ഡെമോക്രാറ്റുകളിൽ കറുത്ത വർഗക്കാർക്കു വിശ്വാസമേറി 

Published on 05 August, 2022
ഡെമോക്രാറ്റുകളിൽ കറുത്ത വർഗക്കാർക്കു വിശ്വാസമേറി യു എസ് കോൺഗ്രസിലെ ഡെമോക്രാറ്റുകൾ കറുത്ത വർഗക്കാരുടെ വിശ്വാസം വീണ്ടെടുക്കുന്നു എന്ന പൊളിറ്റിക്കോ-മോണിംഗ് കൺസൾട് പോളിംഗിന്റെ കണ്ടെത്തൽ ഇടക്കാല തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിക്ക് ശുഭവാർത്തയായി. അതോടൊപ്പം, പ്രസിഡന്റ് ജോ ബൈഡനു ചുറ്റും പാർട്ടി അണികളെ ഒന്നിച്ചു നിർത്താൻ ഡമോക്രാറ്റിക് നാഷണൽ കമ്മിറ്റിയിൽ (ഡി എൻ സി) നീക്കവും തുടങ്ങി. 

കുടിയേറ്റം, തോക്കു നിയന്ത്രണം, വിലക്കയറ്റം, സമ്പദ് വ്യവസ്ഥ എന്നീ വിഷയങ്ങളിൽ ബൈഡൻ ഭരണകൂടം ഇപ്പോഴും വിജയം കണ്ടിട്ടില്ല എന്ന ചിന്ത നിലനിൽക്കെ തന്നെ, ഡെമോക്രാറ്റുകൾക്കു അവയൊക്കെ ഫലപ്രദമായി ചെയ്യാൻ കഴിയും എന്നു പോളിങ്ങിൽ പങ്കെടുത്തവർ സമ്മതിക്കുന്നു. ജൂലൈ മധ്യത്തിൽ നിന്ന് പാർട്ടി ഇക്കാര്യത്തിൽ പുരോഗതി നേടി. 

നികുതി, തൊഴിൽ തുടങ്ങിയ വിഷയങ്ങളാണ് തങ്ങളുടെ പ്രധാന പ്രശ്നങ്ങൾ എന്നു 55% റിപ്പബ്ലിക്കൻ അനുകൂലികളും 30% ഡെമോക്രാറ്റുകളും പറയുന്നു. എന്നാൽ പരിഹാരത്തിന് കൂടുതൽ സാധ്യത ഡമോക്രാറ്റുകളുടെ കൈയിലാണ്. 

ഗർഭഛിദ്ര അവകാശം, സന്താന നിയന്ത്രണം തുടങ്ങിയ വനിതകളുടെ വിഷയങ്ങളാണ് ഡമോക്രാറ്റുകൾക്കു മുഖ്യം. കാലാവസ്ഥ, ആരോഗ്യരക്ഷ, കോവിഡ് 19, വോട്ടവകാശം എന്നീ കാര്യങ്ങളിൽ ഡമോക്രാറ്റുകൾ റിപ്പബ്ലിക്കൻ അനുകൂലികളെക്കാൾ കോൺഗ്രസിൽ മെച്ചമാണ് എന്ന് പോളിംഗ് കാണിക്കുന്നു. 

ജയം കാണുന്നു 

ഡമോക്രാറ്റുകൾക്കു നവംബർ തിരഞ്ഞടുപ്പിൽ വിജയം പ്രതീക്ഷിക്കാവുന്ന ഘടകങ്ങൾ ഉണ്ടെന്നു പ്രസിഡന്റ് ഒബാമയുടെ ഇപദേഷ്ടാവ് ആയിരുന്ന ഡേവിഡ് ആക്സിൽറോഡ് പറയുന്നു. പാർട്ടി നേരിടുന്ന വിപത്തിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്. 

അൽ ഖായിദ തലവൻ സവാഹ്രിയെ വധിച്ചത് ബൈഡനു തൂവലായി. സെമികണ്ടക്ടർ ചിപ്പുകൾ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത് നിർത്തി ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കാനുള്ള നിയമം പാസാക്കിയത് ബൈഡന്റെ വിജയമായി. കാലാവസ്ഥ-ആരോഗ്യ-നികുതി നിയമനിർമാണത്തോടെ അദ്ദേഹം ഒരു നേട്ടം കൂടി കൊയ്യുമെന്നു ആക്സിൽറോഡ് പറഞ്ഞു. 

ബൈഡനെ ഒറ്റക്കെട്ടായി പിന്തുണയ്ക്കുന്ന പ്രമേയം ഡി എൻ സി യിൽ ടെന്നസിയിൽ നിന്നുള്ള വില്യം ഓവൻ ആണ് അവതരിപ്പിക്കുക. 

 

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക