കൊച്ചി: എറണാകുളം-അങ്കമാലി മേജര്‍ അതിരൂപത വിശ്വാസ സംരക്ഷണ മഹാസംഗമം ഞായറാഴ്ച നടക്കും. അതിരൂപതയില്‍ കഴിഞ്ഞ 60 വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ജനാഭിമുഖ കുര്‍ബാനയ്ക്കു വേണ്ടി ഉറച്ച നിലപാടെടുക്കുന്ന വൈദികരുടെയും വിശ്വാസി സമൂഹത്തിന്റെയും സംഗമമാണ് ആഗസ്റ്റ് 7 ഞായറാഴ്ച കലൂര്‍ സ്റ്റേഡിയത്തിലെ കര്‍ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍ നഗറില്‍ സംഘടിപ്പിക്കുന്നത്.
അതിരൂപത സംരക്ഷണ സമിതി, അല്മായ മുന്നേറ്റം, ദൈവജനക്കൂട്ടായ്മ, ബസിലിക്ക കൂട്ടായ്മ, കെസി.വൈ.എം. സി.എല്‍.സി, സി.എം.എല്‍, വിന്‍സെന്റ് ഡി പോള്‍ തുടങ്ങീയ പ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ അതിരൂപതയിലെ മുഴുവന്‍ ഇടവകകളില്‍ നിന്നും വിശ്വാസികള്‍ സമ്മേളന നഗരിയില്‍ സംഗമിക്കുമെന്ന് അതിരൂപത സംരക്ഷണ സമിതിയും അല്മായ മുന്നേറ്റവും പത്രസമ്മേളനത്തില്‍ അറിയിച്ചു.
അതിരൂപതയില്‍ ജനാഭിമുഖ കുര്‍ബാന നിലനിര്‍ത്തുക, ഭൂമിയിടപാടു പ്രശ്‌നങ്ങളില്‍ അതിരൂപതയ്ക്കു നഷ്ടപ്പെട്ട തുക റെസ്റ്റിറ്റിയൂഷന്‍ പ്രക്രിയയുടെ ഭാഗമായി തിരിച്ചു നല്കുക, കാരണം കാണിക്കല്‍ നോട്ടീസു പോലും നല്കാതെ രാജി വെപ്പിക്കുകയും ഊരുവിലക്കേര്‍പ്പെടുത്തുകയും ചെയ്ത ആര്‍ച്ചുബിഷപ് ആന്റണി കരിയിലിനോട് സിനഡ് നീതി പുലര്‍ത്തുക, സിനഡ് പിതാക്കന്മാര്‍ വിശ്വാസികളെയും വൈദികരെയും കേള്‍ക്കുക എന്നീ ആവശ്യങ്ങള്‍ ഉറക്കെ പ്രഖ്യാപിക്കാനാണ് ദൈവജനം ഒത്തുച്ചേരുന്നതും റാലി നടത്തുന്നതും. ജനാഭിമുഖ കുര്‍ബാന ഒരു വിഭാഗം വൈദികരുടെയോ അല്മായരുടെയോ മാത്രം ആവശ്യമല്ലെന്നും അതിരൂപതയയിലെ വൈദികരില്‍ 99 ശതമാനവും അല്മായരില്‍ മഹാഭൂരിപക്ഷവും രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ തുറവിയുള്ള ജനാഭിമുഖ കുര്‍ബാനയില്‍ ഉറച്ച നിലപാടുള്ളവരാണെന്നും സാക്ഷ്യപ്പെടുത്താനാണ് ഈ സംഗമമെന്ന് അവര്‍ പറയുന്നു.
വിശ്വാസസംരക്ഷണ സമ്മേളനത്തില്‍ ഷൈജു ആന്റണി, ബിജു തോമസ്, ഫാ. സണ്ണി കളപുരക്കല്‍ എന്നിവര്‍ വിഷയാവതരണം നടത്തും. ഈ സംഗമത്തില്‍ ഫാ. കുരിയാക്കോസ് മുണ്ടാടന്‍ ആമുഖ പ്രഭാഷണം നടത്തും, മോണ്‍.വര്‍ഗീസ് ഞാളിയത് അധ്യക്ഷന്‍ ആയിരിക്കും, അതിരൂപതയുടെ ആവശ്യങ്ങള്‍ കാണിച്ചുകൊണ്ട് അഡ്വ. ബിനു ജോണ്‍ പ്രമേയം അവതരിപ്പിക്കും, പാസ്റ്ററല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി പി പി ജെറാര്‍ദ് ജനാഭിമുഖ കുര്‍ബാനയ്ക്കുവേണ്ടിയുള്ള പ്രതിജ്ഞക്ക് നേതൃത്വം നല്‍കും, സംഘടന പ്രതിനിധികള്‍ ആശംസകള്‍ അര്‍പ്പിക്കും. ആഗസ്റ്റ് 7 ഞായര്‍ 2.30 ന് ജപമാലയോടെ ആരംഭിക്കുന്ന വിശ്വാസ സംരക്ഷണ മഹാസംഗമത്തില്‍ റാലിയും പൊതു സമ്മേളനവും ഉണ്ടായിരിക്കുമെന്നും സംഘാടന സമിതിക്കുവേണ്ടി ഫാ. ജോസ് വൈലികോടത്ത് (അതിരൂപത സംരക്ഷണ സമിതി), റിജു കാഞ്ഞുക്കാരന്‍ (അല്മായ മുന്നേറ്റം) എന്നിവര്‍ അറിയിച്ചൂ.
റിജു കാഞ്ഞൂക്കാരന്‍(കണ്‍വീനര്‍, മീഡിയ കമ്മിറ്റി), പി പി ജെറാര്‍ദ്(ജനറല്‍ സെക്രട്ടറി, പാസ്റ്ററല്‍ കൗണ്‍സില്‍), ഷൈജു ആന്റണി(കണ്‍വീനര്‍, പ്രോഗ്രാം കമ്മിറ്റി), ഷിജോ കരുമത്തി(ജനറല്‍ കണ്‍വീനര്‍, വിശ്വാസസംരക്ഷണ മഹാസംഗമം), തങ്കച്ചന്‍ പേരയില്‍(ജോയിന്റ് കണ്‍വീനര്‍), ടിജോ പാടായാട്ടില്‍(KCYM പ്രസിഡന്റ്), ജെമി ആഗസ്റ്റിന്‍, .ജോണ്‍ കല്ലൂക്കാരന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.