MediaAppUSA

വിരഹിയായ രാമന്‍ (ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 06 August, 2022
വിരഹിയായ രാമന്‍ (ദുര്‍ഗ മനോജ് )


അരണ്യകാണ്ഡം അറുപത്തിയഞ്ചു മുതല്‍ എഴുപത്തിയഞ്ചുവരേയും
കിഷ്‌കിന്ധാകാണ്ഡം ഒന്നു മുതല്‍ ഏഴുവരേയും.

(രാമക്രോധവും സീതാന്വേഷണാരംഭവുമാണ് ഈ അദ്ധ്യായത്തില്‍)

സീതയെ കാണാഞ്ഞു  ക്രുദ്ധനായി ലോകത്തെ നശിപ്പിക്കാനൊരുങ്ങിയ രാമനെ ലക്ഷ്മണന്‍ അനുനയിപ്പിച്ചു. 'ഒരിക്കലും അങ്ങ് ഇപ്രകാരം ക്രോധം കൊള്ളരുത്. ഉലകം അങ്ങയെ അഭയം പ്രാപിക്കുമ്പോള്‍, അങ്ങ് ഉലകമില്ലാതാക്കുവാന്‍ പുറപ്പെടുകയാണോ? അങ്ങയെ ഉപദേശിക്കുവാന്‍ ആര്‍ക്കു കഴിയും? ശോകം കൊണ്ടുറങ്ങിപ്പോയ അങ്ങയുടെ ജ്ഞാനത്തെ ഞാന്‍ ഉണര്‍ത്തുക മാത്രമാണു ചെയ്യുന്നത്. ഹേ, രഘൂത്തമ, ശത്രുവധത്തിനു യത്‌നിച്ചാലും. സര്‍വ്വവും മുടിച്ചിട്ട് എന്തു പ്രയോജനം? ആ വൈരിയെ കണ്ടുപിടിച്ചു നശിപ്പിച്ചാലും.'

ലക്ഷ്മണന്റെ മൊഴികള്‍ കേട്ടു രാമന്‍ കോപമടക്കി. പിന്നെ സീതയെ അപഹരിച്ച രാക്ഷസന്‍ ജനസ്ഥാനത്തു തന്നെ ഉണ്ടാകുമെന്ന ധാരണയില്‍ കാടാകെ തിരഞ്ഞു. അപ്പോഴാണ് ജടായുവിനെ രാമന്‍ കാണുന്നത്. ആദ്യം ജടായുവാണ് സീതയെ അപഹരിച്ചത് എന്നു നിനച്ചുവെങ്കിലും, ചിറകറ്റു വീണു കിടക്കുന്ന ജടായു, രാവണന്‍ സീതയെ അപഹരിക്കവേ താനുമായി ഉണ്ടായ യുദ്ധത്തെക്കുറിച്ചു പറയുകയും, അവന്റെ തകര്‍ന്ന തേരിനേയും, തേരാളിയേയും ആയുധങ്ങളേയും കാട്ടിക്കൊടുക്കുകയും ചെയ്തു. പിന്നെ, രാവണന്‍ അരിഞ്ഞു വീഴ്ത്തിയ അവന്റെ ചിറകുകളും രാമനു കാട്ടിക്കൊടുത്തു. രാവണനെക്കുറിച്ചും, 'ഹാ രാമാ' എന്നു കരഞ്ഞ സീതയെക്കുറിച്ചും പറഞ്ഞ്, ജടായു ജീവന്‍ വെടിഞ്ഞു. ജടായുവിനായി ചിത ചമച്ച്,  അതില്‍ ദഹിപ്പിച്ച്, ഗോദാവരിയില്‍ ഉദകക്രിയയും ചെയ്ത് ഇരുവരും തെക്കു ദിക്കിലേക്കു യാത്ര തുടര്‍ന്നു.

ഏറ്റവും ദുര്‍ഗ്ഗമവും ഘോരവുമായ പെരുങ്കാട്ടിലൂടെ സഞ്ചരിക്കവേ അയോമുഖി എന്ന രാക്ഷസിയുടെ മുന്നില്‍ അവര്‍ പെട്ടു. തന്നെ കടന്നുപിടിച്ച അവളെ ലക്ഷ്മണന്‍ അംഗഛേദം നടത്തിവിട്ടു. ക്രുദ്ധയായ അവള്‍ അലറിക്കൊണ്ടു പോകെ, കബന്ധനെന്ന തലയും കാലുമില്ലാത്ത, നീണ്ട കൈകളും വയറില്‍ ഒരു കണ്ണും വായുമുള്ള ഒരു സത്വം അവര്‍ക്കു മുന്നില്‍ പ്രത്യക്ഷനായി. അതിന്റെ  കൈകളില്‍ രാമലക്ഷ്മണന്മാര്‍ പെട്ടു. ഇന്ദ്രന്റെ ശാപം കൊണ്ടു വികൃതശരീരനായ ആ സത്വത്തിന്റെ ശക്തി കൈകളിലാണെന്നു തിരിച്ചറിഞ്ഞ രാമലക്ഷ്മണന്മാര്‍  അവന്റെ കൈകള്‍ ഛേദിച്ചു. അതോടെ ശക്തി ക്ഷയിച്ചു ചത്തുമലച്ച അവനെ കുഴിയില്‍ ഇട്ടു ദഹിപ്പിച്ചു. അതോടെ ശാപമോക്ഷം ലഭിച്ച കബന്ധന്‍, താന്‍ ശാപമോക്ഷത്തിനായി രാമന്റെ വരവും കാത്തിരിക്കുകയായിരുന്നുവെന്നും, സീതാദേവിയെ ലഭിക്കുവാന്‍, ബാലീ സഹോദരന്‍ സുഗ്രീവനുമായി സന്ധി ചെയ്യുകയാണു മാര്‍ഗമെന്നും ഉപദേശിച്ചു. ഒപ്പം പമ്പാതീരത്ത് മാതംഗവനത്തിനടുത്ത്  ഋഷിമൂകമെന്ന സ്ഥലത്തു പാര്‍ക്കുന്ന സുഗ്രീവനെ കണ്ടെത്തുവാനുള്ള മാര്‍ഗ്ഗങ്ങളും പറഞ്ഞുകൊടുത്തുകൊണ്ട് കബന്ധന്‍ മറഞ്ഞു.

തെക്കുദിക്കുനോക്കി നടന്ന രാമലക്ഷ്മണന്മാര്‍ ഒടുവില്‍ പമ്പാതീരത്തു ശബരി ആശ്രമത്തിലെത്തി. ആ സാധ്വിയുടെ ആതിഥ്യം സ്വീകരിച്ച രാമന്‍ അവരെ അനുഗ്രഹിച്ചു. രാമനെ കണ്ടു ചരിതാര്‍ത്ഥയായ അവര്‍ അഗ്‌നിയില്‍ ശരീരം വെടിഞ്ഞു, സ്വര്‍ഗം പ്രാപ്തമാക്കി വിണ്ണിലേക്കുയര്‍ന്നു. പിന്നെ രാമലക്ഷ്മണന്മാര്‍ സാധ്വി ശബരിയുടെ നിര്‍ദ്ദേശപ്രകാരം പമ്പാ സരസ്സില്‍ എത്തിച്ചേര്‍ന്നു. നീര്‍ക്കോഴി, മയില്‍, മരംകൊത്തി, തത്ത തുടങ്ങിയ പക്ഷികള്‍ കൂകുന്നതും, പൂത്തുലഞ്ഞ പല തരം മരങ്ങള്‍ തിങ്ങിനിറഞ്ഞതുമായ വനം കണ്ട് അവര്‍ നടന്നു. നറുവരിമരം, പുന്നാഗം, അശോകം തുടങ്ങിയവ നിറഞ്ഞ ഉപവനങ്ങളും, പല വല്ലികളാലും വൃക്ഷങ്ങളാലും ചൂഴപ്പെട്ട്, പല നിറമാര്‍ന്ന കമ്പിളി പോലുള്ള  ആമ്പലുകളും താമരകളും നിറഞ്ഞ പമ്പ കണ്ട് രാമന്‍ സീതയെ ഓര്‍ത്തു ദീനാര്‍ത്തനായി.

അരണ്യകാണ്ഡം സമാപ്തം.

**************************************************************************************************

കിഷ്‌കിന്ധാകാണ്ഡം ആരംഭം

പമ്പാതീരത്തെ പ്രകൃതി മനോഹാരിതയില്‍ രാമന്‍ സീതയെക്കുറിച്ചോര്‍ത്തു കൂടുതല്‍ വിഷാദിച്ചു. പൂത്തു കായ്ച്ചു നില്‍ക്കുന്ന മരങ്ങങ്ങളും തെളിനീരുറവകളും ചെറു താമര പൊയ്കകളും, പക്ഷികളുടെ കൂജനവും ഒക്കെ രാമനില്‍ വിരഹവേദന ശക്തമാക്കി.ഇതേ സമയം ഋഷ്യമൂകത്തിനടുത്തു കൂടി സഞ്ചരിച്ചിരുന്ന രാമലക്ഷ്മണന്‍മാരെ സുഗ്രീവന്‍ കണ്ടു. അവര്‍ ബാലിയുടെ ചാരന്മാരാകുമെന്നു ശങ്കിച്ചു വേഗം എല്ലാ വാനന്മാരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. ഒപ്പം ഇവര്‍ ആരെന്നും എന്തെന്നും അറിഞ്ഞു വരാന്‍ ഹനുമാനെ അയക്കുകയും ചെയ്തു. ഹനുമാന്‍ ബ്രാഹ്‌മണ വേഷത്തില്‍ രാമലക്ഷ്മണന്മാര്‍ക്കു മുന്നില്‍ പ്രത്യക്ഷനായി. എന്നിട്ട്, അവരുടെ വരവിന്റെ ലക്ഷ്യമെന്തെന്ന് ആരാഞ്ഞു. എല്ലാം വിധിയാംവണ്ണം മനസിലാക്കി. പിന്നെ ബാലിയുടെ കോപമേറ്റു രാജ്യവും ഭാര്യയും നഷ്ടമായി ബാലികേറാമലയായ ഋഷ്യമൂകത്തില്‍ ഭയന്നു കഴിയുകയാണു സുഗ്രീവനെന്നും അറിയിച്ചു.

ഇതുകേട്ടു ലക്ഷ്മണന്‍ തങ്ങള്‍ തേടിയതു സുഗ്രീവനെയാണെന്നും സന്ധി ചെയ്യുവാന്‍ ആഗ്രഹമുണ്ടെന്നും അറിയിച്ചു. രാമനിര്‍ദ്ദേശപ്രകാരം രണ്ടുപേരേയും ഹനുമാന്‍ സുഗ്രീവനു മുന്‍പാകെ എത്തിച്ചു. അവിടെ വച്ച് സുഗ്രീവനു രാജ്യം വീണ്ടെടുത്തു നല്‍കാന്‍ സഹായിക്കുമെന്നു രാമനും, സീതയെ കണ്ടെത്തുവാന്‍ സഹായിക്കുമെന്നു സുഗ്രീവനും സഖ്യം ചെയ്തു.കൂടാതെ, രാവണന്‍ തട്ടിക്കൊണ്ടു പോകുന്ന സമയം സീത താഴേക്കിട്ട ആഭരണങ്ങളും ഉത്തരീയവും കാട്ടിക്കൊടുക്കുകയും ചെയ്തു.  സീതയുടെ ആഭരണങ്ങള്‍ കണ്ട്, അവ മാറോടു ചേര്‍ത്തു രാമന്‍ പൊട്ടിക്കരഞ്ഞു. ദീനനായ രാമനെ സുഗ്രീവന്‍ സമാശ്വസിപ്പിച്ചു.

സാരാംശം

രാമന്‍ ഏറ്റവും ദുര്‍ബലനായിക്കാണുന്ന അവസരമാണ് ഇവിടെ പ്രതിപാദ്യം. തന്റെ പ്രിയപത്‌നിക്കെന്തു സംഭവിച്ചു എന്ന ആശങ്ക പ്രകടിപ്പിക്കുന്ന രാമനില്‍ പത്‌നീസ്‌നേഹം നമുക്കു കാണാം. എന്നിരുന്നാലും മൂകനായി നില്‍ക്കുന്ന ലക്ഷ്മണനിലേക്കാണ് നമ്മുടെ ശ്രദ്ധ കൂടുതലായി ചെന്നെത്തുക. ജേഷ്ഠന്‍ വനവാസത്തിനു പോകുന്നുവെന്നറിഞ്ഞ നിമിഷം ഊര്‍മ്മിളയേയോ സ്വന്തം അമ്മ സുമിത്രയേയോ ഓര്‍ക്കാതെ രാമനൊപ്പം ഇറങ്ങിത്തിരിക്കുന്നുണ്ട് ലക്ഷ്മണന്‍ . മാത്രവുമല്ല ഒരു ഘട്ടത്തില്‍പ്പോലും പത്‌നിയെക്കുറിച്ച് ഒരക്ഷരം ലക്ഷമണന്‍ ഉരിയാടുന്നുമില്ല. ആദികവിയും ഭരതനും ലക്ഷ്മണനും അമ്മമാരും ചിത്രകൂടത്തിലേക്കു വരുമ്പോള്‍ ഊര്‍മ്മിള കൂടെവരുന്നതായി പറയുന്നില്ല. ഇവിടെ രാമവിലാപം ഉച്ചത്തില്‍ കേള്‍ക്കുന്ന ഒന്നാണെങ്കില്‍, പത്‌നീവിരഹം അനുഭവിക്കുക മാത്രമല്ല അമ്മയെപ്പോലെ കരുതുന്ന സീതയില്‍ നിന്നു പുറപ്പെട്ട പരുഷവാക്കുകള്‍ കൊണ്ടുള്ള ആഘാതവും സഹിക്കേണ്ടി വരുന്നുണ്ടു ലക്ഷ്മണന്. അതു മറക്കുവാന്‍ ലക്ഷ്മണനു ഒരു കാലത്തും സാധ്യമാകുകയില്ല.മനുഷ്യ ജീവിതത്തില്‍ നമ്മളറിയാത്ത ഒരു വലിയ കാര്യമുണ്ട്. ചില പ്രത്യേക കാലഘട്ടത്തില്‍ നമ്മുടെ വാക്കുകള്‍ കൊണ്ടു മുറിവേറ്റവരെ നമുക്കു തിരിച്ചറിയുവാനാകില്ല. ശരിയാകാം ആ സമയത്ത് അതു മാത്രമാകും വഴി. എന്നിരുന്നാലും ആ വാക്കുകളുടെ രൂക്ഷത എന്നെങ്കിലും തിരിച്ചറിഞ്ഞാല്‍ നമ്മള്‍ അതില്‍ ക്ഷമ ചോദിക്കാന്‍ തയ്യാറാകണം. അതൊന്നിനും പരിഹാരമാകില്ല എങ്കില്‍ കൂടിയും .

ദുര്‍ഗ മനോജ്

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക