Image

സമ്പാതിയെന്ന കിഴവന്‍ പക്ഷി (ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 09 August, 2022
 സമ്പാതിയെന്ന കിഴവന്‍ പക്ഷി (ദുര്‍ഗ മനോജ് )

READ MORE: https://emalayalee.com/writer/164

കിഷ്‌കിന്ധാകാണ്ഡം, നാല്‍പ്പത്തിമൂന്നാം സര്‍ഗം മുതല്‍ അറുപത്തിയേഴു വരെ

(സീതയെത്തേടലും ഒടുവില്‍ സമ്പാതിയെ കാണുന്നതുമാണ് പ്രതിപാദ്യം)

സുഗ്രീവാനുശാസന പ്രകാരം വാനരപ്രമുഖര്‍ നാലു ദിക്കുകളിലേക്കും സീതയെ അന്വേഷിച്ചു നടപ്പായി. ഏവരിലും സുഗ്രീവനു വിശ്വാസം ഹനുമാനില്‍ ആയിരുന്നു. ആയതിനാല്‍ സീതയെക്കണ്ടെത്തുക എന്ന ഉത്തരവാദിത്വം ഹനുമാന്‍ തന്നെ വേണ്ട വിധം നടത്തണമെന്ന് ആവശ്യപ്പെട്ടു. ഒപ്പം രാമന്‍ തന്റെ അംഗുലീയം ഹനുമാനു നല്‍കി, അതു സീതയെക്കണ്ടാല്‍ അടയാളമായി കാണിക്കുവാന്‍ ആവശ്യപ്പെട്ടു. ആ വാനരോത്തമന്‍ അതു സ്വീകരിച്ചു ജനകപുത്രിയെത്തേടി പെരുത്തസേനയോടൊത്തു യാത്ര തുടങ്ങി.

നാലുപാടും അന്വേഷണം തുടങ്ങിയ വാനര വീരന്മാര്‍ ഓരോ ദിക്കുകളില്‍ നിന്നും നിരാശരായി മടങ്ങിവന്നു തുടങ്ങി. അംഗദനോടൊത്തു തെക്കു ദിക്കിലേക്കു യാത്രയാരംഭിച്ച ഹനുമാനും സംഘവും കാടായകാടൊക്കെ അരിച്ചുപെറുക്കി നിരാശരായി.
ഗജന്‍, ഗവാക്ഷന്‍, ഗവയന്‍, ശരഭന്‍, ഗന്ധമാദനന്‍, മൈന്ദന്‍, ദ്വിവിദന്‍, ജാംബവാന്‍, യുവരാജാവ്അങ്ഗദന്‍, വനവാസി താരന്‍, പിന്നെ ഹനുമാന്‍ ഇവര്‍ നയിക്കുന്ന പട, ഒടുവിലൊരു വലിയ ഗുഹാമുഖത്ത് എത്തിച്ചേര്‍ന്നു. ഏവരും അതില്‍ പ്രവേശിച്ചു. കുറേ നടന്ന് ഒടുവില്‍ ഒരു വെളിച്ചം കണ്ടെത്തി.സ്വപ്ന സദൃശങ്ങളായ താമരപ്പൊയ്കകളും, ഹംസങ്ങളും, പലതരം ഭക്ഷണ പദാര്‍ത്ഥങ്ങളും ഒക്കെ ഉണ്ടായ അവിടെ ഒരു താപസിയെ കണ്ടെത്തി.അവരാണ് സ്വയംപ്രഭ. അവര്‍ ആ ഗുഹയുടെ കഥ പറഞ്ഞു. ദാനവശില്പിയായ മയന്‍ പണിതതാണ് ഈ ഗുഹയിലെ ഭവനം. മയന്‍ ഹേമയെന്ന അപ്‌സരസില്‍ മോഹിതനായി. അതറിഞ്ഞ ഇന്ദ്രന്‍ മയനെ വധിച്ചു. എന്നിട്ട് മയന്‍ പണിത കൊട്ടാരം ഹേമയ്ക്കു നല്‍കി. മേരുസാവര്‍ണ്ണിയുടെ മകളായ സ്വയംപ്രഭ എന്ന പേരായ അവര്‍ ഹേമയുടെ ഈ ഭവനം കാത്തുരക്ഷിക്കുന്നു. അവര്‍ പാനോപചാരങ്ങള്‍ നല്‍കി ഏവരേയും സ്വീകരിച്ചു. കാലം കടന്നു പോകുന്നത് ആരുമറിഞ്ഞില്ല. സുഗ്രീവന്‍ നല്‍കിയ ഒരു മാസ സമയം ഗുഹയില്‍ അവസാനിച്ചു കഴിഞ്ഞു. സീതയെ കണ്ടെത്താതെ തിരിച്ചു സുഗ്രീവനടുത്തേക്കു തിരിച്ചു പോയാല്‍ മരണ ദണ്ഡമാണു കാത്തിരിക്കുന്നത്. ഒന്നുകില്‍ സ്വയംപ്രഭ കാക്കുന്ന ബിലത്തില്‍ പ്രവേശിച്ചു മറ്റുള്ളവരില്‍ നിന്നും മറഞ്ഞു ജീവിക്കുക. അല്ലെങ്കില്‍ പ്രാണത്യാഗം ചെയ്യുക. നീണ്ട ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കുമൊടുവില്‍  ദണ്ഡമേറ്റു മരിക്കുന്നതിലും നല്ലത് സ്വയം ജീവത്യാഗം ചെയ്യുന്നതാണ് എന്നു നിശ്ചയിച്ച് ഏവരും ദക്ഷിണ കടല്‍ത്തീരത്തു തെക്കോട്ടു തല വച്ചു കിടന്നു മരിക്കുവാന്‍ നിശ്ചയിച്ചു.

ഈ സമയം കടല്‍ത്തീരത്തോടു ചേര്‍ന്ന പര്‍വ്വത പ്രദേശത്തു ജടായുവിന്റെ ജേഷ്ഠന്‍ സമ്പാതി വാര്‍ദ്ധക്യം കൊണ്ട് അവശനായി, പറക്കുവാനാകാതെ വല്ലപ്പോഴും മുന്നില്‍ കിട്ടുന്ന ഇരകളെ ഭക്ഷിച്ചു ജീവിച്ചു വന്നിരുന്നു. കടല്‍ത്തീരത്തു നിരന്നു കിടക്കുന്ന കുരങ്ങന്മാരെക്കണ്ട് സമ്പാതിക്ക് അതിശയമായി. അവന്‍ കാതോര്‍ത്തു.ഹനുമാന്‍ തങ്ങള്‍ക്കു വന്നു പെട്ട ദുര്യോഗവും ജടായുവിന്റെ വീരമൃത്യുവും ഒക്കെ വര്‍ണ്ണിക്കുന്നതു കേട്ട സമ്പാതി, അതു തന്റെ പ്രിയപ്പെട്ട അനുജനാണല്ലോ എന്നോര്‍ത്തു വ്യാകുലപ്പെട്ട്, പര്‍വ്വത മുകളില്‍ നിന്നും തന്നെ താഴെ ഇറക്കിത്തരണമെന്ന് അപേക്ഷിച്ചു. ഭീമാകാരനായ ആ പക്ഷിയെക്കണ്ട് ആദ്യമൊന്നുമടിച്ചെങ്കിലും, അങ്ഗദന്‍ സമ്പാതിയെ താഴെ എത്തിച്ചു. പിന്നെ, കഥകള്‍ മുഴുവന്‍ പറഞ്ഞു കേള്‍പ്പിച്ചു.
സമ്പാതി തനിക്കു ചിറകു നഷ്ടമായ കഥ ഏവരോടും പറഞ്ഞു. ഒരിക്കല്‍ സഹോദരന്‍ ജടായുവും സമ്പാതിയും സൂര്യനെ ലക്ഷ്യമാക്കി  മത്സരിച്ചു പറക്കുകയായിരുന്നു. കുറേ കഴിഞ്ഞപ്പോള്‍ സൂര്യതാപത്താല്‍ ജടായുവിന്റെ ചിറകു കരിയുമെന്നു തോന്നിയപ്പോള്‍ സമ്പാതി അവനു മുകളിലേക്ക് ഉയര്‍ന്നു പറന്ന് അവന്റെ ജീവന്‍ രക്ഷിച്ചു. കഠിന സൂര്യതാപമേറ്റു സമ്പാതി ചിറകുകള്‍ കരിഞ്ഞ് ആ പര്‍വ്വതമുകളില്‍ പതിച്ചു. ജടായു നിലംപതിച്ചത് ജനസ്ഥാനത്തും. സൂര്യകിരണങ്ങളേറ്റു സമ്പാതിയുടെ കാഴ്ച നശിക്കുകയും ചെയ്തു. ഈ കഥകളൊക്കെ സമ്പാതി നിശാകാര മുനിയോടു പറഞ്ഞു. അദ്ദേഹം  അവനു വേറെ വന്‍ ചിറകുകളും ചെറു ചിറകുകളും ഉണ്ടാകും കണ്ണുകളും പ്രാണനും ബലവും കിട്ടുമെന്നും അനുഗ്രഹിച്ചു. വരും കാലത്തു ദശരഥ പുത്രനായ രാമന്‍ വനവാസത്തിനു പോവുകയും അവിടെ വച്ചു രാവണനാല്‍ രാമ പത്‌നി അപഹരിക്കപ്പെടുകയും ചെയ്യും. അവള്‍ രാവണന്‍ നല്‍കുന്ന യാതൊന്നും ഭക്ഷിക്കുകയില്ല. അതറിഞ്ഞു ഇന്ദ്രന്‍ സീതക്കു അമൃതാന്നം നല്‍കും. അതില്‍ അഗ്രഭാഗം രാമനും ലക്ഷ്മണനും എവിടുണ്ടെങ്കിലും അമരത്വം വരട്ടെ എന്നു പറഞ്ഞ് സീത സമര്‍പ്പിക്കും. അങ്ങനെയുള്ള സീതയെത്തേടി രാമദൂതന്മാരായ വാനരന്മാര്‍ വരുമ്പോള്‍ രാവണനെക്കുറിച്ചും സീതയെക്കുറിച്ചും അവരെ ധരിപ്പിക്കുക. ആ സമയത്തു സമ്പാതിക്കു ചിറകുകള്‍ മുളയ്ക്കുകയും കണ്ണുകള്‍ക്കു കാഴ്ച കിട്ടുകയും ചെയ്യുമെന്നാണു മുനി അനുഗ്രഹിച്ചത്. സമ്പാതി സീതാവൃത്താന്തം വാനരരോടു വിശദീകരിച്ചു.അതിന്റെ ഫലമായി സമ്പാതിക്കു കാഴ്ച വീണ്ടു കിട്ടുകയും പുത്തന്‍ചിറകു മുളയ്ക്കുകയും ചെയ്തു.

സമ്പാതിയുടെ നിര്‍ദ്ദേശപ്രകാരം വാനരര്‍ തെക്കേ തീരത്തു നിരന്നു. പക്ഷേ സമുദ്രം തരണം ചെയ്യണം. പലര്‍ക്കും കുറേ ദൂരം വരെ ചാടാനാകും പക്ഷേ ലങ്ക വരെ എത്താനാകുമെന്ന് ഉറപ്പില്ല. അങ്ങനെ വിഷാദിച്ചിരുന്ന വാനരന്മാരെക്കണ്ട് ജാംബവാന്‍ ഹനുമാനെ അരികില്‍ വിളിച്ചു. പണ്ട്, കുഞ്ഞായിരിക്കുമ്പോള്‍ സൂര്യനെ പിടികൂടാന്‍ കുതിച്ചുയര്‍ന്ന നിനക്ക് ഈ സമുദ്ര തരണം അസാധ്യമല്ലെന്നറിയുക എന്നുപദേശിച്ചു. ഹനുമാനു സ്വന്തം ശക്തിയെക്കുറിച്ച് ഓര്‍മ്മ വന്നു.അങ്ങനെ ജാംബവന്റെ ഉപദേശപ്രകാരം ഹനുമാന്‍ വാനോളം ഉയര്‍ത്തില്‍ വളര്‍ന്നു ലങ്കയെ ലക്ഷ്യമാക്കി പ്രയാണമാരംഭിച്ചു.


സാരാംശം

ഈ അദ്ധ്യായം ഒരേ സമയം നിരാശയും പ്രതീക്ഷയും പ്രകടിപ്പിക്കുന്നു. സുഗ്രീവാജ്ഞ പ്രകാരം നാടു മുഴുവന്‍ സീതയെ തേടിപ്പോയവരില്‍ തെക്കു ദിക്കില്‍ നിന്നൊഴികെ ഉള്ളവര്‍ നിരാശരായി തിരികെ എത്തുമ്പോഴും തെക്കു ദിക്കിലേക്കു പോയ ഹനുമാനും കൂട്ടരുമാകട്ടെ ഒരു വലിയ ഗുഹയ്ക്കുള്ളില്‍പെട്ട് നിര്‍ണ്ണായക സമയം നഷ്ടപ്പെഴുത്തുകയാണുണ്ടായത്. ഇനി എന്ത് എന്ന ചോദ്യത്തിനുത്തരമായി ജീവത്യാഗം എന്ന ഉത്തരത്തിലാണ് അവര്‍ എത്തിച്ചേരുന്നത്. ബാലീ പുത്രനായ അങ്ഗദന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പരാജയപ്പെട്ടാല്‍ സുഗ്രീവന്‍ ഒരു വിധത്തിലും ക്ഷമിക്കില്ല എന്നു ബാലീ പുത്രന്‍ ചിന്തിച്ചു. അതിനാല്‍ തന്നെ രാജദണ്ഡത്തിലും നല്ലത് സ്വയംഹത്യയെന്ന് അവര്‍ തീരുമാനിക്കുകയാണ്. എന്നാല്‍ എല്ലാം തീര്‍ന്നു എന്നു കരുതുന്ന ആ നിമിഷത്തില്‍ സമ്പാതി അവരെ സീതയെക്കുറിച്ചുള്ള അറിവു പകര്‍ന്നു മുന്നോട്ടു പോകുവാന്‍ സഹായിക്കുന്നു.
ജീവിതം വഴിമുട്ടി നില്‍ക്കുമ്പോള്‍ പ്രത്യാശ നല്‍കുന്നതാണ് ഇന്നത്തെ പാഠം.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക