കെ.ജി. ജോര്‍ജ്ജിന്റെ കോലങ്ങള്‍(ബച്ചൂ മാഹി)

ബച്ചൂ മാഹി Published on 05 August, 2022
കെ.ജി. ജോര്‍ജ്ജിന്റെ കോലങ്ങള്‍(ബച്ചൂ മാഹി)

പുതുതലമുറ സംവിധായകര്‍ക്ക് ഇന്നും ഒരു പാഠപുസ്തകമാണ് കെ. ജി. ജോര്‍ജ്ജിന്റെ സിനിമകള്‍. മലയാള സിനിമാസ്വാദന രംഗത്ത് പുതുവഴി വെട്ടിയ  അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന, കലാമൂല്യവും ജനപ്രിയതയും രണ്ട് കമ്പാര്‍ട്ട്‌മെന്റുകളിലായി സഞ്ചരിച്ചിരുന്ന ഒരു കാലത്ത് ആ അതിര്‍വരമ്പ് ഉടച്ചുകളഞ്ഞു എന്നതാണ്. മലയാള സിനിമാ ചരിത്രത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ സംവിധായകരെ എണ്ണുമ്പോള്‍ ആദ്യം തെളിയുന്ന പേരുകളിലൊന്ന് തീര്‍ച്ചയായും ജോര്‍ജ്ജിന്റെതാകും. 

ബഹുമുഖ പ്രതിഭയായിരുന്ന പി.ജെ. ആന്റണിയുടെ 'ഒരു ഗ്രാമത്തിന്റെ ആത്മാവ്' എന്ന നോവലിനെ ആധാരമാക്കി കെ.ജി. ജോര്‍ജ്ജ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് കോലങ്ങള്‍ (1981). നാലോ അഞ്ചോ പതിറ്റാണ്ട് മുന്‍പത്തെ ഒരു മധ്യതിരുവിതാംകൂര്‍ കുഗ്രാമവും അവിടെയുള്ള ക്രിസ്ത്യന്‍ തൊഴിലാളികളുടെ ജീവിതവും അതേപടി ആവിഷ്‌കരിക്കുകയാണ് ഈ സിനിമ.

അയല്‍ക്കാരും നിത്യവൈരികളുമായ ഏലിയാമ്മ, മറിയാമ്മ എന്നീ രണ്ട് തൊഴിലാളി സ്ത്രീകളെയും അവരുടെ മക്കളെയും ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. സത്യന്‍ സിനിമകളിലെപ്പോലെ 'നന്മകളാല്‍ സമൃദ്ധമായ നാട്ടിന്‍പുറം' അല്ലിവിടം. കുശുമ്പും കുന്നായ്മയും പാരവയ്പും, ഒളിനോട്ടക്കാരുടെ സദാചാര ശുഷ്‌കാന്തിയും എല്ലാം വരച്ചു വെച്ച കോലങ്ങള്‍. ഒരു രംഗത്ത്, ശ്രീനിവാസന്‍ കഥാപാത്രമായ ചായക്കടക്കാരന്‍ കേശവന്‍, യുദ്ധമുണ്ടായി ഹൈഡ്രജന്‍ ബോംബ് വീണ് കത്തിച്ചാമ്പലാകാന്‍ അര്‍ഹമാണ് ആ ഗ്രാമം എന്ന് പറയുന്നുണ്ട്.

ശുഭപര്യവസായിയല്ല എന്ന കെ.ജി. ചിത്രങ്ങളുടെ സവിശേഷത ഇതിലും അവര്‍ത്തിക്കുന്നുണ്ട്. സ്വന്തമായി ശബ്ദം ഇല്ലാത്ത പെണ്‍കുട്ടികളെ ഈ സിനിമയിലും കൊഴുപ്പോടെ ചിത്രീകരിക്കുന്നു. എന്നാല്‍, അവളെ നിശബ്ദമാക്കുന്നത് പുരുഷനല്ല, അമ്മ എന്ന മറ്റൊരു സ്ത്രീ തന്നെയാണ്. ഇമോഷണല്‍ ബ്ലാക് മെയിലിങ് എന്ന സങ്കേതത്തിലൂടെ 'കുടുംബം' എന്ന സംവിധാനമാണ് അവളെ സ്വന്തം അഭീഷ്ടത്തിന് വിരുദ്ധമായ ഒരു തെരഞ്ഞെടുപ്പിലേക്ക് എത്തിക്കുന്നത്. വില്‍ഹെം റീഷ് സൂചിപ്പിച്ച കുടുംബം എന്ന ഏകാധിപത്യ വ്യവസ്ഥിതിയെ  നമുക്കതില്‍ ദര്‍ശിക്കാം.

അക്കാലയളവിലെ സിനിമകളില്‍ നിന്ന് കെ.ജി.ജി.യുടെ സൃഷ്ടികളെ മാറ്റിനിര്‍ത്തിയത് അഭിനേതാക്കളുടെ റിയലിസ്റ്റിക് പ്രകടനമായിരുന്നെങ്കില്‍ ആ ഹൃദ്യത ഈ സിനിമയില്‍ ഒരു പൊടിക്ക് നഷ്ടമാകുന്നുണ്ട്. ചില രംഗങ്ങളില്‍ ചില അഭിനേതാക്കള്‍ നാടകീയത തീര്‍ക്കുന്നത് മാറ്റി നിര്‍ത്തിയാല്‍ നല്ലൊരു കാഴ്ചാവിരുന്ന് തന്നെയാണ് ഈ സിനിമ. 

ഒളിഞ്ഞുനോട്ടവും ഇക്കിളി പരദൂഷണവുമായി നടക്കുന്ന ടിപ്പിക്കല്‍ 'സദാചാരവാദി', നെഗറ്റീവ് ടച്ചുള്ള പരമുവിനെ അനുഗൃഹീത നടന്‍ നെടുമുടി വേണു അത്യുഗ്രമാക്കി. കേന്ദ്രകഥാപാത്രമായ കുഞ്ഞമ്മയെ മേനകയും നന്നാക്കിയിട്ടുണ്ട്. മറിയം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രാജം കെ. നായര്‍ക്ക് മികച്ച രണ്ടാമത്തെ സഹനടിക്കുള്ള അവാര്‍ഡ് കിട്ടിയെങ്കിലും ചില രംഗങ്ങളില്‍ അവരുടെ പ്രകടനം നാടകീയമായി.

കഥാപാത്രങ്ങളുടെ ആഴത്തിലുള്ള മനഃശാസ്ത്ര വിശ്ലേഷണം കെ.ജി.ജി. സിനിമകളുടെ സവിശേഷതയാണ്. പ്രസിദ്ധ ആസ്ട്രിയന്‍ / ജര്‍മ്മന്‍ മന:ശാസ്ത്രകാരന്‍ വില്‍ഹെം റീഷ് കുടുംബത്തെ സ്വേച്ഛാധിപത്യ വ്യവസ്ഥയുടെ മിനിയേച്ചര്‍ രൂപമെന്നാണ് അടയാളപ്പെടുത്തുന്നത് (The Mass Psychology of Fascism). ഭാവിയില്‍ ഏതൊരു ഏകാധിപത്യ വ്യവസ്ഥക്കും അടിമപ്പെടാന്‍ ഒരു കുട്ടിക്ക് പരിശീലനക്കളരിയാകുന്നത് സ്വന്തം കുടുംബമാണെന്നും അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. കുടുംബബന്ധങ്ങളിലെ അസ്വാരസ്യങ്ങളും ദയാരാഹിത്യവുമൊക്കെ എങ്ങനെ വ്യക്തികളുടെ ജീവിതത്തെ ബാധിക്കുന്നു / ശിഥിലപ്പെടുത്തുന്നു എന്ന അന്വേഷണമാണ് ജോര്‍ജ്ജിന്റെ പല പാത്രസൃഷ്ടികളിലും നാം കാണുന്നത്. കോലങ്ങള്‍ എന്ന സിനിമയും വ്യത്യസ്തമല്ല.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക