കെ-റെയിലിന്റെ കാര്യത്തില്‍ വ്യക്തത വരുത്താന്‍ കേരളം വൈകുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍

Published on 05 August, 2022
കെ-റെയിലിന്റെ കാര്യത്തില്‍ വ്യക്തത വരുത്താന്‍ കേരളം വൈകുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍

കെ-റെയിലിന്റെ കാര്യത്തില്‍ വ്യക്തത വരുത്താന്‍ കേരളം വൈകുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍. അലൈന്‍മെന്റ് പ്ലാന്‍, ആവശ്യമായ റെയില്‍വേ ഭൂമി, എറ്റെടുക്കുന്ന ഭൂമി തുടങ്ങിയവ സമ്ബന്ധിച്ച വിവരങ്ങളില്‍ കേരളത്തോട് വ്യക്തത തേടിയിട്ടുണ്ടെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം അറിയിച്ചു.

കേരളം നല്കുന്ന വിശദീകരണം പരിശോധിച്ച്‌ മാത്രമെ കെ-റെയിലിന് അനുവാദം നല്‍കൂ. കെ-റെയിലിന് അനുവാദം നല്‍കിയാല്‍ മൂന്നാമത്തെയും നാലാമത്തെയും റെയില്‍വേ ലൈനുകള്‍ സംസ്ഥാനത്ത് സാധ്യമല്ലാതാവും. കേന്ദ്രസര്‍ക്കാര്‍ രേഖാമൂലമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കേന്ദ്ര സര്‍ക്കാരിന്റെ സില്‍വര്‍ ലൈന്‍ പ്രൊജക്‌ടിന്റെ ഭാഗമായ സെമി ഹൈസ്‌പീഡ്‌ കോറിഡോര്‍ പദ്ധതിക്കാണ് കെ റെയില്‍ എന്ന് പേരിട്ടിരിക്കുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള 529 കിലോമീറ്ററില്‍ പുതിയ ഒരു സ്‌റ്റാന്‍ഡേര്‍ഡ് ഗേജ് ലൈന്‍ നിര്‍മിച്ച്‌ അതിലൂടെ ശരാശരി 200 കിലോമീറ്റര്‍ വേഗതയില്‍ സെമി ഹൈസ്​പീഡ്​ ട്രെയിന്‍ ഓടിക്കാനുള്ള സംവിധാനമൊരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

കേരള സര്‍ക്കാരും ഇന്ത്യന്‍ റെയില്‍വേയും സംയുക്‌തമായി രൂപീകരിച്ച 'കേരള റെയില്‍ ഡവലപ്മെന്റ് കോര്‍പറേഷന്‍' എന്ന കമ്ബനിയാണ് കെ റെയില്‍ പദ്ധതിയുടെ നടത്തിപ്പുകാര്‍. പദ്ധതി യാഥാര്‍ഥ്യമായാല്‍ കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരം വരെയുള്ള യാത്ര കേവലം നാല് മണിക്കൂറിനുള്ളില്‍ നടത്താം.

തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, കൊച്ചി എയര്‍പോര്‍ട്ട്, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ 11 സ്‌റ്റേഷനുകളാണ് ഈ കോറിഡോറിലുള്ളത്. കൊച്ചി വിമാനത്താവളം കേന്ദ്രീകരിച്ചും ഒരു സ്‌റ്റോപ്പുണ്ടാകും. 11 ജില്ലകളിലൂടെ ഈ പാത കടന്നുപോകും. 20 മിനിറ്റ് ഇടവേളകളില്‍ ട്രെയിന്‍ സര്‍വീസ് നടത്തും

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക