ശബരിമല സന്നിധാനത്ത് നിറപുത്തരി ആഘോഷിച്ചു

Published on 05 August, 2022
ശബരിമല സന്നിധാനത്ത് നിറപുത്തരി ആഘോഷിച്ചു

ശബരിമല: ഐശ്വര്യ സമൃദ്ധിയുടെ നിറകതിരുകള്‍ അയ്യപ്പസ്വാമിയുടെ ശ്രീലകത്ത് പൂജിച്ച് നിറപുത്തരി ആഘോഷിച്ചു. പൂജിച്ചു ചൈതന്യം നിറഞ്ഞ നെല്‍ക്കതിരുകള്‍ പ്രസാദമായി സ്വീകരിച്ച് ഭക്തര്‍ മലയിറങ്ങി. പാലക്കാട് കൊല്ലങ്കോട്, ആലപ്പുഴ ചെട്ടികുളങ്ങര എന്നിവിടങ്ങളിലെ പാടശേഖരങ്ങളില്‍ വിളയിച്ച നെല്ലാണ് സമര്‍പ്പിച്ചത്. ഭക്തര്‍ കൊണ്ടുവന്നത് ഉള്‍പ്പെടെ എല്ലാ കറ്റകളും പട്ടില്‍ പൊതിഞ്ഞ് ഭക്തിപൂര്‍വം കൊടിമരച്ചുവട്ടില്‍ സമര്‍പ്പിച്ചതോടെ ചടങ്ങുകള്‍ തുടങ്ങി. തന്ത്രി കണ്ഠര് മഹേഷ് മോഹനര് തീര്‍ഥം തളിച്ചു ശുദ്ധി വരുത്തി. മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി കറ്റകള്‍ ശിരസ്സിലേറ്റി. ഒപ്പം കീഴ്ശാന്തി ഗിരീഷ് കുമാറും പരികര്‍മികളും കറ്റകളെടുത്ത് കിഴക്കേ മണ്ഡപത്തില്‍ എത്തിച്ചു. 

ദശപുഷ്പം, ആലില, മാവില, പ്ലാവില തുടങ്ങിയവയും ചേര്‍ത്ത് പൂജിച്ച കറ്റകള്‍ ശ്രീകോവിലില്‍ അയ്യപ്പ വിഗ്രഹത്തിനു മുന്‍പില്‍ സമര്‍പ്പിച്ചു. പുതിയ നെല്ല് ഇടിച്ച് ഉണ്ടാക്കിയ അവല്‍ നിവേദ്യം സമര്‍പ്പിച്ചു. കറ്റകള്‍ ആദ്യം ശ്രീലകത്ത് കെട്ടി ഇല്ലംനിറ നടത്തി. പിന്നീട് തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഭക്തര്‍ക്ക് പ്രസാദമായി കതിരുകള്‍ നല്‍കി.കളഭാഭിഷേകത്തോടെ ഉച്ചപൂജയും ദീപാരാധനയ്ക്കു ശേഷം പടിപൂജയും ഉണ്ടായിരുന്നു. അത്താഴ പൂജയ്ക്കു ശേഷം മേല്‍ശാന്തി നട അടച്ചു. ഇനി ചിങ്ങമാസ പൂജയ്ക്കായി 16ന് വൈകിട്ട് 5ന് നട തുറക്കും. 21 വരെ പൂജകള്‍ ഉണ്ടാകും.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക