ആധാര്‍-വോട്ടര്‍ പട്ടിക ബന്ധിപ്പിക്കല്‍ നിര്‍ത്തിവയ്ക്കണം: സീതാറാം യെച്ചൂരി

Published on 06 August, 2022
ആധാര്‍-വോട്ടര്‍ പട്ടിക ബന്ധിപ്പിക്കല്‍ നിര്‍ത്തിവയ്ക്കണം:  സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: വോട്ടര്‍പട്ടികയെ ആധാറുമായി ബന്ധിപ്പിക്കാനുള്ള പ്രക്രിയ കൂടിയാലോചനകള്‍ നടത്താതെ തെരഞ്ഞെടുപ്പ്‌ കമീഷന്‍ പുനരാരംഭിച്ചതില്‍ ആശങ്ക പ്രകടിപ്പിച്ച്‌ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ക്ക്‌ കത്തയച്ചു.നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.


ഡാറ്റ സുരക്ഷയുടെയും സ്വകാര്യതയുടെയും ലംഘനത്തിനും അര്‍ഹരായ വോട്ടര്‍മാര്‍ വോട്ടര്‍പട്ടികയില്‍നിന്ന്‌ പുറത്താകാനും ഇടയാക്കുന്നതാണ്‌ നടപടി.
 
2015ല്‍ സുപ്രീംകോടതി നിര്‍ത്തിവയ്‌ക്കുന്നതിനുമുമ്ബ്‌ രാജ്യത്തെ 31 കോടി വോട്ടര്‍മാരെ, അവരെ അറിയിക്കാതെ ആധാറുമായി ബന്ധിപ്പിച്ചു. ഇതോടെ, 2018ലെ തെലങ്കാന തെരഞ്ഞെടുപ്പില്‍ ഒട്ടേറെ യഥാര്‍ഥ വോട്ടര്‍മാര്‍ പട്ടികയില്‍നിന്ന്‌ പുറത്തായെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.

രാജ്യത്ത്‌ ഡാറ്റയോ സ്വകാര്യതയോ സംരക്ഷിക്കാന്‍ നിയമമില്ല. വോട്ടര്‍മാരുടെ ആധാര്‍വിവരങ്ങള്‍ സൂക്ഷിക്കാന്‍ തെരഞ്ഞെടുപ്പ്‌ കമ്മീമീഷനും നയമില്ല. വോട്ടര്‍പട്ടികയില്‍ ഇരട്ടിപ്പ്‌ ഒഴിവാക്കാനാണ്‌ ആധാറുമായി ബന്ധിപ്പിക്കുന്നതെന്ന്‌ പറയുന്നു. എന്നാല്‍, ആധാറില്‍ത്തന്നെ ഇരട്ടിപ്പുണ്ടെന്ന്‌ സിഎജി ഓഡിറ്റില്‍ വ്യക്തമാണ്‌. തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ ഡാറ്റ സര്‍ക്കാര്‍ നിരീക്ഷണ സംവിധാനങ്ങള്‍ക്ക്‌ ലഭിക്കുന്നതും ജനപ്രാതിനിധ്യനിയമത്തിന്റെ ലംഘനമാണ്‌.
 
ഇത്തരം പിഴവുകളെക്കുറിച്ചുള്ള തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ട്‌ വരുംവരെ വോട്ടര്‍പട്ടികയെ ആധാറുമായി ബന്ധിപ്പിക്കുന്നത്‌ നിര്‍ത്തിവയ്‌ക്കണം.

വോട്ടര്‍പട്ടികയെ ആധാറുമായി ബന്ധിപ്പിക്കാന്‍ അനുമതി നല്‍കിയ ജനപ്രാതിനിധ്യ നിയമഭേദഗതി- 2021 നിലവില്‍വരുന്നതിനുമുമ്ബ്‌ സമാഹരിച്ച എല്ലാ ആധാര്‍വിവരങ്ങളും നീക്കംചെയ്യണം. പുതുതായി ബന്ധിപ്പിക്കുന്നതിന്റെ സാങ്കേതികപ്രക്രിയയും സ്വകാര്യതാനയവും രാഷ്‌ട്രീയപാര്‍ടികളുമായി പങ്കിടണം. ഈ സംവിധാനം ഐച്ഛികമായതിനാല്‍ വോട്ടര്‍പട്ടിക-ആധാര്‍ ബന്ധിപ്പിക്കല്‍ അവസാനിപ്പിക്കാന്‍ വോട്ടര്‍മാര്‍ക്ക്‌ അവകാശം നല്‍കണം.


എന്‍പിആര്‍, എന്‍ആര്‍സി പോലുള്ള പദ്ധതികള്‍ക്കായി ഈ വിവരശേഖരം ആഭ്യന്തരമന്ത്രാലയത്തിന്‌ കൈമാറാനുള്ള ഏതു നീക്കത്തെയും എതിര്‍ക്കുമെന്നും കത്തില്‍ സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി.

അതേസമയം, കള്ളവോട്ട് തടയുന്നതിനും ഡ്യൂപ്ലിക്കേറ്റ് വോട്ടുകള്‍ ഒഴിവാക്കുന്നതിനും യഥാര്‍ത്ഥ വോട്ടര്‍മാര്‍ തന്നെയാണ് സമ്മതിദാന അവകാശം വിനിയോഗിക്കുന്നത് എന്നും ഉറപ്പ് വരുത്താനുള്ള ഫലപ്രദമായ മാര്‍ഗം എന്ന നിലയിലാണ് വോട്ടര്‍ പട്ടിക ബയോമെട്രിക് സംവിധാനവുമായി ബന്ധിപ്പിക്കാന്‍ തീരുമാനിച്ചതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്.
 
കേന്ദ്ര സര്‍ക്കാറും ബിജെപിയും ഇതിനെ ശക്തമായി പിന്തുണയ്‌ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. എന്നാല്‍, തീരുമാനത്തോട് കോണ്‍ഗ്രസ് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക