ചിതല്‍ ശല്യം ഒഴിവാക്കാന്‍ വീട്ടില്‍ ടിന്നര്‍ ഒഴിച്ച്‌ തീയിട്ടു; 13 കാരിക്ക് ദാരുണാന്ത്യം

Published on 06 August, 2022
ചിതല്‍ ശല്യം ഒഴിവാക്കാന്‍ വീട്ടില്‍ ടിന്നര്‍ ഒഴിച്ച്‌ തീയിട്ടു; 13 കാരിക്ക് ദാരുണാന്ത്യം

ചിതലിനെ കൊല്ലാന്‍ തീയിട്ടതില്‍ നിന്ന് പൊള്ളലേറ്റ് പെണ്‍കുട്ടി മരിച്ചു. ചെന്നൈ പല്ലാവരത്ത് ഖായിദേ മില്ലത്ത് നഗറില്‍ ഹുസൈന്‍ ബാഷയുടെയും ആയിഷയുടെയും മകള്‍ ഫാത്തിമ (13 വയസ്) ആണ് മരിച്ചത്.

ചിതല്‍ ശല്യം ഒഴിവാക്കാന്‍ വീടിന്റെ വാതിലുകളിലും മറ്റു മൂലകളിലും വീര്യം കുറഞ്ഞ ടിന്നര്‍ ഒഴിച്ച്‌ തീവെക്കുകയായിരുന്നു. എന്നാല്‍ അനിയന്ത്രിതമായി വീടിന്റെ പല ഭാഗങ്ങളിലേക്കും തീ പടര്‍ന്നതാണ് അപകടത്തിനു കാരണം.

ഈ സമയം രക്ഷിതാക്കള്‍ക്കൊപ്പം മകള്‍ ഫാത്തിമയും വീട്ടിലുണ്ടായിരുന്നു. തീ ആളി കത്തിയതോടെ മൂന്ന് പേരും അതിനിടയില്‍പ്പെട്ടു. തീയും പുകയും പടര്‍ന്നതോടെ വീടിനു പുറത്തിറങ്ങാന്‍ സാധിക്കാതെ മൂവരും കുടുങ്ങി. സഹായം തേടി നിലവിളിച്ചെങ്കിലും അയല്‍വാസികള്‍ക്ക് കൃത്യസമയത്ത് വീടിനുള്ളിലേക്ക് കയറാനും സാധിച്ചില്ല.

ഒടുവില്‍ വാതില്‍ തകര്‍ത്താണ് മൂന്ന് പേരെയും വീട്ടില്‍ നിന്ന് പുറത്തെടുത്തത്. മൂവരേയും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. മറ്റ് രണ്ട് പേരും ആശുപത്രിയില്‍ ചികിത്സയിലാണ്.

ചിതലിനെ നശിപ്പിക്കാന്‍ വീടിന്റെ പല ഭാഗത്തും നേരത്തെ മണ്ണെണ്ണ ഒഴിച്ചിരുന്നു. എന്നാല്‍ ഫലം കാണാതെ വന്നതോടെയാണ് പെയിന്റ് തൊഴിലാളിയായ ഹുസൈന്‍ ടിന്നര്‍ എല്ലായിടത്തും ഒഴിച്ചത്. ചിതലിനെ നശിപ്പിക്കാന്‍ തീയിട്ടതും തീ ആളി കത്തുകയായിരുന്നു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക