തള്ളല്ല, കാര്യമാണ്! ( മിനികഥ: കീറാമുട്ടി)

Published on 06 August, 2022
 തള്ളല്ല, കാര്യമാണ്! ( മിനികഥ: കീറാമുട്ടി)

അദ്ദേഹവും, ഞാനും , ഞങ്ങൾ പ്രായംകൊണ്ട് നവയൗവനം കഴിഞ്ഞിട്ട് യഥാക്രമം അൻപതും, നാൽപതും വർഷങ്ങൾ കഴിഞ്ഞിട്ടുണ്ടാകാം. വൃത്താകൃതിയെ വിട്ട്, തെല്ല് മുട്ടയുടെ ആകൃതിയോടുകൂടിയ ഞങ്ങളുടെ മുഖം ഇപ്പോൾ ഒരു കോഞ്ഞാട്ടയുടെ ഔട്ട് ലൈൻ എടുത്തതുപോലായിട്ടുണ്ട്. ഒരുകാലത്ത്, ഇടമുറ്റി കറുത്തു കറുത്ത് സ്റ്റീൽ കമ്പിപോലെ തിളങ്ങിയിരുന്നു മീശ കാഴചക്കാർക്ക് അറപ്പുളവാക്കുന്ന വിധത്തിൽ അരോചകമായ വെളുപ്പാലും, ഉണക്കും കുഴിക്കേടും പിടിച്ച നെൽപ്പാടം പോലെയായിട്ടുണ്ട്. "എന്നാൽപ്പിന്നെ അങ്ങു വടിച്ചുകളഞ്ഞുകൂടേ ഉവ്വേ " എന്നുചോദിക്കുന്നവരോട്, സ്മരണ വേണം, നന്ദി വേണം എന്ന ഉത്തരമെ കൊടുക്കാനുള്ളൂ. ഈ മീശയുടെ കട്ടിയിലും, കറുപ്പിലും മാത്രം തെറ്റിദ്ധരിക്കപ്പെട്ടു ഞങ്ങളുടെകൂടെകൂടിയ ചിലർ കാരണം ഞങ്ങൾക്കൊരു കുടുബം ഉണ്ടായി. ആ സ്മരണയും, നന്ദിയും വേണമെന്നാണ് പറഞ്ഞത്.

ഞാനും അദ്ദേഹവും ഒത്തുകൂടിയാൽ, സാഹിത്യം പുരാണം, വേദം, ഉപനിഷത്ത്, കവിത, മതം രാഷ്ട്രീയം ഒക്കെ സംസാരിച്ചു എത്രസമയം വേണേലും ചെലവിടും. ഇതിനുള്ളിലുള്ള ഞങ്ങൾക്ക് പ്രശ്നമില്ലാത്ത ഒരു പ്രശനം ഇച്ചിരി,പിന്നെ ഇച്ചരെകൂടി റെസ്പോണ്സിബിളി കുടുക്കും. അത്, അതുമാത്രം ഞങ്ങളുടെ മുതുക്കിമാർക്കും അവരുടെ കയ്യാളുമാരായ മക്കൾക്കും അത്രക്കങ്ങു പിടിക്കുന്നില്ല. മൂന്നു സൈനിക മേധാവിമാരും പ്രസിഡന്റിന്റെ സാന്നിദ്ധ്യത്തിലെ സന്ധിക്കാൻ പാടുള്ളൂ എന്നപോലെ, ഞങ്ങൾക്ക് മാത്രമായൊന്നു കൂടണമെങ്കിൽ തല ഇത്തിരി പുകച്ചും, ബാക്കി റിസ്കും എടുക്കണം.
അങ്ങനെയൊരു റിസ്ക് ഇന്നലെയെടുത്തു. ആ സമയത്ത് ഒരത്യാവശ്യവുമില്ലാത്ത, പച്ചമുളക് വാങ്ങിക്കുവാൻ അദ്ദേഹം കടയിലേക്ക് വിട്ടു. വരേണ്ട സമയം കഴിഞ്ഞിട്ടും വീട്ടിലെത്താത്ത അദ്ദേഹത്തിന്റെ ആപേക്ഷിക സ്ഥാനം സ്മാർട്ഫോണിലൂടെ നോക്കുകയും, ആ സ്ഥാനം എന്റെ വീടിന്റെ സ്ഥിരസ്ഥാനത്തിൽ ലയിച്ചിരിക്കുന്നതും കണ്ടയുടനെ അദ്ദേഹത്തിന്റെ മുതുക്കി അദ്ദേഹത്തെ വിളിക്കുകയും, അദ്ദേഹം വിശേഷങ്ങൾ പറയുവാൻ ഫോൺ എന്റെ കൈയ്യിൽ തന്നു. സംസാരത്തിനിടക്ക്, എങ്ങനെയോ, മിനിഞ്ഞാന്ന് 1.3 ബില്യൺ ഡോളർ ലോട്ടറി അടിച്ചതിനെകുറിച്ചായി സംസാരം. ആയിരത്തിനും, പയിനായിരത്തിനും അപ്പുറത്തേക്ക്‌ ചിന്തിക്കാത്ത അവർക്കു ബില്യൺ ആയാലെന്താ, ട്രില്യണായാലെന്താ! " അപ്പോൾ 1.3 ട്രില്യൺ അടിച്ചയാൾ ഈ പണമെല്ലാം എന്തുചെയ്യുമായിരിക്കും" എന്നോട് ചോദിക്കുകയും അടുത്തുനിന്ന് കേട്ടുകൊണ്ടിരുന്ന മോള് " ട്രില്യൺ അല്ല അമ്മെ, ബില്യൺ" ആണെന്ന് പറഞ്ഞു. "ഓ ഹോ! അപ്പോൾ ട്രില്യൺ എന്നതാ" എന്ന് മോളോട് ചോദിച്ചപ്പോൾ ഞാൻ കേറി പറഞ്ഞു "ട്രില്യൺ വേറെ ലെവൽ ആണ്, അത് എല്ലാവര്ക്കും കൈകാര്യം ചെയ്യാൻ പറ്റത്തില്ല. ട്രില്യൺസൊക്കെ കൈകാര്യം ചെയ്യുവാൻ, ഇന്നീ ലോകത്തിൽ, ഞാനടക്കം മൂന്നോ, നാലോ ആളുകൾക്കെ പറ്റത്തുള്ളു." ഇതുകേട്ടിരുന്ന അദ്ദേഹം എന്നെയൊന്നു സൂക്ഷിച്ചുനോക്കി, ഫോണിലൂടെ കേട്ട അദ്ദേഹത്തിന്റെ മുതുക്കി, ഉടൻ ഫോൺ അദ്ദേഹത്തിനുകൊടുക്കാൻ പറഞ്ഞു. ഞാൻ ഫോൺ അദ്ദേഹത്തിന് കൊടുത്തു. "ചുരുളി"യാണോ, മറ്റെന്താണോ ആവോ. അദ്ദേഹം ഉടൻ ചാടിയെണീറ്റു പോകാനൊരുങ്ങി. വാതിൽ തുറന്നു പുറത്തിറങ്ങാൻ തുടങ്ങിയ ഞങ്ങളെ എതിരേറ്റത് ജോലികഴിഞ്ഞു തിരിച്ചുവന്ന എന്റെ മുതുക്കിയെ . മുതുക്കിയുടെ ഉള്ളിൽ "ചുരുളിയുരുണ്ടു കയറുന്നതും അത് തന്ത്രപൂർവ്വം ചുരുട്ടിവെക്കുന്നതും എനിക്ക്, എനിക്കുമാത്രം കാണാമായിരുന്നു. ആ വെപ്രാളത്തിനിടക്ക്, ട്രില്യൺസൊക്കെ കൈകാര്യം ചെയ്യുൻ ഞാനടക്കം മൂന്നോ, നാലോ പേരെ ലോകത്തുള്ളു എന്ന് ഞാൻ പറഞ്ഞത് തള്ളിയതല്ല, ശരിയാണ് എന്നുപറയാൻ പറ്റാത്ത വിഷമം,
കതിരൂർ അടക്കമുള്ള കേരളത്തിലെ സഹകരണ ബാങ്കിലുള്ളവരെ, ഈ "ട്രില്യൺ" എന്നല്ല "ട്രില്യൺബില്യൺ" തുക ഏൽപ്പിച്ചാലും, അവർ വളരെ നൈസായിട്ട്, നമുക്കുവേണ്ടി, കൈകാര്യം ചെയ്യും എന്നു പറയാൻ പറ്റാത്ത വിഷമം കൊണ്ടാണ് ഇതെഴുതുന്നത്. 

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക