പെലോസിക്കെതിരെ ചൈന ഉപരോധം പ്രഖ്യാപിച്ചു, യു എസുമായി സഹകരിക്കില്ല

Published on 05 August, 2022
പെലോസിക്കെതിരെ ചൈന ഉപരോധം പ്രഖ്യാപിച്ചു, യു എസുമായി സഹകരിക്കില്ലയു എസ് ഹൗസ് സ്പീക്കർ നാൻസി പെലോസി തായ്‌വാൻ സന്ദർശിച്ചതിന്റെ പേരിൽ ചൈന അവരുടെ മേൽ ഉപരോധങ്ങൾ പ്രഖ്യാപിച്ചു. കുടുംബാംഗങ്ങൾക്കുമുണ്ട് ഉപരോധം.

പെലോസിയുടെ മേലുള്ള ഉപരോധം ചൈന വിശദീകരിച്ചില്ല. എന്നാൽ ഇരു രാജ്യങ്ങളുടെയും പ്രതിരോധ ഉദ്യോഗസ്ഥർ തമ്മിൽ നടത്താനിരുന്ന ചർച്ചകൾ റദ്ദാക്കിയെന്നു ചൈനീസ് വിദേശകാര്യ വകുപ്പ് പറഞ്ഞു. ലഹരിമരുന്നു കടത്തു നിരീക്ഷണത്തിനു ചൈന ഇനി സഹകരിക്കില്ല. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ചർച്ചകളിലും. 

തായ്‌വാൻ സന്ദർശനം ചൈനയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടലാണ്. "അത് ചൈനയുടെ ഭൂമിയിലുള്ള കടന്നു കയറ്റമാണ്. പരമാധികാരത്തിന്റെ മേലും. തായ്‌വാൻ കടലിടുക്കിന്റെ സമാധാനവും ഭദ്രതയും അത് തകർക്കുന്നു."

സ്വന്തം ഭൂമിയെന്നു ചൈന അവകാശപ്പെടുന്ന തായ്‌വാന്റെ ചുറ്റും ഉൾക്കടലിൽ ചൈന ബുധനാഴ്ച തുടങ്ങിയ സൈനിക അഭ്യാസം വെള്ളിയാഴ്ചയും തുടർന്നു. പെലോസിയെ സ്വീകരിച്ചതിന്റെ പേരിൽ നടത്തുന്ന ഈ വിരട്ട് ഞായറാഴ്ച വരെ തുടരും.

വെള്ളിയാഴ്ച രണ്ടു ചൈനീസ് മിസൈലുകൾ ജാപ്പനീസ് അതിർത്തിക്കുള്ളിൽ വീണതിൽ ജപ്പാൻ ചൈനയെ പ്രതിഷേധം അറിയിച്ചു. ജപ്പാന്റെ സാമ്പത്തിക മേഖലയിലാണ് മിസൈലുകൾ വീണത്. ചില മിസൈലുകൾ തായ്‌വാന്റെ മീതെയും പാഞ്ഞു. 

ചൈനീസ് സേന ഇരു രാജ്യങ്ങൾക്കുമിടയിൽ പകുതി ദൂരം കടന്നത് കടുത്ത പ്രകോപനമാണെന്നു തായ്‌വാനും പറഞ്ഞു. സ്വാതന്ത്ര്യവും ജനാധിപത്യവും ആണ് തായ്‌വാന്റെ അടയാളമെന്ന് പ്രധാനമന്ത്രി സു സെങ്‌ചാങ് ചൂണ്ടിക്കാട്ടി. 

 

 

 

 

 

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക