Image

സ്റ്റാംഫോഡിൽ നിറപ്പകിട്ടാർന്ന സ്വാതന്ത്ര്യ ദിനാഘോഷം 

Published on 10 August, 2022
സ്റ്റാംഫോഡിൽ നിറപ്പകിട്ടാർന്ന സ്വാതന്ത്ര്യ ദിനാഘോഷം 



കണക്റ്റിക്കറ്റിലെ സ്റ്റാംഫോഡിൽ ഞായറാഴ്ച നടന്ന വാർഷിക ഇന്ത്യ ഡേ ഉത്സവത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികം വർണ്ണപ്പകിട്ടാർന്ന ചടങ്ങുകളോടെ ആഘോഷിച്ചു.  

സ്റ്റാംഫോഡ് മേയർ കാരോലൈൻ സിമ്മൺസ് ഓഗസ്റ്റ് 15 ഇന്ത്യ ദിനമായി ആചരിക്കാനുള്ള പ്രഖ്യാപനം സംഘാടകരായ ഗോപിയോ-സി ടി ക്കു (ഗ്ലോബൽ ഓർഗനൈസേഷൻ ഓഫ് പീപ്പിൾ ഓഫ് ഇന്ത്യൻ ഒറിജിൻ കണക്റ്റിക്കറ്റ് ചാപ്റ്റർ) നൽകി. അക്രമരഹിത സമരം കൊണ്ടു ശ്രദ്ധേയമായ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ അവർ പ്രകീർത്തിച്ചു. ഇന്ത്യൻ സമൂഹം നഗരത്തിന്റെ സാംസ്‌കാരിക വൈവിധ്യത്തിന്റെയും മഹത്തായ ഭാവിയുടെയും അവിഭാജ്യ ഘടകമാണെന്ന് അവർ പറഞ്ഞു. 

കണക്റ്റിക്കറ്റ് ജനറൽ അസംബ്ലി അംഗീകരിച്ച പ്രഖ്യാപനത്തിൽ സ്റ്റേറ്റ് ഹൌസ് സ്പീക്കർ മാറ്റ് റിട്ടർ ഉൾപ്പെടെയുള്ള ഉന്നത നേതാക്കൾ ഒപ്പു വച്ചിട്ടുണ്ട്. 

മിൽ റിവർ പാർക്കിൽ നടന്ന ഉത്സവത്തിൽ 2,000ൽ കവിഞ്ഞ ജനക്കൂട്ടം പങ്കെടുത്തു. ഇന്ത്യൻ പാരമ്പര്യ വേഷങ്ങളണിഞ്ഞു അവർ എത്തിയപ്പോൾ ബോളിവുഡ് സംഗീതവും നൃത്തവും പട്ടം പറപ്പിക്കലും രുചിയേറിയ ഭക്ഷണവും ഹരം പകർന്നു. 


ദിവസം മുഴുവൻ നീണ്ട ആഘോഷങ്ങൾക്കു തുടക്കമിട്ടു ഗവൺമെന്റ് സെന്ററിൽ ഇന്ത്യൻ, അമേരിക്കൻ, കണക്റ്റിക്കറ്റ് പതാകകൾ നേരത്തെ ഉയർത്തി. 

ചടങ്ങുകൾ ആരംഭിച്ചപ്പോൾ ഗോപിയോ-സി ടി വൈസ് പ്രസിഡന്റ് ഡോക്ടർ ജയാ ദപ്തർദാർ, ഹിന്ദി സ്കൂൾ കോ-ഓർഡിനേറ്റർ കൃതി ജോഖകർ എന്നിവർ ചേർന്ന് 'വന്ദേ മാതരം' ആലപിച്ചു. 

"നമ്മൾ സ്വന്തമാക്കിയ ഈ രാജ്യത്തെ ശക്തവും ഊർജസ്വലവുമായ ഇന്ത്യൻ സമൂഹത്തിനുള്ള മികച്ച ആദരമാണ് ഈ ഉത്സവം," ഗോപിയോ ഇന്റർനാഷണൽ ചെയർമാൻ ഡോക്ടർ തോമസ് എബ്രഹാം പറഞ്ഞു. 

സ്റ്റേറ്റ് സെനറ്റർമാരായ പട്രീഷ്യ ബില്ലി മില്ലർ, റയാൻ ഫാസിയോ, സ്റ്റേറ്റ് അസംബ്‌ളി അംഗങ്ങളായ ഹാരി അറോറ, ഡാനിയേൽ ജെ. ഫോക്സ് തുടങ്ങിയവരും ഇന്ത്യയെ പ്രകീർത്തിച്ചു സംസാരിച്ചു. 

നോർവോക് നിവാസി മിസിസ് യശസ്‌വി ജാങ്ങിയാനിക്കു ഗോപിയോക്കും ഇന്ത്യൻ സമൂഹത്തിനും നൽകിയ സംഭാവനകൾ കണക്കിലെടുത്തു ഇൻഡിപെൻഡൻസ് ലിബർട്ടി അവാർഡ് സമ്മാനിച്ചു. 

 

സ്റ്റാംഫോഡിൽ നിറപ്പകിട്ടാർന്ന സ്വാതന്ത്ര്യ ദിനാഘോഷം 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക