്ടും അലറി വിളിച്ചു സമയം രണ്ടു മണി ഞാൻ കണ്ണുകൾ തുറന്നു . പിന്നെ പെന്നെടുത്ത് മുന്നിലെ വെളുത്ത കടലാസിൽ ഇങ്ങനെ ശീർഷകം കുറിച്ചു
   
"എന്റെ ഗവേഷണം" ഞാനെന്റെ ചിന്തകൾക്ക് തീ കൊടുത്തപ്പോൾ എരിഞ്ഞുപോയത് എന്റെ കഥയും കഥാപാത്രവും മനസ്സും ഒക്കെയായിരുന്നു . രക്തം തലയിലേക്കിരച്ചു കയറിയപ്പോൾ ശൂന്യമായത് ഹൃദയവും സത്യസന്ധതയും ഒക്കെയാണെന്ന് അറിയാതെയല്ല , എങ്കിലും  വായനക്കാരാ.....

 എനിക്കും എഴുതി തെളിയണ്ടേ .... ശ്രദ്ധിക്കപ്പെടേണ്ട .... ഒരു  സമ്മാനം, ഒരു അവാർഡ്  , ഒരു പുരസ്കാരം , ഒരു ആദരവ് .  
 
ഞാൻ കണ്ണുകൾ അടച്ചു കണ്ണുകളിൽ ഇപ്പോൾ ഉറക്കത്തിന്റെ  കനം തൂങ്ങുന്നു  .   എങ്ങനെ ഒരു കഥ എഴുതി തുടങ്ങണം . ഒരു എത്തും പിടിയും കിട്ടുന്നില്ല . മനസ്സിൽ കുറിച്ചിട്ട തുടങ്ങൽ ഒന്നും ശരിയാവുന്നില്ല. എല്ലാം വഴിമാറി ഗതകാലത്തിലേക്ക് പോയി സുഹൃത്തേ!

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക