കലുഷിതമായ രാഷ്ട്രീയത്തില്‍ സുപ്രീം കോടതി ഈ.ഡി.യെ കയറൂരി വിടുമ്പോള്‍. (പി.വി.തോമസ് : ദല്‍ഹികത്ത് )

പി.വി.തോമസ് Published on 06 August, 2022
കലുഷിതമായ രാഷ്ട്രീയത്തില്‍ സുപ്രീം കോടതി ഈ.ഡി.യെ കയറൂരി വിടുമ്പോള്‍. (പി.വി.തോമസ് : ദല്‍ഹികത്ത് )

സുപ്രീം കോടതി ജൂലൈ ഇരുപത്തിഏഴാം തീയതി വളരെ പ്രധാനപ്പെട്ടതും ദൂരവ്യാപകമായ ഫലങ്ങള്‍ ഉളവാക്കുന്നതുമായ ഒരു വിധി പ്രഖ്യാപിച്ചു. കള്ളപ്പണം വെളുപ്പിക്കുന്നതിനെ തടയുന്ന നിയമം നടപ്പിലാക്കുന്നതിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്(ഈ.ഡി.) അതിശക്തമായ അധികാരങ്ങള്‍ നല്‍കിക്കൊണ്ടുള്ള വിധി ആയിരുന്നു ഇത്. അടിയന്തിരാവസ്ഥകാലത്തെ നിയമങ്ങള്‍ക്ക് തുല്യമായ ഒന്നായി പി.എം.എന്‍.എ.-യെ സുപ്രീം കോടതി മാറ്റി. ഇതനുസരിച്ച് ഇ.ഡി.ക്ക് സംശയമുള്ളവരെ യാതൊരു പരാതിയും ഇല്ലാതെ റെയ്ഡു ചെയ്യാം, അറസ്റ്റു ചെയ്യാം, നിരപരാധിത്വം തെളിയിക്കേണ്ട ഉത്തരവാദിത്വം പ്രതിയുടേതാണ്. ജാമ്യം ലഭിക്കുവാന്‍ ഇതിലും വലിയ നിബന്ധനകള്‍ ആണ്. പ്രതിയുടെ പേരിലുള്ള ഈ കുറ്റങ്ങള്‍ എന്താണെന്ന് പ്രതിയെ ബോധ്യപ്പെടുത്തുവാനുള്ള ബാദ്ധ്യത ഈ.ഡി.ക്ക് ഇല്ല. കുറ്റം തെളിയിക്കപ്പെടുന്നതുവരെ പ്രതി നിരപരാധി ആണെന്ന സാമാന്യ തത്വം ഇവിടെ ബാധകം അല്ല. രാജ്യം മുഴുവനും പ്രതിപക്ഷ നേതാക്കന്മാരെ തെരഞ്ഞുപിടിച്ചു ഈ.ഡി.അറസ്റ്റു ചെയ്യുന്ന ഒരു സാഹചര്യം നിലനില്‍ക്കുന്നതുകൊണ്ടാണ് സുപ്രീം കോടതി ഈ വിധിയിലൂടെ ഈ.ഡി.യെയും പി.എം.എ-യും അതീവ ശക്തമാക്കുന്നതില്‍ ആശങ്ക ഉളവാക്കുന്നത്. രാഷ്ട്രീയക്കാര്‍ അഴിമതിക്കാരല്ലെന്ന യാതൊരും തെറ്റിദ്ധാരണയും ഇല്ലാത്തവരും ഈ ആശങ്ക പ്രകടിപ്പിക്കുന്നതില്‍ ഉണ്ട്. ഭരണകക്ഷിയും പ്രതിപക്ഷവും അഴിമതി നടത്തുന്നതിലും കള്ളപ്പണം കുമിഞ്ഞുകൂടുന്നതിലും ഒട്ടും പിന്നോക്കം അല്ല. പ്രതിപക്ഷ മന്ത്രിസഭകളെ വീഴിക്കുവാന്‍ ഉപയോഗിക്കുന്ന കുതിരക്കച്ചവടത്തിലെ കോടിക്കണക്കിന് രൂപ എവിടെനിന്നും വരുന്നു? എവിടെപോകുന്നു? ഈ ചോദ്യങ്ങള്‍ പ്രസക്തം ആണ്. ഭരണം കയ്യിലുള്ള കക്ഷിക്കാണ് അഴിമതിക്കും കള്ളപ്പണത്തിനും സാദ്ധ്യത കൂടുതല്‍ എന്ന സാമാന്യരീതി നിലനില്‍ക്കവെ എന്തുകൊണ്ടാണ് പ്രതിപക്ഷത്തെ മാത്രം ഈ.ഡി. ഇരയാക്കുന്നത്? ഈ.ഡി. എന്തുകൊണ്ടാണ് ഭരണകക്ഷിയുടെ രാഷ്ട്രീയ ആയുധം ആകുന്നത്? സംസ്ഥാന പ്രതിപക്ഷ സര്‍ക്കാരുകളെ അട്ടിമറിക്കുന്നതിനുളള കുതിരകച്ചവടത്തിനും റിസോര്‍ട്ട് രാഷ്ട്രീയത്തിനും സ്വകാര്യവിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്ത് എം.എല്‍.എ.മാരെ കയറ്റി ഇറക്കു ചെയ്യുവാനും ഉപയോഗിക്കുന്നത് വെള്ളപ്പണം ആണോ? കള്ളപ്പണം വെളുപ്പിക്കുന്ന കുറ്റം ഭീകരവാദത്തെക്കാള്‍ ഒട്ടും കുറവല്ലെന്നും സുപ്രീംകോടതി അറനൂറിലേറേ പേജ് വരുന്ന വിശദമായ വിധിന്യായത്തില്‍ വ്യക്തമാക്കി. സുപ്രീം കോടതിയിലെ രണ്ടാമത്തെ ഏറ്റവും സീനിയര്‍ ജഡ്ജിയായ എ.എം.ഖാന്‍വില്‍ക്കര്‍ അദ്ധ്യക്ഷനായിട്ടുള്ള രണ്ടംഗ ബഞ്ചാണ് വളരെ പ്രധാനപ്പെട്ട ഈ വിധി പുറപ്പെടുവിച്ചത്. രണ്ട് ദിവസത്തിനകം ജസ്റ്റീസ് ഖാന്‍ വില്‍ക്കര്‍ റിട്ടയര്‍ ചെയ്തു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഇദ്ദേഹം അദ്ധ്യക്ഷനായിട്ടുള്ള ബഞ്ചാണ് ഗുജറാത്ത് വംശഹത്യയില്‍ മോദിക്കു നല്‍കിയ ക്ലീന്‍പത്രം ശരിവച്ചത്.

വാദിഭാഗത്തിനും വേണ്ടി ഹാജരായ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, അഭിഷേക് മനുസിംഗവി, സിദ്ധാര്‍ത്ഥ് ലൂഛര, മുകുല്‍ രോത്താംഗി എന്നിവരുടെ വാദഗതികളൊന്നും കോടതിയില്‍ വിലപ്പോയില്ല. ഇവര്‍ വാദിച്ചു ഈ നിയമം ക്രൂരമാണ്, ഈ.ഡി.യുടെ നടപടികള്‍ സുതാര്യമല്ല, തന്നിഷ്ടപ്രകാരമുള്ളതാണ്, ഒരു പ്രതിയുടെ ഭരണഘടനപരമായ അവകാശങ്ങള്‍ക്ക് എതിരാണ്. പ്രതി ഈ.ഡി.യുടെ മുമ്പാകെ നടത്തിയ പ്രസ്താവന തെളിവായി കണക്കാക്കുന്നത് ക്രമിനല്‍ പ്രൊസീജിയര്‍ കോഡിന്റെ ലംഘനം ആണ്. പക്ഷേ, കോടതി ഇതൊന്നും ചെവിക്കൊണ്ടില്ല.

ഒട്ടേറെ രാഷ്ട്രീയനേതാക്കന്മാര്‍, അതായത് പ്രതിപക്ഷ രാഷ്ട്രീയ നേതാക്കന്മാര്‍ ഈ.ഡി.യുടെ നിരീക്ഷണത്തിലും, ചോദ്യം ചെയ്യലിലും, അറസ്റ്റിലും, കാരാഗൃഹത്തിലും വിചാരണയിലും ആയിരിക്കുന്ന ഒരു സാഹചര്യത്തില്‍ ആണ് സുപ്രീംകോടതിയുടെ ഈ വിധി വന്നിരിക്കുന്നത്. ഇവരെല്ലാം നിരപരാധികള്‍ ആണെന്നും അല്ലെങ്കില്‍ കുറ്റവാളികള്‍ ആണെന്നും ഉള്ളത് ഇവിടെ ഒരു വാദമേ അല്ല. അത് കോടതിയുടെ വഴിക്ക് പോകട്ടെ. പക്ഷേ, അറസ്റ്റും ചോദ്യം ചെയ്യലും എല്ലാം സുതാര്യം ആയിരിക്കണം.

ഇപ്പോള്‍ നിലവിലിരിക്കുന്ന പി.എം.എല്‍.എ. കേസുകളില്‍ പ്രമാദം ആണ്  നാഷ്ണല്‍  ഹെറാള്‍ഡ് കേസില്‍ സോണിയഗാന്ധിയും, മകന്‍ രാഹുല്‍ഗാന്ധിയും ഉള്‍പ്പെട്ടത്. കോണ്‍ഗ്രസിന്റെ നേതാക്കന്മാരായ പി.ചിദംബരവും(2-ജി സ്‌പെക്ട്രം, ഐ.എന്‍.എക്‌സ്-മീഡിയ) മകന്‍ കാര്‍ത്തി ചിദംബരവും. മഹാരാഷ്ട്ര, ബംഗാള്‍, പഞ്ചാബ്, ഝാര്‍ഖണ്ഡ്, ഛാത്തീസ്ഘട്ട് സംസ്ഥാനങ്ങളിലും പ്രതിപക്ഷത്തിന്റെ ഉന്നത നേതാക്കന്മാര്‍ ഈ.ഡി.യുടെ വലിയില്‍ ഉണ്ട്. തമിഴ്‌നാട്ടിലും ബീഹാറിലും മണിപ്പൂരും തെലുങ്കാനയും ജമ്മു-കാശ്മീരും, ഉത്തര്‍പ്രദേശും, ഗോവയും വ്യത്യസ്തം അല്ല. പി.എം.എല്‍.എ.യില്‍ പിടിക്കപ്പെടുന്ന നേതാക്കന്മാരുടെ പ്രതിഛായ മങ്ങുമെന്നും അങ്ങനെ ഈ തേജോവധത്തിലൂടെ അവരെ രാഷ്ട്രീയത്തില്‍ ഇല്ലാതാക്കാമെന്നും ആയിരിക്കാം രാഷ്ട്രീയ കണക്കുകൂട്ടല്‍. 54, 422 കേസുകള്‍ പി.എം.എല്‍.എ.യില്‍ ഉണ്ടെങ്കിലും 23 കേസുകളില്‍ മാത്രമാണ് ശിക്ഷ ഉണ്ടായത്. കേരള മുഖ്യമന്ത്രി പിണറായി വിജയനും, മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക്കും ഈ.ഡി.യുടെ നിരീക്ഷണത്തിലാണ് രണ്ട് വ്യത്യസ്തകേസുകളില്‍. സി.ബി.ഐ.യുടെ അതിക്രമങ്ങള്‍ കൂടിയപ്പോള്‍ 9 സംസ്ഥാനങ്ങള്‍ അതിനുള്ള അനുമതി പിന്‍വലിച്ചു. ഈ സംസ്ഥാനങ്ങളില്‍ ഈ.ഡി.യെ ആണ് കേന്ദ്രം ഉപയോഗിക്കുന്നത്. ഈ.ഡി.യുടെ കീഴില്‍ നാലുനിയമങ്ങള്‍ ആണ് ഉള്ളത്. പി.എം.എല്‍.എ ഉള്‍പ്പെടെ. ഇവ ഫെമ(ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട്) ഫെറ(ഫോറിന്‍ എക്‌സ്‌ചേഞ്ച് റെഗുലേഷന്‍ ആക്ട്) ആണ്.

2005-ല്‍ യൂ.പി.എ. ഗവണ്‍മെന്റ് ആണ് പി.എം.എല്‍.എ. കൊണ്ടുവന്നത്. 2009-ല്‍ യു.പി.എ. അത് കൂടുതല്‍ കര്‍ശനം ആക്കി. വാറന്റ് ഇല്ലാതെ അറസ്റ്റ് ചെയ്യാമെന്നായി. 2009-നും 2012-നും ഇടയില്‍ യൂ.പി.എ. ഗവണ്‍മെന്റ് പി.എം.എല്‍.എ. രാഷ്ട്രീയ പ്രതിയോഗികളെ പിടിക്കുവാന്‍ ഉപയോഗിച്ചു. മധു കോഡ, ജഗ് മോഹന്‍ റെഡ്ഢി, കരുണാനിധി കുടുംബം എല്ലാം ഇതില്‍പെടുന്നു. കോണ്‍ഗ്രസിലെ തന്നെ സുരേഷ് കല്‍മാഡിയും ഇതിന് ഇരയായി. 2019-ല്‍ എന്‍.ഡി.എ. ഗവണ്‍മെന്റ് വീണ്ടും പി.എം.എന്‍.എ. കര്‍ശനമാക്കി. ഇതിനെയാണ് സുപ്രീംകോടതിയില്‍ തല്പരകക്ഷികള്‍ ചോദ്യം ചെയ്തത്. ഇതിലുള്ള വിധിയാണ് ഇപ്പോള്‍ വന്നത്.

ഇനിയും കണക്കുകള്‍ പരിശോധിച്ചാല്‍ എന്‍.ഡി.എ. ഭരണകാലത്ത് ഈ.ഡി. റെയ്ഡുകള്‍ കുത്തനെകൂടി. ഇത് കള്ളപ്പണം വെളുപ്പിക്കുന്നവരെ പിടിക്കുവാന്‍ ആയിരുന്നുവെങ്കില്‍ സ്വാഗതം. പക്ഷേ, ഈ.ഡി.യെ ഒരു രാഷ്്ട്രീയ ആയുധമായി മോദി ഗവണ്‍മെന്റ് ഉപയോഗിക്കുകയായിരുന്നുവെന്ന് സൂക്ഷ്മപരിശോധനയില്‍ കാണാം. 112 റെയ്ഡുകള്‍ ആണ് ഈ.ഡി. യൂ.പി.യെ ഭരണത്തില്‍ നടത്തിയത്. എന്നാല്‍ ഇത് ഇപ്പോഴത്തെ എന്‍.ഡി.എ. ഭരണത്തില്‍ 3010 ആയിട്ടുയര്‍ന്നു. 27 പ്രാവശ്യം. ഇത് എന്‍.ഡി.എ.യുടെ ഭരണത്തിലെ കഴിഞ്ഞ എട്ടുവര്‍ഷത്തിലാണ് സംഭവിച്ചത്. 6.1 ലക്ഷം തടവുകാര്‍ ആണ് ഇന്‍ഡ്യ ഒട്ടാകെ. ഇതില്‍ 60 ശതമാനവും വിചാരണ തടവുകാര്‍ ആണ്. ആദ്യം സൂചിപ്പിച്ചതുപോലെ ഒടുവില്‍ ശിക്ഷ വളരെ കുറച്ചു ശതമാനവും.

പി.എം.എല്‍.എ. പ്രതിപക്ഷ ഗവണ്‍മെന്റുകളെ അട്ടിമറിക്കുവാനുള്ള ഒരു ആയുധമായി ഉപയോഗിക്കരുത്. സുപ്രീംകോടതിയുടെ ഈ വിധി ഗവണ്‍മെന്റിന്റെ കരങ്ങളെ ശക്തമാക്കും എന്നതില്‍ സംശയം ഇല്ല. അത് ജനാധിപത്യത്തിന് നല്ലതോ ചീത്തയോ എന്നതാണ് ചോദ്യം. അനുഭവങ്ങള്‍ പഠിപ്പിക്കുന്നത്. അധികാരം ഭരണാധികാരിയുടെ കൈകളില്‍ വരുമ്പോള്‍ അത് പ്രതിപക്ഷത്തെ അടിച്ചമര്‍ത്തുവാനും വിമതശബ്ദത്തെ ഇല്ലാതാക്കുവാനും ആണ് ഉപയോഗിക്കുക എന്നതാണ്. പ്രതിപക്ഷത്തില്‍ മാത്രം അല്ല അഴിമതിക്കാരും കള്ളപ്പണക്കാരും കാട്ടുകള്ളന്മാരും. ഈ.ഡി.യുടെ നടപടികള്‍ ഏകാധിപത്യം ആകുവാന്‍ സുപ്രീംകോടതി വിധി സഹായിക്കും. സുതാര്യത ഇല്ലാതാകും. ഇവയെല്ലാം ഭരണഘടന തത്വങ്ങള്‍ക്ക് എതിരാണ്. അഴിമതിക്കാരും നിയമലംഘകരും ശിക്ഷിക്കപ്പെടണം. അതില്‍ പ്രതിപക്ഷത്തെ മാത്രം ഉള്‍പ്പെടുത്തരുത്.

Chacko Thirunelli 2022-08-06 14:47:25
Thank you Mr. Thomas for writing this time-sensitive article. Justice Ajay Manikrao Khanwilkar is a controversial judge especially related to Constitutional cases he reviewed. His policy seems” for the State, anything; for the individual, the law“. In other words he is saying I can guarantee freedom to come to court; but I cannot guarantee freedom once you’ve come to court. He was appointed to MP High Court and Indian Supreme Court by the then Congress politican Mr. Pranab Mukherjee. Technically this is the fault of Legislature. When you design a Law, do not give any chance for the Judicial Philosophy to be intervened and interpreted. Look at PMLA Law: In other words, for the PMLA to be attracted, two conditions had to be satisfied: involvement (whether intentional or unintentional) in connection with proceeds of crime, and the (definitely) intentional “projecting” or “claiming” it as untainted property. Justice Khanwilkar held, however, that actually, the word “and” meant “or” (just like “day” means “night”), and that therefore, simply being in possession of “tainted” property was enough for guilt under the PMLA. So it doesn’t matter ED is investigating Sonia Gandhi. I see your point, it should not be limited to Opposition parties. In my opinion ED should immediately investigate Mr. Pinarayi Vijayan and all his inner circle related to Gold smuggling , Protocol violations and Currency smuggling.
Reghu Nair 2022-08-06 14:51:56
കളിമൺ വിഗ്രഹങ്ങൾ സമീപകാലത്തു ഉടയുമ്പോൾ കേൾക്കുന്ന കൂട്ട കരച്ചിലിന്റെ കാരണം ബഹു ഭൂരിപക്ഷം ഇന്ത്യക്കാർക്കും ഇപ്പോൾ നന്നായി മനസ്സിലാകുന്നുണ്ട്. അതുകൊണ്ടാണല്ലോ കർഷക സമരവും CAA വിരുദ്ധ സമരവും നടന്നിടത്തെല്ലാം പ്രതിപക്ഷ കക്ഷികൾ തകർന്നടിഞ്ഞത്. പിന്നെ, കയറൂരിവിട്ട സുപ്രീം കോടതിക്ക് ആവശ്യം വന്നാൽ നന്നായി കൂച്ചി കെട്ടാനും അറിയാം. അക്കാര്യത്തിൽ രാഷ്ട്രീയ തിമിരം ബാധിച്ചവരുടെ രോദനം വെറും വനരോദനമായി മാത്രമേ കലാശിക്കുകയുള്ളു.
സിംഹം ആസനത്തിൽ 2022-08-06 17:12:01
സ്വയം ഒരു സിംഹം ആണെന്ന് കരുതുന്നവർ ഏറെയുണ്ട് ഇ ഭൂവിൽ. സിംഹാസനങ്ങളിൽ കുത്തിയിരിക്കുന്നു അവർ. എല്ലാറ്റിൻറ്റെയും സിംഹ ഭാഗവും വേണമെന്ന് ശഠിക്കുന്നു അവർ. സിംഹം ആസനത്തിൽ കയറിയതുപോലെ ഗർജിക്കുന്നു അവർ. അവരുടെ നാറ്റം സമൂഹമാകെ നിറയുന്നു, സിംഹ ആസനത്തിൽ ഒളിക്കുന്നു ചില ഭീരുക്കൾ. അവരെയും നാറുന്നു; അവരെ ചുമക്കുന്നവരെയും നാറുന്നു. സിംഹാസനത്തിൽ കയറിയവരെയും സിംഹം ആസനത്തിൽ കയറിയവരെയും സിംഹത്തിൻറ്റെ ആസനത്തിൽ കയറിയവരെയും നാറുന്നു. അതാണ് ഇന്നീ ഭൂവിൽ ഏറെ കാണുന്നത് എന്നതാണ് സത്യം. -andrew
കനക സിംഹസനത്തിൽ 2022-08-06 19:02:57
''കനക സിംഹസനത്തിൽ കയറിയിരിക്കുന്നവൻ ശുമ്പനോ അതോ ശുനകനോ.....'' ഇ വരികൾ ആണ് കരുണാമയൻ കരുണാകരനെ നോക്കി രാജൻ മഹാരാജാസ് കോളജിൽ പാടിയത്. തിരികെ പോകുമ്പോൾ രാജനെനോക്കി കരുണാകരൻ പറഞ്ഞു '' പാട്ട് കൊള്ളാമായിരുന്നു''. പിറ്റേ ദിവസം തന്നെ രാജനെ പോലീസ് പൊക്കി, പിന്നെ ഉണ്ടായതു നിങ്ങൾക്ക് അറിയാമല്ലോ!!!!- അങ്ങനെ അനേകം ഉണ്ട് സിംഹം ആസനത്തിൽ കയറിയവരെ കുറിച്ച് പറയുവാൻ !!!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക