Image

സുഗ്രീവ പട്ടാഭിഷേകം (ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 08 August, 2022
സുഗ്രീവ പട്ടാഭിഷേകം (ദുര്‍ഗ മനോജ് )


കിഷ്‌കിന്ധാകാണ്ഡം ഇരുപത്തിയാറാം സര്‍ഗം മുതല്‍ നാല്‍പ്പത്തിരണ്ടു വരെ.

(സുഗ്രീവ പട്ടാഭിഷേകവും, സീതയെ തേടുവാനുള്ള വാനരസേനാ വിന്യാസവുമാണ് ഈ അദ്ധ്യായത്തില്‍)


ബാലിയുടെ സംസ്‌ക്കാരവും ഉദകക്രിയയും വേണ്ടവിധം കഴിഞ്ഞു. ഇനി വേണ്ടത് കിഷ്‌കിന്ധക്ക് അധിപനുണ്ടാവുക എന്നതാണ്. അങ്ങനെ കിഷ്‌കിന്ധാധിപനായി സുഗ്രീവനെ നിശ്ചയിച്ചു. പട്ടാഭിഷേകത്തിനായി രാമലക്ഷ്മണന്മാരെ ക്ഷണിച്ചുവെങ്കിലും പതിനാലുവര്‍ഷം വനവാസം എന്നതില്‍ നിന്നും പിന്മാറുവാനാകില്ല എന്നുപറഞ്ഞുകൊണ്ടു രാമന്‍ ആ ആതിഥ്യം കൈക്കൊണ്ടില്ല. രാമന്റെ അനുഗ്രഹാശിസ്സുകളോടെ സുഗ്രീവാഭിഷേകം യഥാവിധി നടന്നു. ഏവരും ഹര്‍ഷപുളകിതരായി. അഭിഷേകം കഴിഞ്ഞതോടെ രാമന്‍ ലക്ഷ്മണനോടൊത്ത് പ്രസ്രവണാചലത്തിലേക്കു പോന്നു. അവിടെ വലിയൊരു ഗുഹയില്‍ അവര്‍ പാര്‍ത്തു തുടങ്ങി. അതീവരമണീയമായ ആ ദിക്കില്‍, രാമന്‍ ഓരോ നിമിഷവും സീതാവിരഹത്തില്‍ വേദനിച്ചു. മഴക്കാലം മാറി, ശരത്ക്കാലത്തു കാലം അനുകൂലമാകുമ്പോള്‍ രാവണവധം നടത്തി സീതയെ വീണ്ടെടുക്കാമെന്നു ലക്ഷ്മണന്‍ രാമനെ സാന്ത്വനിപ്പിച്ചു.

പിന്നെ കൊടികുത്തിയ മഴയുമായി വര്‍ഷകാലമെത്തി. മുകില്‍ കൊണ്ടു മാനംമൂടി, സൂര്യ ദര്‍ശനം സാധിക്കാതെ, പുഴകള്‍ വലിയ നീര്‍ച്ചാലുകള്‍ ഒഴുക്കിക്കൊണ്ടും വര്‍ഷകാലത്തു കുളിരണിഞ്ഞു. ഈ വിശ്രമ കാലം സുഗ്രീവന്‍ പത്‌നിമാരോടൊത്തു മദിച്ചു.
രാജ്യ കാര്യങ്ങള്‍ ശ്രദ്ധിക്കാതെ, മദിച്ചു ജീവിച്ച സുഗ്രീവനോടു പക്ഷേ, മാരുതി, വര്‍ഷകാലം കഴിയുകയാണെന്നും, സീതാന്വേഷണത്തിനായി വേണ്ടതു ചെയ്യാന്‍ വൈകുകയാണെന്നും അറിയിച്ചു. അതിനു വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യുവാന്‍ സുഗ്രീവന്‍ ഉത്തരവിട്ടു.പതിനഞ്ചു നാള്‍ക്കകം എല്ലാ വാനരന്മാരും കൊട്ടാരത്തില്‍ എത്തിച്ചേരണമെന്ന് രാജാനുശാസനം നല്‍കപ്പെട്ടു.

മഴക്കാലമൊഴിഞ്ഞു. ഏഴിലം പാലപ്പൂക്കളിലും അര്‍ക്കേന്ദു താരകളുടെ രശ്മികളിലും കൊമ്പനാനകളുടെ കേളികളിലും കാന്തി പകുത്തു കൊണ്ടു ശരത്ക്കാലം വന്നെത്തി. കുറിഞ്ഞിയും വേട്ടയും പൂത്തതും മത്താര്‍ന്ന വണ്ടുകള്‍ മുരളുന്നതുമായ വനങ്ങളില്‍ വില്ലേന്തി കടുത്ത ദണ്ഡമേകിക്കൊണ്ട് കാമന്‍ പ്രത്യക്ഷനായി.

എന്നാല്‍ നാടു നഷ്ടപ്പെട്ട്, കാട്ടിലകപ്പെട്ട് കാന്തയെ പിരിഞ്ഞ് അഴലുന്ന രാമന്‍, സുഗ്രീവന്‍ തന്നോട് കനിവു കാട്ടുന്നില്ലെന്നു കരുതി.
അതോടെ ലക്ഷ്മണന്‍, രാമ ദൂതുമായി കിഷ്‌കിന്ധയിലെത്തി. ആളുന്ന തീ പോലെ വരുന്ന കോപിയായ ലക്ഷ്മണനെക്കണ്ടു ഹനുമാന്‍ സുഗ്രീവനെ കാര്യം ധരിപ്പിച്ചു. പിന്നെ താരയെ ലക്ഷ്മണന്റെ കോപം തണുപ്പിക്കാന്‍ നിയോഗിച്ചു. അവള്‍, മധുരമൊഴിയായി ലക്ഷ്മണനോട് വാനരസേനകള്‍ വന്നണഞ്ഞു കഴിഞ്ഞുവെന്നും, പൊതുവേ ചഞ്ചലരായ കപികളോടു ക്ഷമിക്കണമെന്നും അപേക്ഷിച്ച് ഉപചരിച്ചു. ലക്ഷമണനെ സുഗ്രീവനടുത്തേക്ക് എത്തിച്ചു. സുഗ്രീവന്‍, കോപത്താല്‍ ജ്വലിക്കുന്ന ലക്ഷ്മണനോട് താഴ്മയായി സംസാരിച്ച് രാമ സന്ദേശം കേട്ട്, ഉടന്‍ തന്നെ സീതയെത്തേടി വാനരര്‍ സഞ്ചാരം തുടരുകയാണെന്നറിച്ചു. അങ്ങനെ കോപം ശമിച്ച ലക്ഷ്മണന്‍ ജേഷ്ഠനടുത്തേക്കു യാത്രയായി.
താമസംവിനാ കിഷ്‌കിന്ധയില്‍ പല ദിക്കില്‍ നിന്നും വാനരര്‍ വന്നു നിറഞ്ഞു. അവരെ  നാലു ദിക്കിലേക്കും പ്രമുഖ വാനരരുടെ നേതൃത്വത്തില്‍ സീതയെ കണ്ടെത്താന്‍ ആജ്ഞാപിച്ചയച്ചു.

സാരാംശം

സൗഹൃദത്തിന്റെ കഥയാണു കിഷ്‌കിന്ധാകാണ്ഡം. ഒരു സൗഹൃദം ആരംഭിക്കുന്നതും, അതിന്റെ വികാസവും ഈ കാണ്ഡത്തില്‍ കാണാം. ഇവിടെ ശത്രുവായ ജേഷ്ഠനെ വധിച്ചു കിഷ്‌കിന്ധാധിപനായ സുഗ്രീവന്‍ വിഷയസുഖത്തില്‍ അഭിരമിച്ചു മദ്യത്തില്‍ മുങ്ങി രാജ്യകാര്യങ്ങള്‍ വരെ സചിവരെ ഏല്‍പ്പിച്ച് മത്തനായി കണ്ണു ചുവന്നു രതിരസത്തില്‍ ആറാടി സ്വയം മറക്കുന്നതു കാണാം. ഇവിടെ അതിനു സാധൂകരണമുണ്ട്. എന്തെന്നാല്‍ അവന്‍ കപിയാണ്, ചഞ്ചലചിത്തനായ മര്‍ക്കടനാണ്. എന്നാല്‍ രാമനോ, സീതാ വിരഹത്തില്‍ അനുദിനം തപിച്ചു ഹതാശനായി നിലകൊള്ളുകയും ചെയ്യുന്നു. ഇവിടെ, രാമനെ ഓര്‍ക്കുന്ന ഏക വാനരന്‍ ഹനുമാനാണ്. ലക്ഷമണന്റെ വരവിനു മുന്നേ അതു കണ്ടെത്താന്‍ ഹനുമാനു സാധിക്കുന്നുണ്ട്. അതിനാല്‍ ലക്ഷ്മണന്‍ നല്‍കുന്ന മുന്നറിയിപ്പില്‍ സുഗ്രീവനു പെട്ടന്നുണര്‍ന്നു പ്രവര്‍ത്തിക്കാനുമാകുന്നു. താരയെന്ന സ്ത്രീരത്‌നം തന്നാലാവും വിധം സുഗ്രീവനെ സംരക്ഷിക്കുന്നു. ഫലം സീതാന്വേഷണത്തിന്നു തുടക്കമാകുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക