Image

ചാലക്കുടി പുഴയില്‍ ആശങ്ക ഒഴിഞ്ഞു', ജാഗ്രത വേണമെന്ന് മന്ത്രി കെ രാജന്‍

Published on 05 August, 2022
 ചാലക്കുടി പുഴയില്‍ ആശങ്ക ഒഴിഞ്ഞു', ജാഗ്രത വേണമെന്ന് മന്ത്രി കെ രാജന്‍

തിരുവനന്തപുരം: ചാലക്കുടിയില്‍ ആശങ്ക ഒഴിഞ്ഞെങ്കിലും ജാഗ്രത വേണമെന്ന് മന്ത്രി കെ രാജന്‍. ഏഷ്യാനെറ്റ് ന്യൂസ് അവറിലാണ് പ്രതികരണം. നല്ലതുപോലെ ഒരുക്കങ്ങള്‍ നടത്തുകയും അയ്യായിരത്തോളം പേരെ മാറ്റിപാര്‍പ്പിക്കാനും കഴിഞ്ഞു. ആവശ്യമായ മുന്‍കരുതലുകളും ഒരുക്കങ്ങളും നടത്താന്‍ കഴിഞ്ഞിരുന്നെന്നും മന്ത്രി പറഞ്ഞു. 

ഡാമുകളുടെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതോടെ ചാലക്കുടി പുഴയിലെ ആശങ്ക ഒഴിഞ്ഞിരിക്കുകയാണ്. പുഴയിലെ ജലനിരപ്പ്, മുന്നറിയിപ്പ് ലെവലിനും താഴെ 6.90 മീറ്ററിലെത്തി. ചാലക്കുടിക്ക് താഴെയുള്ള അഞ്ച് പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് തുടരുന്നതിനാല്‍ ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് തിരിച്ചുവരാന്‍ രണ്ടു ദിവസമെടുക്കും. ചാലക്കുടിയില്‍ മാത്രം 40 ക്യാമ്പുകളിലായി 1071 പേരാണ് ഉള്ളത്. 

ഇന്നലെ രാത്രി പറമ്പിക്കുളത്തു നിന്നും തുണക്കടവില്‍ നിന്നും 19000 ക്യൂമെക്‌സ് വെളളമാണ് പെരിങ്ങല്‍കുത്തിലെക്ക് എത്തിയത്. കനത്ത മഴ കൂടി തുടര്‍ന്നതോടെ പെരിങ്ങല്‍ക്കുത്തില്‍ നിന്ന് ചാലക്കുടി പുഴയിലേക്ക് ഒഴുകി എത്തിയത് 37000 ക്യുമെക്‌സ് വെള്ളം. ഏത് സാഹചര്യവും നേരിടാന്‍ സജ്ജമായി ജില്ലാ ഭരണകൂടവും സജ്ജമായിരുന്നു. റെവന്യൂ മന്ത്രിയുടെയും ജില്ലാ കളക്ടറുടെയും നേതൃത്തത്തില്‍ പ്രത്യേക ടീം മുന്നില്‍ നിന്ന് നയിച്ചു. 

എന്‍ഡിആര്‍എഫ് സംഘവും ഫയര്‍ഫോഴ്‌സും മത്സ്യത്തൊലാളികളും അടിയന്തിര ഘട്ടത്തെ നേരിടാന്‍ തയ്യാറായി നിന്നു. പെട്ടെന്ന് വെള്ളം പൊങ്ങുന്ന സ്ഥലങ്ങളില്‍ നിന്ന് ആളുകളെ യുദ്ധകാലടിസ്ഥാനത്തില്‍ മാറ്റി . എന്നാല്‍ രാവിലെ ആകുമ്പോള്‍ സ്ഥിതി മാറി. ജലനിരപ്പ് 7.27 മീറ്റര്‍ ആയി തന്നെ തുടര്‍ന്നത് വലിയ ആശ്വാസമായി. കടലിലേക്കുള്ള ഒഴുക്ക് സുഗമമായതും മഴ മാറിയതും ചാലക്കുടി പുഴയിലെ ജലനിരപ്പ് താഴ്ത്തി. പറമ്പിക്കുളം, തുണക്കടവ് അണക്കെട്ടുകളില്‍ ഉച്ചയോടെ തുറന്നു വിടുന്ന വെളളം പകുതി ആക്കി. വൈകിട്ടോടെ മുന്നറിയിപ്പ് നിലക്കും താഴെ 6.90 മീറ്ററില്‍ ചാലക്കുടി പുഴ എത്തി. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക