Image

വിലാപകാവ്യം (സാബിത്ത് അഹ്മദ് മണ്ണാർക്കാട്)

Published on 08 August, 2022
വിലാപകാവ്യം (സാബിത്ത് അഹ്മദ് മണ്ണാർക്കാട്)

ശിഥിലമായ രാത്രി 
നീല നക്ഷത്രങ്ങളെ
മഴമേഘങ്ങൾ മൂടി.

ഒരു മഴയായി പെയ്തുതോരാൻ 
വാക്കുകൾക്കാവുന്നില്ല.
എല്ലായിടത്തും വെള്ളക്കെട്ടാണ്.

വിറങ്ങലിക്കുന്ന ഹൃദയം 
കണ്ണുനീരിലൂടെ
ആക്കം കൂട്ടുന്നതേയൊള്ളൂ.


നാട്ടിലെ മഴകൾക്ക് 
കുഞ്ഞു തോണികൾ നൽകി
പ്രണയകാവ്യം രചിച്ച കവിതകൾ 
മനസ്സിലിന്ന് നീറുന്നുണ്ട്.

കുത്തിയൊലിച്ചു വന്ന 
ചീളു കല്ലുകൾ തറച്ച മുറിവിൽ 
ചെളിവെള്ളം ചുട്ടുപൊള്ളിച്ചു.
കാതുകൾക്കുള്ളിൽ നിലവിളികൾ,
കണ്ണുകളിൽ കണ്ണീർ പുഴകൾ.

ഇടിഞ്ഞുവീണ മതിലിടുക്കിലൂടെ
ഇരച്ചുവരുന്ന മലവെള്ളത്തിൽ 
ഒരുപാടിലകൾ,  
കൂടുതൽ, 
വീടുകൾ, 
പുസ്തകങ്ങൾ..

ഒന്നുകിൽ ദൈവത്തിനും
മടുക്കുമായിരിക്കും.
സ്വന്തം നാട് വിട്ടു പോകാൻ.
സ്വന്തക്കാരെ വിട്ടുകൊടുക്കാൻ.
മനുഷ്യൻ ദൈവത്തെ മറന്നല്ലോ!

കഴിയുന്നില്ലെനിക്ക്
ഇതു കണക്കെ നീണ്ട രാത്രികൾ 
ഇനിയും ആ കാഴ്ചകൾ കാണാൻ
ആ മുറിവുകൾ നീറാൻ 
ചുട്ടുപൊള്ളാൻ
മയ്യിത്തുകളേറ്റാൻ.
 കേരളം, 
 കേരളം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക