ഏഴു ദിവസമായിട്ടും ബൈഡൻ കോവിഡ് പോസിറ്റീവ് തന്നെ 

Published on 06 August, 2022
ഏഴു ദിവസമായിട്ടും ബൈഡൻ കോവിഡ് പോസിറ്റീവ് തന്നെ പ്രസിഡന്റ് ജോ ബൈഡൻ രണ്ടാം വട്ടം വന്ന കോവിഡിന്റെ പിടിയിൽ നിന്ന് ഏഴു ദിവസമായിട്ടും മോചിതനായില്ല. അദ്ദേഹം നെഗറ്റീവ് ആകുന്നതു വരെ ഏകാന്തവാസത്തിൽ തുടരുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. 

ആദ്യത്തെ കോവിഡ് ആക്രമണ സമയത്തു കഴിച്ച പാക്‌സ്ലോവിഡ് മൂലമാണ് രണ്ടാമതും രോഗബാധ ഉണ്ടായതെന്ന് ഡോക്ടർ കെവിൻ ഓ'കോണർ വിശദീകരിച്ചിരുന്നു. വെള്ളിയാഴ്ച ഏഴാം ദിവസം പരിശോധിച്ചപ്പോഴും അദ്ദേഹം പോസിറ്റിവ് ആയി. 

കാറ്റും മഴയും തകർത്ത കെന്റക്കിയിലേക്കു തിങ്കളാഴ്ച പോകാനുള്ള ബൈഡന്റെ പരിപാടി റദ്ദാക്കേണ്ടി വരാം. വിമുക്ത ഭടന്മാർക്കു ധനസഹായം കൂട്ടുന്ന ബിൽ റോസ് ഗാർഡനിൽ വച്ച് ഒപ്പു വയ്ക്കാനുള്ള ചടങ്ങു ബുധനാഴ്ച നടക്കാനുമുണ്ട്.

ബൈഡന്റെ രോഗലക്ഷണങ്ങൾ പരിമിതമാണെന്നു ഓ'കോണർ ഔദ്യോഗിക കത്തിൽ പറഞ്ഞു. 79 വയസുള്ള പ്രസിഡന്റിനെ ചുമ ഏതാണ്ട് പൂർണമായും മാറി. പനിയില്ല. നാഡിമിടിപ്പും രക്തസമ്മർദവും ശ്വസോഛ്വാസ നിരക്കും നോർമലാണ്. ഓക്സിജൻ ആവശ്യത്തിനുണ്ട്. 

രണ്ടു പ്രാവശ്യം നെഗറ്റീവ് ആയാൽ മാത്രമേ ബൈഡൻ ഏകാന്തവാസം അവസാനിപ്പിക്കൂ എന്ന് വൈറ്റ് ഹൗസ്‌ പ്രസ് സെക്രട്ടറി കാരിൻ ജീൻ-പിയറി പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയാണ് ബൈഡൻ വീണ്ടും പോസിറ്റീവ് ആയത്. അതിനു മുൻപുള്ള മൂന്ന് ദിവസങ്ങളിലും അദ്ദേഹം പൊതു പരിപാടികളിൽ പങ്കെടുത്തിരുന്നു.  

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക