‘എന്‍റെ കവിതയിലാണ് ഞാനെന്‍റെ ജീവിതം വരച്ചുവെച്ചിട്ടുള്ളത്’(അഭിമുഖം: കയ്യുമ്മു കോട്ടപ്പടി)

Published on 07 August, 2022
‘എന്‍റെ കവിതയിലാണ് ഞാനെന്‍റെ ജീവിതം വരച്ചുവെച്ചിട്ടുള്ളത്’(അഭിമുഖം: കയ്യുമ്മു കോട്ടപ്പടി)

(തയാറാക്കിയത്: ശ്രീദീപ്)

തീക്ഷ്ണമായ ജീവിതയാഥാര്‍ത്ഥ്യങ്ങളോട് പൊരുതാന്‍ മനുഷ്യനുള്ള ശക്തമായ ഒരു ആയുധം ആണ് വാക്ക്. അതിന്‍റെ ശക്തി ഒരേസമയം അനുവാചകര്‍ക്കും എഴുതുന്നവര്‍ക്കും ആശ്വാസം പകരുന്നു. ചെറുപ്പത്തില്‍ തന്നെ അനുഭവിച്ച പ്രയാസങ്ങള്‍ പിന്നീട് പ്രവാസജീവിതത്തിലും തുടര്‍ന്നപ്പോള്‍ എഴുത്തിനെ കൂട്ടുപിടിച്ച കഥയാണ് കവയിത്രി കയ്യുമ്മു കോട്ടപ്പടിയുടേത്. അവരുടെ കവിതകളില്‍ സംഘര്‍ഷമുണ്ട്, വേദനകളുണ്ട്, പോരാട്ടവീര്യമുണ്ട്, സ്ത്രീശാക്തീകരണമുണ്ട്, മനുഷ്യത്വമുണ്ട്, പ്രകൃതിയോടുള്ള വിധേയത്വമുണ്ട്. തസ്ലീമ നസ്രീനെ ഓര്‍മ്മപ്പെടുത്തുന്നു എന്നു ഒരു വായനക്കാരന്‍ പറഞ്ഞത് വളരെ ശരിയാണ്. കയ്യുമ്മുക്കവിതകള്‍ അതിന്‍റെ ആഴവും വ്യാപ്തിയും കൊണ്ട് ജീവിതപാഠങ്ങള്‍ പോലെ തന്നെ വിലപ്പെട്ടതാണ്. തീര്‍ച്ചയായും പലതവണ വായിക്കപ്പെടേണ്ടതാണ് കവിതകളില്‍ അടയാളപ്പെടുത്തിയ കയ്യുമ്മുവിന്‍റെ വാക്കുകള്‍. എഴുത്തിനെക്കുറിച്ചും  വായനയെക്കുറിച്ചും ആരാധ്യപാത്രങ്ങളെക്കുറിച്ചും ഭാവി എഴുത്തുപദ്ധത്തികളെക്കുറിച്ചുമൊക്കെ കയ്യുമ്മു സംസാരിക്കുന്നു, ഈ അഭിമുഖത്തില്‍.

1.    എഴുത്തിലേക്ക് വന്ന വഴി അല്ലെങ്കില്‍ വഴികളെക്കുറിച്ച് പറയാമോ?
എഴുത്തും വായനയും ഇല്ലാത്ത ഒരു വീട്ടിലെ മൂന്നാമത്തെ മകളാണ്. രണ്ടു താത്തമാര്‍ക്കും പഠിപ്പില്ല; അനിയത്തി പഠിച്ചിട്ടുണ്ട്. എന്നെ ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കാന്‍ എന്‍റെ ഉമ്മ കൊണ്ടാക്കിയ ഒരോര്‍മ്മ മനസ്സില്‍ ഇന്നുമുണ്ട്. മിഠായിപ്പൊതിയുമായി ഒപ്പം ഉമ്മയും.
ആ കാലം മുതല്‍ വായനയില്‍ ഞാന്‍ സജീവമാണ്. എന്താണ് വായന എന്ന തിരിച്ചറിവില്ലാതെ വായന തുടര്‍ന്നുപോന്നു. ബാലമാസിക മുതല്‍ എന്‍റുമ്മ പൊതിഞ്ഞു കൊണ്ടുവരുന്ന കടലാസ്സുകഷ്ണങ്ങള്‍ ചേര്‍ത്തുവച്ച് വായിച്ചിരുന്ന കാലം; ഒരു കുസൃതിയോടെ അതിലെ ഓരോ വരിയും വീട്ടുകാരെ വായിച്ച് കേള്‍പ്പിച്ചിരുന്ന കാലം. പിന്നെപ്പിന്നെ ഞാന്‍ വലുതായി പൊക്കക്കുറവുള്ള പെണ്‍കുട്ടി ആയിരിക്കുമ്പോള്‍ തന്നെ മുഖ്യധാരാ മാസികകളും കൈയില്‍ കിട്ടിത്തുടങ്ങി. ആ കാലം മുതല്‍ റേഡിയോ കേള്‍ക്കാനും തുടങ്ങി. 
റേഡിയോ കേട്ടാല്‍ അത് ശ്രദ്ധിച്ച് അഭിപ്രായങ്ങള്‍ പറയാനും തുടങ്ങി. ഇങ്ങനെയൊക്കെ ചെയ്യുമ്പോള്‍ എന്നെ പിന്നില്‍ നിന്ന് ഉയര്‍ത്താന്‍ ആരുമുണ്ടായിരുന്നില്ല. വായിച്ചും എഴുതിയുമാണ് കയ്യുമ്മു കോട്ടപ്പടി എന്ന പേര് ലോകം അറിയാന്‍ തുടങ്ങിയത്. വായനയുടെ തുടക്കകാലമാണ് ഞാന്‍ മേല്‍പ്പറഞ്ഞത്.

2.    വായനയില്‍ ഏറ്റവുമധികം സ്വാധീനിച്ച എഴുത്തുകാര്‍ ആരൊക്കെ?
കഥകളില്‍ ഒരുപാട് പേര്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്. ബഷീര്‍, മാധവിക്കുട്ടി, രാജലക്ഷ്മി, പുതൂര്‍ ഉണ്ണികൃഷ്ണന്‍, എം മുകുന്ദന്‍, ടി പത്മനാഭന്‍ അങ്ങനെ ഒരുപാട് പേരെക്കൂടാതെ കമല ഗോവിന്ദ്, മുട്ടത്തു വര്‍ക്കി, പടിയത്ത് മൊയ്തു, അദ്ദേഹത്തിന്‍റെ മകന്‍ സമീര്‍ - അങ്ങനെ ഒരു നൂറായിരം പേരുകള്‍ പറയേണ്ടതായി വരും.
കവികളുടെ കാര്യമാണെങ്കില്‍ വൈലോപ്പിള്ളി, കുഞ്ഞുണ്ണി മാഷ്, കെ ജി‌ ശങ്കരപ്പിള്ള, മുല്ലനേഴി, ഇടശ്ശേരി, കുമാരനാശാന്‍ തുടങ്ങിയവരുടെ രചനകളാണ് എന്‍റെ പഴയകാല വായന.

3.    ആകാശവാണിയില്‍ കവിതകള്‍ പ്രക്ഷേപണം ചെയ്തിരുന്നല്ലോ. ആ കാലത്തെ അനുഭവങ്ങള്‍ വിവരിക്കാമോ?
ആകാശവാണിയില്‍ കവിതകള്‍ വന്നിട്ടുണ്ട്. ഞാന്‍ ചൊല്ലി അവതരിപ്പിച്ചത് കൂടാതെ അവിടത്തെ മറ്റ് സ്റ്റാഫും എന്‍റെ കവിതകള്‍ അവതരിപ്പിച്ചിട്ടുണ്ട്.

4.    വാക്കുകള്‍, അത് എഴുതുന്നയാള്‍ക്കും വായിക്കുന്നയാള്‍ക്കും വ്യത്യസ്ത തലങ്ങളില്‍ ആശ്വാസം കൊടുക്കുന്നുണ്ട്. കവിത എന്ന സാഹിത്യരൂപം സംക്ഷിപ്തമാണെങ്കില്‍കൂടി അതിന്‍റെ അര്‍ത്ഥവ്യാപ്തികൊണ്ട് കൂടുതല്‍ അനുഭവവേദ്യമാകുന്നു എന്നു തോന്നിയിട്ടുണ്ടോ?
എന്‍റെ വാക്കുകളിലായാലും എഴുത്തിലായാലും ഞാന്‍ അത്ര പോര എന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്. പലരുടെയും രചനകള്‍ വായിക്കുമ്പോള്‍ ഞാനൊന്നുമല്ല എന്നൊരു തോന്നല്‍ മനസ്സിലേക്ക് കടക്കും. അങ്ങനെ കടന്നു വരുമ്പോഴാണ് എനിക്ക് ഏറെയും ഊര്‍ജ്ജം കൈവരുന്നത്. ഞാന്‍ അത്ര പോര എന്നു തന്നെയാണ് എന്‍റെ അന്നത്തെയും ഇന്നത്തെയും നിലപാട്.
വാക്കുകള്‍ കവിതയില്‍ ഉപയോഗിക്കുമ്പോള്‍ തൃപ്തിയായോ എന്ന് എന്‍റെ മനസ്സിനോട് സ്വയം ചോദിക്കാറുണ്ട്. അര്‍ത്ഥവ്യാപ്തി കൊണ്ട് കൂടുതല്‍ അനുഭവങ്ങള്‍ എഴുതാന്‍ ശ്രമിച്ചിട്ടുണ്ട്.

5.    ‘പട്ടുറുമാല്‍ പടിയിറങ്ങുന്നു’ എന്ന സമാഹാരത്തിലെ ആദ്യകവിത കവി എ അയ്യപ്പനാണല്ലോ സമര്‍പ്പിച്ചിരിക്കുന്നത്. അദ്ദേഹം എഴുത്തിലും വായനയിലും ഉണ്ടാക്കിയ പ്രേരണയെക്കുറിച്ച് പറയാമോ?
എ അയ്യപ്പന്‍ എന്‍റെ ഇഷ്ടകവിയാണ്. അദ്ദേഹത്തിന്‍റെ ഓരോ വരിയും എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. ചുള്ളിക്കാടിന്‍റെ രചനകളും എനിക്കു ഒരുപാട് ഇഷ്ടമാണ്. അയ്യപ്പന്‍റെ കവിതകള്‍ വായിക്കുമ്പോള്‍ തന്നെ എനിക്ക് പ്രേരണ തോന്നും ഇതിലും നല്ലത് എഴുതാനാവണമെന്ന്. അത്രയധികം പ്രചോദിപ്പിച്ചിട്ടുണ്ട് ആ കവി. അദ്ദേഹത്തിന്‍റെ അവതാരിക കിട്ടാനായി ഒരുപാട് ശ്രമിച്ചു. അത് കിട്ടിയതിന് ശേഷമേ എനിക്കു സമാധാനിക്കാനായുള്ളൂ.

6.    ‘നെഞ്ചിലെ തീയില്‍ നിന്നാണ് എനിക്കൊരു പൂവ് കിട്ടിയത്, പിന്നീടാ പൂവൊരിക്കലും വാടിയതുമില്ല, തീ കെട്ടതുമില്ല’ എന്നു പറയുന്നുണ്ട് ‘തീപ്പൂവ്’ എന്ന കവിതയില്‍. കവിതകളില്‍ ഉടനീളം ഈ തീപ്പൊരി കാണാം. അത് കവിതകളെ ഉയര്‍ത്തുന്നുമുണ്ട്. വേദന മനുഷ്യന് ജീവന്‍ നല്‍കുന്നു എന്നു തോന്നിയിട്ടുണ്ടോ?
‘തീപ്പൂവ്’ എന്‍റെ ജീവിതരേഖയാണ്. ചെറുപ്പത്തിലെ വിവാഹവും ഒരു വര്‍ഷത്തിനുള്ളില്‍ വേര്‍പ്പെടലും ആയി. അങ്ങനെ ജീവിച്ചുവന്ന കാലത്ത്, എഴുത്തിന്‍റെ വഴിയില്‍ പല തടസ്സങ്ങളും ഞാന്‍ നേരിട്ടിട്ടുണ്ട്. സംസ്കാരമില്ലാത്ത കുറെ മനുഷ്യരുടെ ഇടയിലൂടെ നടക്കുമ്പോള്‍, പേര് പുറത്തുവരുമ്പോള്‍ ഒക്കെ. ഒരുപാട് പേര്‍ എന്നെ ഒന്നിരുത്താനായി ശ്രമിച്ചിട്ടുണ്ട്. അങ്ങനെയുള്ള എന്‍റെ ജീവിതത്തിലെ വിയര്‍പ്പുകളാണ് എന്‍റെ ഒട്ടുമിക്ക കവിതകളും.
പേരടിച്ചു വന്ന പെണ്ണുങ്ങള്‍ നല്ലവരല്ല എന്നുള്ള വിശ്വാസങ്ങള്‍ മുറുകെപ്പിടിക്കുന്നവര്‍ക്കിടയിലൂടെ പൊരുതി ജയിച്ചുവരാന്‍ കുറേയേറെ പ്രയാസപ്പെട്ടിട്ടുണ്ട്.
“പൂവ് ചിലപ്പോള്‍ തീയാവും
തീ ചിലപ്പോള്‍ പൂവാവും”
തീപ്പൂവ് എന്ന കവിതയില്‍ വരികള്‍ കുറച്ചെയുള്ളൂ. എന്നാല്‍ എന്‍റെ ഹൃദയം, എന്‍റെ വേദന, എന്‍റെ സമാധാനം ഒക്കെ കവിതകളില്‍ ഉണ്ട്. പിന്നെ കുറേയേറെ പ്രണയവരികളും ഉണ്ടായിട്ടുണ്ട്. പ്രകൃതിയെ, പച്ചപ്പിനെ, പുഴയെ, കടലിനെ അങ്ങനെ പലതിനെയും പേന കൈയിലെടുത്താല്‍ എനിക്കു കാണാം.
കാരമുള്ളിന്‍റെ കൂര്‍ത്തമുന കൊത്തിവലിച്ച് കവിതയാക്കുമ്പോഴും ഒരു സുഖമല്ലേ? ഒരു മനുഷ്യജീവിതത്തില്‍ പലതും ഉണ്ട്, നമ്മളറിയാത്ത  പലതും! അറിഞ്ഞു ചേരുന്നതും അറിയാതെ ചേരുന്നതും പ്രണയമായാലും അങ്ങനെയാണ്.
സാഹിത്യഭാഷ ദൈവം തന്ന ഒരു അനുഗ്രഹമാണ്. അത് എഴുതി, അതിലൂടെ വേദനകളായും സന്തോഷങ്ങളായും വന്നുചേരുന്നു.

7.    കവിത, പാട്ടുകള്‍, നോവല്‍, കഥകള്‍ ഇതൊക്കെ എഴുതിയ താങ്കള്‍ക്ക് വ്യക്തിപരമായും സ്ത്രീപക്ഷത്ത് നിന്നുനോക്കുമ്പോഴും വായനക്കാരുമായി സംവേദനം നടത്താന്‍ ഏറ്റവും മികച്ചത് എന്നു തോന്നിയത് ഏതാണ്? എന്താണ് അതിനുള്ള കാരണം?
എന്‍റെ സാഹിത്യരചനയില്‍ സംവേദനം നടത്താന്‍ ഏറെ കഴിഞ്ഞിട്ടുള്ളത് കവിതയിലാണ്. എന്‍റെ കവിതയിലാണ് ഞാനെന്‍റെ ജീവിതം വരച്ചുവെച്ചിട്ടുള്ളത്.

8.    സ്ത്രീകള്‍ക്കെതിരെയുള്ളതും സ്ത്രീവിരുദ്ധവുമായ വര്‍ത്തമാനകാല ദുഷിപ്പുകള്‍ താങ്കളുടെ കവിതകളില്‍ വിഷയമായിട്ടുണ്ട്. കവിത എന്ന രൂപം ഈ ദുഷിപ്പുകള്‍ക്കെതിരെയുള്ള ആക്രമണമെന്നതില്‍ നിന്നുയര്‍ന്ന് അത് തടയാനുതകുന്ന ശക്തമായ ആവിഷ്കാരമായി മാറുന്നത് വിഭാവനം ചെയ്യുന്നുണ്ടോ?
ഏറെക്കുറെ അങ്ങനെയാണ്. സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്കെതിരെ തുറന്നടിക്കാന്‍ കവിതയ്ക്കും ലേഖനത്തിനുമേ കഴിയൂ എന്നാണ് എന്‍റെ വിശ്വാസം. പലതരത്തിലും സ്ത്രീകളെ വേട്ടയാടുമ്പോള്‍ ആ ദുഷിപ്പുകള്‍ക്കെതിരെ നാലക്ഷരം കൂട്ടി എഴുതി അട്ടഹസിച്ചു തുറന്നടിക്കാന്‍.
എന്‍റെ ആദ്യ സമാഹാരത്തില്‍ ‘ജ്വാല’ എന്ന കവിത അതിന് ഉദാഹരണമാണ്:
“നാലുവരി എഴുതിയില്ലായിരുന്നെങ്കില്‍
എന്നേ ഞാന്‍ ആത്മഹത്യ ചെയ്തേനെ...
ചിതറിപ്പോയ രക്തബന്ധവും
വേരറ്റുപോയ സ്നേഹബന്ധവും
എന്നേ എനിക്കു നഷ്ടമായതാണ്...
കണ്ണില്‍ കനലായും
ഹൃത്തില്‍ തേങ്ങലായും
നഷ്ടപ്പെടുന്ന ബന്ധുമിത്രാടികളുടെ
കണക്കുപുസ്തകമായി ഇന്നും...
കൈകളില്‍ പേനയും
ഹൃദയത്തിന്‍റെ ഭാഷയുമായി
ജ്വലിക്കുന്ന തീയില്‍
പുകയുന്ന മനസ്സുമായി
എന്‍റെ കണ്ണുകള്‍ കത്തി നില്‍ക്കുകയാണ്!”

9.    ‘നീരൊടുങ്ങാത്ത നീര്‍മാതളം’ മാധവിക്കുട്ടിക്ക് ഒരു സമര്‍പ്പണം ആയിരുന്നല്ലോ. അത് എഴുതാനുണ്ടായ സാഹചര്യവും പ്രേരണയും വിവരിക്കാമോ?
‘നീരൊടുങ്ങാത്ത നീര്‍മാതളം’ കവിതകളില്‍ കുറെയേറെ മാധവിക്കുട്ടിയെ കാണാം. മനസ്സില്‍ അവരെ നിറച്ചുകൊണ്ടു തന്നെ എഴുതിയതാണ്.
അവരുടെ രചനകള്‍ എനിക്ക് ഒരുപാടിഷ്ടമാണ്. കമലാ സുരയ്യയിലേക്ക് വന്നപ്പോഴും എഴുത്തിന്‍റെ രീതിയൊന്നും മാറ്റിയില്ല. സുരയ്യ ആയിരിക്കുമ്പോള്‍ അവര്‍ ഒരു നോവല്‍ എഴുതിയിട്ടുണ്ട് മാധവിക്കുട്ടിയായിട്ട് തന്നെ – ‘വണ്ടിക്കാളകള്‍’.
‘നീരൊടുങ്ങാത്ത നീര്‍മാതളം’ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി ഇറക്കുന്നുണ്ട്. വിവര്‍ത്തനമൊക്കെ കഴിഞ്ഞു.

10.    മുസ്ലിം സ്ത്രീകള്‍ സാഹിത്യമെഴുതി തുടങ്ങിയിട്ട് കാലങ്ങള്‍ ഏറെയായെങ്കിലും തിരസ്കരിക്കപ്പെട്ടു പോയവരാണ് കുറെയധികം പേരും. 70കളെയും 80ളെയും അപേക്ഷിച്ച് ഇരുപത്തൊന്നാം നൂറ്റാണ്ടിലും മുസ്ലിം സ്ത്രീ എഴുതുന്നു എന്ന തരത്തിലുള്ള നെറ്റിചുളിക്കലുകള്‍ അനുഭവിച്ചിട്ടുണ്ടോ? എന്താണ് അവരോട് പറയാനുള്ളത്?
മുസ്ലിം സ്ത്രീകള്‍ സാഹിത്യരംഗത്ത് തുടരുന്നുണ്ട്. എന്നാല്‍ വളരെക്കുറച്ച് പേര്‍ മാത്രം. പണ്ട് അവര്‍ക്ക് ഒരുപാട് വിലക്കുകള്‍ ഉള്ളതായി ഞാന്‍ കേട്ടിട്ടുണ്ട്. എം എം ബഷീറിന്‍റെ ഭാര്യ സുഹറയുടെ കാലത്ത് അവര്‍ക്കും അങ്ങനെ അനുഭവപ്പെട്ടിട്ടുണ്ട് എന്നു കേട്ടിട്ടുണ്ട്.
നിലമ്പൂര്‍ ആയിഷ നാടകത്തിലേക്കും പിന്നീട് സിനിമയിലേക്കും വരുമ്പോഴും അവര്‍ക്കും വിലക്കുകള്‍ നേരിടേണ്ടി വന്നതായി കേട്ടിട്ടുണ്ട്. എങ്കിലും അവരും നാലാള്‍ അറിയുന്നൊരു നല്ലൊരു നടിയായി വന്നില്ലേ?

11.    ഇനി പ്രസീദ്ധീകരിക്കാന്‍ പോകുന്ന കൃതികളെക്കുറിച്ച് പറയാമോ? സമീപഭാവിയില്‍ ചെയ്യണം എന്നു കരുതിയിട്ടുള്ള എഴുത്തുപദ്ധതികള്‍ എന്തൊക്കെയാണ്?
എന്‍റെ 15 കൃതികള്‍ ഇതുവരെ ഇറങ്ങിയിട്ടുണ്ട്. അതില്‍ നോവല്‍, കവിതകള്‍, കഥകള്‍ ഉണ്ട്. എല്ലാ കവിതാസമാഹാരങ്ങള്‍ക്കും അവാര്‍ഡ് കിട്ടിയിട്ടുമുണ്ട്.
ഒരു നോവല്‍ - ‘മഴ, കാറ്റിനോട് ചാരിയപ്പോള്‍’ പേരക്ക ബുക്സിന്‍റെ സമ്മാനത്തിന് അര്‍ഹമായിട്ടുണ്ട്. അത് അടുത്തുതന്നെ അവര്‍ നോവല്‍ ആയി ഇറക്കുന്നുണ്ട്.
കൂടാതെ, നേരത്തെ പറഞ്ഞതുപോലെ ‘നീരൊടുങ്ങാത്ത നീര്‍മാതാളം’ ഇംഗ്ലീഷ് വിവര്‍ത്തനം വരുന്നുണ്ട്. പിന്നെ, ‘കഥകള്‍, നീണ്ടകഥകള്‍’ എന്ന കൃതിയും വരുന്നുണ്ട്. 

12.    കയ്യുമ്മുക്കവിതകളെ ഭാവി എങ്ങനെ അടയാളപ്പെടുത്തണം എന്നാണ് ആഗ്രഹം?
എന്‍റെ കവിതകളുടെ ഭാവി! കവിതയില്‍ ഒന്നു നിവര്‍ന്നു നില്‍ക്കണം എനിക്ക്. എന്‍റെ കവിതകള്‍ തിരഞ്ഞെടുപ്പ് നടത്തി ഒന്നു വിലയിരുത്തണം എനിക്ക്. എന്നിട്ട് ആ കവിതകളിലൂടെ എനിക്കൊന്ന് ജീവിക്കണം. ഞാനെന്ന കവയിത്രി ഇന്ന് ഒന്നും ആയിട്ടില്ല എന്നൊരു തോന്നല്‍ ഇന്നും എന്‍റെ മനസ്സിലുണ്ട്. എഴുത്തിന്‍റെ കാര്യത്തില്‍ മറ്റൊരു മോഹവും എനിക്കില്ല. ഇനിയും എഴുതാനാവണം. അതിനു ദൈവത്തിന്‍റെ തുണയും വേണം.
***********

Ruksana Kakkodi 2022-08-08 10:04:54
മലയാളത്തിന്റെ എഴുത്തുകാരി കയ്യുമ്മു കോട്ടപ്പടിയുടെ രചനകൾ മാസ്മരികത നിറഞ്ഞതാണ് ..... വലിയഎഴുത്തുകാരിക്ക് ചെറിയ എഴുത്തുകാരിയുടെ ഹൃദയം നിറഞ്ഞ ആശംസകൾ .....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക