പമ്പ, കക്കി ആനത്തോട് അണക്കെട്ടുകളില്‍ ബ്ലു അലര്‍ട്ട് പ്രഖ്യാപിച്ചു

Published on 05 August, 2022
 പമ്പ, കക്കി ആനത്തോട് അണക്കെട്ടുകളില്‍ ബ്ലു അലര്‍ട്ട് പ്രഖ്യാപിച്ചു

പത്തനംതിട്ട: പത്തനംതിട്ടയിലെ പമ്പ, കക്കി ആനത്തോട് അണക്കെട്ടുകളില്‍ ബ്ലു അലര്‍ട്ട് പ്രഖ്യാപിച്ചു. അണക്കെട്ടുകളിലേക്ക് നീരൊഴുക്ക് കൂടിയതോടെ ജലനിരപ്പ് വേഗത്തില്‍ ഉയരുകയാണ്. പമ്പ, അച്ചന്‍കോവില്‍, മണിമല നദികളില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. 

റാന്നി, കേഴഞ്ചേരി, ആറന്മുള പ്രദേശങ്ങളിലെ റോഡുകളിലേയും വീടുകളിലേയും വെള്ളം ഇറങ്ങിത്തുടങ്ങി. ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ പലയിടത്തും വലിയ വെള്ളക്കെട്ട് തുടരുകയാണ്. തിരുവല്ല താലൂക്കില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. ആലപ്പുഴ ജില്ലയിലെ തലവടി അടക്കമുള്ള അപ്പര്‍ കുട്ടനാടന്‍ മേഖലയിലും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലാണ്. 

അമ്പലപ്പുഴ തിരുവല്ല റോഡില്‍ പലയിടങ്ങളിലായ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. കിഴക്കന്‍ വെള്ളം വന്നതോടെ കുട്ടനാട്ടിലും വെള്ളം കൂടുകയാണ്. തോട്ടപ്പള്ളിയിലെ ഷട്ടറുകള്‍ തുറന്നതോടെ വെള്ളം വേഗത്തില്‍ കടലിലേക്ക് വലിയുന്നുണ്ട്. 

ഡാമുകളുടെ ജില്ലയായ ഇടുക്കിയില്‍ അഞ്ച് അണക്കെട്ടുകളില്‍ നിലവില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പൊന്മുടി, ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, കുണ്ടള ഡാമുകളില്‍ ആണ്  റെഡ് അലേര്‍ട്ട് നിലനില്‍ക്കുന്നത്. ഇടുക്കി ഡാമില്‍ രാത്രിയോടെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കേരളത്തിന് എന്നും ആശങ്കയാവുന്ന മുല്ലപ്പെരിയാറില്‍ മൂന്ന് ഷട്ടറുകള്‍ ഇന്ന് തുറന്നു. ഇടുക്കിയിലെ ഡാമുകളില്‍ പലതും തുറക്കാന്‍ സാധ്യതയുള്ളതിനാല്‍ പെരിയാര്‍ തീരത്ത് ജാഗ്രത തുടരുന്നുണ്ട്. നിലവില്‍ ആശങ്ക വേണ്ടെന്നാണ്  അധികൃതര്‍ പറയുന്നത്.

തൃശൂരില്‍ പെരിങ്ങല്‍ക്കുത്ത്, ഷോളയാര്‍ അണക്കെട്ടുകളില്‍ ഓറഞ്ച് അലര്‍ട്ടാണ് നിലനില്‍ക്കുന്നത്. പറമ്പിക്കുളത്തു നിന്ന് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചതോടെ ചാലക്കുടിയില്‍ ആശങ്ക ഒഴിയുകയാണ്. പൊരിങ്ങല്‍ക്കുത്ത്, പീച്ചി, ചിമ്മിനി, വാഴാനി, മലമ്പുഴ ഡാമുകളില്‍ അപകടനിലയില്ല. ചാലക്കുടിയും ഭാരതപ്പുഴയും ഇപ്പോഴും അപകട നിലയ്ക്ക് താഴെയാണ്. നദീതീരങ്ങളില്‍ ജാഗ്രത തുടരുന്നുണ്ട്. 

പാലക്കാട് ജില്ലയിലെ മലമ്പുഴ ഡാമില്‍ നാല് ഷട്ടറുകള്‍ ഇന്ന് തുറന്നു. കാഞ്ഞിരപ്പുഴയില്‍ മൂന്നു ഷട്ടറുകള്‍ തുറന്നിരിക്കുകയാണ്. മാമംഗലം ഡാമില്‍ ആറ് സ്പില്‍വേ ഷട്ടറുകളും തുറന്നിരിക്കുന്നു. പോത്തുണ്ടി ഡാമിന്റെ മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ തുറന്നിരിക്കുന്നു. തമിഴ്‌നാട് ആളിയാര്‍ ഡാമിന്റെ ഏഴ് ഷട്ടറുകള്‍ തുറന്നു. മീങ്കര, മംഗലം ഡാമുകളില്‍ ഓറഞ്ച് അലേര്‍ട്ട് ആണ്. എവിടെയും അപകടസാഹചര്യമില്ല, എല്ലായിടത്തും ജാഗ്രത തുടരുകയാണ്. 

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക